Tuesday, 31 July 2012

ഉണ്ണിയപ്പം

 
 അടുക്കളയില്‍ നിന്ന് കട്ട് തിന്നതിന് എന്നെ പ്പോലെ അടി കിട്ടിയ കുട്ടികള്‍ വേറെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല . അമ്മ പറയും " ഒന്നും കഴിക്കാതെം കാണാതേം ഇരിക്കുന്ന ചില പിള്ളാരെപ്പോലെയാ ഈ ചെറുക്കന്‍, ഈ ആര്‍ത്തി കണ്ടാല്‍ ആളുകള്‍ പറയും ഈ ചെറുക്കന്‍ പട്ടിണി കിടക്കുവാ , അവന്റെ അമ്മ ഒന്നും ഉണ്ടാക്കി കൊടുക്കില്ല എന്നൊക്കെ "
എനിക്കും അറിയില്ല , ഈ ആര്‍ത്തിയും കൊതിയും ഒക്കെ എങ്ങിനെയാ എനിക്ക് വന്നു കൂടിയതെന്ന് . ഹോര്‍മോണ്‍ തകരാറ് പോലെ വല്ല പ്രശ്നവും ആയിരിക്കും . വീട്ടില്‍ ബാക്കിയുള്ളവരൊക്കെ എത്ര ഡീസന്റ് ?
പഠിക്കാന്‍ ഇരുന്നാലും ,എത്ര വലിയ പരീക്ഷയാണെങ്കിലും മനസ്സ് അടുക്കളയില്‍ ആയിരിക്കും , അമ്മ ഇപ്പൊ എന്ത് ഉണ്ടാക്കുവായിരിക്കും ? അടയാണോ , ഉണ്ണിയപ്പമാണോ, ഉപ്പെരിയാണോ , ചുരുക്കമായി ഉണ്ടാക്കുന്ന പരിപ്പ് വടയാണോ ? അതൊന്നു അറിയാതെ അടുത്ത പേജു മറിക്കാന്‍ പറ്റുകയെ ഇല്ല . ഗൃഹ പാഠം പിന്നെ ചെയ്യാം , എന്തെങ്കിലും ഒരു കുശലം പറഞ്ഞു കൊണ്ട് അടുക്കളയില്‍ എത്തും , അമ്മയാണെങ്കില്‍ തവിക്കണയുമായി ഇപ്പോത്തല്ലും എന്ന മട്ടില്‍ നില്‍കുകയാണ്‌ . അമ്മക്കറിയുമോ അനിയന്റെ കൊതി ?

ഉണ്ണിയപ്പം എങ്ങിനെയാ ഏറ്റവും ഇഷ്ടപെട്ട പലഹാരം ആയി മാറിയതെന്ന് എനിക്കറിഞ്ഞുകൂടാ . അത് കഴിഞ്ഞേ മറ്റൊരു പലഹാരം എനിക്ക് ഇഷ്ടപ്പെടാന്‍ ആവൂ , വീട്ടില്‍ എന്നും പഴം പഴുപ്പിക്കാന്‍ പത്തായത്തില്‍ ഉണ്ടാവും , സ്റ്റോര്‍ മുറിയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന പഴക്കുല ഒരു ദുര്‍ബല്യം തന്നെയാണ് . മൂന്നാലെണ്ണം ഇരിയും , അപ്പോതന്നെ കഴിക്കും , രണ്ടെണ്ണം നിക്കറിന്റെ പോക്കെറ്റില്‍ ആക്കും . ആരും അറിയാത്തത് പോലെ പുറത്ത് കടക്കും . അപ്പോഴും കവിള്‍ ഹനുമാന്റെ മാതിരി വീര്‍ത്തിരിക്കും , ചിലപ്പോള്‍ ചെന്ന് പെടുന്നത് വടിയുമായി നില്‍ക്കുന്ന അച്ഛന്റെ മുന്നില്‍ ആയിരിക്കും . അടി കിട്ടിയാലെന്താ , പോക്കെറ്റില്‍ ഉള്ള പഴം അച്ഛന്‍ കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു മുറിയിലേക്ക് ഓടും .


ആരെങ്കിലും വിരുന്നുകാര്‍ വരുന്നത് ഞാന്‍ അറിയുന്നത് തന്നെ അടുക്കളയില്‍ ഉപ്പെരിയോ ഉണ്ണിയപ്പമോ അച്ചപ്പമോ ഉണ്ടാക്കാന്‍ അമ്മ തുടങ്ങുമ്പോള്‍ ആണ് . അമ്മ എന്ത് ചെയ്താല്‍ അടുപ്പിക്കുകയില്ല , പുറകില്‍ നിന്ന് അതെല്ലാം പെറുക്കി തിന്നു അവസാനം പാട്ടയില്‍ ഇട്ടു വെക്കാന്‍ നോക്കുമ്പോള്‍ പകുതിയേ കാണുകയുള്ളൂ . കൊതി കാരണം കയ്യും കാലും ഒക്കെ പലതവണ പോള്ളിയിട്ടുണ്ട്, എന്നാലും പഠിക്കില്ല . ഇങ്ങനെ ഉണ്ടോ പിള്ളേര് ?


എന്റെ ശല്യം സഹിക്കാതെ വന്നപ്പോള്‍ അമ്മ ഇത്തരം പലഹാരങ്ങള്‍ ഒക്കെ ഞാന്‍ ഉറങ്ങി ക്കഴിഞ്ഞു ഉണ്ടാക്കാന്‍ തുടങ്ങി . എല്ലാം ഉണ്ടാക്കി വലിയ ഡാല്‍ഡാ യുടെയോ ബോണ്‍വിറ്റയുടെയോ വലിയ പാത്രത്തില്‍ ഇട്ടു മീറ്റ് സഫില്‍ വെച്ച് പൂട്ടി താക്കോല്‍ എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കും . രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ ഉപ്പെരിയുടെയോ ഉണ്ണിയപ്പത്തിന്റെയോ മണം മൂക്കിലേക്ക് അടിച്ചു വരും , പിന്നെ ആക്രാന്തം പിടിച്ചു ഒരു ഓട്ടമാണ് . മീറ്റ്‌ സേഫില്‍ മുകളിലെ വലയുള്ള തട്ടില്‍ എന്തോ ഉണ്ട് എന്ന് പിടി കിട്ടും . പക്ഷെ സംഗതി പൂട്ടിയിരിക്കുന്നു , ഈ അമ്മയുടെ ഒരു കാര്യം , ഇതെന്താ സ്വര്‍ണം ആണോ പൂട്ടിക്കെട്ടി വെക്കാന്‍ ?.


" ഡാ ചെറുക്കാ , അതെല്ലാം തിന്നു തീര്‍ത്താല്‍ ആരെങ്കിലും ഒന്ന് വന്നു കേറിയാല്‍ എന്തോ എടുത്തു കൊടുക്കും , അവര്‍ വരട്ടെ , അന്നേരം ഒരെണ്ണം തരാം "


ജീവിതത്തില്‍ ഇത്ര ക്ഷമ ഇല്ലാതെ പോയ കാലം വേറെ ഉണ്ടായിട്ടുണ്ടോ എന്ന് ഇനിയും ഓര്‍മ വരുന്നില്ല , അമ്മയുടെ ഈ ലോക്കര്‍ പരിപാടി എനിക്ക് തീരെ പറ്റുന്ന ഏര്‍പ്പാടല്ല . അടുക്കളയില്‍ കയറിയിറങ്ങി ഓരോ ഉണ്ണിയപ്പമോ അച്ചപ്പമോ കുട്ടിയായ ഞാന്‍ കഴിച്ചാല്‍ എന്താ ആകാശം ഇടിഞ്ഞു വീഴുമോ ?


ഒരിക്കല്‍ രാത്രി ഉണ്ണിയപ്പം ഉണ്ടാക്കാന്‍ മാവും പഴവും ഒക്കെ അമ്മ ഒരുക്കി വെക്കുന്നത് എനിക്ക് മനസ്സിലായി , ഞാന്‍ ഒന്ന് ഉറങ്ങിയിട്ട് വേണം ഉണ്ടാക്കാന്‍ , അല്ലെങ്കില്‍ പിന്നെ ഒന്നും മിച്ചം ഉണ്ടാവില്ല . ആ ഉണ്ണിയപ്പത്തിന്റെ ചൂടും മണവും രുചിയും ഓര്‍ത്തിട്ടു എനിക്ക് ഉറക്കം വരുന്നതെ ഇല്ല , വെറുതെ പുതപ്പു മൂടി ഉറക്കം നടിച്ചു കിടന്നു . അമ്മ ഒന്ന് രണ്ടു തവണ വന്നു നോക്കി " ഈ ചെറുക്കന്‍ ഒന്ന് ഉറങ്ങിയിട്ട് വേണം എനിക്ക് അടുക്കളയില്‍ കയറാന്‍ " എന്ന മട്ടില്‍ ഒന്ന് നോക്കിയിട്ട് പോവും . ഞാന്‍ ഒരു കള്ളയുറക്കം നടിച്ചു കിടന്നു . ഈ ഉണ്ണിയപ്പം തിന്നാതെ ഞാന്‍ ഇന്ന് ഉറങ്ങുന്ന പ്രശ്നം ഇല്ല .


അടുക്കളില്‍ തട്ടും മുട്ടും എണ്ണയില്‍ മാവ് വീഴുന്ന ശബ്ദവും ഒക്കെ ഞാന്‍ ശബ്ദരേഖ കേള്‍ക്കുന്നതുപോലെ കേട്ടു. അവസാനം മീറ്റ് സേഫിന്റെ വാതില്‍ തുറക്കുന്നതും അടയുന്നതും താക്കോല്‍ കൂട്ടം വെച്ച് തിരിക്കുന്നതും ഒക്കെ കൂടി കേട്ടപ്പോള്‍ ഉണ്ണിയപ്പം ലോക്കറില്‍ ആയി എന്ന് ഏകദേശ ധാരണ ആയി . അമ്മ എതെക്കൊയോ ആത്മഗതം പറഞ്ഞു കൊണ്ട് ഉറങ്ങാന്‍ പോവുന്നതു കണ്ടു ഞാന്‍ ഇനിയുള്ള " ഓപ്പറേഷന്‍ ഉണ്ണിയപ്പം " എങ്ങിനെ നടപ്പാക്കാം എന്ന് ആലോചിച്ചു പതുക്കെ കട്ടിലില്‍ നിന്നും എഴുനേറ്റു .


കൂടിരുട്ടത്തു നടന്നു അടുക്കളയില്‍ എത്തി , ചാരിയ കതകു തുറക്കുമ്പോഴും സ്ടൂളില്‍ തട്ടി കാലു നൊന്തപ്പോഴും ഒക്കെ അമ്മയെങ്ങാനം പുറകെ വന്നു പിടികൂടിയാല്‍ എന്റെ കഥ കഴിഞ്ഞത് തന്നെ . " ഈശ്വരാ , ഉണ്ണിയപ്പം ചൂടോടെ തിന്നാന്‍ ഒരു വഴി കാണിച്ചു തരണേ "

മീറ്റ് സേഫ് പൂട്ടിയിരിക്കുന്നു , ഈ ഇരുട്ടത്ത് ഞാന്‍ എവിടെപ്പോയി താക്കോല്‍ തപ്പാന്‍ ? , ശ്ശോ, ഇനി അമ്മ അതുകൊണ്ട് ഉറങ്ങാന്‍ പോയോ ?, പ്രതീക്ഷ കൈവിടാന്‍ വരട്ടെ , ഇവിടെയെങ്ങാനം തന്നെ ഒളിപ്പിച്ചു വെച്ചിരിക്കുയാനെങ്കിലോ ? ,ഇരുട്ടില്‍ തപ്പിയും തടഞ്ഞും കണ്ണിനു കാഴ്ച കൂടിയെന്ന് തോന്നുന്നു . ഒരുവിധം ഒക്കെ സംഭവങ്ങള്‍ തിരിച്ചറിയാം . മീറ്റ് സേഫിന് മുകളില്‍ ഒരു അലുമിനിയക്കലം, തപ്പിയപ്പോള്‍ ചുവന്ന മുളകാണ് , അടിയിലേക്ക് ഒരു തപ്പ് , ചെറിയ കിലുക്കം കേട്ടില്ലേ ?, അതെ താക്കോല്‍ ക്കൂട്ടം . ഇതല്ലേ ഈ ദൈവാധീനം , ദൈവാധീനം എന്ന് പറയുന്നത് . ശബ്ദം ഉണ്ടാക്കാതെ ഞാന്‍ ആ സേഫ് തുറന്നു , വലിയ ബോണ്‍വിറ്റയുടെ പാട്ട പുറത്തേക്ക് എടുത്തു , പാട്ടക്ക് നല്ല ചൂട് ! ഒരെണ്ണം ആദ്യമേ അകത്താക്കി , ഞാന്‍ പാട്ടയോടെ കിടക്കുന്ന മുറിയിലേക്ക് കൊണ്ട് പോന്നു , കുറച്ചു കുടഞ്ഞിട്ടു ബാക്കി തിരികെ വെച്ചേക്കാം , തലയിണ ഉറ ആണ് പെട്ടന്ന് ബുദ്ധിയില്‍ ഉദിച്ചത് , പാട്ട ഒന്ന് മറിച്ചു, അത്ര തന്നെ , പത്തു പന്ത്രണ്ടു എണ്ണം തലയിണ ഉറയില്‍ വീണു കാണും . അങ്ങിനെ എന്റെ "ഓപ്പറേഷന്‍ ഉണ്ണിയപ്പം " റിക്കാര്‍ഡ് കളക്ഷനോടെ സക്സസ് ! . പാട്ട പകുതി കാലിയാക്കി തിരികെ മീറ്റ് സേഫില്‍ ഭദ്രമായി പൂട്ടി വെച്ച് താക്കോല്‍ മുളക് കലത്തില്‍ താഴ്ത്തി . ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ !

ഉണ്ണിയപ്പം തിന്ന ക്ഷീണവും സംതൃപ്തിയുമായി എപ്പോ ഉറങ്ങി എന്നൊന്നും അറിഞ്ഞില്ല , രാവിലെ വേദന കൊണ്ട് പുളഞ്ഞു ഞെട്ടി ഉണര്‍ന്നപ്പോള്‍ ആണ് അമ്മയുടെ ചൂരല്‍ കൊണ്ടുള്ള അടിയാണ് ഉണര്‍ത്തിയത് എന്ന് മനസ്സിലായത്‌ . അമ്മ നേരത്തെ ഉണര്‍ന്നു എന്റെ കിടക്കയില്‍ അവിടവിടെ വീണു കിടക്കുന്ന ഉണ്ണിയപ്പം കണ്ടാണ്‌ ഈ ലാത്തി ചാര്‍ജ് ! തലയിണ ഉറയില്‍ ബാക്കി ഉണ്ടായിരുന്നത് വീണു പോയതാണ് .


" എടാ പന്ന ചെറുക്കാ , ഒരു ഉണ്ണിയപ്പം വേണമെങ്കില്‍ ചോദിച്ചാല്‍ പോരെ , കട്ടെടുക്കണോ? "


ഇത്രയും കൊതിയും ആര്‍ത്തിയും അടുക്കള പ്രേമവും ഒക്കെ ഉണ്ടായിട്ടും എന്റെ കുട്ടികള്‍ക്ക് ഭക്ഷണത്തോട് വലിയ മമത ഒന്നും ഇല്ലാതെ പോയി . ഉണ്ണിയപ്പമോ അടയോ ഉപ്പെരിയോ അച്ചപ്പമോ പായസമോ അവര്‍ക്ക് വേണ്ട . ആര്‍ത്തിയോ കൊതിയോ എന്തെന്ന് അവര്‍ക്കറിയില്ല . അടുക്കളയില്‍ നിന്നും ആരും കാണാതെ കട്ട് തിന്നതിന് അടി കിട്ടിയ അച്ഛന്റെ പെണ്‍ മക്കള്‍ക്ക്‌ അടുക്കള കാണുന്നതെ പുച്ഛം ! അവര്‍ക്കിഷ്ടം അച്ഛന്‍ അടുക്കളയില്‍ കയറുന്നതാ .


മുംബയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കുറെ ദിവസങ്ങള്‍ ആയി അതി രാവിലെ പുറത്തു കൊണ്ട് വെക്കുന്ന പാക്കെറ്റ് പാല്‍ അപ്രത്യക്ഷമാവുന്നു . വളരെയധികം സെക്യൂരിറ്റി യും വീഡിയോ ക്യാമറയും ഒക്കെ ഉള്ള ഇവിടെ രാവിലെ ഈ കവര്‍ പാല്‍ ആര് കൊണ്ട് പോവാന ? ഞാന്‍ രാവിലെ നടക്കാന്‍ പോയി തിരികെ എത്തുമ്പോഴേക്കും ചിലപ്പോള്‍ പാല്‍ അപ്രത്യക്ഷമാകും . ഞാന്‍ മൂന്നാം നിലയില്‍ ആയതിനാല്‍ നടപ്പ് കഴിഞ്ഞു സ്റെയര്‍ കേസ് കയറിയാണ് വരുന്നത് .


ഇന്നലെ പടികള്‍ നടന്നു വരുമ്പോള്‍ കള്ളനെ , അല്ല കള്ളിയെ തോണ്ടി സഹിതം പിടികൂടി ,

ഒരു പെണ്‍പട്ടി ഒരു കവര്‍ പാല്‍ കടിച്ചു പിടിച്ചു കൊണ്ട് പടികള്‍ ഇറങ്ങി വരുന്നു . ഈ അപാര്‍ത്മെന്റ്റ് ന്റെ മതില്‍ ചാടി പുഅത്ത് നിന്നും വരുന്നതാണ് . പിന്നിലെ കുറ്റികാടുകളില്‍ എവിടെയോ കുട്ടികളെ പ്രസവിച്ച ഒരമ്മ ! ഒരു പക്ഷെ കുട്ടികള്‍ക്ക് കൊടുക്കാന്‍ കൊണ്ട് പോവുന്നതായിരിക്കും . ഞാന്‍ അതിശയിച്ചത് , അതിന്റെ വായില്‍ ഈ കവര്‍ പൊട്ടാതെ , ആരും കാണാതെ എത്ര ഭദ്രമായാണ് അത് ആ പാല്‍ കൊണ്ട് പോവുന്നത് . അതിനു പാല്‍ വരുന്ന സമയം അറിയാം, കയറാനുള്ള വഴികള്‍ അറിയാം , കുട്ടികളുടെ വിശപ്പ്‌ അറിയാം . താഴെ ഏതെങ്കിലും സെക്യൂരിറ്റി കണ്ടാല്‍ അതിന്റെ ജീവന്‍ തന്നെ പോയേക്കാം . ഈ ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു നൂറു വളര്‍ത്തു പട്ടികള്‍ വേറെയും ഉണ്ട് .

" എന്റെ തള്ളക്കുട്ടി, ഒരു കവര്‍ പാല്‍ വേണെമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരെ , ഞാന്‍ തരില്ലേ ? കട്ടെടുക്കണോ? "


പാവം , സ്വന്തം കുട്ടികളെ വളര്‍ത്താന്‍ ഒരു അമ്മ എന്ത് കഷ്ടപ്പാടാണ് അനുഭവിക്കുന്നത് ?


ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തു . .

1 comment:

  1. " എന്റെ തള്ളക്കുട്ടി, ഒരു കവര്‍ പാല്‍ വേണെമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരെ , ഞാന്‍ തരില്ലേ ? കട്ടെടുക്കണോ"

    ആക്രാന്ത ഇന്‍ഡിക്ക ഹ ഹ !
    വായിക്കാന്‍ രസമുണ്ട്.
    (കൊട്ടാരക്കര ഗണപതിയുടെ ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വല്യ നഷ്ടം തന്നെ)

    ReplyDelete