Tuesday, 10 July 2012

അച്ഛനെയാണ് എനിക്കിഷ്ടം !

 
ഞാന്‍ ആറാം ക്ലാസ്സില്‍ എത്തിക്കാണും, അമ്മ എന്റെ വികൃതികള്‍ കൊണ്ട് സഹി കേട്ട് അവസാനം അച്ഛന് എഴുതി
" ഈ രണ്ടാമത്തെ ചെറുക്കനെ എനിക്ക് ഇനി തന്നെ വളര്‍ത്താന്‍ വയ്യ , നിങ്ങള്‍ ജോലി കളഞ്ഞു നാട്ടില്‍ എത്തിയാല്‍ അവനെ നന്നാക്കാന്‍ നോക്ക് , അല്ലെങ്കില്‍ അവനെ ഞാന്‍ വല്ല ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കൊണ്ടാക്കും "
അത്രക്ക് അമ്മക്ക് സഹികെട്ടിരുന്നു , പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ അമ്മ അരീക്കര ഒരിക്കലും ഇഷ്ടപെട്ടിട്ടില്ല . അതിനു കാരണക്കാരനായ സ്വന്തം മുറചെറുക്കനായ എന്റെ അച്ഛനെയും . അമ്മക്ക് ഇപ്പൊ എഴുപത്തെട്ടു വയസ്സായി ഇപ്പോഴും ദേഷ്യം വന്നാല്‍ ഉടന്‍ അച്ഛനെ നോക്കി പറയും " എന്റീശ്വര, എനിക്ക് വേറെ ഏതെല്ലാം ആലോചന വന്നതാ , ഈ മനുഷ്യനെ ആണല്ലോ എന്റെ തലയില്‍ കെട്ടി വെച്ചത് "

അച്ഛന്‍ പട്ടാളത്തിലെ ജോലി കളഞ്ഞു നാട്ടില്‍ എത്തിയതോടെ എന്റെ കഷ്ടകാലവും തുടങ്ങി . നിസ്സാര കുറ്റങ്ങള്‍ക്ക് പോലും അതി കഠിനമായ ശിക്ഷ ! ശരിക്കും പട്ടാളനിയമം !. അന്നൊക്കെ നിക്കര്‍ ആയിരുന്നതിനാല്‍ അടിയുടെ പാടുകള്‍ മറക്കാന്‍ വളരെ പാടുപെട്ടു " അനിയാ , എന്നെത്ര എണ്ണം വാങ്ങിച്ചു ?" എന്ന ചോദ്യത്തിനു ഉത്തരം പറഞ്ഞു ഞാന്‍ മടുത്തു . അന്ന് അതിര്‍ത്തിയില്‍ ചില പടയോരുക്കങ്ങള്‍ ഒക്കെ നടക്കുന്ന സമയം ആയിരുന്നതിനാല്‍ പിരിഞ്ഞു വന്ന ചില പട്ടാളക്കാരെ ഒക്കെ തിരികെ വിളിക്കുന്നുണ്ടായിരുന്നു , ഞാന്‍ പരയിരുകാല ഭഗവതിക്ക് നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചു " ദേവി , എന്റെ അച്ഛനെ തിരികെ പട്ടാളത്തില്‍ എടുപ്പിക്കണേ , ഞാന്‍ വലുതായിട്ടെ പിന്നെ തിരികെ വരാവേ " , ആര് കേള്‍ക്കാന്‍ ! അച്ഛന്‍ വീട്ടിലുള്ള ഓരോ നിമിഷവും ഞാന്‍ വെറുത്തു . എന്നെ അടിക്കാന്‍ വെട്ടി വെക്കുന്ന വടികളും ചൂരലും ഒക്കെ എങ്ങിനെയെങ്കിലും കണ്ടു പിടിച്ചു നശിപ്പിക്കും . റേഡിയോവില്‍ വരുന്ന ഹിന്ദി പാഠം എനിക്ക് ശരിക്കും ഒരു പേടി സ്വപ്നമായിരുന്നു . അന്ന് അതില്‍ വരുന്ന ആറാം ക്ലാസ്സിലെ പാഠം എന്റെ തലയില്‍ വീണ ഇടിത്തീ ആയിരുന്നു. അച്ഛന് അടിക്കാനുള്ള സമയവും .

അച്ഛന്‍ നാട്ടില്‍ വന്നു ഒരു സമയം അടങ്ങിയിരിക്കില്ല , ഒന്നുകില്‍ പശു , അല്ലെങ്കില്‍ പറമ്പ് , ഒരു നൂറു തവണ " അനിയാ , എടാ അനിയാ " എന്ന് വിളിച്ചു കൊണ്ടിരിക്കും . എനിക്കാണ് എല്ലാ പണിക്കും മൈക്കാടു പണി , ചാണകം വാരണം ,പശുവിനെ കുളിപ്പിക്കണം , തെങ്ങും തൈക്ക് വെള്ളം ഒഴിക്കണം ,കടയില്‍ നിന്ന് പിണ്ണാക് വാങ്ങണം , അങ്ങനെ പഠിത്തത്തില്‍ മോശം ആണെന്ന് പറഞ്ഞു വീട്ടിലെ വേലക്കാരന്‍ ആക്കി , കൂന്താലി എടുത്താല്‍ പൊങ്ങില്ല അല്ലെങ്കില്‍ ചീനിക്കു കില്ക്കാനും പറയുമായിരുന്നു . അച്ഛന് എന്നോട് മാത്രമെന്താ ഇത്ര വിരോധം ? പഠിക്കില്ലാ എന്ന് പറഞ്ഞു ഇങ്ങനെ ജോലി ചെയ്യിച്ചു പീഡിപ്പിക്കണോ ? അച്ഛന്റെ കൃഷി പണികളും അധ്വാനത്തിന്റെ മഹത്വവും വല്ലതും എനിക്ക് മനസ്സിലാകുമോ ? എനിക്ക് അച്ഛന്‍ ഒരു മര്‍ദന യന്ത്രം മാത്രം , അതി കഠിനമായി ഞാന്‍ എന്റെ അച്ഛനെ വെറുത്തു . ഒരു ജോലിയും ചെയ്യണ്ടാത്ത എന്റെ ജ്യേഷ്ടനെയും കൊച്ചനിയനെയും ഞാന്‍ അസൂയയോടെ നോക്കി കണ്ടു . എന്റെ അച്ഛന്‍ എങ്ങിനെയും ഒന്ന് മരിച്ചു പോയിരുന്നെങ്കില്‍ എന്റെ കഷ്ടപ്പാടുകള്‍ തീരുമായിരുന്നു എന്ന് പോലും ഞാന്‍ ആശിച്ചിരുന്നു . സ്കൂളില്‍ പോയി വരുമ്പോള്‍ അച്ഛന്‍ ചൂരല്‍ പിന്നില്‍ പിടിച്ചു വാതിക്കല്‍ തന്നെ ഉണ്ടാവും , അടി കുറെ തന്നിട്ടേ കാരണം പറയൂ , ചേട്ടനും അനിയനും ചൂട് കാപ്പി മുത്തി കുടിക്കുമ്പോള്‍ എനിക്ക് ചൂടുള്ള ചൂരല്‍ കഷായം മാത്രം . ഈശ്വര , ഞാന്‍ മ്മാത്രം എന്താ ഇങ്ങനെ ? എന്റെ അച്ഛന്‍ മാത്രം എന്താ എന്നോട് ഇങ്ങനെ ?

എന്റെ അച്ഛന്‍ ചെറുപ്പത്തില്‍ പഠനത്തില്‍ സമര്‍ത്ഥനായിരുന്നു , അന്നത്തെ സമയത്ത് വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു സമയത്ത് അരീക്കര നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരം നടന്നു വേണം മെഴുവേലി ഇംഗ്ലീഷ് സ്കൂള്‍ ല്‍ പഠിക്കാന്‍ പോകാന്‍ . ഒന്നാം ക്ലാസ്സില്‍ പത്താം തരം പാസായി , അച്ഛന് കോളേജില്‍ പഠിക്കാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വീട്ടിലെ സാമ്പത്തിക അവസ്ഥ വളരെ മോശമായിരുന്നു , സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുള്ള ഒരു ക്ഷാമ കാലം ! അമ്മ ചെറുപ്പത്തിലെ നഷ്ടപ്പെട്ടു . രണ്ടാനമ്മയും ചേച്ചിയും കൂടി ആണ് വളര്‍ത്തിയത്‌ . കോളേജില്‍ അയച്ചു പഠിപ്പിക്കാമോ എന്ന് ചോദിച്ചു ചങ്ങനാശേരിയില്‍ ഉള്ള അമ്മാവന്റെ തറവാട്ടില്‍ എത്തി , അമ്മാവന്‍ കൈമലര്‍ത്തി , അച്ഛന്‍ തിരികെ വീട്ടില്‍ എത്തിയതെ ഇല്ല , തിരികെ വരുന്ന വഴി തന്നെ പട്ടാളത്തില്‍ ചേര്‍ന്നു , വീട്ടില്‍ തീ തിന്നു കാത്തിരുന്ന സ്വന്തം അച്ഛന് " ഞാന്‍ ആരെയും ബുദ്ധി മുട്ടിക്കില്ല , പട്ടാളത്തില്‍ ചേര്‍ന്നു , ഹൈദരാബാദില്‍ എത്തി " എന്നൊരു കത്തും എഴുതി .

അച്ഛനെ പഠിപ്പിക്കാന്‍ വിസമ്മതിച്ചെങ്കിലും അമ്മാവന് ഏക മകളായ തങ്കമ്മയെ , എന്റെ അമ്മയെ അച്ഛനെക്കൊണ്ട്‌ തന്നെ കല്യാണം കഴിപ്പിച്ചു . അന്നത്തെ നാട്ടു നടപ്പും അതായിരുന്നു . പക്ഷെ പട്ടണത്തില്‍ വളര്‍ന്ന അമ്മക്ക് തീരെ ഇഷ്ടമില്ലായിരുന്നു . അച്ഛന്‍ കാണാന്‍ യോഗ്യന്‍ ഒക്കെ ആയിരുന്നു എങ്കിലും അരീക്കര ആയിരുന്നു അമ്മ കണ്ട ഏറ്റവും വലിയ അയോഗ്യത. അതിന്നും ഏറെക്കുറെ അങ്ങിനെതെന്നെ . ചങ്ങന്നശ്ശേരി പോലെ ഒരു ചെറു പട്ടണത്തില്‍ ജീവിച്ച അമ്മക്ക് വെള്ളവും വെളിച്ചവും ഇല്ലാത്ത അരീക്കരയിലെ ജീവിതം എന്നും കഷ്ടപ്പാട് ആയിരുന്നു . കൂനില്‍ മേല്‍ കുരു പോലെ അമ്മക്ക് തലവേദനകള്‍ നല്‍കാന്‍ രണ്ടാമത്തെ മഹാവികൃതിയായ ഒരു മകനും .

കാലം ചെന്നപ്പോള്‍ അച്ഛന്‍ എന്നോട് കുറെക്കൂടെ നന്നായി പെരുമാറിതുടങ്ങി, അച്ഛന്‍ അരീക്കരയിലെ മൊട്ടക്കുന്നുകള്‍ ആയി ക്കിടന്ന സ്ഥലങ്ങള്‍ ഒക്കെ മനോഹരമായ കൃഷി തോപ്പുകള്‍ ആക്കി മാറ്റിയതും നഷ്ടവും അമ്മയുടെ നിരന്തരമായ പരാതികളും സഹിച്ചു ചെയ്യുന്ന കൃഷികളും പശു വളര്‍ത്തലും ഒക്കെ ചെയ്യുന്ന അച്ഛനെ എനിക്ക് കുറേശെ മനസ്സിലായിത്തുടങ്ങി . വിളഞ്ഞു നില്ല്ക്കുന്ന മാങ്ങയും ചക്കയും കൈതച്ചക്കയും പയറും പടവലവും കൊക്കോയും ഒക്കെ ഞാന്‍ കണ്കുളിര്‍ക്കെ കാണാന്‍ തുടങ്ങി . എന്റെ അച്ഛന്‍ ചെയ്യുന്ന കൃഷിരീതികളും ജലസേചനവും ഒക്കെ എനിക്ക് പ്രിയപ്പെട്ടതായി . എന്റെ അച്ഛനോടുള്ള വിരോധം മാറി ആരാധന ആയി . ഒരു കൃഷിക്കാരന്‍ രാജ്യത്തിനു വേണ്ടി ചെയ്യുന്നത് എന്താണെന്ന് ഞാന്‍ വളര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലായി . ഞാന്‍ അഭിമാനിക്കേണ്ടത് എന്റെ എഞ്ചിനീയറിംഗ് ബിരുദത്തില്‍ അല്ല , ഒരു കൃഷിക്കാരന്റെ മകന്‍ ആയതില്‍ ആണ് എന്ന് എനിക്ക് തോന്നിത്തുടങ്ങി . അരീക്കര അച്ഛനെപ്പോലെ എത്ര കൃഷിക്കാരാണ് അത്ര ആദരവ് നേടേണ്ടത് , അങ്ങിനെയുള്ള എത്ര എത്ര ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ ഭാരതം !

പത്തു പതിഞ്ചു വര്‍ഷം ആയിക്കാണും , അച്ഛന് ഹെര്‍ണിയക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. കായംകുളം വീ എസ്‌ എം ആശുപത്രിയില്‍ . അച്ഛന് എഴുപതോട് അടുത്ത് പ്രായം ഉള്ളതിനാലും ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാലും സര്‍ജന്‍ കുറച്ചു കാര്യങ്ങള്‍ എന്നോട് പറഞ്ഞു, ഓപ്പറേഷന്‍ അത്ര വലിയതോന്നും അല്ല , പക്ഷെ ഹൃദ്രോഗം ഉള്ളതിനാല്‍ അല്‍പ്പം റിസ്ക്‌ ഉണ്ട് , മയക്കു മരുന്ന് കൊടുക്കുന്നതും ഒക്കെ കാരണം ആ റിസ്കുകള്‍ എടുക്കാന്‍ ഞാന്‍ തയാറാണോ എന്ന് ചോദിച്ചു . ഏതായാലും അച്ഛന്‍ എല്ലാം സമ്മതിച്ചു , പിറ്റേ ദിവസം രാവിലെ ഓപ്പറേഷന്‍ തീരുമാനിച്ചു .

മുറിയില്‍ ഞാനും അച്ഛനും മാത്രം , ഞാന്‍ അച്ഛന്റെ അടുത്ത് ഇരിക്കുകയാണ് . അച്ഛന്‍ ധൈര്യവാനായ പട്ടാളക്കാരന്‍ ഒക്കെ ആയിരുന്നു എങ്കിലും ഡോക്ടര്‍ എന്നോട് പറഞ്ഞത് ഒക്കെ കേട്ടിരുന്നു . അച്ഛന്‍ കുറച്ചു നേരം ഒന്നും മിണ്ടിയില്ല , പിന്നെ എന്തോ പറയാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നി ,

" അനിയാ , നാളെ ഓപ്പറേഷന്‍ ഒക്കെ കുഴപ്പം ഇല്ലായിരിക്കും , എന്നാലും എനിക്ക് വയസ്സ് ഒക്കെ ആയില്ലേ , ഇനി ഒരുപാട് കാലം ജീവിക്കണമെന്ന് എനിക്ക് ആഗ്രഹം ഒന്നും ഇല്ല"
"അച്ഛന്‍ എന്തൊക്കെയാ ഈ പറയുന്നത് , ഇതൊക്കെ നിസ്സാരമായ ഓപ്പറേഷന്‍ അല്ലെ , പിന്നെ അവര്‍ എല്ലാവരോടും ഇതൊക്കെ പറയും "

ഞാന്‍ അച്ഛന്റെ കൈയ്യില്‍ പിടിച്ചു ഒരു കൈ കൊണ്ട് ആ നെറ്റിയില്‍ തടവി ആശ്വസിപ്പിച്ചു .

" അനിയാ .. മൂന്നു മക്കളില്‍ വെച്ച് ഞാന്‍ നിന്നെയാണ് കണ്ടമാനം തല്ലിയത്, നീ നന്നാവണം , എന്റെ മറ്റു രണ്ടു മക്കള്‍ മുന്നോട്ടു പഠിച്ചു പോവുമ്പോള്‍ നീ മാത്രം തോല്‍ക്കുന്നത് എനിക്ക് കാണാന്‍ ആഗ്രഹമില്ലായിരുന്നു . നീ എല്ലാവരെക്കാളും നന്നായിക്കാനണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ . , ബാങ്കില്‍ ഒന്ന് രണ്ടു ചെറിയ ഡിപ്പോസിറ്റ് ഒക്കെ ഉണ്ട് , അതൊക്കെ നിനക്കാ ... എന്റെ കാലം കഴിഞ്ഞാല്‍ നീ വേണം അരീക്കര കൃഷി ഒക്കെ ഏറ്റെടുത്തു നടത്തേണ്ടത് .. നീയാണ് ഇന്ന് എനിക്ക് പ്രതീക്ഷ "

അച്ഛന്റെ കണ്ണ് നിറഞ്ഞു , എനിക്ക് അത് കാണാന്‍ കഴിവില്ലാതെ ഞാന്‍ പുറത്തേക്ക് നോക്കി , ധീരനായ പട്ടാളക്കാരന്റെ മകനല്ലേ ഞാന്‍ ?

ഓപ്പറേഷന് സമ്മത പത്രം ഒപ്പിടാന്‍ ഞാന്‍ ഡോക്ടറുടെ മുറിയില്‍ എത്തി , " മരണം സംഭവിച്ചാല്‍ ആരെയും ഉത്തരവാദി ആക്കില്ല " എന്നെഴുതിയിടത്ത് ഒപ്പിടാന്‍ നേരത്ത് എനിക്കെന്തോ നിയന്ത്രണം വിട്ടു പോയി ,

" നിങ്ങള്‍ ആണോ കുറച്ചു മുന്‍പ് എം ആര്‍ ഐ എഞ്ചിനീയര്‍ ആണ് , തേങ്ങ ആണ് , മാങ്ങ ആണ് എന്നൊക്കെ എന്നോട് പറഞ്ഞത് , ഇതാണോ നിങ്ങളുടെ ധൈര്യം "

ഒരിക്കല്‍ അച്ഛനെ പട്ടാളത്തിലേക്ക് തിരിച്ചു വിളിക്കണം എന്ന് നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിച്ച പരയിരുകാല ഭാഗവതിയോടു ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു .
" ദേവി എനിക്ക് എന്റെ അച്ഛനെ തിരികെ തരണേ "

ദേവി എന്റെ പ്രാര്‍ത്ഥന കേട്ടു, അച്ഛന് ഇന്ന് എണ്‍പത്തിയാറു വയസ്സ് , എന്നെക്കാള്‍ ആരോഗ്യം !

അച്ഛനെയാണ് എനിക്കിഷ്ടം !

1 comment:

  1. "ഞാന്‍ അഭിമാനിക്കേണ്ടത് എന്റെ എഞ്ചിനീയറിംഗ് ബിരുദത്തില്‍ അല്ല , ഒരു കൃഷിക്കാരന്റെ മകന്‍ ആയതില്‍ ആണ് എന്ന് എനിക്ക് തോന്നിത്തുടങ്ങി."
    അനിയന്‍ സാറേ, ഈ ഒരു കാര്യത്തില്‍ നമ്മള്‍ രണ്ടാളും ഒരുപോലെയാണ്; ഞാനും ഒരു കൃഷിക്കാരന്റെ മകനാണ്. അതില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ചെയുന്നു. പക്ഷെ, എന്‍റെ അച്ഛന്‍ ഇന്നില്ല!



    അച്ഛനെയാണ് എനിക്കിഷ്ടം !

    ReplyDelete