Saturday, 7 July 2012

പതിയാട്ടി

 
പടിഞ്ഞാറേ ചെരുവില്‍ നിന്നും പടത്തിന്റെ വരമ്പത് കൂടി തലയില്‍ പെട്ടി പോലെയുള്ള ആ തുണി കെട്ടുമായി നടന്നു വരുമ്പോഴേ എനിക്കറിയാം അത് ശാന്തമ്മ ചെട്ടത്തിയാനെന്നു , അല്ലെങ്കില്‍ അവരുടെ മൂത്ത മകള്‍ രാജമ്മ ചേച്ചി , രണ്ടായാലും പിന്നെ ഞാന്‍ താഴേക്കു ഒരോട്ടമാണ് , അമ്മ " പതിയാട്ടി " എന്ന് വിളിക്കുന്ന ശാന്തമ്മ ചേട്ടത്തിയെ ഞങ്ങള്‍ കുട്ടികള്‍ അവരുടെ ജാതിപ്പെരോ തൊഴില്‍പ്പേരോ വിളിക്കാറില്ല . തുണി അലക്കി തേച്ചു മടക്കി കൊണ്ടുവരുന്ന ശാന്തമ്മ ചേട്ടത്തിയെ എന്ന് മുതലാണ്‌ കാണാന്‍ തുടങ്ങിയത് എന്ന് എനിക്ക് ഓര്‍മ വരുന്നില്ല . അമ്മ ജോലിയായി അരീക്കര വന്ന കാലം മുതല്‍ പുതപ്പും കോട്ടന്‍ സാരിയും കുട്ടികളുടെ ഷര്‍ട്ടും നിക്കറും ഒക്കെ അലക്കാന്‍ കൊടുക്കുകയാണ് പതിവ് . മിക്കവാറും തുണി വാങ്ങാന്‍ ശാന്തമ്മ ചെട്ടത്തിയോ രാജമ്മ ചേച്ചിയോ വളരെ ചുരുക്കമായി ശാന്തമ്മ ചേട്ടത്തിയുടെ ഭര്‍ത്താവ് " പതിയാനോ" വരും . അമ്മ ഓരോ തുണിയും എണ്ണി " ഇത് കറ കളയാന്‍ , ഇത് കഞ്ഞി മുക്കി പഴിയാന്‍ , ഇത് കോടി കളര്‍ മുക്കാന്‍ , ഇത് കൈ കൊണ്ട് കുത്തിപ്പിഴിയാന്‍ , ഇത് ഈ ചെറുക്കന്‍ അനിയന്റെ ഷര്‍ട്ടും നിക്കറും , ഇത് മുഴുവന്‍ മാങ്ങാ ക്കറയാ , വാഴക്കറയാ , പറങ്കിയണ്ടിക്കറയാ , ഇത് വിജയന്‍റെ , നീലം മുക്കി തേക്കണം " അങ്ങിനെ തരം തിരിച്ചു പറയുന്ന കാര്യങ്ങള്‍ എല്ലാം മൂളിക്കേട്ടു ശാന്തമ്മ ചേട്ടത്തി കൂട്ടത്തില്‍ ഉള്ള പുതപ്പോ കൈല്യോ കൊണ്ട് ഭാണ്ഡം കെട്ടി തലയില്‍ വെച്ചു പോവും . ചിലപ്പോള്‍ പോന്ന വഴിക്ക് വരിക്ക പ്ലാവില്‍ നിന്നും ഒരു ചക്ക ഇട്ടു കൊടുക്കാന്‍ എന്നോടോ അണ്ണനോടോ പറയും . ചിലപ്പോള്‍ തേങ്ങയോ ചക്കക്കുരുവോ കൊടുക്കും . അരീക്കര ഒരുമാതിരി സ്ഥിതിയുള്ള വീടുകളില്‍ എല്ലാം ഇത് പോലെ പോയി തുണിയെല്ലാം വാരിക്കെട്ടി കൊണ്ട് പോവും . ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു തിരിച്ചു അലക്കി തേച്ചു മടക്കി കൊണ്ട് ചെല്ലും .

എനിക്ക് ഓര്‍മയായ കാലം മുതല്‍ ഈ കാഴ്ച കാണാന്‍ തുടങ്ങിയതാണ്‌ . അതിനാല്‍ ശാന്തമ്മ ചേട്ടത്തിയും അവരുടെ വീടും വീട്ടിലെ മറ്റു അംഗങ്ങളും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി . അവരുടെ കണ്‍ വെട്ടം കണ്ടാല്‍ ഞാന്‍ ഓടിപ്പോയി " ശാന്തമ്മ ചേട്ടത്തി , ശാന്തമ്മ ചേട്ടത്തി, ആ കേട്ട് എന്റെ തലയില്‍ ഒന്ന് വെച്ച് താ " എത്ര കെഞ്ചിയാലും അവര്‍ എന്റെ തലയില്‍ വെച്ച് തരില്ല , എനിക്കാണെങ്കില്‍ ആ ചതുര വടിവുള്ള കേട്ട് തലയില്‍ ഒന്ന് വെച്ച് നടക്കാന്‍ ഒരു അതി മോഹവും. " അനിയന്‍ മോനെ , ഞാന്‍ തരില്ല , സാറ് കണ്ടാല്‍ എന്നെ വഴക്ക് പറയും , അനിയന്‍ മോന്‍ വലുതാവുമ്പോള്‍ ഞാന്‍ തലയില്‍ വെച്ച് തരാം " എന്നാല്‍ രാജമ്മ ചേച്ചി അങ്ങിനെയല്ല , എനിക്ക് തലയില്‍ ഒന്ന് വെച്ച് തരാന്‍ ശ്രമിക്കും , എന്നിട്ട് കൂടെ അതിന്റെ മൂലയില്‍ വീഴാതെ പിടിക്കുകയും ചെയ്യും . ചിലപ്പോള്‍ താഴെ നിന്നും വീട് വരെ ഇങ്ങനെ കൊണ്ട് വരും . അമ്മ മുറ്റതെങ്ങാനം നില്‍ക്കുന്ന നിഴല്‍ കണ്ടാല്‍ മതി " ഉയ്യോ ഭഗവാനെ " എന്ന് പറഞ്ഞു പെട്ടന്ന് എന്റെ തലയില്‍ നിന്ന് വാങ്ങി സ്വന്തം തലയില്‍ വെക്കും . രാജമ്മ ചേച്ചിക്ക് അന്നൊരു മുപ്പതു വയസ്സ് കാണുമായിരിക്കും , വീട്ടില്‍ വന്നാല്‍ വീട്ടിലുള്ള മുല്ലപ്പൂവും റോസാപ്പൂവും ഒക്കെ പറിച്ചു തലയില്‍ വെക്കും . അച്ഛന്‍ കണ്ടാല്‍ ചിലപ്പോള്‍ വലിയ വഴക്ക് പറയും " സാറിനു പെണ്മക്കള്‍ ഇല്ലല്ലോ , പാവങ്ങള്‍ ചൂടിക്കോട്ടേ " എന്ന് പറഞ്ഞു പിന്നെയും ഒന്ന് രണ്ടു പൂവ് കൂടി പറിച്ചു കൊണ്ട് പോവും .

സമയത്തിനു അലക്കി ക്കൊണ്ട് വന്നില്ലെങ്കില്‍ അമ്മ എന്നെയാണ് ശാന്തമ്മ ചേട്ടത്തിയെ തിരക്കാന്‍ എപ്പോഴും ഓടിച്ചു വിടുന്നത് . എനിക്കാണെങ്കില്‍ അതിനേക്കാള്‍ സന്തോഷം ഉള്ള കാര്യം വേറെയില്ല . ഞാന്‍ ചാടും എടുത്തു ഒരോട്ടമാണ് . പെരിങ്ങാട്ട മുക്ക് വരെ പോകണ്ട , റോഡിനു മുകളില്‍ കുമ്മായം തേച്ച ആ ഓല മേഞ്ഞ വീട് മുറ്റം മുഴുവന്‍ അയകളും വിവിധ നിറത്തിലുള്ള ഉങ്ങാന്‍ ഇട്ടിരിക്കുന്ന തുണികളും ആണ് . മുറ്റത്തു തുണി പുഴുങ്ങുന്ന ചെമ്പോ കുട്ടകമോ കാണും . മിക്കപ്പോഴും പതിയാന്‍ മടലുകൊണ്ട് ആ തുണികള്‍ ഇളക്കുന്നത് കാണാം . ആ ചെറിയ വീടിന്റെ വരാന്തയില്‍ ഒരു വലിയ മേശ , അതില്‍ മിക്കപ്പോഴും രാജമ്മ ചേച്ചി വലിയ ചിരട്ടക്കരി കനല്‍ എരിയുന്ന വലിയ തേപ്പു പെട്ടി വച്ച് തേക്കുക ആയിരിക്കും . ഞാന്‍ വരുന്നത് കണ്ടു രാജമ്മ ചേച്ചി വീട്ടിലേക്കു ഉള്ള തുണികള്‍ എല്ലാം തേച്ചു മടക്കി പെട്ടി പോലെ യുള്ള ആ കെട്ടു റെഡിയാക്കി ചിലപ്പോള്‍ അപ്പോള്‍ തന്നെ എന്റെ കൂടെ വരും .

ചിലപ്പോള്‍ അവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ " രാജമ്മ ദാണ്ടേ , തോട്ടിലോട്ടു പോയി , അലക്കാന്‍ പോയതാ " എന്ന് പതിയാന്‍ പറയും . അത് കേള്‍കാത്ത താമസം , ഞാന്‍ പെരിങ്ങാട്ട മുക്കിനടുത്തുള്ള സാമാന്യം വലിയ തോട്ടിന്റെ അടുത്തേക്ക് ഓടും . അവിടെ മുഴുവന്‍ വര്‍ണ്ണ പ്രപഞ്ചമാണ്‌ . തെങ്ങിന്‍ തോപ്പ് നിറയെ വിവിധ നിറങ്ങളില്‍ ഉള്ള സാരിയും പുതപ്പുകളും കൈലികളും ഒക്കെ നിലത്തു പുല്ലിന്റെ പുറത്ത് വിരിച്ചിട്ടിരിക്കുന്നു . ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയും തോട്ടില്‍ മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്ന് വലിയ ഭാരമുള്ള തുണികള്‍ കല്ലില്‍ അടിച്ചു കഴുകുന്നു . അവിടെ ചെറിയ ചെറിയ ചരുവങ്ങളില്‍ പലവിധ കളറുകള്‍ നിറച്ചു വെച്ചിരിക്കുന്നു . നീലം , കോടിക്കളര്‍, കടും കാവി കളര്‍ , റോസ് കളര്‍ അതില്‍ തുണികള്‍ തരം തിരിച്ചു മുക്കി എടുക്കും , ചിലപ്പോള്‍ ഞാന്‍ ഒരു രസത്തിനു അവിടെ വെറുതെ കിടക്കുന്ന ചെറിയ തുണി ഒരെണ്ണം എടുത്തു എനിക്കിഷ്ടമുള്ള കളര്‍ നിറച്ച ഒരു ചരുവത്തില്‍ മുക്കും , അത്തരം വികൃതികള്‍ കുറച്ചൊന്നുമല്ല ആ പാവങ്ങളെ വട്ടം ചുറ്റിച്ചത്‌ . " ഈ അനിയന്‍ എന്താ ഈ കാണിച്ചു വെച്ചത് , ഇനി ഞാന്‍ എങ്ങിനെയാ ഈ കളര് കളയുക " എന്ന് പറഞ്ഞു തലയില്‍ കൈവെച്ചു ഇരിക്കുന്ന ശാന്തമ്മ ചേട്ടത്തിയെ ഞാന്‍ എത്ര തവണയാ കണ്ടിട്ടുള്ളത് . ആ തോട്ടില്‍ നല്ല ഒഴുക്ക് ഉള്ളതിനാല്‍ എത്ര സോപ്പും കളറും വീണാലും അതെല്ലാം ഒഴുകി പൊക്കോളും , നല്ല കണ്ണ് നീര്‍ പോലെയുള്ള ആ വെള്ളം , അതില്‍ അവിടവിടെ ചെറു മീനുകള്‍ , വല്ലപ്പോഴും കാണുന്ന മുശിയും കാരിയും വരാലും , പിന്നെ പേടിപ്പിക്കാന്‍ പുളവനും .

ചിലപ്പോള്‍ തോട്ടില്‍ നിന്ന് കളിക്കുന്നത് കണ്ടു ആരെങ്കിലും വീട്ടില്‍ ചെന്ന് പറഞ്ഞു തിരിച്ചു ചെല്ലുമ്പോള്‍ അമ്മയുടെ അടി ഇഷ്ടം പോലെ വാങ്ങിയിട്ടും ഉണ്ട് . രാജമ്മ ചേച്ചിയുടെ കൂടെ ബക്കറ്റ്‌ ഉം ചരുവവും ഒക്കെ എടുത്തു അവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ശാന്തമ്മ ചേട്ടത്തി കട്ടന്‍ കാപ്പി ഇട്ടു തരും . വീട്ടില്‍ പറയില്ല , അറിഞ്ഞാല്‍ അടി ഉറപ്പാ . ആ വീട്ടു മുറ്റത്തു മുഴുവന്‍ നക്ഷത്രത്തിന്റെ ആകൃതിയില്‍ വലിച്ചു കെട്ടിയിരിക്കുന്ന അയകളില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണികള്‍ എല്ലാം ചേര്‍ന്ന് ഒരുക്കുന്ന വര്‍ണപ്രപഞ്ചം മനോഹരമായ ഒരു കാഴ്ചയാണ് . എത്ര വീട്ടുകളിലെ തുണികള്‍ ആണ് അവിടെ വന്നു അഴുക്കു കളഞ്ഞു ശുദ്ധമായി ഉണക്കി തേച്ചു മടങ്ങുന്നത് . കറ കളഞ്ഞു , കഞ്ഞി മുക്കി , നീലം മുക്കി , കളര് മുക്കി , ഒരു കുടുംബം മുഴുവന്‍ ഒരു നാട് ശുദ്ധമാക്കുന്നു .

ഞാന്‍ പത്തിലെത്തിയപ്പോഴാണ് വീട്ടില്‍ കരണ്ട് കിട്ടുന്നത് , അരീക്കരയിലെ ആദ്യം കരണ്ട് വരുന്ന വീടുകളില്‍ ഒന്ന് . അത് തന്നെ അമ്മ എത്ര വഴക്കുണ്ടാക്കി , അച്ഛന്‍ എത്ര നടപ്പ് നടന്നു , എത്ര പോസ്റ്റ്‌ കല്‍ വലിച്ചാണ് അവസാനം വീട്ടില്‍ മിന്നാമിന്നു പോലെ ആ ബള്‍ബ്‌ ആദ്യം കത്തിയത് . പിന്നെ പതിയെ കിണറ്റില്‍ മോട്ടോര്‍ വെച്ച് ടാങ്ക് കെട്ടി പൈപ്പ് വന്നു . അപ്പോഴും ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയും വന്നിരുന്നു . എന്റെ "തലയില്‍ ചുമ്മുന്ന" ശീലം മാറി എന്ന് തോന്നുന്നു . പിന്നെ വാഷിംഗ് മെഷീന്‍ വാങ്ങി . അതോടെ അലക്കാന്‍ കൊടുക്കുന്നത് വലിയ പുതപ്പുകള്‍ മാത്രം ആയി , അതും വല്ലപ്പോഴും . വീട്ടില്‍ തന്നെ മിക്കതും അലക്കാനും തേക്കാനും തുടങ്ങി . നെല്‍ കൃഷികള്‍ നിന്നു, തോടുകള്‍ വറ്റി . തലയില്‍ ചതുരക്കെട്ടുമായി ദൂരെ നിന്നു വരുന്ന ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയും കാണാതെ ആയി . അച്ഛന്‍ ആര് വന്നു പൂ പറിച്ചു കൊണ്ട് പോയാലും വഴക്ക് പറയാതെ ആയി . നിക്കരുകള്‍ മാറി ബെല്‍ബോട്ടം പാന്റുകള്‍ ആയി , അമ്മയുടെ കോട്ടന്‍ സാരികള്‍ മാറി ഷിഫോണ്‍ ആയി . തുണികള്‍ തേക്കേണ്ട എന്ന് തന്നെ എന്നായി .

വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി , ഞാന്‍ പലവിധ നഗരങ്ങള്‍ ചേക്കേറി , ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയെയും ഒക്കെ ഓര്‍ക്കാന്‍ സമയം ഇല്ലാതെയായി . വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോള്‍ അമ്മയോടെ ചിലപ്പോള്‍ ചോദിക്കുമ്പോള്‍ " ആര് തിരക്കുന്നു , ഇപ്പൊ ആരാ തുണി അലക്കാന്‍ കൊടുക്കുന്നെ " എന്നൊരു ഒഴുക്കന്‍ മറുപടി .

ഒരു ഗള്‍ഫ്‌ അവധിക്കാലം , ഞാന്‍ വെറുതെ പഴയ വഴികള്‍ ഒക്കെ ഒക്കെ ഒന്ന് നടന്നു നോക്കിയാലോ എന്ന് വിചാരിച്ചു പടിഞ്ഞാറേ ചരിവ് റോഡിലൂടെ പെരിങ്ങാട്ട മുക്കിലേക്ക്‌ നടന്നു , വീടുകള്‍ എല്ലാം മാറിയിരിക്കുന്നു . മിക്കതും ഇരുനില വീടുകള്‍ . ഗള്‍ഫ്‌ വരുത്തിയ മാറ്റം . റോഡിന്‍റെ മുകളില്‍ ശാന്തമ്മ ചേട്ടത്തിയുടെ വീട് നിന്നിരുന്ന സ്ഥലം ഇഷ്ടികയില്‍ തീര്‍ത്ത സിമന്റ് തേക്കാത്ത സാമാന്യം വലിയ ഒരു വീട് . മുറ്റത്തു കുറെ ചെടിച്ചട്ടികള്‍ , മോട്ടോര്‍ സൈക്കിള്‍ ഷെഡ്‌ ഇല്‍ പോടീ പിടിച്ചു ഇരിക്കുന്നു . പഴയ വര്‍ണ പ്രപഞ്ചം ഒക്കെ എവിടെ ? ഇനി ഇത് ശാന്ത ചേട്ടത്തിയുടെ വീട് തന്നെ ആണോ , ഒന്ന് കയറി തിരക്കിയാലോ /

ബെല്ലടിച്ചതും ഒരു കൊച്ചു കുട്ടി സിറ്റ് ഔട്ട്‌ ലേക്ക് വന്നു . " ഇത് ശാന്ത ചേട്ടത്തിയുടെ വീടാണോ ?"
" അമ്മൂമ്മേ , ദാണ്ടേ ആരാണ്ട് വന്നു , ആരാന്നു നോക്കിക്കേ "
" ആരാ കൊച്ചെ ഈ നേരത്ത് "
വലിയ ഒരു കട്ടി കണ്ണട വെച്ച് വടി കുത്തി നടന്നു വന്ന സ്ത്രീ അത് ശാന്തമ്മ ചേട്ടത്തി ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി , ആകെ കൂനി ജരാനര ബാധിച്ചിരിക്കുന്നു അവര്‍ക്ക് ഇത്ര പ്രായം ആയോ /
" ആരാ മോനെ , മനസ്സിലായില്ല "
" ഇത് ഞാന , അനിയന്‍ , തെക്കേലെ തങ്കമ്മ സാറിന്റെ മോന്‍ , ഇപ്പൊ മനസ്സിലായോ "

ശാന്തമ്മ ചേട്ടത്തി എന്റെ കയ്യില്‍ ബലമായി പിടിച്ചു , അവരുടെ വടി താഴെ വീണു , അവര്‍ എന്നെ കെട്ടിപ്പിടിച്ചു ഒരക്ഷരം പറയാതെ അങ്ങിനെ നിന്നു , അവര്‍ കരയുകയാണെന്ന് എന്നിക്ക് മനസ്സിലായി , കരഞ്ഞോട്ടെ , ഞാന്‍ അവരെ എത്രയാ കളര് കലക്കിയും നീലം കലക്കിയും വിരിച്ച തുണിയില്‍ നടന്നും ശല്യപ്പെടുത്തിയത് ? എന്റെ കണ്ണും നിറഞ്ഞു .

അകത്തുനിന്നും മരുമകള്‍ ആണെന്ന് തോന്നുന്നു , മറ്റൊരു സ്ത്രീ വന്നു " അമ്മെ , ആ സാറിനെ വിട് , സാറിന്റെ ഉടുപ്പും മുണ്ടും ഒക്കെ അഴുക്കാക്കാതെ "
ശാന്തമ്മ ചേട്ടത്തി എന്തെങ്കിലും ഒന്ന് പറയാന്‍ പിന്നെയും സമയം എടുത്തു ,
" എന്റെ അനിയന്‍ മോനെ , മോന് ഈ ചേട്ടത്തിയെ എങ്ങിനെ ഓര്‍ത്തു "

" രാജമ്മ ചേച്ചി എവിടാ ചേട്ടത്തി ? "
ശാന്തമ്മ ചേട്ടത്തി പിന്നെയും ഏങ്ങലടിച്ചു കരഞ്ഞു
" അവള് അഞ്ചാറു കൊല്ലം മുന്‍പ് മരിച്ചു പോയി മോനെ , മഞ്ഞപ്പിത്തം ആയിരുന്നു , ആരും അറിഞ്ഞില്ല , കൂടി , പിന്നെ .."
പഴയ പോലെ കട്ടന്‍ കാപ്പിയല്ല , പാല്‍ ചായ .

പഴയ വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു ശാന്തമ്മ ചേട്ടത്തി ഒന്ന് കെട്ടി പ്പിടിക്കും , പിന്നെ കരയും . തുണി അലക്കും ഒക്കെ നിര്‍ത്തിയിട്ടു എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു , പതിയാന്‍ മരിച്ചു പോയിട്ട് കുറെ വര്‍ഷം കഴിഞ്ഞിരിക്കുന്നു .
വെറുതെ നടക്കാന്‍ ഇറങ്ങിയ ഞാന്‍ പേഴ്സ് ഒന്നും എടുത്തിരുന്നില്ല , എന്തെങ്കിലും ആ കൈയ്യില്‍ വെച്ച് കൊടുക്കാന്‍ കഴിയാഞ്ഞതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി , എന്റെ കഴുത്തില്‍ തീരെ ചെറിയ മാല , അന്നത്തെഒരു ഗള്‍ഫ്‌ ഫാഷന്‍ , അത് ഞാന്‍ ഊരി ആ കൈയ്യില്‍ വെച്ച് കൊടുത്തു . മറ്റൊന്നും സത്യത്തില്‍ എന്റെ കൈയ്യില്‍ ഇല്ലായിരുന്നു . ഒരുപാട് നിര്‍ബധിച്ചു ഞാന്‍ അവരെക്കൊണ്ടു അത് വാങ്ങിപ്പിച്ചു . അവരുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നത്‌ കണ്ടു ഞാന്‍ ആ വീടിന്റെ പടിയിറങ്ങി , അന്തം വിട്ടു നില്‍ക്കുന്ന അവരുടെ മരുമകള്‍ നോക്കി നില്‍ക്കെ ,

ആ തുണികള്‍ അലക്കിയിരുന്ന പഴയ തോടും ഒക്കെ വറ്റി വരണ്ടിരിക്കുന്നു ,പകരം കുറ്റിക്കാടുകള്‍ മാത്രം ,തെങ്ങും തോപ്പില്‍ നിലത്തു വിരിച്ചു ഉണക്കാന്‍ ഇട്ടിരിക്കുന്ന വിവിധ നിറം വസ്ത്രങ്ങള്‍ക്ക് പകരം കരിയിലയും കുറെ റബ്ബര്‍ മരങ്ങളും l മാത്രം .

ഞാന്‍ തിരിഞ്ഞു നോക്കി , ശാന്ത ചേട്ടത്തി വടിയും കുത്തി അവിടെത്തന്നെ നില്‍പ്പുണ്ട് . എന്നെ നോക്കി
ഞാന്‍ ഇട്ടിരിക്കുന്ന വെളുത്ത ഷര്‍ട്ട്‌ ഞാന്‍ വെറുതെ നോക്കി തിരികെ നടന്നു

"കഞ്ഞി മുക്കണേ , നീലം പിഴിയനെ , കറ കളയണേ, തേച്ചു മടക്കി സമയത്തിനു കൊണ്ട് തരണേ "


No comments:

Post a Comment