Sunday, 24 June 2012

ഹാന്‍സ് ഡീ ജാഗര്‍

 
എന്റെ അരീക്കര കഥകള്‍ക്ക് പലതിനും ഒരു കണ്ണീരിന്റെ നനവുണ്ടെങ്കിലും ജിവിതത്തില്‍ ഓര്‍ത്തു ചിരിക്കാന്‍ രസകരമായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . എന്റെ സൌദിയിലെ പ്രവാസ ജീവിതത്തില്‍ അങ്ങിനെയുണ്ടായ ഒരു രസകരമായ ഒരു സംഭവം ഇവിടെ വിവരിക്കാം ,
റിയാദില്‍ ഞാന്‍ ജോലിക്ക് എത്തുമ്പോള്‍ ഫിലിപ്സ് ന്റെ ഓഫീസില്‍ ഏറക്കുറെ ഡച്ച്കാരുടെ ഒരു വലിയ സംഘം ആയിരുന്നു , ഞങ്ങള്‍ ഇന്ത്യക്കാരായി രണ്ടു എഞ്ചിനീയര്‍ മാറും രണ്ടു ഇന്ത്യക്കാരായ ഓഫീസ് സ്റ്റാഫ്‌ ഉം പിന്നെ നാല് ഡ്രൈവര്‍മാരും . അതിനാല്‍ ആദ്യമൊക്കെ എനിക്ക് ഈ സായിപ്പന്മാരുടെ കൂടെ ജോലി ചെയ്യാന്‍ പല വിധ ബുദ്ധിമുട്ടുകള്‍ ആയിരുന്നു , ഞാന്‍ ഒരു നീളമില്ലാത്ത കറുത്തിരുണ്ട ഒരു പയ്യന്‍ , മിക്ക ഡച്ച് കാരോടും മുകളിലോട്ടു നോക്കി സംസാരിക്കണം . അവരുടെ ഇംഗ്ലീഷ് രീതിയും എന്റെ ഇംഗ്ലീഷും ഒന്ന് യോജിച്ചു വരാന്‍ കുറച്ചു സമയം എടുത്തു . കൂടെയുള്ള ഡച്ച് കാരന്‍ എഞ്ചിനീയര്‍ മായി ഇതു മിലിട്ടറി ആശുപത്രി യില്‍ ചെന്നാലും ചെക്ക് പോസ്റ്റില്‍ എനിക്ക് പണി കിട്ടിയത് തന്നെ . ഞാന്‍ ആണ് കാര്‍ ഓടിക്കുന്നതെങ്കില്‍ എന്റെ കാര്‍ മുഴവന്‍ അരിച്ചു പെറക്കി പരിശോധിക്കും , ഡച്ച് കാരന്റെ ഇക്കാമ പോലും നോക്കില്ല , ഡച്ച് കാരന്‍ ആണ് കാര്‍ ഓടിക്കുന്നതെങ്കില്‍ എന്നെ പുറത്തിറക്കി കുടഞ്ഞു പരിശോധിക്കും . ഞങ്ങളുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പല മിലിട്ടറി ആശുപത്രികളിലെ സ്ടാഫ്ഫിനും ഈ വര്‍ണവിവേചനം ഉണ്ടായിരുന്നു . അമേരിക്കാനോ കാനഡക്കാരനോ ആയ എം ആര്‍ ഐ യുടെ ടെക്കിനു പലപ്പോഴും ഈ ഇന്ത്യക്കാരന് ഇത് വല്ലതും അറിയുമോ എന്ന മട്ടില്‍ എന്നെ നോക്കും . എനിക്കും സായിപ്പ് ചെയ്യുന്ന പണി ഒക്കെ അറിയാമെന്നു അത്തരം സായിപ്പിനെ മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ കുറച്ചു സമയം എടുത്തു .

എന്റെ സഹ പ്രവര്‍ത്തകനായിരുന്ന എം ആര്‍ ഐ എഞ്ചിനീയര്‍ , ഡച്ച് സായിപ്പിന്റെ പേര് ഹാന്‍സ് ഡീ ജാഗര്‍ എന്നായിരുന്നു , ആളൊരു രസികന്‍ തന്നെ ആയിരുന്നു , എവിടെ ഫോട്ടോ എടുക്കരുത് എന്ന് എഴുതി വെച്ചിരിക്കുന്നിടത്ത് ഒരു ഫോട്ടോ എടുത്തെ അടങ്ങൂ , ഒടുവില്‍ സെക്യൂരിറ്റി സായിപ്പല്ലേ , പോട്ടെ എന്ന മട്ടില്‍ വെറുതെ വിടുകയും ചെയ്യും . ഓവര്‍ സ്പീടിനും സിഗ്നല്‍ കട്ട് ചെയ്തതിനും കുറെ കാശ് കൊടുത്തിട്ടുണ്ട് , റെഡ് സിഗ്നല്‍ അല്ല യെല്ലോ ആയിരുന്നു എന്ന് പോലിസ് ഉമായി തര്‍ക്കിക്കും , അവസാനം അവര്‍ വെറുതെ വിടും . അയാളുടെ സ്ഥാനത്ത് നമ്മള്‍ ആയിരുന്നു എങ്കില്‍ എപ്പോ ജയിലില്‍ ആയി എന്ന് ചോദിച്ചാല്‍ മതി .

ആദ്യത്തെ രണ്ടു കൊല്ലം ഞാന്‍ ഹാന്‍സുമായി ആയിരുന്നു മിക്ക യാത്രകളും . കൂടുതലും തബൂക് , ജെദ്ദ, ദമ്മാം , ഹഫ്ര അല്‍ ബാത്തെന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിലിട്ടറി ആശുപത്രികളില്‍ ആയിരുന്നു അന്ന് വലിയ പ്രൊജെക്ടുകള്‍ .
ചിലപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ ഹോളണ്ടില്‍ നിന്നും കുറെ എങ്ങിനീയര്‍ മാര്‍ കൂടി വരും . വലിയ പ്രൊജെക്ടുകള്‍ സമയത്തിന് തീര്‍ക്കാന്‍ ആണീ പരിപാടി .

തബൂക്കില്‍ മിലിട്ടറി ആശുപത്രിയിലെ വര്‍ക്ക് നടക്കുന്ന സമയം , ഞാനും ഹാന്‍സും ഹോളണ്ടില്‍ നിന്നും ഞങ്ങളെ സഹായിക്കാന്‍ വന്ന എറിക് എന്ന ഒരു എഞ്ചിനീയര്‍ കൂടി ഉണ്ട് . അവിടുത്തെ പ്രസിദ്ധമായ തബൂക് സഹാറ എന്ന ഒരു ഒന്നാകിട ഹോട്ടലില്‍ ആണ് താമസം . ഞങ്ങള്‍ ഒരേ ഫ്ല്ലോറില്‍ അടുത്തടുത്ത റൂമുകളില്‍ ആയി താമസിക്കുന്നു . ഇവിടെ രാവിലെ വേണ്ട ബ്രേക്ക്‌ ഫാസ്റ്റ് നമുക്ക് തലേ ദിവസമേ ഒരു കാര്‍ഡില്‍ വേണ്ട വിഭവങ്ങള്‍ ടിക്ക് ചെയ്തു നമ്മുടെ വാതിലിന്റെ പിടിയില്‍ തൂക്കിയിടാം , അതില്‍ സെര്‍വ് ചെയ്യേണ്ട സമയം , ചായ വേണോ , കാപ്പി വേണോ , എന്ന് വേണ്ട സകല വിവരങ്ങളും വെറുതെ ടിക്ക് ചെയ്തു ഇട്ടാല്‍ മാത്രം മതി . രാവിലെ അഞ്ചു മണി മുതല്‍ പത്ത് വരെ ഈ സര്‍വീസ് കിട്ടും . ഞങ്ങള്‍ മിക്കവാറും 8 മണിക്ക് ഈ സര്‍വീസ് ഉപയോഗിച്ച് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു ഒന്‍പതിന് മുന്‍പായി ഹോട്ടലില്‍ നിന്നും ഇറങ്ങും . പൊതുവേ മടിയനായ ഹാന്‍സ് എട്ടരക്ക് ഓര്‍ഡര്‍ ചെയ്തു കുളിക്കാതെയും നനക്കാതെയും പഴയ ഉടുപ്പും പാന്റുമൊക്കെ വലിച്ചു കയറ്റി ഞങ്ങള്‍ കാര്‍ സ്ടാര്ട്ട് ആക്കി പോകാന്‍ തുടങ്ങുമ്പോഴേക്കും ഓടി വന്നു കയറും . അതാണ്‌ ടിയാന്റെ രീതി . എറിക് ആണെങ്കില്‍ പല കുസൃതികളും ഒപ്പിക്കുന്ന ഒരു വീരന്‍ , അതിനാല്‍ ഇത്തരം ഉടക്കുകള്‍ ഒത്തു തീര്‍പ്പാക്കുന്ന പണി കൂടി എനിക്ക് ചിലപ്പോള്‍ കിട്ടും .

വന്നു രണ്ടാം ദിവസം ആണെന്ന് തോന്നുന്നു , വെളുപ്പിന് ഇടനാഴിയില്‍ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് , ഏതാണെന്ന് നോക്കാം എന്ന് വിചാരിച്ചു കതകു തുറന്നപ്പോള്‍ ഹാന്‍സ് ഒരു കൊച്ചു നിക്കറും ബനിയനും മാത്രം ഇട്ടു നിന്ന് കാവടിയാട്ടക്കാരെ പോലെ നിന്ന് തുള്ളുകയാണ് . ഒരു വെയിറ്റര്‍ , ഫിലിപ്പിനോ ആണെന്ന് തോന്നുന്നു വലിയ ഒരു ട്രോളിയില്‍ എന്തെക്കെയോ മൂടി പ്പോതിഞ്ഞു കൊണ്ട് വന്നു ടോം ആന്‍ഡ്‌ ജെറിയിലെ ജെരിയെപ്പോലെ വിറക്കുകയാണ് . ഹാന്‍സ് ന്റെ " , ബ്ലഡി ഫൂള്‍ " മാത്രമേ ഉറക്കെ കേള്‍ക്കുന്നുള്ളൂ , ഫിലിപ്പിനോയുടെ " സര്‍ സര്‍ ബട്ട്‌ " ആ ചീത്ത വിളിയില്‍ മുങ്ങിപ്പോയി , സമയം ഒരു അഞ്ചായിക്കാണും. ഞാന്‍ ഫിലിപ്പിനോയോടു കാര്യം തിരക്കി , അയാള്‍ തലേദിവസം ഇട്ട കാര്‍ഡ്‌ അനുസരിച്ച് അഞ്ചു മണിക്ക് ബ്രേക്ക്‌ ഫാസ്റ്റ് സെര്‍വ് ചെയ്യാന്‍ വന്നതാണ് . ഹാന്‍സ് പറയുന്നു ഞാന്‍ അങ്ങിനെ ഓര്‍ഡര്‍ ചെയ്തിട്ടേ ഇല്ല എന്ന് . തലേന്ന് ഉറക്കം കിട്ടാതെ വലഞ്ഞ ഹാന്‍സ് വയിറ്റരുടെ "കിണിം കിണിം" ബെല്ലടി കേട്ടാണ് ഉണരുന്നത് . " ബ്രേക്ക്‌ ഫാസ്റ്റ് നിന്റെ അപ്പന് കൊണ്ട് കൊടു... " ഓര്‍ഡര്‍ പരിശോധിച്ചപ്പോള്‍ ഒരു പത്തിരുപതു ഐറ്റം ഓര്‍ഡര്‍ ചെയ്തിട്ടും ഉണ്ട് . ഇതെല്ലാം കൂടി ആ പാവം കൊച്ചു വെളുപ്പാന്‍ കാലത്ത് എങ്ങിനെ കഴിക്കാനാ ? എനിക്കും ആ ഓര്‍ഡര്‍ ഷീറ്റ് കണ്ടു ചിരി അടക്കാന്‍ ആയില്ല, നാല് ഒമ്ലെറ്റ് , പത്തു ബ്രെഡ്‌ , ഒരു കപ്പു തൈര് , നാല് ആപ്പിള്‍ , രണ്ടു ജ്യൂസ്‌ ...ലിസ്റ്റ് നീളുകയാണ് ... ശിവ ശിവ . ഒരു തരത്തില്‍ ഫിലിപ്പിനോ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു സ്ഥലം വിട്ടു ,

അന്ന് പത്ത് മണിക്ക് കണ്ണും തിരുമി കാറില്‍ കയറാന്‍ വന്ന ഹാന്‍സിനെ കണ്ടതും എറിക് ഉറക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി , " കിടിലന്‍ ഒരു ബ്രേക്ക്‌ ഫാസ്റ്റ് വെളുപ്പിനെ അഞ്ചു മണിക്ക് കഴിക്കുന്നതാ ഉത്തമം " എന്ന് പറഞ്ഞു കുലുങ്ങി ചിരിച്ച എറിക് കാറില്‍ വെച്ച് ആ രഹസ്യം പറഞ്ഞു , അടുത്ത മുറിയിലെ താമസക്കാരനായ ഹാന്‍സിന്റെ വാതിലില്‍ ഇട്ടിരുന്ന ഓര്‍ഡര്‍ ഷീറ്റ് എറിക് എടുത്തു കണ്ണില്‍ കണ്ടെതെല്ലാം ടിക്ക് ചെയ്തു സെര്‍വ് ചെയ്യേണ്ട സമയം അഞ്ചു മണി ആക്കി സ്വന്തം മുറിയില്‍ കയറിപ്പോയി . പാവം ഫിലിപ്പിനോ ഓര്‍ഡര്‍ അനുസരിച്ച് എല്ലാം ചുമ്മിക്കെട്ടി ട്രോളി യിലാക്കി വെളുപ്പിന് അഞ്ചു മണിക്ക് ബെല്ലടിച്ചതാണ് . എറിക് അന്ന് അടി കിട്ടാതെ രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി .

ഹാന്‍സ് ഇപ്പോഴും എനിക്ക് മെയില്‍ അയക്കാറുണ്ട് , ഇന്ത്യയില്‍ വരാറുണ്ട് , യാത്രകളില്‍ എടുക്കുന്ന ഫോട്ടോ ഒക്കെ ചിലപ്പോള്‍ അയച്ചു തരും , അടുത്തകാലത്ത്‌ തായ്ലണ്ടില്‍ പോയി കടുവകളുടെ കൂട്ടില്‍ കയറി , ആ ഫോട്ടോ ദാ ഇവിടെ
സായിപ്പ് ആള് പുലി തന്നെ !

ഇത് മാര്‍ഗരെട്റ്റ് , മാഗി എന്ന് വിളിക്കും

 
അരീക്കര മൂലപ്ലാവ് മുക്കില്‍ അന്ന് ആകെ രണ്ടോ മൂന്നോ കെട്ടിടങ്ങളെ ഉള്ളൂ , മൂപ്പീന്നിന്റെ റേഷന്‍ കട, മോടീക്കാരന്റെ ചായക്കട, പിന്നെ വായനശാല . വീട്ടിലെ നിന്നും രക്ഷപെടാന്‍ ഞാന്‍ കണ്ടു പിടിച്ച മാര്‍ഗ്ഗം ആയിരുന്നു വായനശാലയില്‍ പോക്ക് . ആദ്യമൊക്കെ അച്ഛന്‍ കൊണ്ട് വന്നു വായിക്കുന്ന പുസ്തകങ്ങള്‍ അറിയാതെ എടുത്തു വായിക്കുമായിരുന്നു . പിന്നെ അച്ഛന്‍ എടുത്ത പുസ്തകം തിരിച്ചു കൊടുക്കുന്ന സമയത്ത് ഞാനും ഒരു പുസ്തകം എടുക്കാന്‍ തുടങ്ങി . യാത്രാ വിവരണ ത്തിലാണ് തുടക്കം , അതും എസ് കെ പൊറ്റക്കാടിന്റെ പുസ്തകങ്ങള്‍ , അത് വായിച്ചാണ് യാത്രകള്‍ ജീവിതത്തിന്റെ സ്വപ്നവും ലക്ഷ്യവുമായി മാറിയത് . അന്ന് ആരെങ്കിലും ഒക്കെ ഗള്‍ഫില്‍ പോയി വന്നു അവിടുത്തെ കാഴ്ചകളും ഒക്കെ വിവരിക്കുമ്പോള്‍ വെറുതെ ദീവാസ്വപ്നങ്ങള്‍ കണ്ടുകൊണ്ടിരിക്കും . എന്നായിരിക്കും ഒരു വിദേശ രാജ്യം കാണാന്‍ കഴിയുക , എസ് കെ യുടെ പുസ്തകങ്ങളില്‍ വായിച്ചു ശീലിച്ച ഏതെങ്കിലും ഒരു രാജ്യം നേരില്‍ കാണാന്‍ സാധിക്കുമോ ? അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ എസ് കെ പൊറ്റക്കാടിന്റെ പുസ്തകം വായിച്ചു എന്നതൊന്നും വിദേശ രാജ്യം കാണാനുള്ള യോഗ്യത നേടിതരില്ലല്ലോ .

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു മുംബയില്‍ ജോലിക്ക് കയറിയ ഉടനെ പാസ്പോര്‍ട്ട്‌ കയ്യില്‍ ഉണ്ടോ എന്ന ബോസ്സിന്റെ ചോദ്യം തന്നെ എന്നെ മനപായസം കുടിപ്പിച്ചു . പാസ്പോര്‍ട്ട്‌ ഒക്കെ സംഘടിപ്പിച്ചു ഞങ്ങളുടേത് തോഷിബ കമ്പനി ആയതിനാല്‍ ജപ്പാന്‍ യാത്ര ആയിരിക്കും ആദ്യം തരപ്പെടും എന്നായിരുന്നു എന്റെ പ്രതീക്ഷ . എല്ലാം ശരിയായ പോലെ അമ്മക്ക് ഇത് പറഞ്ഞു കത്തെഴുതുക ,ജപ്പാനിലെ കാഴ്ചകള്‍ ഭാവനയില്‍ കണ്ടു പഴയ കൂട്ടുകാര്‍ക്ക് കത്തെഴുതുക ഒക്കെയായിരുന്നു എന്റെ വിദേശ യാത്രകളോട് ഉള്ള അത്യാഗ്രഹം നിറഞ്ഞ വിനോദങ്ങള്‍ . അങ്ങിനെയിരുന്നപ്പോഴാണ് ഞങ്ങള്‍ നേത്ര ശാസ്ത്രക്രിയക്കും ഉദര ശാസ്ത്രക്രിയക്കും ഉപയോഗിക്കുന്ന ലേസര്‍ സര്‍ജറി ഉപകരണം വിതരണം ചെയ്യാന്‍ തീരുമാനിച്ചത് . അതിനായി ഈ രംഗത്ത് അന്ന് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഒരു ആസ്ട്രേലിയന്‍ കമ്പനി യുമായി ഉടമ്പടി ഒപ്പ് വെച്ചു.


ഒരു ദിവസം എന്റെ ബോസ്സ് എന്നെ അദ്ദേഹത്തിന്റെ ക്യാബിനെക്ക് വിളിപ്പിച്ചു .

" സോം , നിങ്ങളെ ഞാന്‍ ആസ്ട്രെലിയിലെ അടലൈട് എന്ന പട്ടണത്തില്‍ ഒരു മാസത്തെ പരിശീലനത്തിന് അയക്കുകയാണ് . തയ്യാറായിക്കൊള്ളൂ . വിസയും ടിക്കറ്റ്‌ ഉം ഒക്കെ ശരിയാക്കണം "

ബോസ്സിന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നത് പോലെ ഒഴുകി നടക്കുന്നത് പോലെ . കാരണം ചെറുപ്പം മുതലുള്ള ഒരു വലിയ സ്വപ്നം , എസ് കെ പൊറ്റക്കാടിനെപ്പോലെ എനിക്കും ഒരിക്കല്‍ പോയ ഒരു രാജ്യത്തെ പറ്റി എന്തെങ്കിലും എഴുതണം . അമ്മയ്ക്കും മാമിക്കും പഴയ കൂട്ടുകാര്‍ക്കും ഒക്കെ കത്തെഴുതി , എല്ലാത്തിലും ഒരു പൊങ്ങച്ചം മാത്രം , ഞാന്‍ ആസ്ട്രേലിയ ക്ക് പോവുന്നു . സിംഗപ്പൂരും കാണും . അവര്‍ക്കറിയില്ലല്ലോ ഞാന്‍ എസ് കെ പൊറ്റ ക്കടിന്റെ പുസ്തകം വായിച്ചു കിടന്നപ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഒക്കെയും .

അങ്ങിനെ സ്വന്തം ബാഗിനേക്കാള്‍ ഭാരമുള്ള പൊങ്ങച്ച സഞ്ചിയും ഒക്കെ മുറുക്കി ഞാന്‍ സിംഗപ്പൂര് വഴി ദീര്‍ഘമായൊരു യാത്രയുടെ ഒടുവില്‍ ആസ്ട്രലിയ യിലെ അടലൈട് പട്ടണത്തില്‍ വിമാനം ഇറങ്ങി . ലേസരെക്സ് എന്ന പ്രസിദ്ധമായ കമ്പനിയുടെ പ്രതിനിധികള്‍ എന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു . ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പ് ആകാശത്തില്‍ നിന്ന് നോക്കികണ്ട അടലൈട് പട്ടണം പച്ച പുതച്ച കുന്നുകളും മനോഹരമായ കടല്‍ത്തീരങ്ങളും ഒക്കെ ആയി അതി മനോഹരമായ ഒരു കാഴ്ച ആയിരുന്നു . ആലീസിന്റെ അത്ഭുതലോകം പോലെ ഞാന്‍ ആ മനോഹരമായ നഗരം ആസ്വദിച്ചു കണ്ടു . കമ്പനി പ്രതിനിധികള്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കാതെ ഞാന്‍ കാറില്‍ നിന്നും പുറത്തെ കാഴ്ചകള്‍ കണ്ടു രസിച്ചു .

അടലൈട് നഗരത്തില്‍ എന്റെ താമസം സണ്ണിസൌത്ത് മോട്ടെല്‍ എന്ന ഒരു പഞാബി നടത്തുന്ന ഒരു ചെറിയ ഹോട്ടലില്‍ ആയിരുന്നു . ഹോട്ടല്‍ ചെറുതായിരുന്നെങ്കിലും മുന്തിയ സൌകര്യങ്ങള്‍ ഉള്ള ആ മോട്ടെല്‍ എനിക്ക് നന്നേ പിടിച്ചു . രാവിലെത്തെയും വൈകിട്ടത്തെയും ഭക്ഷണം ആ മോട്ടെല്‍ ന് ചേര്‍ന്ന് താമസിക്കുന്ന മോടെല്‍ ഉടമ പഞാബില്‍ നിന്നും കുടിയേറിയ ഹരീന്ദര്‍ സിംഗ് ന്‍റെ വീട്ടില്‍ നിന്ന് തന്നെ ആയിരുന്നു . ഹരീന്ദര്‍ സിംഗ് ശരിക്കും ഒരു ഡോക്ടര്‍ , അതും ഒരു സര്‍ജന്‍ ആയിരുന്നു , അദ്ദേഹം ഈ രാജ്യത്തേക്ക് കുടിയേറി ഇവിടുത്തെ പരീക്ഷ പാസാവാന്‍ കഠിന പരിശ്രമം നടത്തിയിട്ടും കര കയറിയില്ല . ഒടുവില്‍ ആയുധം താഴെ വെച്ചു ഈ മോട്ടെല്‍ നടത്താന്‍ തീരുമാനിച്ചു .

ആദ്യത്തെ ആഴ്ച തന്നെ ഞാന്‍ ആ മനോഹരമായ പട്ടണത്തിലെ കാഴചകള്‍ ഒക്കെ കണ്ടു തീര്‍ത്തു, അന്തമില്ലാതെ പരന്നു കിടക്കുന്ന വൈന്‍ യാര്‍ഡുകള്‍, കംഗാരുക്കള്‍ മുറിച്ചു കടക്കുന്ന ഗ്രാമീണ റോഡുകള്‍ , അവിടുത്തെ മൃഗശാല , ഓപ്പല്‍ മൈനുകള്‍ , മനോഹരമായ കടല്‍ തീരങ്ങള്‍ , ചെറു വനങ്ങള്‍ അങ്ങിനെ അതൊരു സ്വപ്ന ലോകം തന്നെ ആയിരുന്നു .
ഹരീന്ദര്‍ സിങ്ങും കുടുംബവും എനിക്കും അതിവേഗം വളരെ പ്രിയപ്പെട്ടവരായി . അത്ര ഹൃദ്യമായിരുന്നു അവരുടെ പെരുമാറ്റവും ഭക്ഷണവും . ഞാന്‍ ലെസേരെക്സ് കമ്പനിയിലെ പരിശീലനം കഴിഞ്ഞു അഞ്ചു മണിയോടെ മോട്ടെളില്‍ എത്തും , നല്ല തണുപ്പ് ഉള്ളതിനാല്‍ കുളി രാവിലെ മാത്രം ആക്കി . പിന്നെ മുഴുവന്‍ സമയവും ഹരീന്ദര്‍ സിംഗുമായി നാട്ടിലെയും അവിടുത്തെയും വിശേഷങ്ങള്‍ പറഞ്ഞു ഉണ് കഴിച്ചു തിരിച്ചു റൂമില്‍ എത്തും .

കാണാനുള്ള കാഴ്ചകള്‍ ഒക്കെ ഏറെക്കുറെ രണ്ടു ആഴ്ചകൊണ്ട് കണ്ടു തീര്‍ത്തു എന്ന് തന്നെ പറയാം .
ആ ശനിയാഴ്ച എവിടെ പോകണം എന്ന് പ്ലാന്‍ ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ ഹരീന്ദര്‍ സിംഗ് ന്റെ മുറിയില്‍ ഇരിക്കുക ആണ് .

" സോം , ഞാന്‍ തന്നെ ഒരു സ്ഥലം ഇന്ന് കാണിച്ചു തരാം , നടന്നു പോവാനുള്ള ദൂരമേ ഉള്ളൂ "
എനിക്ക് എവിടെപ്പോകാനും ആവേശം ആയിരുന്നു . പറയാത്ത താമസം ഞാന്‍ റെഡിയായി
അങ്ങിനെ ഞങ്ങള്‍ വൈകിട്ട് ഒരു ചെറിയ നടപ്പ് നടന്നു ഒരു റിസോര്‍ട്ട് പോലെ തോന്നുന്ന ഒരു സ്ഥലത്ത് എത്തി . എനിക്ക് അത് ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെട്ടു . വലിയ പുല്‍ത്തകിടിയും പൂന്തോപ്പും അരയന്നങ്ങള്‍ നീന്തിതുടിക്കുന്ന ചെറു തടാകവും ജലധാരയും ഒക്കെ ക്കൂടി ആകെ മനോഹരമായ ഒരു സ്ഥലം . നിരവധി വൃദ്ധജനങ്ങള്‍ അവിടെ വീല്‍ ചെയര്‍ലും ഊന്നു വടികളും ഒക്കെ ആയി ആ പുല്‍ത്തകിടിയില്‍ ഇരിക്കുകയും നടക്കുകയും ചെയ്യുന്നു .

' ഇത് പെന്‍ഷന്‍ പറ്റിയവര്‍ക്കും പ്രായം ചെന്നവര്‍ക്കും സര്‍ക്കാര്‍ ഒരുക്കിയ താമസ സ്ഥലം ആണ് . ഏജ് കെയര്‍ ഹോം എന്ന് വിളിക്കും . വാ നമുക്ക് അകത്തൊക്കെ ഒന്ന് ചുറ്റിക്കാണാം"

ഞങ്ങള്‍ ആ വലിയ കെട്ടിടത്തിന്റെ ലോബി യിലേക്ക് കടന്നു . അവിടെയും വളരെ നല്ല സംവിധാനങ്ങള്‍ , ഒരു സര്‍ക്കാര്‍ വൃദ്ധ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്ന സൌകര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി . അത്രയും വലിയ ആ കെട്ടിടത്തില്‍ അമ്പതു പേര് കാണും ,

ഹരീന്ദര്‍ സിംഗ് നെ കണ്ടതും " ഹലോ ഹരീന്ദര്‍ " എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് വീല്‍ ചെയറില്‍ നിന്നും എഴുനേല്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മദാമ്മയെ എനിക്ക് പരിചയപ്പെടുത്തി തന്നു .

" സോം , ഇത് മാര്‍ഗരെട്റ്റ് , മാഗി എന്ന് വിളിക്കും , ഇവിടുത്തെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് മാഗി . "
മാഗി എന്റെ കൈ പിടിച്ചു വീണ്ടും വീണ്ടു കുലുക്കി , എത്രയോ നാളത്തെ പരിചയം ഉണ്ടെന്നപോലെ ആന്നു മാഗിയുടെ പെരുമാറ്റം . അവിടുത്തെ സംസ്കാരം അനുസരിച്ച് എത്ര പ്രായം ഉള്ളവരെയും നമ്മുടെ അവരുടെ പേര് വിളിക്കാം , അച്ഛനെയും അമ്മയെയും പേര് തന്നെയാണ് വിളിക്കുക .

മാഗി ഒരു റേഡിയോ ബ്രോഡ്‌ കാസ്റെര്‍ ആയിരുന്നു . വാര്‍ത്ത വായിക്കുകയോ ചെറിയ നാടകത്തിനു ശബ്ദം കൊടുക്കുകയോ സ്ക്രിപ്റ്റ് എഴുതുകയോ ഒക്കെ ചെയ്യുക ആയിരുന്നു ജോലി .
മാഗി തുരുതുരാ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു . ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും ഒക്കെ ഞാന്‍ പറഞ്ഞു . അന്ന് യാത്ര പറഞ്ഞപ്പോള്‍ ഇനിയും വരണം എന്ന് അവര്‍ വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എന്ന് പറഞ്ഞു ഞാന്‍ ആ വെളുത്ത മെലിഞ്ഞ കൈകള്‍ പിടിച്ചു കുലുക്കി .

അന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ അവിടുത്തെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഹരീന്ദര്‍ സിംഗ് നോട് വാ തോരാതെ സംസാരിച്ചിരുന്നു . പറഞ്ഞു പറഞ്ഞു മാഗിയെപ്പറ്റി സംഭാഷണം ചെന്ന് നിന്നു. എത്ര മനോഹരമായി സംസാരിക്കുന്നു ആ മദാമ്മ . എനിക്ക് വളരെ ഇഷ്ടമായി ആ പഴയ റേഡിയോ താരത്തെ .

" സോം , സോമിന് ഒരു കാര്യം അറിയാമോ , ഇതുപോലെ ഈ പട്ടണത്തില്‍ നിരവധി ഏജ് കെയര്‍ ഹോം മുകള്‍ ഉണ്ട് . അവിടെ താമസിക്കുന്ന മിക്കവാറും എല്ലാവര്ക്കും മക്കള്‍ ഉണ്ട് . അവര്‍ ഈ പട്ടണത്തില്‍ തന്നെ ഉണ്ട് , സ്വന്തം അച്ഛനെയും അമ്മയെയും വര്‍ഷത്തില്‍ ഫാദര്‍സ് ഡേയ്ക്കും മദര്‍സ് ഡേക്കും ഒരു റോസാപ്പൂവും ആയി വന്നു കാണുന്ന മക്കള്‍ ആണ് ഇവര്‍ക്കെല്ലാം "

ഞാന്‍ ചവച്ചു കൊണ്ടിരുന്ന ചപ്പാത്തി ഇറങ്ങുന്നില്ല എന്ന് എനിക്ക് തോന്നി , എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു . തൊണ്ട വറ്റുന്നത് പോലെ . ഞാന്‍ കേട്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ല .

" സോം , മാഗി യുടെ മകന്‍ ഈ പട്ടണത്തില്‍ നിരവധി ചെറിയ വ്യവസായങ്ങള്‍ നടത്തുന്ന ഒരു ധനികന്‍ ആണ് . വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ വന്നാല്‍ ആയി , മാഗിക്ക് നമ്മള്‍ ചെല്ലുന്നതും സംസാരിക്കുന്നതും വലിയ സന്തോഷം ആണ് , ഞാന്‍ ഇടയ്ക്കിടെ പോവും , കുറെ കാര്യങ്ങള്‍ പറയും, തിരിച്ചു വരും "

ഞാന്‍ റൂമില്‍ തിരിച്ചു വന്നു , ഉറങ്ങുന്നതിനു മുന്‍പ് അമ്മ എനിക്കയച്ച കത്ത് ഒന്ന് കൂടി വായിച്ചു

" നീ എവിടെപ്പോയാലും നന്നായി പെരുമാറണം , അഹങ്കാരം കുറക്കണം , ഗുരു സ്മരണ വേണം , കുളിച്ചാല്‍ നന്നായി തോര്‍ത്തണം, രാസ്നാദി പൊടി തിരുമണം... "

എന്തുമാത്രം വഴക്കും ഉപദേശങ്ങളും , എന്നിട്ടും എനിക്ക് അമ്മയെ ഒരു നിമിഷം പോലും മറക്കാന്‍ സാധിക്കുന്നില്ല , പാവം മാഗി , അതെ നഗരത്തില്‍ ഉള്ള സ്വന്തം മകന്‍ വന്നു കാണുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ , അതും ഒരു മണിക്കൂര്‍ , അമ്മക്ക് എഴുതാന്‍ വെച്ചിരുന്ന പേപ്പര്‍ എന്റെ കണ്ണീര്‍ വീണു നനഞ്ഞു .

പിന്നെയുള്ള എല്ലാ ദിവസങ്ങളും ഞാനും ഹരീന്ടരും മാഗിയെക്കാണാന്‍ പോവുക പതിവായി . ആദ്യം കണ്ട പൂന്തോപ്പും പുല്‍ത്തകിടിയും ജലധാരക്കും ഒക്കെ കണ്ണീരിന്റെ ഒരു നനവ് ഉണ്ടെന്നു എനിക്ക് മനസിലായി തുടങ്ങി .

ഹരീദര്‍ ഇല്ലെങ്കിലും ഞാന്‍ വൈകുന്നേരങ്ങളില്‍ മാഗിയെ കാണാന്‍ പോയിത്തുടങ്ങി . ഞാന്‍ വരുന്നതും മാഗി വീല്‍ ചെയര്‍ ഉരുട്ടി വരുന്നത് എനിക്ക് നിത്യ കാഴ്ച ആയി . മാഗിക്ക് ആയിരം കാര്യങ്ങള്‍ അറിയണം . തുരു തുരാ സംസാരിച്ചു കൊണ്ടിരിക്കും . ഞാന്‍ എന്റെ അമ്മയെപ്പറ്റി പറഞ്ഞു . ഞാന്‍ വളര്‍ന്ന കുഗ്രാമമായ അരീക്കരെയെപ്പറ്റി പറഞ്ഞു .

" Som , Do you miss your Mom ?"
" of course , maggie "
" Som , Do you love your Mom ?"
" Of course , maggie "

മാഗിയുടെ കണ്ണുകളിലെ നനവും ആ മുഖത്തെ ദൈന്യതയും എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . എത്ര ആവേശത്തോടെ ആണ് ഞാന്‍ ഈ വിദേശ രാജ്യം കാണാന്‍ എത്തിയത് . ആദ്യം കാലു കുത്തുന്ന വിദേശ രാജ്യം .

അടലൈട് ലെ താമസം തീരുന്ന ആഴ്ച ഞാന്‍ വീണ്ടും മാഗിയെ ക്കാണാന്‍ പോയി . പോകാന്‍ നേരത്ത് എനിക്ക് മാഗി മനോഹരമായ ഒരു " ബൂമരാന്ഗ്" സമ്മാനിച്ചു . യാത്ര പറയാന്‍ നേരത്ത് " Som , my son give me a hug " എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു . മാഗിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .

ഇന്ന് നമ്മുടെ നാട്ടിലും വൃദ്ധ സദനങ്ങളും അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു പോവാനുള്ള ശരനാലയങ്ങളും ഒക്കെ ധാരാളം . പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അടലൈട് ഇല്‍മാത്രം കാണാന്‍ കഴിഞ്ഞ അത്തരം സംവിധാനം നമ്മുടെ നാട്ടില്‍ ഇത്ര വേഗം എത്തുമെന്ന് അന്ന് ഞാന്‍ വിചാരിച്ചില്ല .

അതിനു ശേഷം എത്രയോ വിദേശ രാജ്യങ്ങളും ലോകാത്ഭുതങ്ങളും ഒരു സഞ്ചാരിയുടെ കൌതുകത്തോടെ നോക്കി നിന്നിരിക്കുന്നു , മാഗിയുടെ മുഖം അപ്പോഴെല്ലാം ഞാന്‍ ഓര്‍ക്കും

" Som , Do you miss your Mom ?"
" Of course , maggie "

" Som , Do you love your Mom ?"
" Of course , maggie "

Wednesday, 20 June 2012

ഒരു പാകിസ്ഥാനി അമ്മ

 "പാകിസ്ഥാന്റെ റാവല്‍ പിണ്ടി ,
ഇന്ത്യാക്കാരുടെ വാഴപ്പിണ്ടി 
യാഹ്യാഖാനെ കൊലയാളീ 
നിന്നെ ഞങ്ങളെടുത്തോളാം"

ഇത്രയും ഉറക്കെ ഞാന്‍ ഒരു മുദ്രാവാക്യം ഞാന്‍ അന്ന് വരെ വിളിച്ചിട്ടില്ല . ഇന്ത്യ  ബംഗ്ലാദേശ്  യുദ്ധം നടക്കുന്ന  സമയത്ത്  ഞാന്‍ അരീക്കര വട്ടമോടി പ്രൈമറി  സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയാണ് . നമ്മുടെ രാജ്യത്തിനും  പട്ടാളക്കാര്‍ക്കും ഇന്ദിരാ ഗാന്ധിക്കും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു    അരീക്കരയിലെയും  മുളക്കുഴയിളെയും പിന്നെ വേറെ കുറെ സ്കൂളുകളിലെയും  എല്ലാം കുട്ടികള്‍  ജാഥ ആയി  പോയി അവസാനം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍  എത്തി ,  എന്തൊരു ആവേശമായിരുന്നു  ഞങ്ങള്‍ കുട്ടികള്‍ക്ക്  എന്തെല്ലാം കാഴ്ചകള്‍ ആണ് ഞാന്‍  അന്ന് ജീവിതത്തില്‍ ആദ്യമായി കണ്ടത് .  നാലുപാടും ഉള്ള സ്കൂളുകളില്‍ നിന്നും  ചെങ്ങന്നൂര്  കോളേജില്‍ എത്തിയ കുട്ടികള്‍  അവിടെ നടന്ന പ്രസംഗങ്ങളും  ദേശ ഭക്തി ഗാനങ്ങളും ഒക്കെ  കേട്ട് അവസാനം യാഹ്യാഖാന്റെ പട്ടാളവേഷം അണിഞ്ഞ വാഴകച്ചി കൊണ്ട്  ഉണ്ടാക്കിയ വലിയ ഒരു കോലം കത്തിച്ചു .  നിറയെ പടക്കങ്ങള്‍ കുത്തിനിറച്ചിരുന്ന  ആ കോലം  പടാ പടാ ശബ്ദത്തോടെ  പോട്ടിതെരിക്കുന്നത് കെട്ടും  കണ്ടും  ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു കൈയ്യടിച്ചു .

ആ സംഭവത്തോടെ പട്ടാളക്കാരെന്റെ  മകനായ   എന്റെ മനസ്സില്‍  ശത്രു  എന്നാല്‍ പാകിസ്താന്‍ ആയി . ഒരു  പാകിസ്ഥാനിയെ എവിടെ കണ്ടാലും  കൊന്നു കളയണം  എന്ന ഒരു ചിന്ത  എങ്ങിനെയോ  എന്നില്‍ സ്ഥാനം പിടിച്ചു.  ഭാവനയില്‍  പാകിസ്താന്‍ പട്ടാളക്കാരന്‍ ആണെന്ന്  വിചാരിച്ചു  വീട്ടില്‍ മുറ്റത്ത്‌ നിന്നിരുന്ന കുറെ വാഴകള്‍ വെട്ടി വീഴ്ത്തി . ഉണങ്ങിയ    വാഴക്കൈകള്‍ക്ക് തീവെച്ചു ,  അമ്മയുടെ കൈയ്യില്‍ നിന്നും  പൊതിരെ അടി കിട്ടിയിട്ടും പാകിസ്ഥാനി   വാഴകളെ  തരം കിട്ടിയാല്‍  വെട്ടി അരിഞ്ഞോ തീവെച്ചോ  നശിപ്പിച്ചിരുന്നു.  പിന്നെ  അതിനു അടിയും  

യുദ്ധം ഒക്കെ തീര്‍ന്നു  അച്ഛന്‍  ലീവിന്  സ്ഥലത്ത്  എത്തിയതോടെ  എനിക്ക്  അച്ഛനോട്  അതിര്‍ത്തിയിലെ  യുദ്ധ കഥകള്‍  കേള്‍ക്കാന്‍  വല്ലാത്ത ഒരു ആവേശമായിരുന്നു .  " അച്ഛന്‍   എത്ര പാകിസ്ഥാനികളെ  വെടിവെച്ചു കൊന്നിട്ടുണ്ട് "  ഞാന്‍ ആരെയും  കൊന്നിട്ടില്ല എന്ന അച്ഛന്റെ  മറുപടി കേള്‍ക്കാന്‍  എനിക്ക്  തീരെ താല്‍പ്പര്യം  ഇല്ലായിരുന്നു .  " ആട്ടെ, പാകിസ്ഥാനികള്‍  മരിച്ചു കിടക്കുന്നത്  കണ്ടിട്ടുണ്ടോ "  അങ്ങിനെ  ഒരു ശത്രുവിനെ  എങ്ങിനെ  ഭാവനയില്‍ കൊല്ലാമോ അങ്ങിനെയെല്ലാം  കൊല്ലാം എന്നായിരുന്നു  എന്റെ ധാരണ.  ആയുധപ്പുരയുടെ  വിഭാഗത്തില്‍  ജോലി ചെയ്തിരുന്ന  അച്ഛന്റെ  ജോലി  ഒരിക്കലും  നേരിട്ട്  യുദ്ധം  ചെയ്യുക ആയിരുന്നില്ല .  അത് കൊണ്ട്  തന്നെ അച്ഛനോട്  എനിക്ക് അല്‍പ്പം നീരസവും  ഉണ്ടായിരുന്നു . 

കാലമേറെ  ചെന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥം  ഞാന്‍ സൗദി  റിയാദ്  വിമാനം ഇറങ്ങുമ്പോഴാണ് വേഷവിധാനം കൊണ്ട്  തിരിച്ചറിയാവുന്ന പാകിസ്ഥാനികളെയും അഫ്ഗാനികളെയും കാണുന്നത് . കുട്ടിക്കാലത്തെ പക ഒന്നും ഇല്ലെങ്കിലും  പാകിസ്ഥാനികളെ കാണുമ്പോഴും   ഉള്ളില്‍  അവരോടു   അറിയാതെ " ഇയാള്‍  എന്റെ  ശത്രു " എന്ന  ഒരു  ചെറിയ  ചിന്ത കടന്നു കൂടും . അവരോടു ഇടപെടുന്ന സന്ദര്‍ഭങ്ങള്‍  എന്നെ സംബധിച്ച്   വളരെ കുറവായിരുന്നു താനും . ടാക്സി  പിടിക്കുമ്പോഴോ സാധനം വാങ്ങുമ്പോഴോ  ഒക്കെ പാകിസ്ഥാനിയെ  അറിയാതെ ഒഴിവാക്കി പോകും .

അങ്ങനെ റിയാദില്‍ നിന്നും  ഒരു  മുന്നൂറു  കി മി  ദൂരെ  യുനൈസ എന്ന ഒരു സ്ഥലത്ത്  അവിടുത്തെ  എം ഓ  എച്ച്  ആശുപത്രിയില്‍  ഫിലിപ്സ് ഇന്റെ  സീ ടീ സ്കാനര്‍ സ്ഥാപിക്കുന്ന  ജോലിക്ക് പോവേണ്ടി വന്നു . അവിടെ  ഒരു  ഇര്‍ഷാദ്  എന്ന ഒരു  റേഡിയോലജിസ്റ്റ്‌  പാകിസ്താന്‍ കാരന്‍ , ഇംഗ്ലണ്ട് നിന്നും  ഉയര്‍ന്ന ഡിഗ്രി  എടുത്ത  ഈ ഡോക്ടര്‍  വന്ന ദിവസം തന്നെ  എനിക്ക് ഇഷ്ടപ്പെട്ടു . അതുവരെ  മനസ്സില്‍  വെച്ചിരുന്ന പുച്ഛവും പകയും  ഡോ. ഇര്‍ഷാദ്  നോട്  സംസാരിച്ചപ്പോള്‍  മാറിയത്  പെട്ടന്നായിരുന്നു . ഞങ്ങള്‍  പരസ്പരം  വീട്ടു വിശെഷങ്ങള്‍ പങ്കു വെച്ചു.   എന്തിനു പറയുന്നു  ഞങ്ങള്‍  പെട്ടന്ന്  നല്ല  സുഹൃത്തുക്കള്‍ ആയി . പറഞ്ഞു വന്നപ്പോള്‍  ഡോക്ടറുടെ  മുത്തച്ഛന്‍ ഇന്ത്യയിലെ  പഞ്ചാബില്‍ നിന്നും റാവല്‍ പിണ്ടിയില്‍  വിഭജനക്കാലത്ത്  എത്തിച്ചേര്‍ന്ന ആളാണ്‌ . ഡോക്ടറുടെ അച്ഛന്‍ പാക്  പട്ടാളത്തില്‍ ആയിരുന്നു , അമ്മ പ്രൈമറി  സ്കൂള്‍  ടീച്ചര്‍ . രണ്ടു പേരും  റിട്ടയര്‍  ചെയ്തു റാവല്‍പിണ്ടിയില്‍ . 

ദൈവമേ , എന്റെ അച്ഛന്‍  ഇന്ത്യന്‍ പട്ടാളക്കാരന്‍ ,  ഡോക്ടറുടെ  അച്ഛന്‍ പാക് പട്ടാളക്കാരന്‍, രണ്ടുപേരും  ഈ രണ്ടു യുദ്ധം വീതം  കണ്ടവര്‍ . പക്ഷെ  ഡോക്ടറുടെ  വിവരവും വിനയവും  ആ പരസ്പര ശത്രുത അലിയിച്ചു കളഞ്ഞു .  അങ്ങിനെ  എന്ന്  യുനൈസ യില്‍ പോയാലും  ഡോക്ടറുമായി സമയം ചിലവിടുക , അദ്ദേഹത്തിന്റെ അപാര്‍ത്മെന്റില്‍  പോവുക ,  അന്ന്  അദ്ദേഹം  ബാച്ച്ലെര്‍ ആയിരുന്നു എങ്കിലും   വളരെ നല്ല  അപാര്‍ത്മെന്റ്റ്  ഉണ്ടായിരുന്നു . പലപ്പോഴും  എന്റെ ഹോട്ടലില്‍  വന്നു  ഭക്ഷണം കഴിക്കുക , ചെറിയ  ഡ്രൈവിംഗ് നു പോവുക  അങ്ങിനെ  എന്റെ യുനൈസ യാത്രകള്‍  എപ്പൊഴും ഡോക്ടറുടെ  സൗഹൃദം കൊണ്ട്  ഹൃദ്യമായി . 

അങ്ങിനെയിരുന്നപ്പോള്‍  ഒരു ദിവസം ഡോക്ടര്‍  എനിക്ക്  ഫോണ്‍ ചെയ്തു  റിയാദില്‍ വരുന്നു  എന്നും സ്വന്തം മാതാപിതാക്കള്‍  ഒരുമാസത്തേക്ക്  സൗദിയില്‍ വരുന്നു  എന്നും  അറിയിച്ചു .  എയര്‍പോര്‍ട്ടില്‍ വരാമോ  എന്ന് ചോദിച്ചപ്പോള്‍  എനിക്ക് " അതിനെന്താ "  എന്ന് പറയാന്‍  തോന്നിയുള്ളൂ . ഫോണ്‍ താഴെ വെച്ചു  കഴിഞ്ഞാണ്   ഡോക്ടുടെ  അച്ഛന്‍  ഒരു പാക്  പട്ടാളക്കാരന്‍  ആയിരുന്നല്ലോ  എന്നോര്‍ത്തത് . ഇന്ത്യയുടെ  ഒരു ആജന്മ  ശത്രു ! 

 അവര്‍ വരുന്ന ദിവസം  ഞാന്‍  എയര്‍പോര്‍ട്ടില്‍ എത്തി  ആദ്യം  ഡോക്ടര്‍ നെ  സ്വീകരിച്ചു .  ഞങ്ങള്‍  രണ്ടു പേരും കൂടി  ഇന്റര്‍നാഷണല്‍  ടെര്‍മിനലില്‍  കാത്തു നിന്ന് . പര്‍ദ്ദ അണിഞ്ഞ  ആ അമ്മയും  പരമ്പരാഗത പാകിസ്താന്‍ വേഷം  ധരിച്ചു എത്തിയ  ഡോക്ടറുടെ  അച്ഛനും ,   മകനെ  കെട്ടിപ്പിടിച്ചും  ഉമ്മവെച്ചും സ്വീകരിക്കുന്നത്  കണ്ടപ്പോള്‍  നമ്മുടെ  സംസ്കാരത്തില്‍  നിന്നും എന്താണ്  വ്യത്യാസം  എന്ന് ഞാന്‍ ആലോചിച്ചു .  ഡോ  ഇര്‍ഷാദ് നു     " ഒരു ഹിന്ദുസ്ഥാനി " സുഹൃത്ത്  ഉണ്ടെന്നു  അവര്‍ക്ക് അറിയാമായിരുന്നു , അതിനാല്‍  അദ്ദേഹം  " ആവ്വോ ,  മേരാ ബെട്ട , ഗലേ  മിലാദോ
( വരൂ മകനെ , എന്നെ ആലിംഗനം  ചെയൂ "  എന്ന് പറഞ്ഞപ്പോള്‍ ആദ്യം  ചെറിയൊരു നീരസം  ഉള്ളില്‍ ഉണ്ടായോ ?

പക്ഷെ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ആയിരുന്ന  ആ അമ്മയുടെ ഉര്‍ദു  ചിലവാക്കുകള്‍  മനസ്സിലാക്കാന്‍  ബുദ്ധിമുട്ട്  ഉണ്ടായിരുന്നു  എങ്കിലും  സ്നേഹത്തിനോ  വാത്സല്യത്തിനോ ഭാഷയോ രാജ്യമോ പ്രശ്നമല്ലെന്ന്  എനിക്ക് മനസ്സിലായി .  അവരെ  യാത്രയാക്കി  തിരിച്ചു  വീട്ടില്‍ എത്തിയപ്പോള്‍  പഴയ പകയും ശത്രുതയും ഒക്കെ  വേഗം മാഞ്ഞു പോയ പോലെ തോന്നി . 
 യുനൈസയില്‍  തൊട്ടടുത്ത  ആഴ്ച  ഞാന്‍ പോയപ്പോള്‍  ഡോക്ടറുടെ  വീട്ടിലാണ് ഉച്ച ഭക്ഷണം  എന്ന് പറഞ്ഞിരുന്നു .  വീട്ടിലെത്തിയ  എനിക്ക്  അവര്‍ നല്‍കിയ  സ്നേഹവും  വാത്സല്യവും  സത്യമായും ഒരു  അത്ഭുതം  ആയിരുന്നു . ബിരിയാണി  വിളമ്പി  അടുത്ത് നിന്ന്  വിളമ്പി തന്ന  ആ അമ്മ  ഒരു പാകിസ്ഥാനി ആണെന്ന്  ഞാന്‍ മറന്നു പോയി .  ഡോക്ടറുടെ അച്ഛന്‍  ആകട്ടെ  എന്റെ  നാടിനെപ്പറ്റി യും  വീടിനെപ്പറ്റിയും  താജ്മഹലിനെ പറ്റിയും  മുഹമ്മദു റാഫി യെപ്പറ്റി യും ലതാ മങ്ങേഷ്ക്കരിനെ പറ്റിയും ഒക്കെ വാതോരാതെ  സംസാരിച്ചിരുന്നു .  പട്ടാളക്കാരനായ  എന്റെ അച്ഛനെപറ്റി ഞാന്‍ പറഞ്ഞപ്പോള്‍ "  യുദ്ധം ഒരു  പട്ടാളക്കാരന്റെ  ആഗ്രഹം  അല്ലല്ലോ,  ഞാനും  ഒരിക്കല്‍  ഹിന്ദുസ്ഥാനി ആയിരുന്നില്ലേ "  എന്ന് പറഞ്ഞത്  എനിക്ക്   ഹൃദയത്തില്‍  തട്ടി . 

അവര്‍ അവിടെ കഴിഞ്ഞ ഒരു മാസത്തില്‍  പല തവണ  എനിക്ക് യുനൈസ യില്‍ പോകേണ്ടി വന്നിട്ടുണ്ട് , അപ്പോഴെല്ലാം  അവിടെ ഉച്ച ഭക്ഷണം , അല്ലെങ്കില്‍  വൈകിട്ട് ഊണ് . എന്റെ ഓഫീസിലും  ഈ "ശത്രുക്കളുടെ" ചങ്ങാത്തം  സംസാര വിഷയം ആയി .  ഡോക്ടര്‍ ഒന്ന് രണ്ടു തവണ എന്റെ   വീട്ടില്‍ വരികയും ചെയ്തു  .

 ആ വര്‍ഷത്തെ  റംസാന്‍ നോയമ്പ് കാലത്ത്  എനിക്ക്  യുനൈസ യില്‍ പോവേണ്ടി  വന്നു . റംസാന്‍ നോയമ്പ് കാലത്ത്  പകല്‍ ഭക്ഷണം കഴിക്കുകയോ  ഹോട്ടെലുകള്‍  പകല്‍ തുറക്കുകയോ ഇല്ല ,  അതിനാല്‍ യാത്ര ചെയ്യുന്ന  എനിക്ക്  ഉച്ച ഭക്ഷണം കഴിക്കാന്‍   ബുദ്ധിമുട്ട്  വരരുത്  എന്ന്  വിചാരിച്ചു ഡോക്ടര്‍  എനിക്ക്  വീട്ടില്‍  ഭക്ഷണം  തയ്യാറാക്കാം  എന്ന് പറഞ്ഞിരുന്നു . യാത്ര  ചെയ്യുന്നവര്‍ക്ക്  നോയമ്പ് കാലത്തും  ഭക്ഷണം കഴിക്കാം . പരസ്യം ആവരുതെന്നു മാത്രം . 
സ്വയം നോയമ്പ് ആചരിച്ചു  ഡോക്ടറുടെ കുടുംബം  എനിക്ക് ഭക്ഷണം  ഒരുക്കിയത്  എനിക്ക് മറക്കാന്‍ ആവാത്ത അനുഭവം ആണ് .  ആ അമ്മയുടെ കൈപ്പുണ്യവും 

ഡോക്ടറുടെ  അമ്മയും അച്ഛനും തിരികെ  റിയാദ്  എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍  യാത്ര അയക്കാന്‍  ഞാനും പോയി ,   പിരിയാന്‍ നേരത്ത്  മകനെ കെട്ടി പിടിച്ചു കരയുന്ന ആ അമ്മയെ  എനിക്ക് ഹിന്ദുസ്ഥാനി  എന്നോ പാകിസ്ഥാനി  എന്നോ  വിളിക്കാന്‍  മനസ്സ് വന്നില്ല , അമ്മ  എന്നും  എവിടെയും അമ്മ  തന്നെ . ഡോക്ടറുടെ അച്ഛന്‍ എന്നെ  കെട്ടിപ്പിടിച്ചു "  ബേട്ടാ ,  ഞാന്‍ ഒരിക്കല്‍  തജ്മഹല്‍ കാണാന്‍ വരും , നമുക്ക് ഒരുമിച്ചു പോകണം " 
 അത്തവണ  ആ  അമ്മയുടെ  പര്‍ദ്ദയില്‍  മൂടിയിട്ടും  പുറത്ത് കാണാവുന്ന  വെളുത്തു മെലിഞ്ഞ  ആ  പാദങ്ങളില്‍ ഞാനും ഒന്ന് തൊട്ടു തൊഴുതു .  ആ പാകിസ്താനി അമ്മ നിറകണ്ണുകളുമായി   കൈ വീശി നടന്നു നീങ്ങുമ്പോള്‍  ഞാന്‍ എന്റെ സ്വന്തം  ഹിന്ദുസ്ഥാനി അമ്മയെ ഓര്‍ത്തു . ഭാരത മാതാ !

ഭാരത് മാതാ കീ ജയ്‌ !
 "പാകിസ്ഥാന്റെ റാവല്‍ പിണ്ടി ,
ഇന്ത്യാക്കാരുടെ വാഴപ്പിണ്ടി
യാഹ്യാഖാനെ കൊലയാളീ
നിന്നെ ഞങ്ങളെടുത്തോളാം"
ഇത്രയും ഉറക്കെ ഞാന്‍ ഒരു മുദ്രാവാക്യം ഞാന്‍ അന്ന് വരെ വിളിച്ചിട്ടില്ല . ഇന്ത്യ ബംഗ്ലാദേശ് യുദ്ധം നടക്കുന്ന സമയത്ത് ഞാന്‍ അരീക്കര വട്ടമോടി പ്രൈമറി സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുകയാണ് . നമ്മുടെ രാജ്യത്തിനും പട്ടാളക്കാര്‍ക്കും ഇന്ദിരാ ഗാന്ധിക്കും ഒക്കെ പിന്തുണ പ്രഖ്യാപിച്ചു അരീക്കരയിലെയും മുളക്കുഴയിളെയും പിന്നെ വേറെ കുറെ സ്കൂളുകളിലെയും എല്ലാം കുട്ടികള്‍ ജാഥ ആയി പോയി അവസാനം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തി , എന്തൊരു ആവേശമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് എന്തെല്ലാം കാഴ്ചകള്‍ ആണ് ഞാന്‍ അന്ന് ജീവിതത്തില്‍ ആദ്യമായി കണ്ടത് . നാലുപാടും ഉള്ള സ്കൂളുകളില്‍ നിന്നും ചെങ്ങന്നൂര് കോളേജില്‍ എത്തിയ കുട്ടികള്‍ അവിടെ നടന്ന പ്രസംഗങ്ങളും ദേശ ഭക്തി ഗാനങ്ങളും ഒക്കെ കേട്ട് അവസാനം യാഹ്യാഖാന്റെ പട്ടാളവേഷം അണിഞ്ഞ വാഴകച്ചി കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു കോലം കത്തിച്ചു . നിറയെ പടക്കങ്ങള്‍ കുത്തിനിറച്ചിരുന്ന ആ കോലം പടാ പടാ ശബ്ദത്തോടെ പോട്ടിതെരിക്കുന്നത് കെട്ടും കണ്ടും ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു കൈയ്യടിച്ചു .
ആ സംഭവത്തോടെ പട്ടാളക്കാരെന്റെ മകനായ എന്റെ മനസ്സില്‍ ശത്രു എന്നാല്‍ പാകിസ്താന്‍ ആയി . ഒരു പാകിസ്ഥാനിയെ എവിടെ കണ്ടാലും കൊന്നു കളയണം എന്ന ഒരു ചിന്ത എങ്ങിനെയോ എന്നില്‍ സ്ഥാനം പിടിച്ചു. ഭാവനയില്‍ പാകിസ്താന്‍ പട്ടാളക്കാരന്‍ ആണെന്ന് വിചാരിച്ചു വീട്ടില്‍ മുറ്റത്ത്‌ നിന്നിരുന്ന കുറെ വാഴകള്‍ വെട്ടി വീഴ്ത്തി . ഉണങ്ങിയ വാഴക്കൈകള്‍ക്ക് തീവെച്ചു , അമ്മയുടെ കൈയ്യില്‍ നിന്നും പൊതിരെ അടി കിട്ടിയിട്ടും പാകിസ്ഥാനി വാഴകളെ തരം കിട്ടിയാല്‍ വെട്ടി അരിഞ്ഞോ തീവെച്ചോ നശിപ്പിച്ചിരുന്നു. പിന്നെ അതിനു അടിയും
യുദ്ധം ഒക്കെ തീര്‍ന്നു അച്ഛന്‍ ലീവിന് സ്ഥലത്ത് എത്തിയതോടെ എനിക്ക് അച്ഛനോട് അതിര്‍ത്തിയിലെ യുദ്ധ കഥകള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ആവേശമായിരുന്നു . " അച്ഛന്‍ എത്ര പാകിസ്ഥാനികളെ വെടിവെച്ചു കൊന്നിട്ടുണ്ട് " ഞാന്‍ ആരെയും കൊന്നിട്ടില്ല എന്ന അച്ഛന്റെ മറുപടി കേള്‍ക്കാന്‍ എനിക്ക് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു . " ആട്ടെ, പാകിസ്ഥാനികള്‍ മരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ടോ " അങ്ങിനെ ഒരു ശത്രുവിനെ എങ്ങിനെ ഭാവനയില്‍ കൊല്ലാമോ അങ്ങിനെയെല്ലാം കൊല്ലാം എന്നായിരുന്നു എന്റെ ധാരണ. ആയുധപ്പുരയുടെ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ ജോലി ഒരിക്കലും നേരിട്ട് യുദ്ധം ചെയ്യുക ആയിരുന്നില്ല . അത് കൊണ്ട് തന്നെ അച്ഛനോട് എനിക്ക് അല്‍പ്പം നീരസവും ഉണ്ടായിരുന്നു .
കാലമേറെ ചെന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥം ഞാന്‍ സൗദി റിയാദ് വിമാനം ഇറങ്ങുമ്പോഴാണ് വേഷവിധാനം കൊണ്ട് തിരിച്ചറിയാവുന്ന പാകിസ്ഥാനികളെയും അഫ്ഗാനികളെയും കാണുന്നത് . കുട്ടിക്കാലത്തെ പക ഒന്നും ഇല്ലെങ്കിലും പാകിസ്ഥാനികളെ കാണുമ്പോഴും ഉള്ളില്‍ അവരോടു അറിയാതെ " ഇയാള്‍ എന്റെ ശത്രു " എന്ന ഒരു ചെറിയ ചിന്ത കടന്നു കൂടും . അവരോടു ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ എന്നെ സംബധിച്ച് വളരെ കുറവായിരുന്നു താനും . ടാക്സി പിടിക്കുമ്പോഴോ സാധനം വാങ്ങുമ്പോഴോ ഒക്കെ പാകിസ്ഥാനിയെ അറിയാതെ ഒഴിവാക്കി പോകും .
അങ്ങനെ റിയാദില്‍ നിന്നും ഒരു മുന്നൂറു കി മി ദൂരെ യുനൈസ എന്ന ഒരു സ്ഥലത്ത് അവിടുത്തെ എം ഓ എച്ച് ആശുപത്രിയില്‍ ഫിലിപ്സ് ഇന്റെ സീ ടീ സ്കാനര്‍ സ്ഥാപിക്കുന്ന ജോലിക്ക് പോവേണ്ടി വന്നു . അവിടെ ഒരു ഇര്‍ഷാദ് എന്ന ഒരു റേഡിയോലജിസ്റ്റ്‌ പാകിസ്താന്‍ കാരന്‍ , ഇംഗ്ലണ്ട് നിന്നും ഉയര്‍ന്ന ഡിഗ്രി എടുത്ത ഈ ഡോക്ടര്‍ വന്ന ദിവസം തന്നെ എനിക്ക് ഇഷ്ടപ്പെട്ടു . അതുവരെ മനസ്സില്‍ വെച്ചിരുന്ന പുച്ഛവും പകയും ഡോ. ഇര്‍ഷാദ് നോട് സംസാരിച്ചപ്പോള്‍ മാറിയത് പെട്ടന്നായിരുന്നു . ഞങ്ങള്‍ പരസ്പരം വീട്ടു വിശെഷങ്ങള്‍ പങ്കു വെച്ചു. എന്തിനു പറയുന്നു ഞങ്ങള്‍ പെട്ടന്ന് നല്ല സുഹൃത്തുക്കള്‍ ആയി . പറഞ്ഞു വന്നപ്പോള്‍ ഡോക്ടറുടെ മുത്തച്ഛന്‍ ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും റാവല്‍ പിണ്ടിയില്‍ വിഭജനക്കാലത്ത് എത്തിച്ചേര്‍ന്ന ആളാണ്‌ . ഡോക്ടറുടെ അച്ഛന്‍ പാക് പട്ടാളത്തില്‍ ആയിരുന്നു , അമ്മ പ്രൈമറി സ്കൂള്‍ ടീച്ചര്‍ . രണ്ടു പേരും റിട്ടയര്‍ ചെയ്തു റാവല്‍പിണ്ടിയില്‍ .
ദൈവമേ , എന്റെ അച്ഛന്‍ ഇന്ത്യന്‍ പട്ടാളക്കാരന്‍ , ഡോക്ടറുടെ അച്ഛന്‍ പാക് പട്ടാളക്കാരന്‍, രണ്ടുപേരും ഈ രണ്ടു യുദ്ധം വീതം കണ്ടവര്‍ . പക്ഷെ ഡോക്ടറുടെ വിവരവും വിനയവും ആ പരസ്പര ശത്രുത അലിയിച്ചു കളഞ്ഞു . അങ്ങിനെ എന്ന് യുനൈസ യില്‍ പോയാലും ഡോക്ടറുമായി സമയം ചിലവിടുക , അദ്ദേഹത്തിന്റെ അപാര്‍ത്മെന്റില്‍ പോവുക , അന്ന് അദ്ദേഹം ബാച്ച്ലെര്‍ ആയിരുന്നു എങ്കിലും വളരെ നല്ല അപാര്‍ത്മെന്റ്റ് ഉണ്ടായിരുന്നു . പലപ്പോഴും എന്റെ ഹോട്ടലില്‍ വന്നു ഭക്ഷണം കഴിക്കുക , ചെറിയ ഡ്രൈവിംഗ് നു പോവുക അങ്ങിനെ എന്റെ യുനൈസ യാത്രകള്‍ എപ്പൊഴും ഡോക്ടറുടെ സൗഹൃദം കൊണ്ട് ഹൃദ്യമായി .
അങ്ങിനെയിരുന്നപ്പോള്‍ ഒരു ദിവസം ഡോക്ടര്‍ എനിക്ക് ഫോണ്‍ ചെയ്തു റിയാദില്‍ വരുന്നു എന്നും സ്വന്തം മാതാപിതാക്കള്‍ ഒരുമാസത്തേക്ക് സൗദിയില്‍ വരുന്നു എന്നും അറിയിച്ചു . എയര്‍പോര്‍ട്ടില്‍ വരാമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് " അതിനെന്താ " എന്ന് പറയാന്‍ തോന്നിയുള്ളൂ . ഫോണ്‍ താഴെ വെച്ചു കഴിഞ്ഞാണ് ഡോക്ടുടെ അച്ഛന്‍ ഒരു പാക് പട്ടാളക്കാരന്‍ ആയിരുന്നല്ലോ എന്നോര്‍ത്തത് . ഇന്ത്യയുടെ ഒരു ആജന്മ ശത്രു !
അവര്‍ വരുന്ന ദിവസം ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തി ആദ്യം ഡോക്ടര്‍ നെ സ്വീകരിച്ചു . ഞങ്ങള്‍ രണ്ടു പേരും കൂടി ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ കാത്തു നിന്ന് . പര്‍ദ്ദ അണിഞ്ഞ ആ അമ്മയും പരമ്പരാഗത പാകിസ്താന്‍ വേഷം ധരിച്ചു എത്തിയ ഡോക്ടറുടെ അച്ഛനും , മകനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സ്വീകരിക്കുന്നത് കണ്ടപ്പോള്‍ നമ്മുടെ സംസ്കാരത്തില്‍ നിന്നും എന്താണ് വ്യത്യാസം എന്ന് ഞാന്‍ ആലോചിച്ചു . ഡോ ഇര്‍ഷാദ് നു " ഒരു ഹിന്ദുസ്ഥാനി " സുഹൃത്ത് ഉണ്ടെന്നു അവര്‍ക്ക് അറിയാമായിരുന്നു , അതിനാല്‍ അദ്ദേഹം " ആവ്വോ , മേരാ ബെട്ട , ഗലേ മിലാദോ
( വരൂ മകനെ , എന്നെ ആലിംഗനം ചെയൂ " എന്ന് പറഞ്ഞപ്പോള്‍ ആദ്യം ചെറിയൊരു നീരസം ഉള്ളില്‍ ഉണ്ടായോ ?
പക്ഷെ പ്രൈമറി സ്കൂള്‍ ടീച്ചര്‍ ആയിരുന്ന ആ അമ്മയുടെ ഉര്‍ദു ചിലവാക്കുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും സ്നേഹത്തിനോ വാത്സല്യത്തിനോ ഭാഷയോ രാജ്യമോ പ്രശ്നമല്ലെന്ന് എനിക്ക് മനസ്സിലായി . അവരെ യാത്രയാക്കി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ പഴയ പകയും ശത്രുതയും ഒക്കെ വേഗം മാഞ്ഞു പോയ പോലെ തോന്നി .
യുനൈസയില്‍ തൊട്ടടുത്ത ആഴ്ച ഞാന്‍ പോയപ്പോള്‍ ഡോക്ടറുടെ വീട്ടിലാണ് ഉച്ച ഭക്ഷണം എന്ന് പറഞ്ഞിരുന്നു . വീട്ടിലെത്തിയ എനിക്ക് അവര്‍ നല്‍കിയ സ്നേഹവും വാത്സല്യവും സത്യമായും ഒരു അത്ഭുതം ആയിരുന്നു . ബിരിയാണി വിളമ്പി അടുത്ത് നിന്ന് വിളമ്പി തന്ന ആ അമ്മ ഒരു പാകിസ്ഥാനി ആണെന്ന് ഞാന്‍ മറന്നു പോയി . ഡോക്ടറുടെ അച്ഛന്‍ ആകട്ടെ എന്റെ നാടിനെപ്പറ്റി യും വീടിനെപ്പറ്റിയും താജ്മഹലിനെ പറ്റിയും മുഹമ്മദു റാഫി യെപ്പറ്റി യും ലതാ മങ്ങേഷ്ക്കരിനെ പറ്റിയും ഒക്കെ വാതോരാതെ സംസാരിച്ചിരുന്നു . പട്ടാളക്കാരനായ എന്റെ അച്ഛനെപറ്റി ഞാന്‍ പറഞ്ഞപ്പോള്‍ " യുദ്ധം ഒരു പട്ടാളക്കാരന്റെ ആഗ്രഹം അല്ലല്ലോ, ഞാനും ഒരിക്കല്‍ ഹിന്ദുസ്ഥാനി ആയിരുന്നില്ലേ " എന്ന് പറഞ്ഞത് എനിക്ക് ഹൃദയത്തില്‍ തട്ടി .
അവര്‍ അവിടെ കഴിഞ്ഞ ഒരു മാസത്തില്‍ പല തവണ എനിക്ക് യുനൈസ യില്‍ പോകേണ്ടി വന്നിട്ടുണ്ട് , അപ്പോഴെല്ലാം അവിടെ ഉച്ച ഭക്ഷണം , അല്ലെങ്കില്‍ വൈകിട്ട് ഊണ് . എന്റെ ഓഫീസിലും ഈ "ശത്രുക്കളുടെ" ചങ്ങാത്തം സംസാര വിഷയം ആയി . ഡോക്ടര്‍ ഒന്ന് രണ്ടു തവണ എന്റെ വീട്ടില്‍ വരികയും ചെയ്തു .
ആ വര്‍ഷത്തെ റംസാന്‍ നോയമ്പ് കാലത്ത് എനിക്ക് യുനൈസ യില്‍ പോവേണ്ടി വന്നു . റംസാന്‍ നോയമ്പ് കാലത്ത് പകല്‍ ഭക്ഷണം കഴിക്കുകയോ ഹോട്ടെലുകള്‍ പകല്‍ തുറക്കുകയോ ഇല്ല , അതിനാല്‍ യാത്ര ചെയ്യുന്ന എനിക്ക് ഉച്ച ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് വരരുത് എന്ന് വിചാരിച്ചു ഡോക്ടര്‍ എനിക്ക് വീട്ടില്‍ ഭക്ഷണം തയ്യാറാക്കാം എന്ന് പറഞ്ഞിരുന്നു . യാത്ര ചെയ്യുന്നവര്‍ക്ക് നോയമ്പ് കാലത്തും ഭക്ഷണം കഴിക്കാം . പരസ്യം ആവരുതെന്നു മാത്രം .
സ്വയം നോയമ്പ് ആചരിച്ചു ഡോക്ടറുടെ കുടുംബം എനിക്ക് ഭക്ഷണം ഒരുക്കിയത് എനിക്ക് മറക്കാന്‍ ആവാത്ത അനുഭവം ആണ് . ആ അമ്മയുടെ കൈപ്പുണ്യവും
ഡോക്ടറുടെ അമ്മയും അച്ഛനും തിരികെ റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ യാത്ര അയക്കാന്‍ ഞാനും പോയി , പിരിയാന്‍ നേരത്ത് മകനെ കെട്ടി പിടിച്ചു കരയുന്ന ആ അമ്മയെ എനിക്ക് ഹിന്ദുസ്ഥാനി എന്നോ പാകിസ്ഥാനി എന്നോ വിളിക്കാന്‍ മനസ്സ് വന്നില്ല , അമ്മ എന്നും എവിടെയും അമ്മ തന്നെ . ഡോക്ടറുടെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു " ബേട്ടാ , ഞാന്‍ ഒരിക്കല്‍ തജ്മഹല്‍ കാണാന്‍ വരും , നമുക്ക് ഒരുമിച്ചു പോകണം "
അത്തവണ ആ അമ്മയുടെ പര്‍ദ്ദയില്‍ മൂടിയിട്ടും പുറത്ത് കാണാവുന്ന വെളുത്തു മെലിഞ്ഞ ആ പാദങ്ങളില്‍ ഞാനും ഒന്ന് തൊട്ടു തൊഴുതു . ആ പാകിസ്താനി അമ്മ നിറകണ്ണുകളുമായി കൈ വീശി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ എന്റെ സ്വന്തം ഹിന്ദുസ്ഥാനി അമ്മയെ ഓര്‍ത്തു . ഭാരത മാതാ !
ഭാരത് മാതാ കീ ജയ്‌ !

Thursday, 7 June 2012

പെരുംകള്ളന്‍

 
" കള്ളാ .. കള്ളാ ..പുസ്തക കള്ളാ ...
തങ്കമ്മ സാറിന്റെ മോനാണെ...
കേള്‍ക്കാന്‍ നല്ല ചേലാണെ ...
തായോ ,, തായോ ..പെരും കള്ളനെ ഞങ്ങള്‍ക്ക് വിട്ടു തായോ ..."

മുളക്കുഴ ഗവ സ്കൂള്‍ ലെ കുട്ടികള്‍ ഒന്നടങ്കം ആര്‍ത്തിരമ്പി വിളിച്ച ആ മുദ്രാവാക്യങ്ങള്‍ കേട്ട് പരമസ്വാതികയായ ആ അമ്മയുടെ ഹൃദയം തകര്‍ന്നു പോയി , അവര്‍ ടീച്ചേഴ്സ് റൂമിലെ മേശയില്‍ മുഖം അമര്‍ത്തി കരഞ്ഞു . കൂടെ കമലാക്ഷി അമ്മ സാറും മറ്റു രണ്ടു മൂന്നു സാറന്മാരും .

സ്കൂളില്‍ എല്ലാവര്ക്കും മാതൃക ആവേണ്ട ആറാം ക്ലാസ്സുകാരന്‍ സ്വന്തം മകന്‍ സഹപാഠികളുടെ പുസ്തകം മോഷ്ടിച്ച് ഏഴിലെ ഒരു കൂട്ടുകാരന് ഐസ് തിന്ന കടം വീട്ടാനായി കൊടുത്തു . അവന്‍ തോണ്ടി സഹിതം പിടിക്കപ്പെട്ടപ്പോള്‍ കൂട്ട് പ്രതിയെ കാണിച്ചു കൊടുത്തു . ഒന്നും രണ്ടും ഒന്നും അല്ല , ആറു പുസ്തകങ്ങള്‍ ആണ് മോഷ്ടിച്ച് വിറ്റത്.

" സാര്‍ , എനിക്കിങ്ങനെ ഒരു മകന്‍ ഇല്ല , സാര്‍ ഇവന് നിര്‍ബന്ധിത ടീ സീ കൊടുക്കണം , ഞാനും മറ്റൊരു സ്കൂളിലേക്ക് മാറി പൊക്കോളാം, എനിക്കിനി ഈ നാട്ടില്‍ ജീവിക്കാന്‍ വയ്യ "

ഹെഡ് മാസ്റ്റര്‍ ജോര്‍ജ് ഫിലിപ്പ് സാര്‍ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി ,
കുട്ടികളുടെ ഇരമ്പല്‍ ഏറെക്കുറെ അവസാനിച്ചപ്പോള്‍ കമലാക്ഷി അമ്മ തങ്കമ്മ സാറിനെ പുറത്ത് തടവി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു .
" അവനൊരു കുഞ്ഞല്ലേ , അവന്റെ സ്വന്തം അമ്മ ക്ഷമിച്ചില്ലെങ്കില്‍ പിന്നെ ആരു ക്ഷമിക്കും , ചെയ്തത് തെറ്റാണെന്ന് അവനു മനസ്സിലായില്ലേ , അത് മതി .. തങ്കമ്മ എഴുനെല്‍ക്കൂ .. അവനെയും കൊണ്ട് വീട്ടില്‍ പോകൂ .."

പ്യൂണ്‍ നാരായണന്‍ ചേട്ടന്‍ താക്കോല്‍ കൂട്ടവുമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി , സ്കൂള്‍ മറ്റെല്ലാ ഭാഗവും പൂട്ടി , തങ്കമ്മ സാര്‍ ഇറങ്ങിയിട്ട് വേണം ടീച്ചേര്‍സ് റൂം പൂട്ടി വീട്ടില്‍ പോവാന്‍ ...


" തങ്കമ്മ എന്ത് വിഡ്ഢിത്തരം ആണീ പറയുന്നത് , അവനെ ഇവിടെ കളഞ്ഞിട്ടു പോയാല്‍ അവന്‍ എങ്ങോട്ട് പോവും , അവനെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയാല്‍ ആരു സമാധാനം പറയും ? "

" വേണ്ട സാറേ , അവനെ എനിക്ക് വേണ്ട .. എവിടെങ്കിലും പോയി തെണ്ടാട്ടെ ,,, എനിക്കിനി രണ്ടു മക്കളെ ഉള്ളന്നു വിചാരിച്ചോളാം.. എനിക്ക് വേണ്ടാ ഈ അസത്തിനെ .. ഈശ്വര... ഇങ്ങനെ ഒരുത്തന്‍ എന്റെ വയറ്റില്‍ വന്നു പിറന്നല്ലോ." അമ്മ ഏങ്ങലടിച്ചു കരഞ്ഞു .

ആദ്യം അനുനയം പരീക്ഷിച്ച കമലാക്ഷി അമ്മ സാറിനു ക്ഷമ കുറഞ്ഞു വന്നു , എന്തെല്ലാം പറഞ്ഞിട്ടും അമ്മ വഴങ്ങുന്നില്ല .


" എങ്കില്‍ തങ്കമ്മ കേട്ടോ , എനിക്ക് സ്വന്തം മക്കളില്ല , ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ട് പോവാ .. അവനെ ഞാന്‍ വളര്‍ത്തി മിടുക്കന്‍ ആക്കും .. അന്ന് തിരികെ ചോദിച്ചാല്‍ ഞാന്‍ തരില്ല .. സമ്മതിച്ചോ "


പറയുക മാത്രമല്ല ആ മകന്റെ കൈ പിടിച്ചു ആ മക്കളില്ലാത്ത കമലാക്ഷി അമ്മ സാര്‍ പുറത്തേക്ക് നടന്നു .


" തങ്കമ്മ സാറേ .. പോയി മോനെ വിളിക്കൂ ..കഴിഞ്ഞതെല്ലാം കഴിഞ്ഞു " ഏലിയാമ്മ സാറിന്റെ സ്വരം ഏറെക്കുറെ ഒരു ആജ്ഞയുടെ രൂപത്തില്‍ ആയിരുന്നു . കമലാക്ഷി അമ്മ സാറിന്റെ കയ്യില്‍ പിടിച്ചു സ്വന്തം അമ്മയെ നോക്കി ' അമ്മേ എന്നെ കളഞ്ഞിട്ടു പോവല്ലേ " വലിയ വായില്‍ കരഞ്ഞ ആ വലിയ കുറ്റവാളിയായ മകനെ അവസാനം എല്ലാവരും കൂടി സ്വന്തം അമ്മയുടെ കൂടെ ഒരു വിധം പറഞ്ഞയച്ചു . നാരായണ ചേട്ടനും അന്ന് സ്കൂള്‍ പൂട്ടി വീടിലെത്താന്‍ വല്ലാതെ വൈകി .


എന്നും സ്കൂള്‍ കവാടത്തില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന കുന്നിന്റെ മുകളിലുള്ള മുളക്കുഴ ഗന്ധര്‍വ മുറ്റം ഭഗവതി ക്ഷേത്രനടക്കു നോക്കി ഉള്ളുരുകി പ്രാര്‍ത്ഥന നടത്തി സ്കൂളില്‍ എത്തുന്ന ആ അമ്മക്ക് രണ്ടാമത്തെ മകന്‍ ഉണ്ടാക്കി വെച്ച പേര് ദോഷം എളുപ്പം മറക്കാനോ പൊറുക്കാണോ ആവുന്നതായിരുന്നില്ല . അമ്മ നീണ്ട അവധി എടുത്തു , പട്ടാളത്തില്‍ ആയിരുന്ന അച്ഛനെ വിളിച്ചു വരുത്തി , സ്കൂളില്‍ ഒന്നാമാന്നയിരുന്ന മൂത്ത മകന്റെ കഥകള്‍ പറയാന്‍ ആ അമ്മക്ക് പഴയത് പോലെ കഴിയുമായിരുന്നില്ല , അത്ര വലിയ ചീത്ത പേരാണ് രണ്ടാമത്തെ മകന്‍ ആ അമ്മക്ക് സംമ്മാനിച്ചത് .


കാലം പിന്നെയും എത്ര കടന്നു പോയി , കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബയില്‍ ജോലി ചെയ്യുന്ന " ബ്ലൂ സ്റാര്‍ " കമ്പനി അവരുടെ ആ വര്‍ഷത്തെ " ബെസ്റ്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജര്‍ " അവാര്‍ഡ് കമ്പനി ചെയര്‍മാന്‍ അശോക്‌ അദ്വാനിയില്‍ നിന്നും വാങ്ങാന്‍ സ്റ്റേജ് ല്‍ കയറിയപ്പോള്‍ അത് വാങ്ങുന്നത് കാണാന്‍ എന്റെ അമ്മ സദസ്സില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി . എന്റെ മനസ്സ് മുഴുവന്‍ ടീച്ചേര്‍സ് റൂമില്‍ ഇരുന്നു ഏങ്ങലടിച്ചു കരഞ്ഞ എന്നെ ഇനി വേണ്ടെന്നു പറഞ്ഞ എന്റെ അമ്മയുടെ മുഖം ആയിരുന്നു . എന്നെ വളര്‍ത്താന്‍ മോഹിച്ച കമലാക്ഷി അമ്മ സാറിന്റെ മുഖവും .


കമലാക്ഷി അമ്മ സാറിനു റിട്ടയര്‍ ചെയ്തിട്ട് എന്ത് സംഭവിച്ചു എന്ന് അറിയാന്‍ എനിക്കാഗ്രഹം ഉണ്ടായിരുന്നു , സാധിക്കുമെങ്കില്‍ ഒന്ന് അന്വേഷിച്ചു കണ്ടു പിടിച്ചു വീട്ടില്‍ പോവാനും . പല ശ്രമങ്ങളും നടത്തിയിട്ടും ആര്‍ക്കും ഒരു വിവരവും ഇല്ല . അങ്ങിനെയിരിക്കെ അവിചാരിതമായി കോന്നിയില്‍ ഉള്ള ഒരു സുഹൃത്തിനെ പരിചയപ്പെട്ടു . മുളക്കുഴ സ്കൂള്‍ സംഭാഷണ മധ്യേ കമലാക്ഷി അമ്മ സാറിനെ പറ്റിയും പറഞ്ഞു

" ആ സാറിനെ എനിക്കറിയാം , സാറ് എന്റെ വീടിനടുത്ത് അനിയത്തിയുടെ മകളുടെ കൂടെയാണ് താമസം "
അന്ന് തന്നെ ഞാന്‍ ആ നല്ല സുഹൃത്തിനെ നന്നായി ബുദ്ധി മുട്ടിച്ചു സാറിന്റെ ടെലിഫോണ്‍ സംഘടിപ്പിച്ചു .

അങ്ങേത്തലക്കല്‍ ഒരു പതിഞ്ഞ സ്വരം .. അതെ അത് കമലാക്ഷി സാറ് തന്നെ ആയിരുന്നു ഫോണ്‍ എടുത്തത് .


" സാര്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല ... ഞാന്‍ തങ്കമ്മ സാറിന്റെ ...." എന്ന് വരെ പറഞ്ഞതെ ഉള്ളൂ


" സോമരാജന്‍ അല്ലെ ... മോനെ നിനക്ക് എന്റെ നമ്പര്‍ എങ്ങിനെ കിട്ടി ... തങ്കമ്മ എങ്ങിനെ .."


ഞാന്‍ എന്നെ ഒരിക്കല്‍ വളര്‍ത്താന്‍ മോഹിച്ച മക്കളില്ലാത്ത ആ അമ്മയുടെ ശബ്ദം മതി വരുവോളം കേട്ടു.. എന്റെ കണ്ണ് നിറയുന്നത് വരെ .


അടുത്ത കാലത്ത് ഞാന്‍ എനിക്ക് കിട്ടിയ വെള്ളിയില്‍ തീര്‍ത്ത ആ അവാര്‍ഡ്‌ എന്റെ അമ്മയെ കാണിച്ചു . വിഷാദരോഗം കൊണ്ട് നന്നേ ബുദ്ധി മുട്ടുന്ന എന്റെ അമ്മ ആ തളിക തിരിച്ചും മറിച്ചും നോക്കി , കണ്ണാടി പോലെ തിളങ്ങുന്ന അതില്‍ അമ്മയുടെ മുഖം എനിക്ക് നന്നായി കാണാം .


" അനിയാ ,, ഇത് അവര്‍ തന്നത് തന്നെ ആണേ ...കാണാതെ എടുത്തത് ഒന്നും അല്ലല്ലോ ..."


" എന്തോ കാലില്‍ വീണു നനഞ്ഞത്‌ പോലെ ..എന്താണെന്ന് നീ ഒന്ന് നോക്കിക്കേ "


ഞാന്‍ നോക്കാന്‍ പോയില്ല , എനിക്കറിയാം , അത് എന്റെ കണ്ണില്‍ നിന്നും വീണതാണെന്നു .

Saturday, 26 May 2012

ഒന്നാമന്‍

 
എട്ടാം ക്ലാസ്സില്‍ എത്തിയിട്ടും എന്റെ മാര്‍ക്കുകള്‍ ക്ലാസ് ടീച്ചര്‍ ആയ സ്വന്തം അമ്മയുടെ പ്രതീക്ഷക്കൊത്തു ഉയരുന്ന ലക്ഷണം ഒന്നും കാണുന്നില്ല . അതിനാല്‍ ക്ലാസ്സില്‍ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്പിച്ചു നിര്‍ത്തി നല്‍കുന്ന ശകാരങ്ങള്‍ക്ക് പുറമേ വീട്ടിലെത്തിയാലും ഒരു വട്ടം കൂടി അത് ആവര്‍ത്തിക്കുന്നത് പതിവായിരുന്നു . അമ്മ പഠിപ്പിക്കുന്ന കണക്കു തന്നെയാണ് എന്റെയും ബാലികേറാമല . എത്ര ശ്രദ്ധിച്ചാലും അവസാനം ഉത്തരം എടുത്തെഴുതുമ്പോഴോ കൂട്ടുമ്പോഴോ കുറക്കുംപോഴോ എന്തെങ്കിലും ഒക്കെഒന്ന് രണ്ടു തെറ്റ് വരുത്തും . ഇത്തരം ശ്രദ്ധക്കുറവു കാരണം നല്ല മാര്‍ക്ക് കിട്ടുമെന്ന് വിചാരിച്ചു എഴുതിതീര്‍ത്ത കണക്കിന്റെ പേപ്പര്‍ കൈയില്‍ കിട്ടുമ്പോള്‍ കുറച്ചു മാര്‍ക്കും കൂടുതല്‍ ശകാരവും പതിവായി , ചിലപ്പോള്‍ പെന്‍സിലിന്റെ ചുവടു ചേര്‍ത്ത് വെച്ച് കിട്ടുന്ന ഞെരുടലും .. എന്റെ . അമ്മോ .... തൊലി പറിഞ്ഞു പോവും .

" പോത്ത് പോലെ വളര്‍ന്നല്ലോടാ.. നാണമില്ലേ നിനക്ക് ..." അങ്ങിനെ എല്ലാ കണക്കു പരീക്ഷയിലും പേപ്പര്‍ കിട്ടുമ്പോള്‍ അമ്മയുടെ വക ഉപമ എനിക്ക് ഒരു ശീലമായികഴിഞ്ഞിരുന്നു .

ക്ലാസ്സില്‍ ഒന്നാമാനായിലെങ്കിലും വേണ്ട , ഒരിക്കലെങ്കിലും കണക്കിന് ഭേദപ്പെട്ട ഒരു മാര്‍ക്ക് വാങ്ങി ഈ പോത്ത് വിളി ഒന്ന് അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലതവണ ആശിച്ചിച്ചുണ്ട്. മറ്റു പല വിഷയത്തിനു ക്ലാസ്സില്‍ ഒന്നാമനായി മാര്‍ക്ക് വാങ്ങിയതോന്നും അമ്മക്ക് വിഷയമല്ല ." കണക്കിന് നീ ഒന്ന് കാണിച്ചു താ .. അന്നേരം ഞാന്‍ പറയാം നീ നേരെയായെന്നു .." അമ്മയുടെ വാദം അങ്ങിനെ പോയി .

അങ്ങിനെ കണക്കില്‍ എങ്ങിനെ കര കയറും എന്ന് വിചാരിച്ചു വിഷമിച്ചിരുന്ന ഒരു കാലത്താണ് സുരേഷ് ബാബു കാരക്കാട്ട് സ്കൂളില്‍ നിന്നും മാറ്റം വാങ്ങി മുളക്കുഴ വരുന്നത് . വന്ന ദിവസം തന്നെ അവനെ എനിക്ക് ഇഷ്ടപ്പെട്ടു . സാധാരണ ഉള്ള നിക്കര്‍ വേഷത്തിനു പുറമേ വല്ലപ്പോഴും മുണ്ട് ഉടുത് കൊണ്ട് വരുന്ന അവന്‍ വെറും രണ്ടു ദിവസം കൊണ്ട് എന്റെ പുതിയ കൂട്ടുകാരന്‍ ആയി . ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ ഇല്ല്യാസിന്റെ ചായക്കടയില്‍ നിന്ന് ഒരു ബോണ്ടയോ സലിമിന്റെ സേമിയ ചേര്‍ത്ത പാല്‍ ഐസോ ഒക്കെ വാങ്ങി തിന്നും . എന്റെ കൈയ്യില്‍ പൈസ ഒന്നും വീട്ടില്‍ നിന്നും തരുന്ന പതിവ് ഇല്ലാതിരുന്നതിനാല്‍ മിക്കപ്പോഴും അവനാണ് എന്റെ സ്പോണ്‍സര്‍ .

കുറഞ്ഞ സമയം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി , അവന്‍ കണക്കിന് അസാധാരണ മിടുക്കന്‍ ആണ് . ഒരു കണക്കിട്ടു കൊടുത്താല്‍ ക്ലാസ്സില്‍ ആദ്യം ഉത്തരം എഴുതി കൈ പോക്കുന്നത് അവനായിരിക്കും . ഓണ പരീക്ഷയില്‍ അന്‍പതില്‍ അമ്പതു മാര്‍ക്കും സുരേഷ് ബാബു വാങ്ങിയതോടെ ഇനി ഈ ക്ലാസില്‍ ഒന്നാമനായി അമ്മയുടെ മുന്‍പില്‍ ഞെളിഞ്ഞു നില്‍ക്കാം എന്ന എന്റെ സ്വപ്നം എന്നേക്കുമായി മറക്കാം എന്ന് എനിക്ക് തോന്നിത്തുടങ്ങി . എത്ര പരിശ്രമിച്ചിട്ടും കണക്കില്‍ അവന്റെ പിന്നില്‍ രണ്ടാം സ്ഥാനം വരെ നേടാനേ എനിക്ക് സാധിച്ചുള്ളൂ .

സുരേഷ് ബാബുവിന്റെ വീട് സ്കൂളില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ കോട്ട എന്ന ഒരു സ്ഥലത്താണ് , അവന്‍ വരുന്നത് മിക്കപ്പോഴും നടന്നാണെങ്കിലും ചിലപ്പോഴെങ്കിലും സൈക്കിളില്‍ വരും , ചിലപ്പോള്‍ എന്നെ പിറകില്‍ വെച്ച് കുറച്ചു നേരം ചവിട്ടും . വളരെ പ്രയാസപ്പെട്ടാണ് എനിക്ക് അവന്റെ വീട്ടില്‍ പോവാന്‍ അനുമതി കിട്ടുന്നത് . കോട്ട ഗന്ധര്‍വ മുറ്റം ക്ഷേത്രം കഴിഞ്ഞു കുറച്ചു കൂടി നടന്നാല്‍ അവന്റെ വീടെത്തി . , അവന്റെ അച്ഛന്‍ ചെങ്ങന്നൂര്‍ ഹാച്ചറിയില്‍ ജോലി . ഒരു ചേച്ചി കോളേജില്‍ പഠിക്കുന്നു . ആ അമ്മയ്ക്കും ചേച്ചിക്കും എന്തൊരു കാര്യം ആയിരുന്നു . അവനെപ്പോലെ സ്നേഹിക്കാനും വഴക്കുണ്ടാക്കാനും എനിക്ക് ഒരു ചേച്ചിയെയോ അനിയത്തിയെയോ ദൈവം തന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട് . എന്റെ അമ്മ മാത്രമാണ് ഇത്ര വഴക്ക് പറയുന്നതെന്നും സുരേഷിന്റെ അമ്മക്ക് അവനെപറ്റി എന്തൊരു അഭിമാനമാണെന്നും ഞാന്‍ ഓര്‍മിച്ചു .

ആ ക്രിസ്മസ് പരീക്ഷക്ക്‌ ഒരു അത്ഭുതം സംഭവിച്ചു . മാര്‍ക്ക് വന്നപ്പോള്‍ എനിക്ക് അമ്പതില്‍ നാല്‍പ്പത്‌, സുരേഷിന് മുപ്പത്തഞ്ച്‌, എന്നെക്കാള്‍ അവിശ്വാസം അമ്മക്കായിരുന്നു . എനിക്ക് ആദ്യമായി ക്ലാസിലെ കൂടിയ മാര്‍ക്ക് കിട്ടിയതല്ല അമ്മക്ക് സന്തോഷം , സുരേഷിന് മാര്‍ക്ക് കുറഞ്ഞതില്‍ ആണ് . അമ്മ അവന്റെ പേപ്പറില്‍ തലങ്ങും വിലങ്ങും നോക്കി , നിസ്സാരമായ തെറ്റുകള്‍ വരുത്തി രണ്ടു ചോദ്യങ്ങളുടെ മാര്‍ക്ക് കളഞ്ഞിരിക്കുന്നു . അല്ലെങ്കില്‍ അവനു അന്‍പതില്‍ അന്‍പതും വാങ്ങാന്‍ സാധിക്കുമായിരുന്നു .

അന്ന് ഞങ്ങള്‍ ഐസ് വാങ്ങി തിന്നു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പതിവിനു വിപരീതമായി പൈസ എടുത്തു . " അമ്മക്ക് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല , വഴക്ക് പറഞ്ഞത്‌ നിര്‍ത്തി , അത് കൊണ്ട് ഇന്ന് അമ്പത് പൈസ തന്നു , ഇന്ന് ഐസ് എന്റെ വക " ഐസ് തിന്നു ഈര്‍ക്കില്‍ കളയാറായപ്പോള്‍ അവന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു " ഞാന്‍ രണ്ടു ചോദ്യം മനപ്പൂര്‍വം തെറ്റിച്ചതാ... ഇത്തവണ നിനക്ക് കൂടുതല്‍ കിട്ടട്ടെ എന്ന് വിചാരിച്ചു .. തങ്കമ്മ സാര്‍ നിന്നെ വഴക്ക് പറയുന്നത് നിര്ത്ത്തുമല്ലോ....അത് . കേട്ട് ഞാന്‍ മടുത്തു ... എനിക്ക് കൊല്ല പരീക്ഷ കിടക്കുകല്ലേ ... ഞാന്‍ അപ്പൊ നോക്കാം.... നീ കാശ് കൊട് "

ഞാന്‍ അവന്റെ മുന്‍പില്‍ എത്ര ചെറുതായിപ്പോയി എന്ന് എനിക്ക് തോന്നി , അവന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ ? ഒരു നല്ല കൂട്ടുകാരന് എത്ര വലിയവനാകാം എന്ന് അന്നെനിക്ക് മനസ്സിലായി . ആ സംഭവം എന്റെ മനസ്സില്‍ മായാതെ കിടന്നു , പിന്നെ എത്രയോ തവണയാണ് ഞാന്‍ അവന്റെ വീട്ടില്‍ പോയതും ഭക്ഷണം കഴിച്ചതും സൈക്കിള്‍ കടം വാങ്ങി ചവുട്ടിയതും ഒക്കെ . എല്ലാം ഇന്നലെത്തെപ്പോലെ ഓര്മ വരുന്നു .

പത്തില്‍ എത്തിയതോടെ ചിലരൊക്കെ മെച്ചപ്പെട്ട സ്കൂള്‍കള്‍ തിരക്കി മാറ്റം വാങ്ങിപ്പോയി . സുരേഷും പത്തില്‍ എത്തിയതോടെ വീണ്ടും കാരക്കാട്ടെക്ക് മാറി . അങ്ങിനെ ഞങ്ങളുടെ ചങ്ങാത്തം മുറിഞ്ഞു .കോട്ടയില്‍ പോവുന്നതും സൈക്കിള്‍ കടം വാങ്ങുന്നതും എല്ലാം നിന്ന് പോയി . മിടുക്കന്‍ ആയിരുന്ന സുരേഷ് പത്തിലും ക്ലാസ് കിട്ടി പാസ്സായിക്കാനും. കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ .


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ഒരു സമയം , ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒട്ടോവില്‍ അരീക്കരക്ക് പോവുകയാണ് . കൂടെ ഭാര്യയും ഉണ്ട് പല ഗള്‍ഫുകാരനെയുംപ്പോലെ മുതലയുടെ പടമുള്ള ടീ ഷര്‍ട്ടും പോലീസ് ഗ്ലാസുമൊക്കെ അണിഞ്ഞു പിന്‍ സീറ്റില്‍ ചാഞ്ഞിരിക്കുകയാണ് . വീടൊക്കെ പറഞ്ഞു കൊടുത്തു

" നീ ഇപ്പൊ എവിടാട ..."
യാതൊരു പരിചയും ഇല്ലാത്ത ആ ഓട്ടോ ഡ്രൈവറുടെ ആ നീ വിളി എനിക്ക് തീരെ പിടിച്ചില്ല , എന്നെക്കാള്‍ മുഖം ചുളിച്ചത് എന്റെ ഭാര്യയും . എങ്കിലും മര്യാദ വിടാതെ ഞാന്‍ ചോദിച്ചു
" ഇയാള്‍ എന്നെ എങ്ങിനെയറിയും?"
" നീ സോമരാജന്‍ അല്ലെ , ഞാന്‍ നിന്റെ കൂടെ പഠിച്ച സുരേഷാ .. കൊട്ടക്കാരന്‍ ..."
ഞാന്‍ ഒരു നിമിഷം സ്തബ്ദനായിപ്പോയി ...." സുരേഷോ? ... സുരേഷ് ബാബുവോ ..?... "
അങ്ങോട്ടും ഇങ്ങോട്ടും കുറെ കുശലങ്ങള്‍ പറഞ്ഞു ഞങ്ങള്‍ വീട്ടിലെത്തി ,

കാക്കി ഉടുപ്പും കൈലിയും ഉടുത്തു ഓട്ടോവില്‍ നിന്നും ഇറങ്ങിയ , എന്റെ ആ പഴയ സഹപാറിയെക്കെണ്ട് എനിക്ക് വിശ്വാസം വരുന്നില്ല ... കണക്കിന് എന്നും ക്ലാസില്‍ ഒന്നാമന്‍ ആയിരുന്ന ....സുരേഷ് ബാബു ഇങ്ങനെ ...
സംസാരിക്കുമ്പോള്‍ മദ്യത്തിന്റെ അസഹനീയ ഗന്ധം ! എന്റെ ഭാര്യ പെട്ടന്ന് അകത്തു കയറിപ്പോയി

'സുരേഷേ .. മക്കള്‍ .. ഭാര്യ .. അമ്മ ... ചേച്ചി .. " എനിക്ക് ആ പഴയ കഥകള്‍ കേള്‍ക്കാന്‍ തിടുക്കമായിരുന്നു
" ഓ .. അതൊക്കെ ... ജീവിക്കേണ്ടെടാ ... ഞാന്‍ പോട്ടെ .."

ഞാന്‍ നല്‍കിയ പണം മടിച്ചു മടിച്ചു പോക്കറ്റില്‍ ഇട്ടു ഓട്ടോ സ്റ്റാര്‍ട്ട്‌ ആക്കി കയറ്റം കയറിപ്പോയ എന്റെ പഴയ ചങ്ങാതിയെ നോക്കി ഞാന്‍ നിന്നു. ജീവിതം അവനെ എന്തെല്ലാം പഠിപ്പിച്ചിരിക്കുന്നു .

" ഞാന്‍ രണ്ടു ചോദ്യം മനപ്പൂര്‍വം തെറ്റിച്ചതാ... ഇത്തവണ നിനക്ക് കൂടുതല്‍ കിട്ടട്ടെ എന്ന് വിചാരിച്ചു ...."

കഥയല്ലിതു ജീവിതം !

Friday, 18 May 2012

പ്രണയപര്‍വ്വം

 
പുരാണത്തിലെ നളന്‍ , ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ദേവദാസ് , ഷേക്ക്‌സ്പിയരുടെ റോമിയോ , ചങ്ങമ്പുഴയുടെ രമണന്‍ , " എന്തൊക്കെ സംഭവിച്ചാലും ..." എന്ന് നായികയോട് തെങ്ങില്‍ ചാരി നിന്ന് പറയുന്ന പ്രേംനസീര്‍ , ഉള്‍ക്കടലിലെ രാഹുലന്‍, അങ്ങിനെ ഏതെല്ലാം പ്രേമനായകന്മാരെയാണ് നമ്മള്‍ മലയാളികള്‍ക്ക് വായിച്ചും കണ്ടും കെട്ടും പരിചയമുള്ളത് . അരീക്കരയിലെ എന്റെ ബാല്യകാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രേമനായകന്‍ ഉണ്ട് . രവി ചേട്ടന്‍ എന്ന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്ന രവീന്ദ്രന്‍ .

പനംതിട്ട കുളത്തിലാണ് അന്ന് ഞങ്ങളുടെ കുളി , ആ കുളം കലക്കിയത്തിനു മുതിര്‍ന്നവരുടെ വഴക്കും വീട്ടിലെ അടിയും ശീലമായിരുന്ന ഒരു കാലം . കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്ന വലിയ കാവും ഒക്കെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു കരിങ്ങാട്ടിലെ വീടിന്റെ മുന്‍പിലെ വിശാലമായ പുല്‍പ്പരപ്പ്‌ കഴിഞ്ഞു വേണം പനംതിട്ട കുളത്തിലേക്ക്‌ പോവാന്‍ . ഏതു സമയത്തുംഅവിടെ കുട്ടിയും കോലും കളിക്കുന്ന കുട്ടികളും മഴ പെയ്താല്‍ തോര്‍ത്ത്‌ വെച്ച് പൊടിമീനെ പിടിക്കാന്‍ ഇറങ്ങുന്ന പിള്ളാര്‌ സെറ്റും ഒക്കെ ഇന്ന് ഭാവനയിലെ സങ്കല്‍പ്പിക്കാന്‍ ആവൂ . എനിക്ക് രണ്ടു നേരവും പനംതിട്ട കുളത്തില്‍ കുളിക്കാന്‍ പോവാന്‍ അന്ന് വീട്ടില്‍ നിന്നും അനുമതി ഉണ്ടായിരുന്നു . പനംതിട്ട കുളത്തില്‍ ഏതു നേരവും കുളിക്കാനും അതിന്റെ പടികളില്‍ ഇരുന്നു തുണി അലക്കാനും തിരക്ക് തന്നെ . പനംതിട്ട കുളവും കടന്നു വീതിയുള്ള വരമ്പ് കടന്നു വേണം വട്ടമോടി സ്കൂളിലേക്ക് പോവാന്‍ . സ്കൂള്‍ ചുറ്റും കുറ്റിക്കാടുകള്‍ ഒരു ചെറിയ മലയുടെ മുകളില്‍ ആണ് . അന്ന് സ്കൂളിലേക്ക് കയറാന്‍ ഇന്നുള്ള സിമന്റു പടികള്‍ ഒന്നും ഇല്ല . വെറും കാട്ടു പാതയില്‍ കുറെ ചീങ്ക വെട്ടി പടി പോലെ ആക്കി വെച്ചിരിക്കുകയാണ് . എത്ര തവണയാണ് ഈ പടികളില്‍ മുട്ട് തല്ലി വീണു തൊലി പോയിട്ടുള്ളത് .

മിക്കവാറും വൈകിട്ട് കുളിക്കാന്‍ പോവുമ്പോള്‍ രവി ചേട്ടന്‍ തോര്‍ത്തും തോളിലിട്ടു സോപ്പ് പെട്ടിയും പിടിച്ചു നടന്നു വരുന്നത് കാണാം . സല്‍മാന്‍ ഖാനെപ്പോലെ നെഞ്ചും മസിലും വിരിച്ചു നടന്നു വരുന്നത് കാണാന്‍ ഒരു ചന്തമുണ്ട് . രണ്ടു കൈയ്യിലും മുട്ടിനു മുകളില്‍ അച്ചു കുത്തിയ വലിയ പാടുകള്‍ . വന്നാലുടന്‍ " അനിയോ , സോപ്പ് പെട്ടി ഇവിടിരിക്കട്ടെ , ഞാന്‍ ഇപ്പൊ വരാം ..." പിന്നെ സ്കൂളിന്റെ പടി കയറി പോവുന്നത് കാണാം . പ്രസന്ന ചേച്ചിയെ കാണാന്‍ പോവുന്നതാനെന്നു കുറെ കഴിഞ്ഞാണ് എനിക്ക് മനസ്സിലാവുന്നത് . പ്രസന്ന ചേച്ചിയും അനിയത്തിയും വേറെ കുറെ പിള്ളേര് സെറ്റും പശുവിനു പോച്ച ( തീറ്റ ) പറിക്കാന്‍ വട്ടമോടി സ്കൂളിന്റെ താഴെയുള്ള പറമ്പുകളില്‍ എന്നും നാല് മണി കഴിഞ്ഞു വരും . കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് രവി ചേട്ടന്‍ പ്രസന്ന ചേച്ചിയെ ക്കാണാന്‍ ആണ് സ്കൂളിലേക്ക് പോവുന്നതെന്ന് മനസ്സിലായത്‌ . ഒരു ദിവസം രവി ചേട്ടനെ പറഞ്ഞ സമയം കഴിഞ്ഞും കാണാതിരുന്നപ്പോള്‍ ഞാന്‍ സ്കൂള്‍ വരെ പോയി തിരക്കാമെന്ന് വിചാരിച്ചു , അങ്ങിനെയാണ് സ്കൂളിന്റെ മുന്‍പിലെ ബദാം മരത്തില്‍ ചാരിയിരുന്നു പ്രസന്ന ചേച്ചിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന രവി ചേട്ടനെ ആദ്യമായി കാണുന്നത് . അതായിരുന്നു അവരുടെ പതിവ് . " എടീ പ്രസന്നെ ... എടീ കൊച്ചെ .. പെണ്ണെ നേരം ഇരുട്ടി...വേഗം വാ പെണ്ണെ ." എന്ന് പ്രസന്ന ചേച്ചിയുടെ അമ്മ നീട്ടി അക്കരെ നിന്ന് വിളിക്കുന്നത്‌ വരെ ഇവരുടെ പ്രേമസല്ലാപം തുടരും . അന്ന് ഇന്നത്തെ പോലെ സദാചാര പോലീസ് വന്നു അവരെ പിടികൂടുകയോ വിചാരണ ചെയ്യാലോ ഒന്നും ഇല്ല . അവര്‍ തമ്മില്‍ സ്നേഹമാണെന്ന് ഏറെക്കുറെ അവിടുത്തെ സ്ഥലവാസികള്‍ക്കൊക്കെ അറിവുണ്ടായിരുന്നു . ഒരു കുട്ടിയായിരുന്ന എനിക്ക് ഇവര്‍ക്ക് ഇത്രയധികം വര്‍ത്തമാനം പറയാന്‍ എന്താ ഉള്ളത് ? എന്ന ഒരു അത്ഭുതമേ ഉണ്ടായിരുന്നുള്ളൂ .

ഞാന്‍ ആറിലും ഏഴിലും ഒക്കെ ആയിരുന്നപ്പോള്‍ മുതല്‍ അവരുടെ പ്രേമ കഥകളും കണ്ടുമുട്ടലുകളും ഒക്കെ കണ്ടും കെട്ടും ഒക്കെ നിത്യപരിചയം ആയി . സത്യത്തില്‍ പ്രസന്ന ചേച്ചിയുടെ കുടുംബത്തേക്കാള്‍ പേരും പെരുമയും ഒക്കെയാണ് രവി ചേട്ടന്റെ കുടുംബം . രവിച്ചേട്ടനെ കാണാനും അങ്ങിനെതന്നെ . പനംതിട്ട കാവില്‍ വിളക്കു കത്തിക്കാന്‍ വരുമ്പോഴും പരയിരുകാല അമ്പലത്തില്‍ താലപ്പൊലി എടുക്കാന്‍ വരുമ്പോഴും ഒക്കെ ഹാഫ് സാരി ചുറ്റി വരുന്ന പ്രസന്ന ചേച്ചി ഒരു സുന്ദരി തന്നെയാണ് . അവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണെന്ന് ഭവാനി ചേച്ചിയും എന്നോട് പറയുമായിരുന്നു . മിക്കപ്പോഴും ഭവാനി ചേച്ചി രവി ചേട്ടനെ പിടിച്ചു നിര്‍ത്തി " അവിടെ നില്ലടാ ചെറുക്കാ ... നീ ആരെ കാണാന്‍ പോവാന്നൊക്കെ എനിക്കറിയാം ... ആ പ്രസന്നെയല്ലെടാ .... വീട്ടില്‍ പറഞ്ഞോട ? എന്നാടാ കല്യാണം .." എന്നൊക്കെ ചോദിക്കുമായിരുന്നു . രവി ചേട്ടന്‍ ആവട്ടെ " ഓ പോ ചേച്ചി ... അതിനു എനിക്ക് പ്രായം ആയില്ലല്ലോ .." എന്ന് പറഞ്ഞു നാണത്തോടെ സ്പീഡില്‍ നടക്കും .

പ്രസന്ന ചേച്ചിയുടെ വീട്ടില്‍ വലിയ സ്ഥിതി ഒന്നുമില്ല . കൃഷിയും പശുവിനെ വളര്‍ത്തലും ഒക്കെ ആയി തട്ടി മുട്ടി കഴിഞ്ഞു കൂടുന്നു . പ്രസന്ന ചേച്ചി പത്തില്‍ തോറ്റു പിന്നെ പഠിക്കാന്‍ പോയില്ല. അവര്‍ക്കും ചേച്ചിയുടെ പ്രേമം ഒക്കെ അറിയാമെന്നു തോന്നുന്നു . അവരുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാവുന്നത്തെ ഉള്ളൂ വട്ടമോടി സ്കൂള്‍ ഉം ബദാം ചുവടും ഒക്കെ . " എന്തോന്നാടീ ആ രവീന്ദ്രനുമായി നിന്ന് ഇത്ര നേരം ഒരു കിന്നാരം പറയാന്‍ ..' എന്നൊക്കെ പ്രസന്ന ചേച്ചിയുടെ അമ്മ വഴക്ക് പറയുമെങ്കിലും സത്യത്തില്‍ ആ അമ്മക്ക് മകളെ ഒരു നല്ല പയ്യന്‍ കെട്ടിക്കൊണ്ടു പോകുമല്ലോ എന്നൊരു ആശ്വാസം ആയിരിക്കും ഉള്ളില്‍

കാലം കടന്നു പോയി , ഞാന്‍ നാട് വിട്ടു മുംബൈയിലും പിന്നെ ഗള്‍ഫ്‌ ലുമൊക്കെ വന്നു പെട്ട് ഈ പ്രണയ കഥകള്‍ എവിടെ വരെ എത്തി എന്ന് തിരക്കാന്‍ എങ്ങിനെയോ മറന്നു പോയി .

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഒരു അവധിക്കാലം , ഞാന്‍ വീട്ടിലെ സിറ്റ് ഔട്ടിലെ മാര്‍ബിള്‍ ബഞ്ചില്‍ ഇരിക്കുകയാണ് . പടിക്കല്‍ ക്കൂടി ഒരു മനുഷ്യന്‍ , താടിയും ജട പിടിച്ച മുടിയും ഒക്കെയായി കീറിപ്പറിഞ്ഞ കൈലിയും ഉടുത്തു നടന്നു പോവുന്നു . ഏതോ ഭ്രാന്തനായിരിക്കും , അമ്മയാണ് പറഞ്ഞത് " അതാ രവീന്ദ്രനാ .. വട്ടാ .... ഇങ്ങനെ അലഞ്ഞു നടക്കുകയാ ..."
എനിക്ക് വിശ്വസിക്കാന്‍ ആകാത്ത വിധം ആ മനുഷ്യന്‍ മാറിയിരുന്നു . തോളിലെ അച്ചു കുത്തിയ പാട് ഒഴിച്ച് തിരിച്ചറിയാന്‍ ഒരടയാളവും ഇല്ല . ആ വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളും എല്ലാം എവിടെ ... ഈശ്വരാ .. ഇതെന്തൊരു കൊലമാണ് ?'

" അമ്മെ ഇയാള്‍ കല്യാണം കഴിച്ചോ ? "
" വട്ടന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ ?"

ആ അവധിക്കാലം ഞാന്‍ രവിച്ചേട്ടനെ പലതവണ കണ്ടു . വിശ്വസിക്കാന്‍ പ്രയാസം ഉണ്ടായിരുന്നു എങ്കിലും അടുത്ത് നിന്ന് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി , അതെ അയാള്‍ പഴയ രവി ചേട്ടന്‍ തന്നെ . ചിലപ്പോള്‍ " അനിയോ " എന്ന് മാത്രം ഒന്ന് വിളിക്കും , മൌനമാണ് . ആരോടും മിണ്ടാതെ ഇങ്ങനെ അലഞ്ഞു നടക്കും . ശാപം കിട്ടിയ ജന്മം പോലെ !

ഒരു ദിവസം ഞാന്‍ ഒരാള്‍ വരുന്നത് കാത്തു മുളനില്‍ക്കുന്നതില്‍ മുക്കിനു സീ പീ എന്‍ ബസ്സ് വരുന്നതും കാത്തു നില്‍ക്കുകയാണ് . രവിച്ചേട്ടന്‍ എതിര്‍ വശത്ത് ഒരു സര്‍വേ കല്ലില്‍ കുത്തി ഇരിക്കുന്നു . കുളിച്ചിട്ടു നാളുകള്‍ ആയിക്കാണും . ആ വസ്ത്രത്തിന്റെ ദുര്‍ഗന്ധം കാറ്റില്‍ ഇങ്ങു വരെ എത്തുന്നുണ്ട് .

" ബീഡിയുണ്ടോ അനിയാ "
പുക വലിക്കാത്ത എന്റെ കയ്യില്‍ എവിടെയാണ് ബീഡിയും സിഗരറ്റും , ഞാന്‍ എന്തെങ്കിലും ഒന്ന് പറയുന്നതിന് മുന്‍പ് തന്നെ ആ റോഡില്‍ ആരോ വലിച്ചെറിഞ്ഞ ഒരു ബീഡിക്കുറ്റി അയാള്‍ പെറുക്കിയെടുത്തു . പിന്നെ കത്തിച്ചു വലിച്ചു .

സീ പീ എന്‍ ബസ്‌ വന്നു നിന്ന് , ബസില്‍ വന്നിറങ്ങിയ എന്റെ പഴയ ചങ്ങാതിയെ സ്വീകരിച്ചു തിരികെ നടക്കാന്‍ തുടങ്ങുകയായിരുന്നു .
" അനിയോ .. അറിയുമോ '
ആ സ്തീശബ്ദം കേട്ട് തിരിഞ്ഞു നോക്കി , പ്രസന്ന ചേച്ചി , കൂടെ രണ്ടു പെണ്‍കുട്ടികളും , എന്തൊരു മാറ്റം , വല്ലാതെ തടിച്ചിരിക്കുന്നു . " അനിയന്‍ ഇപ്പൊ എവിടാ .. സൌദിയിലാ ...കല്യാണം കഴിഞ്ഞു എന്നൊക്കെ ഞാന്‍ അറിഞ്ഞു , എന്റെ ഭര്‍ത്താവും സൌദിയിലാ.. ദാമാമിലാ ."
കുശലം പറഞ്ഞു പിരിയാന്‍ നേരത്ത് പ്രസന്ന ചേച്ചിയുടെ ഇളയ കുട്ടി തിരിഞ്ഞു നില്‍ക്കുകയാണ് .
" അമ്മെ ആ ഇരിക്കുന്നത് പ്രാന്തനല്ലേ ? "
" നടക്കു പിള്ളേരെ .. അവിടെയും ഇവിടെയും വായി നോക്കാതെ ..."
കുട്ടികളെ ആട്ടിതെള്ളി മുന്‍പോട്ടു നടന്ന പ്രസന്ന ചേച്ചി ഒന്ന് തിരിഞ്ഞു നോക്കിയോ ആ ഭ്രാന്തനെ ...

ഏയ്‌ ,, എനിക്ക് വെറുതെ തോന്നിയതായിരിക്കും .

Monday, 7 May 2012

തൂവല്‍ സ്പര്‍ശം

 
"അമ്മേ, നാളെ പഠിത്തം ഇല്ലല്ലോ , ഞാന്‍ പൊടിയമ്മ അപ്പച്ചിയുടെ കൂടെ വട്ടയത്തില്‍ പൊയ്ക്കോട്ടെ? നാളെ കഴിഞ്ഞു ഇങ്ങു വരാം "
"പോ ചെറുക്കാ അപ്പുറത്ത് .. കണ്ടടം തോറും തെണ്ടി നടക്കാന്‍ ഒരു അസത്ത് ചെറുക്കന്‍ ..."
പൊടിയമ്മ അപ്പച്ചിയുടെ മുഖം വാടി, അമ്മക്ക് അച്ഛന്റെ സ്വന്തം സഹോദരിയായ നളിനി അപ്പച്ചിയെയോ അര്‍ദ്ധ സഹോദരിയായ പൊടിയമ്മ അപ്പച്ചിയോ ഒന്നും അത്ര പിടുത്തമല്ല , കാരണം അമ്മ അറിയാതെ അച്ചന്റെയടുത്തു സഹായങ്ങള്‍ ചോദിക്കാന്‍ ഈ അപ്പച്ചിമാര് വീട്ടില്‍ വരുന്നതും അവര്‍ക്ക് അച്ഛന്‍ സഹായങ്ങള്‍ ഒക്കെ ചെയ്യുന്നതും ഒന്നും അമ്മക്ക് പിടിക്കില്ല . പക്ഷെ ഞാന്‍ അച്ഛന്റെ ഭാഗത്താ, അന്ന് പട്ടാളക്കാരനായ അച്ഛനോടല്ലാതെ ആരോട് എന്റെ അപ്പച്ചിമാര്‍ സഹായം ചോദിക്കും ?.
പൊടിയമ്മ അപ്പച്ചിയെ കല്യാണം കഴിച്ചു അയച്ചിരിക്കുന്നത് ഒരു കാലത്ത് വിഷ ചികിത്സക്ക് പേരുകേട്ട വട്ടയത്തില്‍ എന്നൊരു പ്രസിദ്ധ തറവാട്ടിലാണ് . പക്ഷെ തറവാട് പഴയ പ്രതാപം ഒക്കെ മങ്ങി കൃഷിയും ചില്ലറ വിഷ ചികിത്സയും ഒക്കെ ആയി തട്ടി മുട്ടി മുന്നോട്ടു പോവുന്നു . പൊടിയമ്മ അപ്പച്ചിയുടെ ഭര്‍ത്താവ് ജനാര്‍ദന്‍ അമ്മാവന്‍ കണ്ടാല്‍ പേടിച്ചു പോവുന്ന ഒരു കൊമ്പന്‍ മീശയും വെച്ച് ചില്ലറ കള്ളുകുടിയും ചട്ടമ്പിത്തരവും ഉത്സവം കലക്കലും ഒക്കെ ആയി നാട്ടില്‍ വിലസും . എന്നാലും എന്നെ വലിയ കാര്യം ആണ് . പാറപ്പാട്ടെ ഉത്സവത്തിന്‌ തലയില്‍ കെട്ടും കെട്ടി മുണ്ടും മടക്കി കുത്തി ചീത്തയും വിളിച്ചു നില്‍ക്കുന്ന ജനാര്‍ദന മാമന്‍ എന്നെ എപ്പോ കണ്ടാലും കപ്പലണ്ടിയോ ഗ്യാസ് മുട്ടായിയോ ഒക്കെ വാങ്ങി തന്നിട്ട് " അനിയന്‍ മോനെ ഞാന്‍ പിശകി നില്‍ക്കുവാന്നു അപ്പച്ചിയോടു പറയണ്ടാ , കേട്ടോ "

വട്ടയത്തില്‍ എപ്പോ ചെന്നാലും നൂറു തരം പണികളുമായി ഓടി നടക്കുന്ന പൊടിയമ്മ അപ്പച്ചീയേ മാത്രമേ കാണാന്‍ ആവൂ , നെല്ല് പുഴുക്കും ചീനി അരിയലും പശുവിനെ കറക്കലും മരുന്നു അരക്കലും എന്ന് വേണ്ട അപ്പച്ചിയുടെ കൈയ്യും നോട്ടവും ചെല്ലാത്ത ഒരു പണിയും ഇല്ല . എന്നെ കൂടെ കൊണ്ട് നടക്കും , പൊടിയരി കഞ്ഞി പാലൊഴിച്ചു പ്ലാവില കുമ്പിള്‍ കുത്തി എനിക്ക് കുടിക്കാന്‍ തരും . ആ കഞ്ഞി കുടിക്കാന്‍ മാത്രം എത്ര തവണ ആണ് അമ്മ അറിയാതെ ഞാന്‍ വട്ടയത്തില്‍ പോയിരിക്കുന്നത് . തിരികെ വീട്ടില്‍ എത്തുമ്പോള്‍ അടി ഉറപ്പാണെന്ന് മാത്രം .അടി കിട്ടിയാലെന്താ പാല്‍ക്കഞ്ഞി കുടിച്ചില്ലേ ?
വട്ടയത്തില്‍ അപ്പച്ചി വന്നതിനു ശേഷം മുടങ്ങിപ്പോയ വിഷ ചികിസ വീണ്ടും പൊടി തട്ടി എടുത്തു . പാമ്പ് കടിച്ചോ എലി കടിച്ചോ തേള്‍ കടിച്ചോ ചിലന്തി കടിച്ചോ എത്തുന്ന രോഗികള്‍ അവിടെ താമസിച്ചു മരുന്നും ഭക്ഷണവും ഒക്കെ കഴിച്ചു സുഖമായിട്ടു പോവും . ഉഗ്ര വിഷമുള്ള പാമ്പുകള്‍ കടിച്ച രോഗികള്‍ വീട്ടു പടിക്കല്‍ വെച്ച് തന്നെ മരിച്ചു വീണിട്ടുണ്ട് . ചിലപ്പോള്‍ അത്യാവശ്യം മരുന്ന് കൊടുത്തു തിരുവല്ല സായിപ്പിന്റെ ആശുപത്രിയിലേക്ക് പറഞ്ഞു വിടും . വിഷ ചികിത്സക്ക് വേണ്ട പച്ച മരുന്നുകള്‍ എല്ലാം വട്ടയത്തിലെ പറമ്പില്‍ തന്നെ വളരുന്നുണ്ട്‌ . ഇതെല്ലാം അപ്പച്ചി കണ്ടും കെട്ടും പഠിച്ചു എടുത്തതാണ് . അങ്ങിനെ അപ്പച്ചി വന്നതിനു ശേഷം ആ തറവാട്ടില്‍ വീണ്ടും മുട്ടില്ലാതെ കഴിയാനുള്ള വഴി തെളിഞ്ഞു .
നാലാം ക്ലാസ്സ് കഴിഞ്ഞ ഒരു അവധിക്കാലം , രാവിലെ എഴുനേറ്റപ്പോള്‍ എന്റെ തോളില്‍ ഒരു ചെറിയ വട്ടത്തില്‍ കുരുക്കള്‍ പൊങ്ങിയത് പോലെ , കൊച്ചു ചെറുക്കന്‍ സ്വാമിയാണ് എട്ടു കാലി വിഷം ആണോ എന്ന് സംശയം പറഞ്ഞത് . അമ്മ ഉടനെ തന്നെ വട്ടയത്തിലേക്ക് കൊണ്ട് പോവാന്‍ കൊച്ചു ചെറുക്കന്‍ സ്വാമിയോടെ പറഞ്ഞതോടെ എന്റെ സന്തോഷം അടക്കാന്‍ വയ്യാതായി . എത്ര നാളത്തെ ആഗ്രഹമാണ് വട്ടയത്തില്‍ ഒന്ന് താമസിക്കാന്‍ , വട്ടയത്തില്‍ എത്തിയ പാടെ അപ്പച്ചി " എടാ അനിയന്‍ മോനെ ഇനി ഞാന്‍ ഒരു മാസത്തേക്ക് നിന്നെ വിടില്ല , ഇനി എന്റെ മോനെ ഞാന്‍ ഒന്ന് വളര്‍ത്തി നോക്കട്ടെ , ഇത് എട്ടുകാലിയാ " അപ്പച്ചി എന്നേം കൊണ്ട് പറമ്പില്‍ ആകെ ചുറ്റി നടന്നു പലതരം ഇലകള്‍ പറിച്ചു ഒരു ചെറിയ കല്ലില്‍ കാടിവെള്ളത്തില്‍ അരച്ച് നീളമുള്ള ഒരു കോഴി തൂവല്‍ കൊണ്ട് എന്റെ തോളിലെ കുരുക്കള്‍ നിറഞ്ഞ ആ വൃത്തം ആകെ മെല്ലെ ആ മരുന്ന് പുരട്ടി തന്നു . അങ്ങിനെ ദിവസം മൂന്നു നേരം . ആഹാരത്തില്‍ ചില പത്യവും . അപ്പച്ചിക്ക് അടുക്കള പണിയും ചികിത്സയും മരുന്ന് അരക്കലും എല്ലാം എന്നെ നോക്കുന്നതിനിടെ നടത്തും . ഒരാഴ്ച കഴിഞ്ഞപ്പോഴേ കുരുക്കളും പാടുകളും ഒക്കെ മാറി , പക്ഷെ അപ്പച്ചി എന്നെ വളര്‍ത്താന്‍ കിട്ടിയ അവസരം എങ്ങിനെ നീട്ടിയെടുക്കാം എന്ന മട്ടില്‍ , എനിക്കാണെങ്കില്‍ ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലം ഉണ്ടായിട്ടില്ല . അപ്പച്ചിയുടെ സ്വന്തം മക്കളെ നോക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആണ് എന്റെ കാര്യത്തില്‍ . ഇതിനിടെ കൊച്ചു ചെറുക്കന്‍ സ്വാമി രണ്ടു തവണ വന്നു വെറും കൈയ്യോടെ മടങ്ങി .അങ്ങിനെ പത്തിരുപതു ദിവസത്തെ ചികിത്സയും സുഖവാസവും കഴിഞ്ഞു മടങ്ങാന്‍ നേരത്ത് അപ്പച്ചി എനിക്ക് കഴിക്കാന്‍ ഉണ്ണി അപ്പവും ഉപ്പേരിയും ഒക്കെ പൊതിഞ്ഞു തന്നു . ഒരിക്കലും മറക്കാന്‍ ആവാത്ത ആ ദിവസങ്ങള്‍ , വീട്ടില്‍ എത്തിയ ഉടന്‍ അമ്മയുടെ ശകാരം കാരണം ഉണ്ണിയപ്പത്തിന്റെ മധുരം കുറഞ്ഞോ എന്നൊരു സംശയം .

പിന്നെ എത്രയോ തവണ വട്ടയത്തില്‍ പോയിരിക്കുന്നു , മുംബയില്‍ പഠിക്കാന്‍ പോയപ്പോഴും ഗള്‍ഫില്‍ പോയപ്പോഴും ഒക്കെ അപ്പച്ചി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ടുണ്ട് . അവധിക്കു നാട്ടില്‍ വരുമ്പോഴെല്ലാം വട്ടയത്തില്‍ പോകാതെ എനിക്ക് സമാധാനം ഇല്ല , അപ്പച്ചിക്ക് എന്തെങ്കിലും ഒരു പൊതി കയ്യില്‍ വെച്ച് കൊടുത്തില്ലെങ്കില്‍ എനിക്ക് ശാന്തി കിട്ടില്ല .

അഞ്ചു കൊല്ലം മുന്‍പാണെന്ന് തോന്നുന്നു , ഞാന്‍ അന്ന് ഹൈദരാബാദില്‍ ആണ് . നല്ല ജോലി തിരക്ക് ഉള്ള സമയം . അച്ഛന്റെ ഫോണ്‍ വന്നു " എടാ പൊടിയമ്മക്ക് നട്ടെല്ലിനു കണ്ണി അകന്നു പോവുന്ന അസുഖം ആണെന്ന് പറയന്നു , അമൃതയില്‍ കൊണ്ട് പോയി , ഇപ്പൊ വട്ടയത്തില്‍ തിരികെ വന്നു , കിടപ്പാ , നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു "
എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി , സത്യത്തില്‍ കണ്ടിട്ട് ഇപ്പൊ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു , അരീക്കര പോയപ്പോഴൊന്നും ഓരോ തിരക്ക് കാരണം പോയില്ല, എനിക്കാണെങ്കില്‍ അലൊക്കൊഴിഞ്ഞിട്ടു പതിയാന് കല്യാണം ഇല്ല എന്ന മട്ടിലുള്ള ജോലിയും .

നാട്ടില്‍ എത്തി നേരെ വട്ടയത്തിലെക്ക് പോയി , ആരെയും കാണുന്നില്ല , വാതില്‍ എല്ലാം മലര്‍ക്കെ തുറന്നിട്ടിരുന്നു , അപ്പച്ചി എവിടെ , അടുക്കളയില്‍ ഇല്ല , അകത്തെ മുറികളില്‍ ഒന്നും ഇല്ല , വെറുതെ പുറത്തിറങ്ങി പറമ്പിലേക്ക് നോക്കിയപ്പോള്‍ ദാ അപ്പച്ചി നിന്ന് കരിയില തൂക്കുന്നു , അറയില്‍ ഒരു ബെല്‍റ്റും ഉണ്ട് . " എന്റെ അനിയന്‍ മോനെ .. എത്ര നാളായാടാ ഇങ്ങോട്ട് കേറിയിട്ടൂ.. " അപ്പച്ചി പരാതി കെട്ടുകള്‍ തുറന്നപ്പോഴും എനിക്ക് ഉള്ളില്‍ ആധി ആയിരുന്നു , ഞാന്‍ അപ്പച്ചിയുടെ സ്കാന്‍ ഒക്കെ വാങ്ങി നോക്കി , സത്യമാണ് , അപ്പച്ചിയുടെ നട്ടെല്ലുകള്‍ കാലപഴക്കം ബാധിച്ചപോലെ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു . എങ്ങിനെയാണ് അപ്പച്ചിക്ക് നേരെ നില്‍ക്കാന്‍ സാധിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു .

" എന്റെ മോനെ അപ്പച്ചി ഒരു ധൈര്യത്തിന് അങ്ങ് നടക്കുവാ , കട്ടിലില്‍ നിന്ന് എഴുന്നെല്കാന്‍ വയ്യായിരുന്നു ., ഏതായാലും നീ അപ്പച്ചിയെ കാണാന്‍ വന്നല്ലോ , ഇനി ചത്താലും ഒന്നുമില്ല "
" അപ്പച്ചി എന്തൊക്കെയാ ഈ പറയുന്നേ , അപ്പച്ചി നോക്കിക്കോ , എന്നെ വീണ്ടും ഒരു ചിലന്തി കടിക്കും , പിന്നെയും ഞാന്‍ അപ്പച്ചിയുടെ കൂടെ വന്നു ഇവിടെ ഒരു മാസം താമസിക്കും , അപ്പച്ചി ആ കോഴി തൂവല് വെച്ച് എനിക്ക് ആ മരുന്ന് പിന്നെയും പുരട്ടി തരും , പിന്നെ എന്റെ കൈയീല് ഇരിക്കുന്ന ഈ കുന്ത്രാണ്ടം ഇല്ലേ , മൊബൈല്‍ അത് ഞാന്‍ ആ പറമ്പിലോട്ടു ഒരു ഏറു കൊടുക്കും "

" നീ പോടാ , നീ എന്നാ അപ്പച്ചിയോടു ഇങ്ങനെ കള്ളം പറയാന്‍ പഠിച്ചത് ? നിനക്ക് ഇവിടെ വന്നു താമസിക്കാന്‍ ചിലന്തി കടിക്കണോ , ഇത് നിന്റെ വീടല്ലേ , നീ എത്രയാ ഇവിടെ ഓടിക്കളിച്ചത് ?"

പോവാന്‍ നേരത്ത് അപ്പച്ചിയുടെ കാലില്‍ തൊട്ടു നിറുകയില്‍ വെച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അപ്പച്ചിയുടെ നിറഞ്ഞ കണ്ണിലേക്കു നോക്കി ,
" എന്റെ മോനെ അപ്പച്ചിക്ക് ഇപ്പൊ ഒന്നും വേണ്ട , എന്റെ മക്കള്‍ രണ്ടു പേരും എന്നെ നന്നായി നോക്കുന്നുണ്ട് , എന്നാലും എനിക്ക് എന്റെ അനിയന്‍ മോനെ കാണണം എന്ന് പറയുമ്പോള്‍ നീ ഇതുവഴി ഒന്ന് വരണം , അപ്പച്ചിക്ക് അത് മതി "

" അപ്പച്ചി ഇനിയും ഒരു ഇരുപത്തഞ്ചു വര്ഷം ഇതുപോലെ ഇരിക്കും , ഞാന്‍ പോട്ടെ അപ്പച്ചി "

കാറില്‍ കയറി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അപ്പച്ചി എന്നെ തന്നെ നോക്കി വാതില്‍പടിയില്‍ നില്ല്കുന്നു .
പൊടിയമ്മ അപ്പച്ചിയുടെ ഈ സ്നേഹം വിവരിക്കുവാന്‍ ഈ ഭൂമി മലയാളത്തില്‍ ഒരു വാക്കേ എനിക്കറിയൂ

തൂവല്‍ സ്പര്‍ശം !