Tuesday, 31 July 2012
നല്ല ഒരു കമ്മ്യൂണിസ്റ്റ് !
"ഈ വാസു ചേട്ടന്റെ വീടെതാ ?"
" ഏതു വാസുവാ .. അരീക്കര ഒരു പാട് വാസു ഉണ്ട് , കല്ല് വെട്ടുകാരന്‍
വാസു , തടി അറപ്പുകാരന്‍ വാസു , പോസ്റ്റ് മാന്‍ വാസുക്കുട്ടി , നക്സല്‍
വാസു ..."
" ആ അത് തന്നെ ... നക്സല്‍ വാസു "
" ആ അങ്ങിനെ പറ ,
അയാള്‍ അരീക്കരക്കാരന്‍ അല്ല , കുട്ടനാടുകാരന്‍ താറാവ് വാസു ആയിരുന്നു ,
താറാവ് എല്ലാം ചത്ത് ഒടുങ്ങി അവിടുന്ന് എല്ലാം വിറ്റു പെറക്കി
അരീക്കര ഭാര്യ വീട്ടില്‍ വന്നു കൂടിയതാ , പിന്നെ നക്സലായി , ദാ
ഇവിടുന്നു താഴെ റോഡിലേക്കിറങ്ങി കൊച്ചു കളീക്കലെ വീട് വരെ പോവണ്ട ,
അതിനു നേരെ എതിരെ റോഡിനു മേലവശത്ത് കാണുന്ന വെട്ടു കല്ല് കൊണ്ടുള്ള
വീടാ വാസൂന്റെ "
നക്സല്‍ വാസു എന്ന് അരീക്കര മുഴുവന്‍
അറിയപ്പെടുന്ന വാസു ചേട്ടനെ ഞാന്‍ അറിയുന്നത് കൊച്ചു ചെറുക്കന്‍
സ്വാമിയുടെ മരുമോനായിട്ടാ , തമ്മില്‍ എന്ന് വഴക്കാണെങ്കിലും രണ്ടു പേരും
വീട്ടില്‍ വരും . പെരപണി തുടങ്ങിയപ്പോള്‍ ആശാരിമാര്‍ക്ക് പണിയാന്‍
ഒരു ഷെഡ് കെട്ടി അതിലിരുന്നു പണിയുമ്പോള്‍ ഞാനും സ്കൂള്‍ കഴിഞ്ഞു
വന്നാലുടന്‍ അവിടെ ക്കൂടും . ഒരു ഉളിയെടുത്ത് ചെറിയ ഒരു തടി കഷണം എടുത്തു
പണി തുടങ്ങും , സദാശിവന്‍ ആശാരി എനിക്ക് അധികം മൂര്ച്ചയില്ലത്ത ഒരു
ഉളി തരും . കൈയ്യോ കാലോ മുറിഞ്ഞാലോ എന്ന് പേടിച്ചു പേടിച്ചാണ്
തരുന്നത് . ആശാരിയുടെ കണ്ണ് തപ്പിയാല്‍ ചിന്തേര് എടുത്തു
പെരുമാറുന്നതും പതിവായിരുന്നു . വാസു ചേട്ടന്‍ എന്നും ശേട്ടില്‍
വന്നിരുന്നു അശാരിമാരോട് വിപ്ലവ കഥകളും വീര കഥകളും ഒക്കെ പറയും ,
അങ്ങിനെയാണ് വാസു ചേട്ടന്‍ എനിക്കിഷ്ടപ്പെട്ട ഒരു കഥാപാത്രം ആയി
മാറുന്നത് .
കുട്ടനാട്ടില്‍ പുഞ്ചകൃഷിയും വലിയ താറാവ് കൃഷിയും
ഒക്കെ ഉണ്ടായിരുന്ന കാലത്താണ് അരീക്കര കൊച്ചു ചെറുക്കന്‍ സ്വാമിയുടെ ഏക
മകള്‍ ഗൌരി ചേട്ടത്തിയെ കല്യാണം കഴിക്കുന്നത് . അന്ന് അവിടെ കൊയ്ത്തു
കഴിഞ്ഞു കാളവണ്ടിയില്‍ നിറയെ നെല്ലുമായി വരുന്ന വാസു ചേട്ടനെ ഞാനും
ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട് . നല്ല വെളുത്തു സുന്ദരനായിരുന്നു
വാസു ചേട്ടന്‍ . വെള്ളം കയറിയും താറാവുകള്‍ കൂട്ടത്തോടെ അസുഖം വന്നു
ചത്തൊടുങ്ങി , കടം വീട്ടാന്‍ പുഞ്ച ഒക്കെ വിറ്റു , വീടും വള്ളവും ഒക്കെ
വിറ്റു പെറുക്കി അവസാനം അരീക്കര വന്നു കൂടി . അക്കാലത്ത് വാസു
ചേട്ടന്‍ നക്സല്‍ പ്രസ്ഥാനവുമായി അടുത്തു, രഹസ്യ യോഗങ്ങളും
ക്ലാസ്സുകളും ഒക്കെ ആയി ഒരുതരം അജ്ഞാത വാസം . ചുരുക്കമായേ വീട്ടില്‍
കാണൂ . എപ്പോ വരും എപ്പോ പോവും എന്നൊന്നും ആര്‍ക്കും അറിയില്ല .
കേരളത്തില്‍ ചില നക്സല്‍ ആക്രമണം നടന്നതോടെ വാസു ചേട്ടന്‍ ഒളിവില്‍
പോയി , പോലീസിന്റെ നോട്ട പുള്ളി ആയി , അവസാനം ഒരു ഒളി സങ്കേതത്തില്‍
നിന്ന് പിടി കൂടി .ലോകകപ്പില്‍ അതി ഭീകരമായ മര്‍ദ്ദന മുറകള്‍ക്ക്
വിധേയമായി . അങ്ങിനെ ലോകകപ്പും ജയില്‍ ഉം ഒക്കെ കഴിഞ്ഞ കാലത്താണ്
ഞാന്‍ ആദ്യം കാണുന്നത് .
ആശാരിമാരുടെ ഷെഡ് ല്‍ ഇരുന്നു താന്‍
അനുഭവിച്ച പോലീസ് പീഡനങ്ങളും ഒളിവില്‍ പോയ കാലവും ഒക്കെ സദാശിവന്‍
ആശാരിയോടു വിവരിക്കുന്നത് ഞാനും കുറേശ്ശെ കേട്ട് തുടങ്ങി . ആദ്യം തോന്നിയ
പേടി മാറി വാസുചെട്ടന്റെ പുതിയ കഥകള്‍ കേള്‍ക്കാന്‍ തുടക്കമായി
ഞാന്‍ സ്കൂള്‍ വിട്ട് വന്നാല്‍ ഷെഡ് നോക്കി ഓടും .
" സഖാവേ
... അനിയന്‍ സഖാവേ ... " കണ്ടാലുടന്‍ വാസുചെട്ടന്‍ വിളിക്കും , അങ്ങിനെ
വാസു ചേട്ടനില്‍ നിന്നാണ് ഞാന്‍ ചില കമ്മ്യൂണിസ്റ്റ് പദങ്ങള്‍
ജീവിതത്തില്‍ ആദ്യമായി കേട്ട് പഠിച്ചത് , " സഖാവ് , ബൂര്‍ഷ്വാ ,
പിന്തിരിപ്പന്‍ , ഫാസിസം , സാമ്രാജത്വ ശക്തികള്‍ " അങ്ങിനെ പല പല പുതിയ
വാക്കുകള്‍ .
വാസു ചേട്ടന്റെ ഒരു മകന്‍ ചങ്കരന്‍ ( മധു )
എന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പമായതിനാല്‍ എന്റെ കൂട്ടുകാരന്‍ കൂടി
ആയിരുന്നു , മരം കേറാനും മാടത്തയെ പിടിക്കാനും ഒക്കെ ബഹു വിരുതന്‍ .
ആഞ്ഞില്ക്ക പറിക്കാനും കണ്ണി മാങ്ങ എറിഞ്ഞു വീഴ്ത്താനും ഒക്കെ എനിക്ക്
ചങ്കരന്‍ ആണ് കൂട്ട് .
വാസു ചേട്ടന്‍ അനുഭവിച്ച പീഡന മുറകള്‍
ആരെയും നോമ്പരപ്പെടുത്തുന്നതായിരുന്നു . തല കീഴായി കെട്ടി തൂക്കി
അടിക്കുക , ഐസ് കട്ടയുടെ പുറത്ത് നിര്‍ത്തുക , റൂള്‍ തടി കൊണ്ട്
ഉരുട്ടുക , സിഗരട്ട് കൊണ്ട് പൊള്ളിക്കുക , അങ്ങിനെ ഞാന്‍ അതുവരെ
കേള്‍ക്കാത്ത ക്രൂരമായ പീഡന മുറകള്‍ .
ബൂര്‍ഷ്വാ എന്ന വാക്ക് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ,
" വാസു ചേട്ടാ , എന്റെ അച്ഛന്‍ ഒരു ബൂര്‍ഷ്വായാണോ എന്ന് എനിക്ക് നല്ല
സംശയം ഉണ്ട് , എന്നെ കൊണ്ട് എന്തെല്ലാം കഠിന ജോലികള്‍ ആണ് അച്ഛന്‍
എന്നെക്കൊണ്ട് ചെയ്യിക്കുന്നത് , അഞ്ചു പൈസ തരില്ല , ചോദിച്ചാല്‍ അതി
ഭീകരമായ മര്‍ദന മുറകള്‍ , ഭൂമിയും തെങ്ങും തോപ്പും ഒക്കെ ഉണ്ട് താനും "
" ഹ ഹ .. അതൊക്കെ സഖാവ് വളരുമ്പോള്‍ മനസ്സിലാകും , വലുതാവുമ്പോള്‍
നല്ല ഒരു കമ്മ്യൂണിസ്റ്റ് ആകണം കേട്ടോ , പാവങ്ങളോട് ദയ വേണം ,
അവര്‍ക്കെ നല്ല കമ്മ്യൂണിസ്റ്റ് ആക്കാന്‍ പറ്റൂ "
അതിഭീകരമായ
പോലീസ് മര്‍ദനം കൊണ്ട് വാസു ചേട്ടന്റെ ആരോഗ്യം തകര്‍ന്നിരുന്നു ,
യാതൊരു പണിയും ചെയ്യാന്‍ അനാരോഗ്യം അനുവദിച്ചിരുന്നില്ല , അതിനാല്‍
കഷ്ടപ്പാടിനു കുറവൊന്നും ഉണ്ടായിരുന്നില്ല . ചിലപ്പോള്‍ ഞാന്‍
വീട്ടില്‍ തേങ്ങാ വെട്ടുമ്പോള്‍ വീട്ടില്‍ അറിയാതെ നാലഞ്ചു തേങ്ങാ
ചങ്കരന്‍ വഴി കൊടുത്തു വിടും . അത് കൂടി കൂടി ഒരു ദിവസം അച്ഛന്‍
തോണ്ടി സഹിതം പിടി കൂടി . എനിക്ക് അടി കണ്ടമാനം കിട്ടി , വാസു ചേട്ടന്
കുറെ വഴക്കും കിട്ടി . പിന്നെ കുറെ നാളത്തേക്ക് വീട്ടില്‍
കയറില്ലായിരുന്നു. എന്നാലും വഴിയില്‍ കണ്ടാലുടന്‍ " സഖാവേ .." എന്ന
വിളിക്ക് ഒരു കുറവും ഇല്ലായിരുന്നു .
അരീക്കര ശക്തമായ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒക്കെ ഉണ്ടായിട്ടും വാസു ചേട്ടന്‍ ഒരു
ഒറ്റയാനെ പോലെ ഒന്നിലും ചേരാതെ തന്റെ പഴയ തത്വ ശാസ്ത്രവുമായി നടക്കും .
ദേശാഭിമാനി വായിച്ചു സകല പാര്‍ട്ടികളെയും വിമര്‍ശിക്കും .
വാസു ചേട്ടന്റെ ആദര്‍ശമല്ല എന്നെ ആകര്‍ഷിച്ചത് , ഏതു കൊണ്ടോ ശരി എന്ന്
വിശ്വസിച്ചു ഇറങ്ങി പുറപ്പെട്ട ഒരു പ്രസ്ഥാനത്തിന് വേണ്ടി ഏറ്റു
വാങ്ങിയ പീഡനങ്ങളും നശിച്ചു പോയ ആ ജീവിതവും ആണ് . അതിനാല്‍ എപ്പോ
കണ്ടാലും ഞാന്‍ ഓരോ കഥകള്‍ ചോദിച്ചറിയും . അത് വാസു ചേട്ടനും വലിയ
ഇഷ്ടമായിരുന്നു .
" വാസു ചേട്ടാ , ഈ വര്‍ഗ്ഗ ശത്രുക്കളെ കൊന്നൊടുക്കാന്‍ എപ്പോഴെങ്കിലും പോയോ ? "
" ഇല്ലനിയാ .. എനിക്ക് അതിനൊന്നും സന്ദര്‍ഭം കിട്ടിയില്ല , അതിനു മുന്‍പേ പോലീസ് പിടിച്ചു "
ഞാന്‍ കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ സ്ഥാനാര്‍ഥി ആയപ്പോഴും
ഒക്കെ വാസു ചേട്ടന്‍ രഹസ്യമായി സന്തോഷിച്ചിരുന്നു , ഞാന്‍ വീട്ടില്‍
നിന്നും മോഷ്ടിച്ചോ മിച്ചം പിടിച്ചോ ഒക്കെ ഉണ്ടാക്കുന്ന ചെറു തുകകള്‍
വാസു ചേട്ടന് കൊടുക്കും .
" സഖാവ് അനിയന്‍ ഒരു നല്ല കമ്മ്യൂണിസ്റ്റ് ആവണം , പാവങ്ങളോട് കരുണ വേണം "
ഒരു ദിവസം പെപ്പെര്‍ വായിച്ചിരുന്ന അച്ഛനോട് ഞാന്‍ ചോദിച്ചു
" അച്ഛാ , നമ്മള്‍ ശരിക്കും ജന്മികളാണോ? "
" എന്ത് വിവരക്കേടാ നീ ഈ പറയുന്നത് , നമ്മള്‍ ജന്മിക്കരം കൊടുത്തിരുന്ന
കുടികിടപ്പുകാര്‍ ആയിരുന്നു , എന്റെ കുഞ്ഞില്‍ നാള്‍ വരെ ചെങ്ങന്നൂര്‍
നമ്പീ മഠത്തില്‍ നിന്നും കരം പിരിക്കാന്‍ ആള് വരുമായിരുന്നു . പടിക്കല്‍
പൈസ കൊണ്ട് ചെന്ന് വെച്ചിരിക്കണം , അവര്‍ വന്നു കൊണ്ട് പോവും , അകത്തു
കയറില്ല , അരീക്കരയും ചെങ്ങന്നൂരിന്റെ ഹൃദയഭാഗവും ഒക്കെ മുഴുവന്‍ ഒരു
കാലത്ത് അവരുടെ ആയിരുന്നു . നമ്മള്‍ അവരുടെ പാട്ടക്കാര്‍ ആയിരുന്നു "
ധീരനായ ആ കമ്മ്യൂണിസ്റ്റ് ഒരു കൈ ഉയര്‍ത്തി പൊട്ടിക്കരയുന്നത്
സ്വന്തം അമ്മ മരിച്ചപ്പോള്‍ ഞാന്‍ കണ്ടു , അതുപോലെ പിന്നൊരിക്കല്‍
മൂത്ത മകള്‍ ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹി യില്‍ വെച്ചു മരിച്ചു , ശവ
ശരീരം പോലും കാണാന്‍ കഴിഞ്ഞില്ല . വിവരം അറിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍
" പോയി സഖാവേ ... എന്റെ മോള് പോയി സഖാവേ " എന്ന് പറഞ്ഞു
കെട്ടിപ്പിടിച്ചു കരഞ്ഞ സഖാവ് എന്റെ കണ്ണ് നിറച്ചു .
ഞാന്‍
മുംബയിലും പിന്നീട് ഗള്‍ഫിലും ഒക്കെ ആയി പഴയ സൗഹൃദം മുറിഞ്ഞു .
എങ്കിലും നാട്ടില്‍ വരുമ്പോള്‍ ഒക്കെ വാസു ചേട്ടനെ കാണാനും ചില ചില്ലറ
സഹായങ്ങള്‍ ചെയ്യാനും ഒക്കെ ശ്രമിക്കുമായിരുന്നു .
" വാസു ചേട്ടാ , എന്റെ അച്ഛന്‍ അല്ല ബൂര്‍ഷ്വാ, ഇപ്പൊ ഞാനാ ബൂര്‍ഷ്വാ, ഗള്‍ഫ് കാരന്‍ അല്ലെ "
" സഖാവ് എന്നും സഖാവ് ആണ് അനിയാ , ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയി ജീവിക്കണം , പാവങ്ങളോട് കരുണ വേണം "
അമ്മായി അച്ഛനായ കൊച്ചു ചെറുക്കന്‍ സ്വാമിയോട് ജീവിതം മുഴുവന്‍ വഴക്ക്
പിടിക്കാനേ വാസു ചേട്ടന് സമയം ഉള്ളൂ , എന്നും ഏതെങ്കിലും കുടുംബ
പ്രശ്നം കാണും , ഞങ്ങളുടെ കാര്യസ്ഥനായിരുന്ന കൊച്ചു ചെറുക്കന്‍
സ്വാമിയുടെ അവസാനകാലം വളരെ ദുരിത പൂര്‍ണം ആയിരുന്നതിനാല്‍ ഞാന്‍
ഒരിക്കല്‍ വാസു ചേട്ടനോട് അല്‍പ്പം നീരസത്തോടെ തന്നെ സംസാരിച്ചു .
" വാസു ചേട്ടാ , അമ്മായി അച്ഛനെ നോക്കരുതെന്ന് കംമ്യൂനസിത്തില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ "
" അനിയാ .. അത് അങ്ങേരുടെ പ്രവര്‍ത്തി ദോഷം ആണ് .. അനുഭവിക്കട്ടെ "
" വാസു ചേട്ടന്‍ ഇപ്പൊ പറഞ്ഞത് കമ്മ്യൂണിസം അല്ല , ഭഗവത് ഗീത അല്ലെ "
വാസു ചേട്ടന്‍ ഒരു ഒറ്റയാന്‍ കമ്മ്യൂണിസ്റ്റ് ആയി ജീവിതം ജീവിച്ചു തീര്‍ത്തു .
വാസു ചേട്ടന്‍ പറഞ്ഞു തന്നു ജീവിതത്തില്‍ ആദ്യമായി കേട്ട മാവോയും
റെഡ് ആര്‍മി യും സാംസ്കാരിക വിപ്ലവവും ഒക്കെ മനസ്സില്‍ കൊണ്ട് നടന്ന
ഞാന്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ എന്റെ ജോലിയുടെ ഭാഗം ആയി ചൈനയിലെ
ബീജിങ്ങില്‍ എത്തി . എസ് കെ പൊറ്റക്കാടും വാസു ചേട്ടനും ഒക്കെ
കാണിച്ചു തന്ന ചൈന കാണാന്‍ ഞാന്‍ ആവേശത്തോടെ ആ സ്വപ്ന നഗരം ചുറ്റി
നടന്നു . ലോകത്തെ ഏതു മികച്ച നഗരത്തോടും കിടപിടിക്കുന്ന ഒരു മനോഹര
നഗരം . റോഡില്‍ നിരനിരയായി ഒഴുകുന്ന ആഡംബര വാഹനങ്ങള്‍ , നിയോണ്‍
പ്രകാശങ്ങള്‍ .
ചൈന മുഴുവന്‍ കറങ്ങി ഞാന്‍ കണ്‍ കുളിര്‍ക്കെ കാഴ്ചകള്‍ കണ്ടു , ഒന്ന് മാത്രം എനിക്ക് കാണാന്‍ കഴിഞ്ഞില്ല .. കമ്മ്യൂണിസം !
എന്റെ ചൈനീസ് പ്രിന്‍സിപ്പല്‍ കമ്പനിയുടെ ഡയറക്ടര്‍ ഡോ. ലീയുടെ
അച്ഛന്‍ മാവോയുടെ കാലത്ത് വലിയ സ്ഥാനം വഹിച്ചിരുന്ന ഒരു പാര്‍ടി
ഭാരവാഹി ആയിരുന്നു , പിന്നെ പാര്‍ട്ടിക്ക് അപ്രിയനായി , പിന്നെ
ദുരൂഹമായി കൊല ചെയ്യപ്പെട്ടു . പാര്‍ടി ഇന്നു കുറെ അഴിമതിക്കാരുടെ
സംഘം ആയി മാറി എന്നാണു ഡോ ലീ പറയുന്നത് .
ലോകത്തെ ഏറ്റവും വലിയ
നടു മുറ്റങ്ങളില്‍ ഒന്നായ ടിനമെയിന്‍ സ്കൊയര്‍ ഞാന്‍ അത്ഭുതത്തോടെ
നോക്കി നിന്നു . പഴയ വിലക്കപ്പെട്ട നഗരത്തിന്റെ കവാടത്തില്‍ മാവോയുടെ
വലിയ ചിത്രം . കൊടും തണുപ്പിലും മാവോയുടെ മൃത ശരീരം കാണാന്‍ നീണ്ട
ക്യൂ . അവിടെ വലിയ ഒരു ചെങ്കൊടിയുടെ കീഴില്‍ ഞാന്‍ ആ പഴയ ചുവന്ന
കൊട്ടാരം നോക്കി നിന്നു. കമ്മ്യൂണിസം എന്ന് ജീവിതത്തില്‍
ആദ്യംഎന്നോട് പറഞ്ഞ വാസു ചേട്ടനെ ഞാന്‍ ഓര്‍മിച്ചു .
" സഖാവ് അനിയന്‍ വലുതാവുമ്പോള്‍ നല്ല ഒരു കമ്മ്യൂണിസ്റ്റ് ആകണം , പാവങ്ങളോട് കരുണ വേണം "
Wednesday, 18 July 2012
മുഴുവന്‍കാള
"
ഉയ്യോ , ഇത് പോലൊരു മണ്ട ഗണേശന്‍ ! ഏതു വലാ വന്നു ചോദിച്ചാലും
ഉടുത്തിരിക്കുന്ന തുണി വരെ അഴിച്ചു കൊടുത്തിട്ടു ഇങ്ങു പോരും "
അമ്മ എത്ര തവണ എന്നെ പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ട് , കാരണം
കുട്ടിക്കാലത്തെ എന്റെ പ്രധാന സ്വഭാവ ദൂഷ്യവും അത് തന്നെ ആയിരുന്നു .
കൂട്ടുകാര്‍ക്ക് വീട്ടിലെ സാധനങ്ങള്‍ എല്ലാം പെറുക്കി കൊടുക്കുക ,
സ്കൂളില്‍ കല്ലുപെന്‍സിലും സ്ലേറ്റും പെന്‍സിലും പുസ്തകവും കുടയും
ഒക്കെ ആര്‍ക്കെങ്കിലും കൊടുത്തിട്ടു വരിക , അല്ലെങ്കില്‍ എവിടെയെങ്കിലും
മറന്നിട്ടു വരിക , എന്നും സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഏതെങ്കിലും
ഒരു വസ്തു കാണില്ല , അവനു കൊടുത്തു , മറ്റവന് കൊടുത്തു എന്നുള്ള സ്ഥിരം
മറുപടിയും , അമ്മ അത് കേട്ട് കേട്ട് മടുത്തു കാണും,. പാവം അമ്മ
സഹികെട്ട് പറഞ്ഞതാണ് .
പക്ഷെ അങ്ങിനെ സത്യമായും ഒന്ന്
സംഭവിച്ചു എന്ന് പറഞ്ഞാലോ , ഒരു കൂട്ടുകാരനെ വിശ്വസിച്ചു ഉടുത്തിരുന്ന
തുണി അഴിച്ചു കൊടുത്തതിനു ഞാന്‍ പിടിച്ച പുലിവാല്‍ എത്ര കാലം
കഴിഞ്ഞിട്ടും എനിക്ക് മറക്കാന്‍ കഴിയുന്നില്ല , ഇന്ന് ആ കഥ പറയാം .
അരീക്കര പനംതിട്ട കുളവും കാവും ഒരുകാലത്ത് വളരെ പേര് കേട്ടതായിരുന്നു ,
എന്റെ വീട്ടില്‍ നിന്നും പുറകു വശത്തെ മരച്ചീനി തോട്ടവും തെങ്ങും
തോപ്പും ചാടി ക്കടന്നു താഴെ ഒരു ചെറിയ തോടും കടന്നാല്‍ പനംതിട്ട
കുളം , അതിനോട് ചേര്‍ന്നുള്ള വലിയ കാവും . കുളത്തിന്റെ രണ്ടു
വശങ്ങളില്‍ വലിയ പടവുകള്‍ , അരീക്കരയിലെ ഒട്ടു മിക്ക വീടുകളില്‍
നിന്നും ആളുകള്‍ കുളിക്കാനും തുണി കഴുകാനും ഇവിടെ എത്തും . അതിനാല്‍
വെളുപ്പിനു അഞ്ചു മണി മുതല്‍ രാത്രി എട്ടൊന്‍പതു മണി വരെ ഈ തിരക്ക്
കാണും .
എന്റെ വീട്ടില്‍ പണ്ട് മുതലേ പ്രത്യേകം കുളിമുറി
ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് ഞങ്ങള്‍ കുട്ടികള്‍ മാത്രമേ
കുളത്തില്‍ കുളിക്കാന്‍ പോവൂ , ഞങ്ങള്‍ മിക്കവാറും പനംതിട്ട കുളത്തില്‍
പോവും , അല്ലെങ്കില്‍ അതിനടുത്തുള്ള കരങ്ങാട്ടിലെ ചെറിയ കുളത്തില്‍
കുളിക്കും , കരിങ്ങാട്ടിലെ ചെറിയ കുളത്തില്‍ കുളിക്കാന്‍ മൂപ്പീന്നിന്റെ
അനുവാദം വേണം , അല്ലെങ്കില്‍ നീളന്‍ മുളവടി വീശി മൂപ്പീന്ന് വന്നു
എല്ലാത്തിനേം ഓടിക്കും . കുളം കലക്കിയത്തിനു എനിക്കും കണക്കിന്
കിട്ടിയിട്ടുണ്ട് . പനംതിട്ട കുളത്തിലും നാല് മൂലക്കും നിറയെ പായലും
ചെറുചെടികളും വളര്‍ന്നു നില്‍ക്കും , അതില്‍ മുശിയും കാരിയും വരാലും
പുളകനും ഒക്കെ ധാരാളം . പായല്‍ ഉള്ള വശങ്ങളില്‍ അത് കാരണം പോവാറില്ല ,
പടവുകള്‍ക്കടുത്ത് തന്നെ ഇറങ്ങി നിന്ന് കുളിച്ചിട്ടു പോരും ,
കുട്ടികള്‍ കുളം കലക്കിയാല്‍ വഴക്ക് പറയാനും ചിലപ്പോള്‍ അടി കൊടുക്കാനും
മാത്തുണ്ണി ചേട്ടനും തടത്തിലെ വല്യച്ചനും ഒക്കെ തൊട്ടടുത്തുള്ള
പാടത്ത് എവിടെയെങ്കിലും പമ്മി നടക്കും . അന്ന് അവിടം മുഴുവന്‍ പച്ച
നിറഞ്ഞ കൃഷികള്‍ .
പനംതിട്ട കുളത്തിന്റെ വലിയ കര മുഴുവന്‍ വിശാലമായ
പുല്‍പ്പരപ്പാണ്, അവിടെ കുട്ടിയും കോലും കളിക്കലോ ഏറു പന്ത് കളിക്കലോ
ഒക്കെ ആയി ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ കയറാതെ ഇരുട്ടുന്നതു വരെ
കറങ്ങി നടക്കും . അച്ഛന്‍ ചിലപ്പോള്‍ പാത്ത് പാത്ത് വന്നു പുറം
നെടുകിനു അടി തരുമ്പോള്‍ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടും .
സ്കൂള്‍ ഇല്ലാത്ത ദിവസം കുളിക്കാന്‍ ആണെന്ന് പറഞ്ഞു രണ്ടു മണി
കഴിഞ്ഞാല്‍ സോപ്പ് പെട്ടിയും തോര്‍ത്തും ആയി ഒരു പോക്കാണ് , പിന്നെ ആറു
മണി കഴിഞ്ഞു നോക്കിയാല്‍ മതി , " അനിയോ അനിയോ " എന്ന് അമ്മയോ " ഇന്ന്
നിന്റെ പുറം ഞാന്‍ പൊളിക്കും " എന്ന് പറഞ്ഞു അച്ഛനോ വിളിക്കുന്നത്
വരെ അടുക്കില്ല . കൂട്ടുകാരെല്ലാം കുളക്കടവില്‍ ഹാജരാകും , പിന്നെ
തോര്‍ത്തിട്ടു മീന്‍ പിടിക്കുക , വാല്‍ മാക്രിയെ പിടിക്കുക , മുള്ളുള്ള
ഒരു തരം ഇല വെച്ച് മുടി ചീകുക , അവസാനം കാവില്‍ വിളക്കു കത്തിക്കാന്‍
വരുന്നകരിങ്ങാട്ടിലെ ഭവാനി ചേച്ചിയുടെ കൂടെ കാവില്‍ പോയി ഒന്ന്
തൊഴുതിട്ടു ഇരുട്ടുന്നതോടെ വീട്ടിലേക്കു ഓടും .
അന്നും
അതുപോലെ കുളിക്കാന്‍ പോയതാണ് , കുറെ നേരം കളിയും മീന്‍ പിടുത്തവും
ഒക്കെ കഴിഞ്ഞു നിക്കര്‍ അഴിച്ചിട്ടു തോര്‍ത്തുടുത്ത് കുളത്തിലേക്ക്
ചാടി , കൂട്ടുകാരൊക്കെ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു . മണി ഒരു നാലര ആയതേ
ഉള്ളൂ , അതിനാല്‍ ബാക്കി വെള്ളത്തില്‍ ചാടി മറിയാം . ഭാഗ്യം
കുളത്തില്‍ ആരും ഇല്ല ,
" എടാ അനിയന്‍ ചെറുക്കാ , ആ തോര്‍ത്ത്
ഒന്ന് തന്നെ , അപ്പുറത്ത് തോട്ടില്‍ കുറെ കാരി ക്കുഞ്ഞുങ്ങള്‍ ,
തോര്‍ത്തിട്ടു പിടിക്കാം "
കിഴക്കെച്ചരുവിലെ സിങ്ങ് എന്ന്
വിളിക്കുന്ന ചേട്ടനാണ് , ആള് ഒരു ചട്ടമ്പിയാ , അയാള്‍ക്ക് സിങ്ങ്
എന്ന് പേരിട്ടത് എന്തിനാണ് എന്നെനിക്കു അറിയില്ല , ശരിക്കും അതാണ്
സ്കൂളിലെ പേരും . ഒരു തല്ലു കൊള്ളി !
" യ്യോ , ചേട്ടാ , തോര്‍ത്ത് ഞാന്‍ ഉടുത്തിരിക്കുവാ "
" ഡാ പൊട്ടന്‍ ചെറുക്കാ , ഞാന്‍ ഇപ്പൊ അങ്ങ് തന്നേക്കാം , നീ വെള്ളത്തില്‍ നിക്കുവല്ലിയോ , ആരു കാണാനാടാ ?"
"യ്യോ , പെണ്ണുങ്ങള്‍ വല്ലോരും വന്നാലോ അണ്ണാ "
" പോ ചെറുക്കാ , നീ ആ പായലോള്ള നടുക്കോട്ടു കയറി നിക്ക് , എന്നിട്ട് ആ
തോര്‍ത്ത് ഇങ്ങോട്ട് ഊരിത്താ, ഡാ, രണ്ടു മിനിട്ട് , കാരിക്കുഞ്ഞിനെ
പിടിക്കാന്‍ തോര്‍ത്ത് വേണമെടാ "
ആറാം ക്ലാസ്സില്‍ നിക്കറു ഇടാതെ
കുളിക്കുന്ന കുട്ടികളും കുളത്തിലേക്ക് ചാടുന്ന കുട്ടികളും ഒന്നും
അരീക്കര വലിയ കാര്യമല്ല , അന്ന് മിക്ക വീടുകളിലും കൊച്ചു കുട്ടികള്‍
ഒന്നും ഇടാതെ നടക്കുന്നതും ഒന്നും വലിയ കാര്യവും അല്ല . നിക്കര്‍
ഇടാതെ നടക്കുന്ന കുട്ടികളെ വിളിക്കുന്ന " ഉടുക്കാകുണ്ടി " "
മുഴുവന്‍കാള" തുടങ്ങിയ വാക്കുകളും ഇങ്ങനെ കുട്ടിക്കാലത്ത് പഠിച്ചതാണ് .
എന്തിനു പറയുന്നു , എന്റെ ശുദ്ധഗതിക്കു ഞാന്‍ കുളത്തിന്റെ
നടുവിലേക്ക് നീങ്ങി നിന്ന് തോര്‍ത്ത് ഉരിഞ്ഞു സിംഗ് ചേട്ടന് എറിഞ്ഞു
കൊടുത്തു . ആരെങ്കിലും കുളിക്കാന്‍ വരുന്നോ എന്ന് നോക്കി ഞാന്‍
കുളത്തില്‍ മുങ്ങിയും പൊങ്ങിയും നിന്നു.
സമയം കുറെ കഴിഞ്ഞു , സിങ്ങ് ചേട്ടന്റെ അനക്കം ഒന്നും ഇല്ല , ഞാന്‍ ഉറക്കെ വിളിച്ചു നോക്കി , കിം ഫലം !
യ്യോ , ഈ ചേട്ടന്‍ എന്റെ തോര്‍ത്തും കൊണ്ട് എങ്ങോട്ട് പോയി ? , ഞാന്‍
പിന്നെയും സോപ്പ് തേച്ചും പായല്‍ കലക്കിയും വെള്ളത്തില്‍ തന്നെ
കുറച്ചു നേരം കൂടി ചിലവഴിച്ചു .
" ഡാ അനിയാ .. ഡാ അനിയാ .."
അച്ഛന്റെ വിളി , വീട് ഉയരത്തില്‍ ആയതിനാല്‍ അവിടെ നിന്നു വിളിച്ചാലും
എനിക്ക് വൃത്തിയായി കേള്‍ക്കാം , അതും അച്ഛന്റെ ഘന ഗംഭീര ശബ്ദം .
വീട്ടില്‍ ആരോ വന്നു എന്ന് തോന്നുന്നു . ഒരു കാര്‍ വന്ന ശബ്ദം
കേട്ടത് പോലെ , അമ്മയുടെ സഹോദരന്മാരായ ഗോപി മാമനോ ഹരിമാമനോ ആയിരിക്കും .
അവര്‍ മാത്രമേ കാറില്‍ വരൂ , വല്ലപ്പോഴും അരീക്കര വരുന്ന കാറുകളും
അവരുടെ മാത്രമാണ്.
" ഡാ ചെറുക്കാ ,, നീ ആ കുളത്തില്‍ എന്തോടുക്കുവാ .. ഞാന്‍ അങ്ങോട്ട് വന്നാലുണ്ടല്ലോ .. പുറം നെടുകിനു ഒന്ന് തരും "
" ഡാ .. ഹരീടെ പിള്ളാര് അങ്ങോട്ട് വരുന്നു , അവര്‍ക്ക് കുളവും കാവും
ഒക്കെ ഒന്ന് കാണണം എന്ന് , നീ ഇങ്ങോട്ട് ഓടി വാ , അവരെ താഴോട്ടുള്ള
വഴി ഒന്ന് കാണിച്ചു കൊടുക്ക് "
പട്ടണത്തില്‍ നിന്നും എന്റെ
മാമന്റെ പത്രാസുകാരികളായ മൂന്നു പെണ്മക്കള്‍, മിനി , മീന , മഞ്ജു,
അതില്‍ മൂത്ത കുട്ടി മീനയ്ക്ക് എന്നെക്കാള്‍ ഒരു വയസ്സ് ഇളപ്പം .
അമ്മയോടൊപ്പം മാമന്റെ ആറ്റിങ്ങലെ വീട്ടില്‍ പോയിട്ടുണ്ട് , പക്ഷെ ഈ
പത്രാസുക്കാരികള്‍ ഒന്നും കണ്ടാല്‍ മിണ്ടുക കൂടി ഇല്ല , ഞങ്ങള്‍ ഒക്കെ
എന്തോ സഹായം ചോദിച്ചു വരുന്നു എന്ന മട്ടിലാണ് പെരുമാറ്റം . അമ്മക്ക്
സാമ്പത്തികമായി ഒപ്പം നില്‍ക്കാന്‍ പറ്റാത്ത കാലം . ഞങ്ങളൊക്കെ വെറും
ഗ്രാമ വാസികള്‍ . അതിന്റെ ഒരു പത്രാസു അവര്‍ക്കുണ്ട് എന്ന് മാത്രം .
ഞാന്‍ നടുങ്ങി പ്പോയത് അവര്‍ വരുന്നു എന്ന് പറഞ്ഞത് കൊണ്ടല്ല , ഞാന്‍
ഊരി കുളത്തിന്റെ കരയില്‍ വെച്ചിരുന്ന നിക്കര്‍ കാണാനില്ല ,
എന്റീശ്വര, ആ തല്ലുകൊള്ളി സിങ്ങ് ചെറുക്കന്‍ പോന്ന വഴി എന്റെ നിക്കറും
തോര്‍ത്തും അടിച്ചു മാറ്റി സ്ഥലം വിട്ടിരിക്കുന്നു , എന്നെ നാണം
കെടുത്താന്‍ .
എന്നെ നോക്കി നിന്ന അച്ഛന്റെ ക്ഷമ കുറഞ്ഞും ദേഷ്യം കൂടിയും വരുന്നു ,
" നീ എവിടാട ... കുളത്തില്‍ നിന്നു കയറിയോ.. ഞാന്‍ അങ്ങോട്ട്
വന്നാലുണ്ടല്ലോ ? " എന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട് , ഞാന്‍
വെള്ളത്തില്‍ പായല്‍ കലക്കി വിഷണ്ണന്‍ ആയി നില്‍ക്കുകയാണ് , ഈശ്വര ,
ഇതൊന്തൊരു പരീക്ഷണമാണ്? .
അരീക്കരയിലെ ഏതെങ്കിലും ഒരു ആണോ
പെണ്ണോ ആയിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെയും രക്ഷപെടുമായിരുന്നു . ഈ
പട്ടണത്തിലെ മൂന്നു പത്രാസുകാരികള്‍ക്ക് കുളം കാണാന്‍ കണ്ട സമയം .
അവരിയുന്നോ പായല്‍ കലക്കി വെള്ളത്തില്‍ നില്‍ക്കുന്ന എന്റെ ധര്‍മ സങ്കടം .
എടാ സിങ്ങെ, നിന്നോട് ഞാന്‍ എന്ത് തെറ്റ് ചെയ്തടാ കുലദ്രോഹി ?
എനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു . ഈ കുട്ടികള്‍ വീട്ടില്‍
ഇല്ലായിരുന്നെങ്കില്‍ , ഇരുട്ടാവുമ്പോള്‍ ഒറ്റ ഓട്ടത്തിനു വീട്
പറ്റാമായിരുന്നു.
" ഡാ അനിയാ .. ഡാ എന്തിര് ചെറുക്കാ ...നീ എവിടാ .. ഞാന്‍ അങ്ങോട്ട് വരുവാ .. ഈ പിള്ളാരെ കുളവും കാവും ഒക്കെ
ഒന്ന് കാണിച്ചു ഇരുട്ടിനു മുന്‍പ് അവര്‍ക്ക് തിരിച്ചു പോവാനുള്ളതാ "
ഞാന്‍ നടുങ്ങിപ്പോയി , അച്ഛനും മൂന്നു പത്രാസുകാരികളും കൂടി ഇറക്കം
ഇറങ്ങി മരച്ചീനി തോട്ടത്തിനു നടുവില്‍ ക്കൂടി നടന്നു വരുന്നത് ഞാന്‍
കണ്ടു . ഇങ്ങോട്ട് വരണ്ട എന്ന് ഞാന്‍ എങ്ങിനെ പറയും . ഒരു തോര്‍ത്ത്
കടം തരാന്‍ ഒരു മനുഷ്യ ജീവിയെ കാണുന്നില്ല . എന്റെ സമയദോഷം !
കുളത്തിന്റെ കരയില്‍ നില്‍ക്കുന്ന ഒരു വലിയ പ്ലാവ് ഞാന്‍ രക്ഷ ആയി കണ്ടു
, എന്തെങ്കിലും ചെയ്തേ പറ്റൂ , അല്ലെങ്കില്‍ ... എനിക്ക് അത്
സങ്കല്‍പ്പിക്കാന്‍ വയ്യ ! ഞാന്‍ കരക്ക് കയറി ഒറ്റ ഓട്ടത്തിനു
പ്ലാവിന്റെ ചുവട്ടില്‍ എത്തി , മരം കയറ്റം ഒന്നും അത്ര വലിയ പിടിയില്ല ,
അത്യാവശ്യം ചെറിയ മരങ്ങളില്‍ ഒക്കെ കയറും , അല്ലാതെ ഇത്രയും വലിയ
മരത്തില്‍ ഒന്നും കയറി ശീലമില്ല . പോരെങ്കില്‍ ദേഹം മുഴുവന്‍
നനഞ്ഞിരിക്കുന്നു . ആരു ധൈര്യം തന്നു എന്നൊന്നും ചോദിക്കരുത് , അള്ളി
പ്പിടിച്ചു കയറി , നിറയെ ഇലകള്‍ നിറഞ്ഞ ഒരു ശിഖരത്തില്‍ കയറി പറ്റി ,
താഴെ നിന്നു നോക്കിയാല്‍ അത്യാവശ്യം സേഫ് ! താഴേക്കു നോക്കിയപ്പോള്‍
ആണ് ഇത്രയും ഉയരത്തില്‍ എങ്ങിനെ കയറി പറ്റി എന്ന് ഞാന്‍
അത്ഭുതപ്പെട്ടത് . മാനം രക്ഷിക്കാന്‍ മനുഷ്യന്‍ എന്തും ചെയ്യും .
അച്ഛന്‍ എന്റെ കുറ്റങ്ങള്‍ ഒക്കെ പത്രാസുകാരികള്‍ കസിന്‍സിന് പറഞ്ഞു
കൊടുത്തു കൊണ്ട് കുളത്തിന്റെ കരയിലേക്ക് നടന്നടുത്തു . ഇടയ്ക്കിടെ "
ഈ ചെറുക്കന്‍ എവിടെപ്പോയി കിടക്കുവാ " എന്ന് ഉറക്കെ പറയുന്നും ഉണ്ട് .
ഞാന്‍ ശ്വാസം അടക്കി മരമുകളില്‍ ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുക ആണ് .
ഈശ്വരാ .. രക്ഷിക്കണേ ..
അച്ഛന്‍ കുളത്തിന്റെ കരയില്‍
എത്തിയതും , എന്നെ കാണാത്ത ദേഷ്യം കൊണ്ട് വിറക്കുന്നതു പോലെ എനിക്ക്
തോന്നി . അടുത്ത് നിന്ന ഒരു പുല്ലാഞ്ഞി ഓടിച്ചു വടിയാക്കി ,
ശബ്ദത്തിനു കനം കൂട്ടി ഉറക്കെ വിളിച്ചു
" അനിയാ .. ഡാ അനിയാ .. "
മരപ്പട്ടി കരയുന്നത് പോലെ എന്റെ ഒരു ഞരങ്ങിയ ശബ്ദം ഉയരത്തിലെ മരചില്ലകളില്‍ക്കിടയില്‍ നിന്നും കേട്ടു.
" ഹെന്തോ "
പത്രാസുകാരികള്‍ മൂന്നു പേരും കൂടി മുകളിലേക്ക് ഒന്നേ നോക്കിയുള്ളൂ ,
പിന്നെ മുഖം പൊത്തി ചിരിച്ചു കൊണ്ട് തിരിച്ചു വീട്ടിലേക്കു ഓടുന്ന
മൂന്നു പാവാടക്കാരികളെ കണ്ടത് മാത്രമേ ഞാന്‍ ഓര്‍ക്കുന്നുള്ളൂ .
കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പഴയ കഥകള്‍ എന്റെ ചെറിയ മകള്‍
അല്‍ക്കയോട് പറഞ്ഞു , അവള്‍ രസം പിടിച്ചിരുന്നു കേള്‍ക്കുകയാണ് .
" ഡാഡീ , അപ്പൊ ഈ കസിന്‍സ് കാണുമ്പോള്‍ ഡാഡീ ഫുള്‍ നേക്കഡ് ആയിരുന്നോ "
" മനപ്പൂര്‍വം അല്ലടാ , അങ്ങിനെ പറ്റിപ്പോയതല്ലേ?"
" you mean to say they saw everything "
" നീ പോടാ, ഞാന്‍ ആ ടൈപ്പ് ഒന്നും അല്ല
ഈശ്വര , സത്യമായിട്ടും ആ പ്ലാവിലകള്‍ എന്നെ ചതിച്ചോ? , അതാണോ ഈ
പത്രാസുകാരികള്‍ ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും എന്നെ കണ്ടാലുടന്‍ '
കകക്കാ " എന്ന് പറഞ്ഞു മുഖം പൊത്തി ചിരിച്ചു കൊണ്ട് ഇപ്പോഴും ഓടുന്നത് ?
ആ .. ആര്‍ക്കറിയാം .
Tuesday, 10 July 2012
അച്ഛനെയാണ് എനിക്കിഷ്ടം !
ഞാന്‍ ആറാം ക്ലാസ്സില്‍ എത്തിക്കാണും, അമ്മ എന്റെ വികൃതികള്‍ കൊണ്ട് സഹി കേട്ട് അവസാനം അച്ഛന് എഴുതി
" ഈ രണ്ടാമത്തെ ചെറുക്കനെ എനിക്ക് ഇനി തന്നെ വളര്‍ത്താന്‍ വയ്യ , നിങ്ങള്‍
ജോലി കളഞ്ഞു നാട്ടില്‍ എത്തിയാല്‍ അവനെ നന്നാക്കാന്‍ നോക്ക് ,
അല്ലെങ്കില്‍ അവനെ ഞാന്‍ വല്ല ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കൊണ്ടാക്കും "
അത്രക്ക് അമ്മക്ക് സഹികെട്ടിരുന്നു , പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ
അമ്മ അരീക്കര ഒരിക്കലും ഇഷ്ടപെട്ടിട്ടില്ല . അതിനു കാരണക്കാരനായ സ്വന്തം
മുറചെറുക്കനായ എന്റെ അച്ഛനെയും . അമ്മക്ക് ഇപ്പൊ എഴുപത്തെട്ടു വയസ്സായി
ഇപ്പോഴും ദേഷ്യം വന്നാല്‍ ഉടന്‍ അച്ഛനെ നോക്കി പറയും " എന്റീശ്വര, എനിക്ക്
വേറെ ഏതെല്ലാം ആലോചന വന്നതാ , ഈ മനുഷ്യനെ ആണല്ലോ എന്റെ തലയില്‍ കെട്ടി
വെച്ചത് "
അച്ഛന്‍ പട്ടാളത്തിലെ ജോലി കളഞ്ഞു നാട്ടില്‍ എത്തിയതോടെ
എന്റെ കഷ്ടകാലവും തുടങ്ങി . നിസ്സാര കുറ്റങ്ങള്‍ക്ക് പോലും അതി കഠിനമായ
ശിക്ഷ ! ശരിക്കും പട്ടാളനിയമം !. അന്നൊക്കെ നിക്കര്‍ ആയിരുന്നതിനാല്‍
അടിയുടെ പാടുകള്‍ മറക്കാന്‍ വളരെ പാടുപെട്ടു " അനിയാ , എന്നെത്ര എണ്ണം
വാങ്ങിച്ചു ?" എന്ന ചോദ്യത്തിനു ഉത്തരം പറഞ്ഞു ഞാന്‍ മടുത്തു . അന്ന്
അതിര്‍ത്തിയില്‍ ചില പടയോരുക്കങ്ങള്‍ ഒക്കെ നടക്കുന്ന സമയം ആയിരുന്നതിനാല്‍
പിരിഞ്ഞു വന്ന ചില പട്ടാളക്കാരെ ഒക്കെ തിരികെ വിളിക്കുന്നുണ്ടായിരുന്നു ,
ഞാന്‍ പരയിരുകാല ഭഗവതിക്ക് നേര്‍ച്ചയിട്ടു പ്രാര്‍ഥിച്ചു " ദേവി , എന്റെ
അച്ഛനെ തിരികെ പട്ടാളത്തില്‍ എടുപ്പിക്കണേ , ഞാന്‍ വലുതായിട്ടെ പിന്നെ
തിരികെ വരാവേ " , ആര് കേള്‍ക്കാന്‍ ! അച്ഛന്‍ വീട്ടിലുള്ള ഓരോ നിമിഷവും
ഞാന്‍ വെറുത്തു . എന്നെ അടിക്കാന്‍ വെട്ടി വെക്കുന്ന വടികളും ചൂരലും ഒക്കെ
എങ്ങിനെയെങ്കിലും കണ്ടു പിടിച്ചു നശിപ്പിക്കും . റേഡിയോവില്‍ വരുന്ന ഹിന്ദി
പാഠം എനിക്ക് ശരിക്കും ഒരു പേടി സ്വപ്നമായിരുന്നു . അന്ന് അതില്‍ വരുന്ന
ആറാം ക്ലാസ്സിലെ പാഠം എന്റെ തലയില്‍ വീണ ഇടിത്തീ ആയിരുന്നു. അച്ഛന്
അടിക്കാനുള്ള സമയവും .
അച്ഛന്‍ നാട്ടില്‍ വന്നു ഒരു സമയം
അടങ്ങിയിരിക്കില്ല , ഒന്നുകില്‍ പശു , അല്ലെങ്കില്‍ പറമ്പ് , ഒരു നൂറു തവണ "
അനിയാ , എടാ അനിയാ " എന്ന് വിളിച്ചു കൊണ്ടിരിക്കും . എനിക്കാണ് എല്ലാ
പണിക്കും മൈക്കാടു പണി , ചാണകം വാരണം ,പശുവിനെ കുളിപ്പിക്കണം , തെങ്ങും
തൈക്ക് വെള്ളം ഒഴിക്കണം ,കടയില്‍ നിന്ന് പിണ്ണാക് വാങ്ങണം , അങ്ങനെ
പഠിത്തത്തില്‍ മോശം ആണെന്ന് പറഞ്ഞു വീട്ടിലെ വേലക്കാരന്‍ ആക്കി , കൂന്താലി
എടുത്താല്‍ പൊങ്ങില്ല അല്ലെങ്കില്‍ ചീനിക്കു കില്ക്കാനും പറയുമായിരുന്നു .
അച്ഛന് എന്നോട് മാത്രമെന്താ ഇത്ര വിരോധം ? പഠിക്കില്ലാ എന്ന് പറഞ്ഞു ഇങ്ങനെ
ജോലി ചെയ്യിച്ചു പീഡിപ്പിക്കണോ ? അച്ഛന്റെ കൃഷി പണികളും അധ്വാനത്തിന്റെ
മഹത്വവും വല്ലതും എനിക്ക് മനസ്സിലാകുമോ ? എനിക്ക് അച്ഛന്‍ ഒരു മര്‍ദന
യന്ത്രം മാത്രം , അതി കഠിനമായി ഞാന്‍ എന്റെ അച്ഛനെ വെറുത്തു . ഒരു ജോലിയും
ചെയ്യണ്ടാത്ത എന്റെ ജ്യേഷ്ടനെയും കൊച്ചനിയനെയും ഞാന്‍ അസൂയയോടെ നോക്കി
കണ്ടു . എന്റെ അച്ഛന്‍ എങ്ങിനെയും ഒന്ന് മരിച്ചു പോയിരുന്നെങ്കില്‍ എന്റെ
കഷ്ടപ്പാടുകള്‍ തീരുമായിരുന്നു എന്ന് പോലും ഞാന്‍ ആശിച്ചിരുന്നു .
സ്കൂളില്‍ പോയി വരുമ്പോള്‍ അച്ഛന്‍ ചൂരല്‍ പിന്നില്‍ പിടിച്ചു വാതിക്കല്‍
തന്നെ ഉണ്ടാവും , അടി കുറെ തന്നിട്ടേ കാരണം പറയൂ , ചേട്ടനും അനിയനും ചൂട്
കാപ്പി മുത്തി കുടിക്കുമ്പോള്‍ എനിക്ക് ചൂടുള്ള ചൂരല്‍ കഷായം മാത്രം .
ഈശ്വര , ഞാന്‍ മ്മാത്രം എന്താ ഇങ്ങനെ ? എന്റെ അച്ഛന്‍ മാത്രം എന്താ എന്നോട്
ഇങ്ങനെ ?
എന്റെ അച്ഛന്‍ ചെറുപ്പത്തില്‍ പഠനത്തില്‍
സമര്‍ത്ഥനായിരുന്നു , അന്നത്തെ സമയത്ത് വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു
സമയത്ത് അരീക്കര നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരം നടന്നു വേണം മെഴുവേലി
ഇംഗ്ലീഷ് സ്കൂള്‍ ല്‍ പഠിക്കാന്‍ പോകാന്‍ . ഒന്നാം ക്ലാസ്സില്‍ പത്താം തരം
പാസായി , അച്ഛന് കോളേജില്‍ പഠിക്കാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും
വീട്ടിലെ സാമ്പത്തിക അവസ്ഥ വളരെ മോശമായിരുന്നു , സ്വാതന്ത്ര്യം
കിട്ടുന്നതിനു മുന്‍പുള്ള ഒരു ക്ഷാമ കാലം ! അമ്മ ചെറുപ്പത്തിലെ
നഷ്ടപ്പെട്ടു . രണ്ടാനമ്മയും ചേച്ചിയും കൂടി ആണ് വളര്‍ത്തിയത് . കോളേജില്‍
അയച്ചു പഠിപ്പിക്കാമോ എന്ന് ചോദിച്ചു ചങ്ങനാശേരിയില്‍ ഉള്ള അമ്മാവന്റെ
തറവാട്ടില്‍ എത്തി , അമ്മാവന്‍ കൈമലര്‍ത്തി , അച്ഛന്‍ തിരികെ വീട്ടില്‍
എത്തിയതെ ഇല്ല , തിരികെ വരുന്ന വഴി തന്നെ പട്ടാളത്തില്‍ ചേര്‍ന്നു ,
വീട്ടില്‍ തീ തിന്നു കാത്തിരുന്ന സ്വന്തം അച്ഛന് " ഞാന്‍ ആരെയും ബുദ്ധി
മുട്ടിക്കില്ല , പട്ടാളത്തില്‍ ചേര്‍ന്നു , ഹൈദരാബാദില്‍ എത്തി " എന്നൊരു
കത്തും എഴുതി .
അച്ഛനെ പഠിപ്പിക്കാന്‍ വിസമ്മതിച്ചെങ്കിലും
അമ്മാവന് ഏക മകളായ തങ്കമ്മയെ , എന്റെ അമ്മയെ അച്ഛനെക്കൊണ്ട് തന്നെ കല്യാണം
കഴിപ്പിച്ചു . അന്നത്തെ നാട്ടു നടപ്പും അതായിരുന്നു . പക്ഷെ പട്ടണത്തില്‍
വളര്‍ന്ന അമ്മക്ക് തീരെ ഇഷ്ടമില്ലായിരുന്നു . അച്ഛന്‍ കാണാന്‍ യോഗ്യന്‍
ഒക്കെ ആയിരുന്നു എങ്കിലും അരീക്കര ആയിരുന്നു അമ്മ കണ്ട ഏറ്റവും വലിയ
അയോഗ്യത. അതിന്നും ഏറെക്കുറെ അങ്ങിനെതെന്നെ . ചങ്ങന്നശ്ശേരി പോലെ ഒരു ചെറു
പട്ടണത്തില്‍ ജീവിച്ച അമ്മക്ക് വെള്ളവും വെളിച്ചവും ഇല്ലാത്ത അരീക്കരയിലെ
ജീവിതം എന്നും കഷ്ടപ്പാട് ആയിരുന്നു . കൂനില്‍ മേല്‍ കുരു പോലെ അമ്മക്ക്
തലവേദനകള്‍ നല്‍കാന്‍ രണ്ടാമത്തെ മഹാവികൃതിയായ ഒരു മകനും .
കാലം
ചെന്നപ്പോള്‍ അച്ഛന്‍ എന്നോട് കുറെക്കൂടെ നന്നായി പെരുമാറിതുടങ്ങി, അച്ഛന്‍
അരീക്കരയിലെ മൊട്ടക്കുന്നുകള്‍ ആയി ക്കിടന്ന സ്ഥലങ്ങള്‍ ഒക്കെ മനോഹരമായ
കൃഷി തോപ്പുകള്‍ ആക്കി മാറ്റിയതും നഷ്ടവും അമ്മയുടെ നിരന്തരമായ പരാതികളും
സഹിച്ചു ചെയ്യുന്ന കൃഷികളും പശു വളര്‍ത്തലും ഒക്കെ ചെയ്യുന്ന അച്ഛനെ
എനിക്ക് കുറേശെ മനസ്സിലായിത്തുടങ്ങി . വിളഞ്ഞു നില്ല്ക്കുന്ന മാങ്ങയും
ചക്കയും കൈതച്ചക്കയും പയറും പടവലവും കൊക്കോയും ഒക്കെ ഞാന്‍ കണ്കുളിര്‍ക്കെ
കാണാന്‍ തുടങ്ങി . എന്റെ അച്ഛന്‍ ചെയ്യുന്ന കൃഷിരീതികളും ജലസേചനവും ഒക്കെ
എനിക്ക് പ്രിയപ്പെട്ടതായി . എന്റെ അച്ഛനോടുള്ള വിരോധം മാറി ആരാധന ആയി . ഒരു
കൃഷിക്കാരന്‍ രാജ്യത്തിനു വേണ്ടി ചെയ്യുന്നത് എന്താണെന്ന് ഞാന്‍
വളര്‍ന്നപ്പോള്‍ എനിക്ക് മനസ്സിലായി . ഞാന്‍ അഭിമാനിക്കേണ്ടത് എന്റെ
എഞ്ചിനീയറിംഗ് ബിരുദത്തില്‍ അല്ല , ഒരു കൃഷിക്കാരന്റെ മകന്‍ ആയതില്‍ ആണ്
എന്ന് എനിക്ക് തോന്നിത്തുടങ്ങി . അരീക്കര അച്ഛനെപ്പോലെ എത്ര കൃഷിക്കാരാണ്
അത്ര ആദരവ് നേടേണ്ടത് , അങ്ങിനെയുള്ള എത്ര എത്ര ഗ്രാമങ്ങള്‍ ചേര്‍ന്നതാണ്
നമ്മുടെ ഭാരതം !
പത്തു പതിഞ്ചു വര്‍ഷം ആയിക്കാണും , അച്ഛന്
ഹെര്‍ണിയക്ക് ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. കായംകുളം വീ എസ് എം
ആശുപത്രിയില്‍ . അച്ഛന് എഴുപതോട് അടുത്ത് പ്രായം ഉള്ളതിനാലും ഹൃദ്രോഗ
ലക്ഷണങ്ങള്‍ ഉള്ളതിനാലും സര്‍ജന്‍ കുറച്ചു കാര്യങ്ങള്‍ എന്നോട് പറഞ്ഞു,
ഓപ്പറേഷന്‍ അത്ര വലിയതോന്നും അല്ല , പക്ഷെ ഹൃദ്രോഗം ഉള്ളതിനാല്‍ അല്‍പ്പം
റിസ്ക് ഉണ്ട് , മയക്കു മരുന്ന് കൊടുക്കുന്നതും ഒക്കെ കാരണം ആ റിസ്കുകള്‍
എടുക്കാന്‍ ഞാന്‍ തയാറാണോ എന്ന് ചോദിച്ചു . ഏതായാലും അച്ഛന്‍ എല്ലാം
സമ്മതിച്ചു , പിറ്റേ ദിവസം രാവിലെ ഓപ്പറേഷന്‍ തീരുമാനിച്ചു .
മുറിയില്‍ ഞാനും അച്ഛനും മാത്രം , ഞാന്‍ അച്ഛന്റെ അടുത്ത് ഇരിക്കുകയാണ് .
അച്ഛന്‍ ധൈര്യവാനായ പട്ടാളക്കാരന്‍ ഒക്കെ ആയിരുന്നു എങ്കിലും ഡോക്ടര്‍
എന്നോട് പറഞ്ഞത് ഒക്കെ കേട്ടിരുന്നു . അച്ഛന്‍ കുറച്ചു നേരം ഒന്നും
മിണ്ടിയില്ല , പിന്നെ എന്തോ പറയാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നി ,
" അനിയാ , നാളെ ഓപ്പറേഷന്‍ ഒക്കെ കുഴപ്പം ഇല്ലായിരിക്കും , എന്നാലും
എനിക്ക് വയസ്സ് ഒക്കെ ആയില്ലേ , ഇനി ഒരുപാട് കാലം ജീവിക്കണമെന്ന് എനിക്ക്
ആഗ്രഹം ഒന്നും ഇല്ല"
"അച്ഛന്‍ എന്തൊക്കെയാ ഈ പറയുന്നത് , ഇതൊക്കെ നിസ്സാരമായ ഓപ്പറേഷന്‍ അല്ലെ , പിന്നെ അവര്‍ എല്ലാവരോടും ഇതൊക്കെ പറയും "
ഞാന്‍ അച്ഛന്റെ കൈയ്യില്‍ പിടിച്ചു ഒരു കൈ കൊണ്ട് ആ നെറ്റിയില്‍ തടവി ആശ്വസിപ്പിച്ചു .
" അനിയാ .. മൂന്നു മക്കളില്‍ വെച്ച് ഞാന്‍ നിന്നെയാണ് കണ്ടമാനം തല്ലിയത്,
നീ നന്നാവണം , എന്റെ മറ്റു രണ്ടു മക്കള്‍ മുന്നോട്ടു പഠിച്ചു പോവുമ്പോള്‍
നീ മാത്രം തോല്‍ക്കുന്നത് എനിക്ക് കാണാന്‍ ആഗ്രഹമില്ലായിരുന്നു . നീ
എല്ലാവരെക്കാളും നന്നായിക്കാനണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ . ,
ബാങ്കില്‍ ഒന്ന് രണ്ടു ചെറിയ ഡിപ്പോസിറ്റ് ഒക്കെ ഉണ്ട് , അതൊക്കെ നിനക്കാ
... എന്റെ കാലം കഴിഞ്ഞാല്‍ നീ വേണം അരീക്കര കൃഷി ഒക്കെ ഏറ്റെടുത്തു
നടത്തേണ്ടത് .. നീയാണ് ഇന്ന് എനിക്ക് പ്രതീക്ഷ "
അച്ഛന്റെ കണ്ണ് നിറഞ്ഞു , എനിക്ക് അത് കാണാന്‍ കഴിവില്ലാതെ ഞാന്‍ പുറത്തേക്ക് നോക്കി , ധീരനായ പട്ടാളക്കാരന്റെ മകനല്ലേ ഞാന്‍ ?
ഓപ്പറേഷന് സമ്മത പത്രം ഒപ്പിടാന്‍ ഞാന്‍ ഡോക്ടറുടെ മുറിയില്‍ എത്തി , "
മരണം സംഭവിച്ചാല്‍ ആരെയും ഉത്തരവാദി ആക്കില്ല " എന്നെഴുതിയിടത്ത്
ഒപ്പിടാന്‍ നേരത്ത് എനിക്കെന്തോ നിയന്ത്രണം വിട്ടു പോയി ,
"
നിങ്ങള്‍ ആണോ കുറച്ചു മുന്‍പ് എം ആര്‍ ഐ എഞ്ചിനീയര്‍ ആണ് , തേങ്ങ ആണ് ,
മാങ്ങ ആണ് എന്നൊക്കെ എന്നോട് പറഞ്ഞത് , ഇതാണോ നിങ്ങളുടെ ധൈര്യം "
ഒരിക്കല്‍ അച്ഛനെ പട്ടാളത്തിലേക്ക് തിരിച്ചു വിളിക്കണം എന്ന്
നേര്‍ച്ചയിട്ടു പ്രാര്‍ത്ഥിച്ച പരയിരുകാല ഭാഗവതിയോടു ഞാന്‍ ഉള്ളുരുകി
പ്രാര്‍ഥിച്ചു .
" ദേവി എനിക്ക് എന്റെ അച്ഛനെ തിരികെ തരണേ "
ദേവി എന്റെ പ്രാര്‍ത്ഥന കേട്ടു, അച്ഛന് ഇന്ന് എണ്‍പത്തിയാറു വയസ്സ് , എന്നെക്കാള്‍ ആരോഗ്യം !
അച്ഛനെയാണ് എനിക്കിഷ്ടം !
Saturday, 7 July 2012
പതിയാട്ടി
പടിഞ്ഞാറേ
ചെരുവില്‍ നിന്നും പടത്തിന്റെ വരമ്പത് കൂടി തലയില്‍ പെട്ടി പോലെയുള്ള ആ
തുണി കെട്ടുമായി നടന്നു വരുമ്പോഴേ എനിക്കറിയാം അത് ശാന്തമ്മ
ചെട്ടത്തിയാനെന്നു , അല്ലെങ്കില്‍ അവരുടെ മൂത്ത മകള്‍ രാജമ്മ ചേച്ചി ,
രണ്ടായാലും പിന്നെ ഞാന്‍ താഴേക്കു ഒരോട്ടമാണ് , അമ്മ " പതിയാട്ടി "
എന്ന് വിളിക്കുന്ന ശാന്തമ്മ ചേട്ടത്തിയെ ഞങ്ങള്‍ കുട്ടികള്‍ അവരുടെ
ജാതിപ്പെരോ തൊഴില്‍പ്പേരോ വിളിക്കാറില്ല . തുണി അലക്കി തേച്ചു മടക്കി
കൊണ്ടുവരുന്ന ശാന്തമ്മ ചേട്ടത്തിയെ എന്ന് മുതലാണ് കാണാന്‍ തുടങ്ങിയത്
എന്ന് എനിക്ക് ഓര്‍മ വരുന്നില്ല . അമ്മ ജോലിയായി അരീക്കര വന്ന കാലം
മുതല്‍ പുതപ്പും കോട്ടന്‍ സാരിയും കുട്ടികളുടെ ഷര്‍ട്ടും നിക്കറും
ഒക്കെ അലക്കാന്‍ കൊടുക്കുകയാണ് പതിവ് . മിക്കവാറും തുണി വാങ്ങാന്‍
ശാന്തമ്മ ചെട്ടത്തിയോ രാജമ്മ ചേച്ചിയോ വളരെ ചുരുക്കമായി ശാന്തമ്മ
ചേട്ടത്തിയുടെ ഭര്‍ത്താവ് " പതിയാനോ" വരും . അമ്മ ഓരോ തുണിയും എണ്ണി "
ഇത് കറ കളയാന്‍ , ഇത് കഞ്ഞി മുക്കി പഴിയാന്‍ , ഇത് കോടി കളര്‍ മുക്കാന്‍ ,
ഇത് കൈ കൊണ്ട് കുത്തിപ്പിഴിയാന്‍ , ഇത് ഈ ചെറുക്കന്‍ അനിയന്റെ
ഷര്‍ട്ടും നിക്കറും , ഇത് മുഴുവന്‍ മാങ്ങാ ക്കറയാ , വാഴക്കറയാ ,
പറങ്കിയണ്ടിക്കറയാ , ഇത് വിജയന്‍റെ , നീലം മുക്കി തേക്കണം " അങ്ങിനെ തരം
തിരിച്ചു പറയുന്ന കാര്യങ്ങള്‍ എല്ലാം മൂളിക്കേട്ടു ശാന്തമ്മ ചേട്ടത്തി
കൂട്ടത്തില്‍ ഉള്ള പുതപ്പോ കൈല്യോ കൊണ്ട് ഭാണ്ഡം കെട്ടി തലയില്‍ വെച്ചു
പോവും . ചിലപ്പോള്‍ പോന്ന വഴിക്ക് വരിക്ക പ്ലാവില്‍ നിന്നും ഒരു ചക്ക
ഇട്ടു കൊടുക്കാന്‍ എന്നോടോ അണ്ണനോടോ പറയും . ചിലപ്പോള്‍ തേങ്ങയോ
ചക്കക്കുരുവോ കൊടുക്കും . അരീക്കര ഒരുമാതിരി സ്ഥിതിയുള്ള വീടുകളില്‍
എല്ലാം ഇത് പോലെ പോയി തുണിയെല്ലാം വാരിക്കെട്ടി കൊണ്ട് പോവും . ഒന്നോ
രണ്ടോ ആഴ്ച കഴിഞ്ഞു തിരിച്ചു അലക്കി തേച്ചു മടക്കി കൊണ്ട് ചെല്ലും .
എനിക്ക് ഓര്‍മയായ കാലം മുതല്‍ ഈ കാഴ്ച കാണാന്‍ തുടങ്ങിയതാണ് .
അതിനാല്‍ ശാന്തമ്മ ചേട്ടത്തിയും അവരുടെ വീടും വീട്ടിലെ മറ്റു അംഗങ്ങളും
എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി . അവരുടെ കണ്‍ വെട്ടം കണ്ടാല്‍
ഞാന്‍ ഓടിപ്പോയി " ശാന്തമ്മ ചേട്ടത്തി , ശാന്തമ്മ ചേട്ടത്തി, ആ കേട്ട്
എന്റെ തലയില്‍ ഒന്ന് വെച്ച് താ " എത്ര കെഞ്ചിയാലും അവര്‍ എന്റെ തലയില്‍
വെച്ച് തരില്ല , എനിക്കാണെങ്കില്‍ ആ ചതുര വടിവുള്ള കേട്ട് തലയില്‍
ഒന്ന് വെച്ച് നടക്കാന്‍ ഒരു അതി മോഹവും. " അനിയന്‍ മോനെ , ഞാന്‍ തരില്ല ,
സാറ് കണ്ടാല്‍ എന്നെ വഴക്ക് പറയും , അനിയന്‍ മോന്‍ വലുതാവുമ്പോള്‍
ഞാന്‍ തലയില്‍ വെച്ച് തരാം " എന്നാല്‍ രാജമ്മ ചേച്ചി അങ്ങിനെയല്ല ,
എനിക്ക് തലയില്‍ ഒന്ന് വെച്ച് തരാന്‍ ശ്രമിക്കും , എന്നിട്ട് കൂടെ
അതിന്റെ മൂലയില്‍ വീഴാതെ പിടിക്കുകയും ചെയ്യും . ചിലപ്പോള്‍ താഴെ
നിന്നും വീട് വരെ ഇങ്ങനെ കൊണ്ട് വരും . അമ്മ മുറ്റതെങ്ങാനം
നില്‍ക്കുന്ന നിഴല്‍ കണ്ടാല്‍ മതി " ഉയ്യോ ഭഗവാനെ " എന്ന് പറഞ്ഞു
പെട്ടന്ന് എന്റെ തലയില്‍ നിന്ന് വാങ്ങി സ്വന്തം തലയില്‍ വെക്കും .
രാജമ്മ ചേച്ചിക്ക് അന്നൊരു മുപ്പതു വയസ്സ് കാണുമായിരിക്കും , വീട്ടില്‍
വന്നാല്‍ വീട്ടിലുള്ള മുല്ലപ്പൂവും റോസാപ്പൂവും ഒക്കെ പറിച്ചു തലയില്‍
വെക്കും . അച്ഛന്‍ കണ്ടാല്‍ ചിലപ്പോള്‍ വലിയ വഴക്ക് പറയും " സാറിനു
പെണ്മക്കള്‍ ഇല്ലല്ലോ , പാവങ്ങള്‍ ചൂടിക്കോട്ടേ " എന്ന് പറഞ്ഞു
പിന്നെയും ഒന്ന് രണ്ടു പൂവ് കൂടി പറിച്ചു കൊണ്ട് പോവും .
സമയത്തിനു അലക്കി ക്കൊണ്ട് വന്നില്ലെങ്കില്‍ അമ്മ എന്നെയാണ് ശാന്തമ്മ
ചേട്ടത്തിയെ തിരക്കാന്‍ എപ്പോഴും ഓടിച്ചു വിടുന്നത് . എനിക്കാണെങ്കില്‍
അതിനേക്കാള്‍ സന്തോഷം ഉള്ള കാര്യം വേറെയില്ല . ഞാന്‍ ചാടും എടുത്തു
ഒരോട്ടമാണ് . പെരിങ്ങാട്ട മുക്ക് വരെ പോകണ്ട , റോഡിനു മുകളില്‍ കുമ്മായം
തേച്ച ആ ഓല മേഞ്ഞ വീട് മുറ്റം മുഴുവന്‍ അയകളും വിവിധ നിറത്തിലുള്ള
ഉങ്ങാന്‍ ഇട്ടിരിക്കുന്ന തുണികളും ആണ് . മുറ്റത്തു തുണി പുഴുങ്ങുന്ന
ചെമ്പോ കുട്ടകമോ കാണും . മിക്കപ്പോഴും പതിയാന്‍ മടലുകൊണ്ട് ആ തുണികള്‍
ഇളക്കുന്നത് കാണാം . ആ ചെറിയ വീടിന്റെ വരാന്തയില്‍ ഒരു വലിയ മേശ , അതില്‍
മിക്കപ്പോഴും രാജമ്മ ചേച്ചി വലിയ ചിരട്ടക്കരി കനല്‍ എരിയുന്ന വലിയ
തേപ്പു പെട്ടി വച്ച് തേക്കുക ആയിരിക്കും . ഞാന്‍ വരുന്നത് കണ്ടു രാജമ്മ
ചേച്ചി വീട്ടിലേക്കു ഉള്ള തുണികള്‍ എല്ലാം തേച്ചു മടക്കി പെട്ടി
പോലെ യുള്ള ആ കെട്ടു റെഡിയാക്കി ചിലപ്പോള്‍ അപ്പോള്‍ തന്നെ എന്റെ കൂടെ
വരും .
ചിലപ്പോള്‍ അവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ "
രാജമ്മ ദാണ്ടേ , തോട്ടിലോട്ടു പോയി , അലക്കാന്‍ പോയതാ " എന്ന് പതിയാന്‍
പറയും . അത് കേള്‍കാത്ത താമസം , ഞാന്‍ പെരിങ്ങാട്ട മുക്കിനടുത്തുള്ള
സാമാന്യം വലിയ തോട്ടിന്റെ അടുത്തേക്ക് ഓടും . അവിടെ മുഴുവന്‍ വര്‍ണ്ണ
പ്രപഞ്ചമാണ് . തെങ്ങിന്‍ തോപ്പ് നിറയെ വിവിധ നിറങ്ങളില്‍ ഉള്ള സാരിയും
പുതപ്പുകളും കൈലികളും ഒക്കെ നിലത്തു പുല്ലിന്റെ പുറത്ത്
വിരിച്ചിട്ടിരിക്കുന്നു . ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയും
തോട്ടില്‍ മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്ന് വലിയ ഭാരമുള്ള തുണികള്‍
കല്ലില്‍ അടിച്ചു കഴുകുന്നു . അവിടെ ചെറിയ ചെറിയ ചരുവങ്ങളില്‍ പലവിധ
കളറുകള്‍ നിറച്ചു വെച്ചിരിക്കുന്നു . നീലം , കോടിക്കളര്‍, കടും കാവി
കളര്‍ , റോസ് കളര്‍ അതില്‍ തുണികള്‍ തരം തിരിച്ചു മുക്കി എടുക്കും ,
ചിലപ്പോള്‍ ഞാന്‍ ഒരു രസത്തിനു അവിടെ വെറുതെ കിടക്കുന്ന ചെറിയ തുണി
ഒരെണ്ണം എടുത്തു എനിക്കിഷ്ടമുള്ള കളര്‍ നിറച്ച ഒരു ചരുവത്തില്‍
മുക്കും , അത്തരം വികൃതികള്‍ കുറച്ചൊന്നുമല്ല ആ പാവങ്ങളെ വട്ടം
ചുറ്റിച്ചത് . " ഈ അനിയന്‍ എന്താ ഈ കാണിച്ചു വെച്ചത് , ഇനി ഞാന്‍
എങ്ങിനെയാ ഈ കളര് കളയുക " എന്ന് പറഞ്ഞു തലയില്‍ കൈവെച്ചു ഇരിക്കുന്ന
ശാന്തമ്മ ചേട്ടത്തിയെ ഞാന്‍ എത്ര തവണയാ കണ്ടിട്ടുള്ളത് . ആ തോട്ടില്‍
നല്ല ഒഴുക്ക് ഉള്ളതിനാല്‍ എത്ര സോപ്പും കളറും വീണാലും അതെല്ലാം
ഒഴുകി പൊക്കോളും , നല്ല കണ്ണ് നീര്‍ പോലെയുള്ള ആ വെള്ളം , അതില്‍
അവിടവിടെ ചെറു മീനുകള്‍ , വല്ലപ്പോഴും കാണുന്ന മുശിയും കാരിയും വരാലും ,
പിന്നെ പേടിപ്പിക്കാന്‍ പുളവനും .
ചിലപ്പോള്‍ തോട്ടില്‍
നിന്ന് കളിക്കുന്നത് കണ്ടു ആരെങ്കിലും വീട്ടില്‍ ചെന്ന് പറഞ്ഞു
തിരിച്ചു ചെല്ലുമ്പോള്‍ അമ്മയുടെ അടി ഇഷ്ടം പോലെ വാങ്ങിയിട്ടും ഉണ്ട് .
രാജമ്മ ചേച്ചിയുടെ കൂടെ ബക്കറ്റ് ഉം ചരുവവും ഒക്കെ എടുത്തു അവരുടെ
വീട്ടില്‍ ചെല്ലുമ്പോള്‍ ശാന്തമ്മ ചേട്ടത്തി കട്ടന്‍ കാപ്പി ഇട്ടു
തരും . വീട്ടില്‍ പറയില്ല , അറിഞ്ഞാല്‍ അടി ഉറപ്പാ . ആ വീട്ടു മുറ്റത്തു
മുഴുവന്‍ നക്ഷത്രത്തിന്റെ ആകൃതിയില്‍ വലിച്ചു കെട്ടിയിരിക്കുന്ന
അയകളില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന തുണികള്‍ എല്ലാം ചേര്‍ന്ന്
ഒരുക്കുന്ന വര്‍ണപ്രപഞ്ചം മനോഹരമായ ഒരു കാഴ്ചയാണ് . എത്ര വീട്ടുകളിലെ
തുണികള്‍ ആണ് അവിടെ വന്നു അഴുക്കു കളഞ്ഞു ശുദ്ധമായി ഉണക്കി തേച്ചു
മടങ്ങുന്നത് . കറ കളഞ്ഞു , കഞ്ഞി മുക്കി , നീലം മുക്കി , കളര് മുക്കി ,
ഒരു കുടുംബം മുഴുവന്‍ ഒരു നാട് ശുദ്ധമാക്കുന്നു .
ഞാന്‍
പത്തിലെത്തിയപ്പോഴാണ് വീട്ടില്‍ കരണ്ട് കിട്ടുന്നത് , അരീക്കരയിലെ
ആദ്യം കരണ്ട് വരുന്ന വീടുകളില്‍ ഒന്ന് . അത് തന്നെ അമ്മ എത്ര
വഴക്കുണ്ടാക്കി , അച്ഛന്‍ എത്ര നടപ്പ് നടന്നു , എത്ര പോസ്റ്റ് കല്‍
വലിച്ചാണ് അവസാനം വീട്ടില്‍ മിന്നാമിന്നു പോലെ ആ ബള്‍ബ് ആദ്യം
കത്തിയത് . പിന്നെ പതിയെ കിണറ്റില്‍ മോട്ടോര്‍ വെച്ച് ടാങ്ക് കെട്ടി
പൈപ്പ് വന്നു . അപ്പോഴും ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയും
വന്നിരുന്നു . എന്റെ "തലയില്‍ ചുമ്മുന്ന" ശീലം മാറി എന്ന് തോന്നുന്നു .
പിന്നെ വാഷിംഗ് മെഷീന്‍ വാങ്ങി . അതോടെ അലക്കാന്‍ കൊടുക്കുന്നത്
വലിയ പുതപ്പുകള്‍ മാത്രം ആയി , അതും വല്ലപ്പോഴും . വീട്ടില്‍ തന്നെ
മിക്കതും അലക്കാനും തേക്കാനും തുടങ്ങി . നെല്‍ കൃഷികള്‍ നിന്നു,
തോടുകള്‍ വറ്റി . തലയില്‍ ചതുരക്കെട്ടുമായി ദൂരെ നിന്നു വരുന്ന
ശാന്തമ്മ ചേട്ടത്തിയും രാജമ്മ ചേച്ചിയും കാണാതെ ആയി . അച്ഛന്‍ ആര്
വന്നു പൂ പറിച്ചു കൊണ്ട് പോയാലും വഴക്ക് പറയാതെ ആയി . നിക്കരുകള്‍ മാറി
ബെല്‍ബോട്ടം പാന്റുകള്‍ ആയി , അമ്മയുടെ കോട്ടന്‍ സാരികള്‍ മാറി ഷിഫോണ്‍
ആയി . തുണികള്‍ തേക്കേണ്ട എന്ന് തന്നെ എന്നായി .
വര്‍ഷങ്ങള്‍
പിന്നെയും കടന്നു പോയി , ഞാന്‍ പലവിധ നഗരങ്ങള്‍ ചേക്കേറി , ശാന്തമ്മ
ചേട്ടത്തിയും രാജമ്മ ചേച്ചിയെയും ഒക്കെ ഓര്‍ക്കാന്‍ സമയം ഇല്ലാതെയായി .
വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോള്‍ അമ്മയോടെ ചിലപ്പോള്‍
ചോദിക്കുമ്പോള്‍ " ആര് തിരക്കുന്നു , ഇപ്പൊ ആരാ തുണി അലക്കാന്‍
കൊടുക്കുന്നെ " എന്നൊരു ഒഴുക്കന്‍ മറുപടി .
ഒരു ഗള്‍ഫ്
അവധിക്കാലം , ഞാന്‍ വെറുതെ പഴയ വഴികള്‍ ഒക്കെ ഒക്കെ ഒന്ന് നടന്നു
നോക്കിയാലോ എന്ന് വിചാരിച്ചു പടിഞ്ഞാറേ ചരിവ് റോഡിലൂടെ പെരിങ്ങാട്ട
മുക്കിലേക്ക് നടന്നു , വീടുകള്‍ എല്ലാം മാറിയിരിക്കുന്നു . മിക്കതും
ഇരുനില വീടുകള്‍ . ഗള്‍ഫ് വരുത്തിയ മാറ്റം . റോഡിന്‍റെ മുകളില്‍
ശാന്തമ്മ ചേട്ടത്തിയുടെ വീട് നിന്നിരുന്ന സ്ഥലം ഇഷ്ടികയില്‍ തീര്‍ത്ത
സിമന്റ് തേക്കാത്ത സാമാന്യം വലിയ ഒരു വീട് . മുറ്റത്തു കുറെ
ചെടിച്ചട്ടികള്‍ , മോട്ടോര്‍ സൈക്കിള്‍ ഷെഡ് ഇല്‍ പോടീ പിടിച്ചു
ഇരിക്കുന്നു . പഴയ വര്‍ണ പ്രപഞ്ചം ഒക്കെ എവിടെ ? ഇനി ഇത് ശാന്ത
ചേട്ടത്തിയുടെ വീട് തന്നെ ആണോ , ഒന്ന് കയറി തിരക്കിയാലോ /
ബെല്ലടിച്ചതും ഒരു കൊച്ചു കുട്ടി സിറ്റ് ഔട്ട് ലേക്ക് വന്നു . " ഇത് ശാന്ത ചേട്ടത്തിയുടെ വീടാണോ ?"
" അമ്മൂമ്മേ , ദാണ്ടേ ആരാണ്ട് വന്നു , ആരാന്നു നോക്കിക്കേ "
" ആരാ കൊച്ചെ ഈ നേരത്ത് "
വലിയ ഒരു കട്ടി കണ്ണട വെച്ച് വടി കുത്തി നടന്നു വന്ന സ്ത്രീ അത്
ശാന്തമ്മ ചേട്ടത്തി ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി ,
ആകെ കൂനി ജരാനര ബാധിച്ചിരിക്കുന്നു അവര്‍ക്ക് ഇത്ര പ്രായം ആയോ /
" ആരാ മോനെ , മനസ്സിലായില്ല "
" ഇത് ഞാന , അനിയന്‍ , തെക്കേലെ തങ്കമ്മ സാറിന്റെ മോന്‍ , ഇപ്പൊ മനസ്സിലായോ "
ശാന്തമ്മ ചേട്ടത്തി എന്റെ കയ്യില്‍ ബലമായി പിടിച്ചു , അവരുടെ വടി
താഴെ വീണു , അവര്‍ എന്നെ കെട്ടിപ്പിടിച്ചു ഒരക്ഷരം പറയാതെ അങ്ങിനെ
നിന്നു , അവര്‍ കരയുകയാണെന്ന് എന്നിക്ക് മനസ്സിലായി , കരഞ്ഞോട്ടെ ,
ഞാന്‍ അവരെ എത്രയാ കളര് കലക്കിയും നീലം കലക്കിയും വിരിച്ച തുണിയില്‍
നടന്നും ശല്യപ്പെടുത്തിയത് ? എന്റെ കണ്ണും നിറഞ്ഞു .
അകത്തുനിന്നും മരുമകള്‍ ആണെന്ന് തോന്നുന്നു , മറ്റൊരു സ്ത്രീ വന്നു "
അമ്മെ , ആ സാറിനെ വിട് , സാറിന്റെ ഉടുപ്പും മുണ്ടും ഒക്കെ
അഴുക്കാക്കാതെ "
ശാന്തമ്മ ചേട്ടത്തി എന്തെങ്കിലും ഒന്ന് പറയാന്‍ പിന്നെയും സമയം എടുത്തു ,
" എന്റെ അനിയന്‍ മോനെ , മോന് ഈ ചേട്ടത്തിയെ എങ്ങിനെ ഓര്‍ത്തു "
" രാജമ്മ ചേച്ചി എവിടാ ചേട്ടത്തി ? "
ശാന്തമ്മ ചേട്ടത്തി പിന്നെയും ഏങ്ങലടിച്ചു കരഞ്ഞു
" അവള് അഞ്ചാറു കൊല്ലം മുന്‍പ് മരിച്ചു പോയി മോനെ , മഞ്ഞപ്പിത്തം ആയിരുന്നു , ആരും അറിഞ്ഞില്ല , കൂടി , പിന്നെ .."
പഴയ പോലെ കട്ടന്‍ കാപ്പിയല്ല , പാല്‍ ചായ .
പഴയ വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു ശാന്തമ്മ ചേട്ടത്തി ഒന്ന് കെട്ടി
പ്പിടിക്കും , പിന്നെ കരയും . തുണി അലക്കും ഒക്കെ നിര്‍ത്തിയിട്ടു എത്രയോ
വര്‍ഷങ്ങള്‍ കഴിഞ്ഞു , പതിയാന്‍ മരിച്ചു പോയിട്ട് കുറെ വര്‍ഷം
കഴിഞ്ഞിരിക്കുന്നു .
വെറുതെ നടക്കാന്‍ ഇറങ്ങിയ ഞാന്‍ പേഴ്സ്
ഒന്നും എടുത്തിരുന്നില്ല , എന്തെങ്കിലും ആ കൈയ്യില്‍ വെച്ച് കൊടുക്കാന്‍
കഴിയാഞ്ഞതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി , എന്റെ കഴുത്തില്‍ തീരെ
ചെറിയ മാല , അന്നത്തെഒരു ഗള്‍ഫ് ഫാഷന്‍ , അത് ഞാന്‍ ഊരി ആ കൈയ്യില്‍
വെച്ച് കൊടുത്തു . മറ്റൊന്നും സത്യത്തില്‍ എന്റെ കൈയ്യില്‍
ഇല്ലായിരുന്നു . ഒരുപാട് നിര്‍ബധിച്ചു ഞാന്‍ അവരെക്കൊണ്ടു അത്
വാങ്ങിപ്പിച്ചു . അവരുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കണ്ടു ഞാന്‍ ആ
വീടിന്റെ പടിയിറങ്ങി , അന്തം വിട്ടു നില്‍ക്കുന്ന അവരുടെ മരുമകള്‍
നോക്കി നില്‍ക്കെ ,
ആ തുണികള്‍ അലക്കിയിരുന്ന പഴയ തോടും ഒക്കെ
വറ്റി വരണ്ടിരിക്കുന്നു ,പകരം കുറ്റിക്കാടുകള്‍ മാത്രം ,തെങ്ങും
തോപ്പില്‍ നിലത്തു വിരിച്ചു ഉണക്കാന്‍ ഇട്ടിരിക്കുന്ന വിവിധ നിറം
വസ്ത്രങ്ങള്‍ക്ക് പകരം കരിയിലയും കുറെ റബ്ബര്‍ മരങ്ങളും l മാത്രം .
ഞാന്‍ തിരിഞ്ഞു നോക്കി , ശാന്ത ചേട്ടത്തി വടിയും കുത്തി അവിടെത്തന്നെ നില്‍പ്പുണ്ട് . എന്നെ നോക്കി
ഞാന്‍ ഇട്ടിരിക്കുന്ന വെളുത്ത ഷര്‍ട്ട് ഞാന്‍ വെറുതെ നോക്കി തിരികെ നടന്നു
"കഞ്ഞി മുക്കണേ , നീലം പിഴിയനെ , കറ കളയണേ, തേച്ചു മടക്കി സമയത്തിനു കൊണ്ട് തരണേ "
Sunday, 1 July 2012
നാക്കള്ളം
ഞാന്‍
പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ബസ് കാത്തു കാലം തൊട്ടാണ് വേലപ്പന്‍
ചേട്ടനെ കാണാന്‍ തുടങ്ങിയത് , അച്ഛന്റെ ഒരു പരിചയക്കാരന്‍
ആയിരുന്നതിനാല്‍ അത്യാവശ്യം കുശലം ഒക്കെ നടത്തും. വേലപ്പന്‍
ചേട്ടന്‍ മുന്‍പ് പട്ടാളത്തില്‍ ആയിരുന്നു . രണ്ടു മക്കളും നേഴ്സ് ആയി
അമേരിക്കയില്‍ , ഭാര്യ വളരെ മുന്‍പേ മരിച്ചു പോയി . വേലപ്പന്‍ .
സ്വന്തം പെന്‍ഷനും മക്കള്‍ അയച്ചു കൊടുക്കുന്ന കാശും കുറെ തെങ്ങും
റബ്ബര്‍ ഉം ഒക്കെ ആയി വേലപ്പന്‍ ചേട്ടന് സംഗതി കുശാലാണ് . മക്കള്‍
അമേരിക്കയില്‍ കൊണ്ടുപോകാം എന്നൊക്കെ പല തവണ പറഞ്ഞു നോക്കി , വേലപ്പന്‍
അമ്പിനും വില്ലിനും അടുക്കില്ല . കുളിച്ചു കുട്ടപ്പനായി വെളുത്ത
മുണ്ടും ഷര്‍ട്ടും ഒക്കെ ഇട്ടു വേലപ്പന്‍ ചേട്ടന്‍ മിക്കദിവസവും ബസ്
കാത്തു നില്‍ക്കുന്നത് കാണാം . വേലപ്പന്‍ ചേട്ടന് ഒറ്റ പ്രശ്നമേ ഉള്ളൂ ,
" എവിടെ പ്പോവാ വേലപ്പന്‍ ചേട്ടാ " എന്നെങ്ങാനം ചോദിച്ചാല്‍ ആളുടെ
മുഖം ഒന്ന് കറക്കും , പിന്നെ വായില്‍ വരുന്ന ഒരു സ്ഥലം പറയും .
ചിലപ്പോള്‍ " ഓ ചുമ്മാ നിക്കുവാ " അല്ലെങ്കില്‍ " ദാ പോസ്റ്മാനെ
നോക്കി നിക്കുവാ " എന്നൊക്കെ തട്ടി വിടും .
" കൊട്ടാരക്കര വരെ പോവാ , ഒരു പശുവിനെ വാങ്ങാന്‍ " ,
" അതിനു ബസ് അപ്പറത്തെ സൈഡ് അല്ലെ ചേട്ടാ "
" ഓ , വെയിലാ , ബസ് വരുമ്പോ ആങ്ങോട്ടു പോയാല്‍ മതിയല്ലോ "
സത്യത്തില്‍ വേലപ്പന്‍ ചേട്ടന്‍ എവിടെ പോവാണെന്ന് ഒരിക്കലും പറയില്ല .
കോട്ടയത്ത് പോവാന്‍ നിക്കുകയാനെങ്കില്‍ കൊട്ടാരക്കരയും പന്തളത്ത്
പോവാന്‍ നിക്കുകയാനെങ്കില്‍ ചങ്ങന്നാശ്ശേരിയും എന്നെ പറയൂ , ഞങ്ങള്‍
കോളേജില്‍ പോകാന്‍ നില്‍ക്കുന്ന കുട്ടികള്‍ എങ്ങിനെയോ ഒടുവില്‍ ആ
രഹസ്യം മണത്തറിഞ്ഞു. വേലപ്പന്‍ ചേട്ടന്‍ ദൂരെ സ്ഥലങ്ങളില്‍ ഉള്ള
പ്രസിദ്ധമായ കള്ളുഷാപ്പുകള്‍ തിരക്കി പോവുന്നതാണ് , കുമരകം , കരിമ്പിന്‍
കാല , കുരമ്പാല , കൊട്ടാരക്കര , അതാണ് വേലപ്പന്‍ ചേട്ടന്റെ ഇഷ്ട വിനോദം .
ലോകത്തില്‍ ഒരു മനുഷ്യര്‍ അറിയാതെ ഇങ്ങനെ പേരുകേട്ട കള്ളുഷാപ്പുകള്‍
അരിച്ചു പെറുക്കി കണ്ടു പിടിച്ചു യാത്രയാണ് . ഇഷ്ടം പോലെ കുടിച്ചും
ഇഷ്ട വിഭവങ്ങള്‍ കഴിച്ചും ഒക്കെ വേലപ്പന്‍ ചേട്ടന്‍ ആരുമറിയാതെ
സന്ധ്യയോടെ തിരിച്ചു ബസ് ഇറങ്ങും . അങ്ങിനെ ഞങ്ങള്‍ കുട്ടികള്‍
വേലപ്പന്‍ ചേട്ടനെ " നാക്കെടുത്താല്‍ കള്ളം " എന്ന വാക്കിന്റെ ചുരുക്ക
പേരായ " നാക്കള്ളം" എന്ന് കോട് ഭാഷ നല്‍കി വിളിക്കാന്‍ തുടങ്ങി .
വേലപ്പന്‍ ചേട്ടനെ കാണുന്നതും " ഇന്നെങ്ങോട്ടാ ചേട്ടാ ?" എന്ന്
ചോദിക്കേണ്ട താമസം " അറിഞ്ഞിട്ടു എന്തോ വേണം , ഞാന്‍ ഐ ജിയെ
ക്കാണാന്‍ തിരുവന്തോരത്ത് പോവാ, എന്താ വരുന്നോ ? "
" അത് ശരി ,
അപ്പൊ ഐ ജീ യുടെ കൂടെയാ ഇന്ന് കള്ളുകുടി " അത് കേട്ടതും വേലപ്പന്‍
ചേട്ടന്‍ ഒരു ചമ്മലോടെ " പോയിനെടാ, പോയി കാളേജില്‍ പോയി രണ്ടക്ഷരം
പഠിക്കാന്‍ നോക്ക് " എന്ന് പറഞ്ഞു ഞങ്ങളെ വിരട്ടി വിടും .
ഹരിശ്ചന്ദ്രന്റെയും ഗാന്ധിജിയുടെയും കഥകള്‍ വായിച്ചു പുളകം
കൊള്ളുമെങ്കിലും നമ്മള്‍ ഒരു ദിവസം ചെറുതും വലുതും ആയ എത്ര കള്ളങ്ങള്‍
ആണ് പറയുന്നത് . ഒരു ദിവസമെങ്കിലും ഒരു കള്ളം എങ്കിലും പറയാത്ത
ആരെങ്കിലും ഉണ്ടാവുമോ , എനിക്കറിയില്ല . വല്ല യോഗികളും കാണുമായിരിക്കും
.
" കൊച്ചെ , ആര് വിളിച്ചാലും ഞാന്‍ ഇവിടില്ലന്നു പറഞ്ഞേക്കണം "
എന്ന് മകളോട് പറയുന്ന അച്ഛനും , " നാളെ കല്യാണത്തിന്‍ പോവാന്‍
ഉള്ളതിനാല്‍ " നാളെ പനി ആണെന്ന് സ്കൂളില്‍ പറഞ്ഞാല്‍ മതി " എന്ന്
മകനോട് പറയുന്ന അമ്മയും എല്ലാം പലതരം കള്ളങ്ങള്‍ പറയാനും സത്യങ്ങള്‍
പറയാതിരിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക തന്നെ ആണ് .
ചിലപ്പോള്‍ കള്ളങ്ങള്‍ പറയുന്നത് ചെറിയ കാര്യങ്ങളില്‍ ആയിരിക്കും ,
താല്‍ക്കാലികമായി ഒന്ന് പിടിച്ചു നില്‍ക്കാനോ മുഖം രക്ഷിക്കാനോ അഭിമാനം
രക്ഷിക്കാനോ ട്രെയിനില്‍ സീറ്റ് കിട്ടാനോ ബസിന്റെ ക്യൂ തെറ്റിച്ചു
പെട്ടന്ന് അകത്തു കയറാനോ ഒക്കെ ആയിരിക്കും . അതൊന്നും തെറ്റാണ്
അന്ന് നമുക്ക് തോന്നാറും ഇല്ല .
എന്റെ കുട്ടിക്കാലത്ത് ചെറിയ
ചെറിയ മോഷണങ്ങള്‍ നടത്തി ചെറിയ ചെറിയ വരുമാനം സംഘടിപ്പിക്കരുണ്ടാ
യിരുന്നു . പിടിക്കപ്പെടുമ്പോഴെല്ലാം അതി കഠിനമായ ശിക്ഷയും
കിട്ടുമായിരുന്നു . അന്ന് ആഗ്രഹങ്ങള്‍ ചെറുതായിരുന്നു , " ഒരു ചന്ദ്രക്കല
മിട്ടായി , ഒരു കപ്പലണ്ടി മിട്ടായി , ഒരു ഗ്യാസ് മുട്ടായി , ഒരു
ഉണ്ണിയപ്പം, ഒരു ബോണ്ടാ " ഇത്തരം ആവശ്യങ്ങള്‍ക്ക് ബെഡ് ജെറ്റ് കണ്ടു
പിടിക്കുക എന്ന പണിയാണ് പലപ്പോഴും ചെറു മോഷണങ്ങളില്‍ ചെന്ന്
അവസാനിക്കുന്നത് . സത്യം പറഞ്ഞാല്‍ അടി, കള്ളം പറഞ്ഞാല്‍ ഇരട്ടി അടി ,
അതായിരുന്നു വീട്ടിലെ സ്ഥിതി .
ഒരിക്കല്‍ മണ്ണെണ്ണ വാങ്ങി
വരുമ്പോള്‍ ബാക്കി വന്ന ഒരു പത്ത് പൈസ ഒരു കയ്യാല പൊത്തില്‍
ഒളിപ്പിച്ചു വീട്ടില്‍ പരുങ്ങി പരുങ്ങി വന്നു കയറി . ബാക്കി
ചോദിച്ചതും " രണ്ടു രൂപയ്ക്കു മണ്ണെണ്ണ വാങ്ങി " എന്ന് പറഞ്ഞു .
അച്ഛന്‍ പട്ടാളം ആയതിനാല്‍ മറുപടി കേട്ടപ്പോഴേ ഒരു കള്ളം മണത്തു..
വന്ന പോലെ എന്നെ കൊണ്ട് റേഷന്‍ കടയിലേക്ക് നടന്നു, റേഷന്‍ കടയില്‍
നല്ല ആളുള്ള നേരം , ഞാന്‍ പരുങ്ങി നില്‍ക്കുക ആണ് . അച്ഛന്‍
അകത്തേക്ക് പോയി " ഇവന്‍ ഇപ്പൊ എത്ര രൂപയ്ക്കു മണ്ണെണ്ണ വാങ്ങിയത് ?
"
" എന്താ സാറെ , ഒരു രൂപ തൊണ്ണൂറു പൈസ , ബാക്കി പത്ത് പൈസ അനിയന് കൊടുത്തല്ലോ "
അച്ഛന്റെ കൈയ്യിലെ ചൂരവടി അപ്പോഴാണ് ഞാന്‍ കാണുന്നത് , ആളുകള്‍
മുഴുവന്‍ നോക്കി നില്‍ക്കെ തുടങ്ങിയ അടി വീട്ടിലെത്തുവോളം , കയ്യാല
പോത്ത് കാണിച്ചു കൊടുക്കാന്‍ അവിടുന്ന് അടി , ചോര വരുന്നത് വരെ ,
അങ്ങിനെ എത്ര എത്ര അടികള്‍ , എത്ര എത്ര ചോരപ്പാടുകള്‍ .
ചിലപ്പോള്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്തവരുണ്ട് , അങ്ങിനെ
അവര്‍ക്ക് യോജിച്ച കള്ളങ്ങള്‍ പറഞ്ഞു ശീലിക്കുന്നവരുണ്ട്.
എനിക്കറിയാവുന്ന ഒരു ബാങ്ക് മാനേജര്‍ വൈകി വീട്ടില്‍ എത്തിയാല്‍
ഉടന്‍ ഭാര്യ ചോദ്യം ചെയ്യല്‍ കാരണം അവസാനം വൈകുമ്പോള്‍ ഒക്കെ
മറ്റെന്തെങ്കിലും കാരണം പറഞ്ഞു വഴക്ക് ഒഴിവാക്കുന്നത് അറിയാം .
സത്യത്തില്‍ വന്ന വഴി പഴയ സുഹൃത്തിനെയോ സഹാപാറിയെയോ ആയിരിക്കും അയാള്‍
കണ്ടത് , പക്ഷെ ഭാര്യക്ക് സംശയം ആകേണ്ട എന്ന് കരുതി മാനേജര്‍ ഹെഡ്
ഓഫീസിലേക്ക് വിളിപ്പിച്ചു , ഇന്ന് മറ്റൊരു ബാങ്കില്‍ പരിശോധനക്ക്
പോയി എന്ന് തുടങ്ങിയ കള്ളങ്ങള്‍ പറയുന്നത് വീട്ടില്‍ സമാധാനം കിട്ടും
എന്ന നിലയായി . ഇതേ അവസ്ഥ തിരിച്ചുമാകാം , വൈകി വീട്ടിലെത്തിയാല്‍
ഭര്‍ത്താവ് ചോദ്യം ചെയ്യുന്ന രീതി ഒഴിവാക്കാന്‍ കള്ളങ്ങള്‍ പറഞ്ഞു
തുടങ്ങാം ,
കാലം മാറിയതോടെ കള്ളങ്ങള്‍ പറയുന്നതില്‍
തെറ്റില്ലന്നു മാത്രമല്ല , പ്രായോഗിക ജീവിതത്തില്‍ ആവശ്യവും ആണെന്ന നില
വന്നു . ബിസിനസ് കാര്യങ്ങളില്‍ , മാര്‍ക്കറ്റ് ങ്ങില്‍, ആശുപത്രിയില്‍
, കോടതിയില്‍ , ഒക്കെ കള്ളങ്ങള്‍ പലവിധം സന്ദര്‍ഭങ്ങള്‍ അനുസരിച്ച്
പറയാന്‍ ഇന്ന് നാം ശീലിച്ചു കഴിഞ്ഞു .
ഞാന്‍ ആദ്യം
മുംബയില്‍ ജോലി ചെയ്തതത് ഒരു പഞ്ചാബി കമ്പനിയില്‍ ആയിരുന്നു , എന്റെ
കമ്പനി ഉടമസ്ഥന്‍ ഫോണില്‍ പറയുന്ന കള്ളങ്ങള്‍ കേട്ട് ഞാന്‍ ആദ്യത്തെ
കുറെ ദിവസം അന്തം വിട്ടു നിന്നിട്ടുണ്ട് .
: ഞാന്‍ ഇന്നലെ
ജപ്പാനില്‍ ആയിരുന്നു " " ഞാന്‍ നാളെ അമേരിക്കക്ക് പോവുന്നു " എന്ന്
തുടങ്ങി നിരവധി ഹൈ ടെക്ക് കള്ളങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. നല്ല
മാനേജര്‍ എന്നാല്‍ നല്ല കള്ളം, കള്ളം അല്ല എന്ന് തോന്നാത്ത വിധം
പറയണം എന്ന് ആദ്യം കേട്ടു തുടങ്ങിയത് അവിടെയാണ് . ഞങ്ങളുടെ എം ആര്‍ ഐ
വാങ്ങാന്‍ വരുന്ന വലിയ ആശുപത്രികളുടെ ഉടമസ്ഥരായ വിദഗ്ധഡോക്ടര്‍
മാര്‍ പറയുന്ന വിദഗ്ധമായ കള്ളങ്ങള്‍ കേട്ടാല്‍ ബോധം കെടുത്താന്‍
മയക്കു മരുന്ന് ഒന്നും വേറെ ആവശ്യമില്ല . അതെല്ലാം ബിസിനസ്
അല്ലെങ്കില്‍ ജീവിതത്തിന്റെ ഭാഗം ആയി മാറി . സത്യമായ നല്ല കള്ളം
പറയുന്നവന്‍ വിജയിക്കുന്ന ലോക നീതി നാം ശീലിച്ചു കഴിഞ്ഞു .
നമുക്ക് ഏറ്റവും അടുപ്പമുള്ള ആള്‍, അത് ഭാര്യ , ഭര്‍ത്താവു , കാമുകി,
കാമുകന്‍ , മകന്‍ , മകള്‍ , സഹോദരി , സുഹൃത്ത് നമ്മളോട് കള്ളം പറഞ്ഞു
എന്ന് നമുക്ക് ബോധ്യം വരികയോ സംശയം വരികയോ ചെയ്‌താല്‍ അത് ചിലപ്പോള്‍
നമ്മളെ തളര്ത്തുകയോ തകര്‍ക്കുകയോ തന്നെ ചെയ്തേക്കാം . എത്ര കള്ളം
പറഞ്ഞു ശീലിച്ച ആളും സ്വയം ആ സ്ഥാനത്ത് വരുമ്പോള്‍ അത് സഹിക്കാന്‍
പറ്റി എന്ന് വരികയില്ല ., പിന്നെ എന്തിനു കള്ളം പറഞ്ഞു , കള്ളമാണോ
പറഞ്ഞത് , കള്ളമാണെങ്കില്‍ പിന്നെ സത്യം എന്താണ് എന്ന് വേണ്ട നമ്മള്‍
പിന്നെ രഹസ്യപ്പോലിസിന്റെ പണി വരെ ഏറ്റെടുക്കും . ചിലര്‍ കള്ളം
തെളിയിക്കാന്‍ എന്ത് സാഹസവും ചെയ്യും !
പണ്ട് ഒരു കള്ളം
തെളിയിക്കാന്‍ എന്റെ അച്ഛന്‍ എന്നെ അടിച്ചു കള്ളം തെളിയിച്ചത് പോലെ
മര്‍ദ്ദനവും , സാക്ഷികളും സാഹചര്യ തെളിവുകളും ഒക്കെ വേണമായിരുന്നു .
ഇന്ന് കള്ളം തെളിയിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ നിരവധിയാണ് . ഒളി
ക്യാമറ , ലൈ ഡിറ്റ്‌ക്ടര്‍ ടെസ്റ്റ് , നാര്‍കോ ടെസ്റ്റ് എന്ന് വേണ്ട
എന്തെല്ലാം മാര്‍ഗങ്ങള്‍ ആണ് . കള്ളം തെളിയിക്കാന്‍ സംശയിക്കുന്ന
ആളിന്റെ അടുത്ത് പോലും പോവണ്ട എന്ന സ്ഥിതി ആണ് .
മുംബയിലെ
എന്റെ സഹപാറിയും എഞ്ചിനീയറിംഗ് ഒന്നാം റാങ്ക് ക്കാരനുമായ മനോജ് കരം
നടത്തുന്ന ഒരു റിസര്‍ച്ച് ലാബു ഞാന്‍ ഈയിടെ സന്ദര്‍ശിച്ചു . അദ്ദേഹം
ഡെവലപ്പ് ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ പ്രധിരോധ സേനക്കും പോലീസിനും
ഒക്കെ വേണ്ടി യുള്ള ചില വര്‍ക്ക് കള്‍ ആണ് . അതില്‍ പ്രധാനം മൊബൈല്‍
ട്രാക്കിംഗ് എന്നൊരു സംവിധാനം ഞാന്‍ കണ്ടു അന്തം വിട്ടു നിന്ന്,
നമ്മുടെ മൊബൈല്‍ ഏതു സ്ഥലത്ത് എപ്പോള്‍ ഉണ്ടായിരുന്നു എന്ന് ഗൂഗിള്‍
മാപ്പിലോ സാറ്റലൈറ്റ് മാപ്പിലോ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന
ഒന്നാണിത് . ഒരു കുറ്റകൃത്യം നടന്ന സ്ഥലം അവിടെ ലഭ്യമായിരുന്നതോ
അറിവുള്ളതോ ആയ മൊബൈല്‍ ഫോണ്‍ സെറ്റുകള്‍ മൊബൈല്‍ ടവര്‍ സിഗ്നല്‍
ഉപയോഗിച്ച് ട്രാക്ക് ചെയ്യുക വഴി ആരൊക്കെ എവിടൊക്കെ സഞ്ചരിച്ചു
എന്ന് കണ്ടുപിടിക്കാം എന്നത് എത്ര എത്ര കുറ്റങ്ങള്‍ ആണ്
തെളിയിക്കാന്‍ സഹായിക്കുന്നത് . " ഞാന്‍ സംഭവം നടക്കുമ്പോള്‍
സ്ഥലത്ത് ഉണ്ടായിരുന്നില്ല " എന്ന വാദം പല കുറ്റവാളികളും
ഉപയോഗിക്കുന്നത് ഈ മൊബൈല്‍ ട്രാക്കിംഗ് ല്ലൂടെ ആ സമയം ആ നമ്പര്‍
എവിടെ ആയിരുന്നു എന്ന് ട്രാക്ക് ചെയ്യുന്നതോടെ പൊളിയും . ഏകദേശം ഒരു
മീറ്റര്‍ കൃത്യതയോടെ, ഏതു കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന് വരെ ഒരു
മൊബൈല്‍ ട്രാക്ക് ചെയ്യാം എന്നാണു പറയപ്പെടുന്നത് . ഇതൊന്നും
പൊതുജനത്തിനു തല്ക്കാലം ഉപയോഗിക്കാന്‍ അനുവദനീയമാകും എന്ന്
തോന്നുന്നില്ല , കാരണം ഇതില്‍ ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള
കടന്നു കയറ്റം തുടങ്ങിയ പല സങ്കീര്‍ണ വിഷയങ്ങളും ഇത്തരം ട്രാക്കിംഗ്
ല്‍ ഉണ്ട് . അല്ലെങ്കില്‍ മീറ്റിങ്ങിനു അന്നെന്നു പറഞ്ഞു പോയ
ഭര്‍ത്താവ് ഷോപ്പിംഗ് മാളിലോ ബിയര്‍ ബാറിലോ ഇരിക്കുന്നത് ഭാര്യ
കണ്ടു പിടിച്ചാലോ ട്യൂഷന്‍ നു പോവാ എന്ന് പറഞ്ഞു പോവുന്ന മകന്‍ സിനിമാ
ഹാളില്‍ ഇരിക്കുകുന്നത് അച്ഛന്‍ കണ്ടുപിടിച്ചാലോ ഉള്ള അവസ്ഥ
എന്തായിരിക്കും . ഗൂഗിള്‍ ലാറ്റിട്ട്യൂഡ് പോലുള്ള ചില സൈറ്റ് കള്‍
മൊബൈല്‍ ഇരിക്കുന്ന സ്ഥലം കണ്ടപിടിക്കാന്‍ സഹായിക്കും എങ്കിലും
അതിനെല്ലാം പല പരിമിതികള്‍ ഉണ്ട് .
ചുരുക്കത്തില്‍ " ഞാന്‍ അവിടാ ,
ഇവിടാ" , തുടങ്ങിയ കള്ളങ്ങള്‍ പറയുന്നത് മൊബൈല്‍ കയ്യില്‍ വെച്ച്
കൊണ്ട് ആണെങ്കില്‍ ചിലപ്പോള്‍ ആരെങ്കിലും ഇത്തരം ട്രാക്കിംഗ് ലൂടെ
നിങ്ങള്‍ ശരിക്കും ഉണ്ടായിരുന്ന സ്ഥലം കണ്ടു പിടിച്ചാല്‍ ശരിക്കും
പണി കിട്ടിയത് തന്നെ എന്ന് ഇനി ഓര്‍ക്കേണ്ടി വരും .
വേലപ്പന്‍ നായര്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി , പറഞ്ഞ
കള്ളങ്ങള്‍ എല്ലാം അതോടെ മന്‍മറയുകയും ചെയ്തു . ഇപ്പോള്‍ മൊബൈല്‍
ട്രാക്കിംഗ് ഉള്ള ഒരു കാലം ആയിരുന്നു വേലപ്പന്‍ നായര്‍ ഉണ്ടായിരുന്നു
എങ്കിലോ ,
" അനിയാ ഞാന്‍ ഇന്നലെ കോഴിക്കോട്ടു വരെ ഒന്ന് പോയി , ,
" വേലപ്പന്‍ ചേട്ടാ .. ആ മൊബൈല്‍ നമ്പര്‍ ഒന്ന് തന്നെ "
"വേലപ്പന്‍ ചേട്ടാ , വേല കയ്യില്‍ ഇരിക്കട്ടെ , എന്റെ മേശപ്പുറത്തു വെച്ചിരിക്കുന്ന കുന്ത്രാണ്ടം ഒന്ന് നോക്കിയേ
ചേട്ടന്‍ രാവിലെ ഏഴു മണിക്ക് ബസില്‍ കയറി ചെങ്ങന്നൂര് ഇറങ്ങി ,
അവിടെ നിന്ന് എഴരക്ക് ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷന്‍ എത്തി ,
അവിടെനിന്നു ഏറ്റു മണിക്ക് വേണാടിനു കോട്ടയത്ത് പോയി , അവിടെ നിന്ന്
ഓട്ടോ പിടിച്ചു പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി , അവിടെ നിന്നും 9 30
നു കമരകത്ത് എത്തി, ബോട്ട് ജെട്ടി ഒന്ന് കറങ്ങി , പിന്നെ ...
ശരിക്ക് കാണുന്നില്ല .. ആ കള്ള് ഷാപ്പില്‍ കയറി , 11 മണിക്ക്
തോട്ടപ്പള്ളി ബസില്‍ എത്തി , 12 മണി വരെ കല്‍പ്പക വാടി, അവിടെ നിന്ന്
രണ്ടു മണിക്ക് ആലപ്പുഴ , പിന്നെ 3 മണിക്ക് ചെങ്ങന്നൂര്‍ ഫാസ്റ്റ് ,
അഞ്ചു മണിക്ക് മുളക്കുഴ ഓട്ടോ പിടിച്ചു ഇറങ്ങി , അഞ്ചരക്ക് നാല്
കാലില്‍ വീട്ടിലെത്തി . "
പധോം ... അത് വേലപ്പന്‍ നായര്‍ ബോധം കെട്ടു വീഴുന്ന ശബ്ദം ആയിരുന്നു .
ദാ കിടക്കുന്നു പാവം " നാക്കള്ളം "
Subscribe to:
Posts (Atom)