Saturday, 15 February 2014

തെക്കേമല വല്ല്യമച്ചി





അച്ഛന് ഏഴു അപ്പച്ചിമാർ ഉണ്ടായിരുന്നു . കുട്ടിക്കാലത്ത് തന്നെ അച്ഛന് അമ്മയെ നഷ്ടപ്പെട്ടു പോയതിനാൽ ഈ അപ്പചിമാരും അച്ഛന്റെ മൂത്ത സഹോദരി നളിനി അപ്പച്ചിയും കൂടിയാണ് അച്ഛനെ വളർത്തി വലുതാക്കിയത് . അതിനാൽ ഈ പ്രായത്തിലും അച്ഛന്റെ ഏതെങ്കിലും ഒരു അപ്പചിയെ പറ്റി ചോദിച്ചാൽ അച്ഛന്റെ മുഖം വിടരുകയും അത് ഒടുവിൽ കണ്ണ് നിറയുന്നതിൽ അവസാനിക്കുകയും ചെയ്യും . അച്ഛന്റെ നാലാമത്തെ അപ്പച്ചിയാണ് തെക്കേമല എന്ന് വിളിക്കുന്ന അരീക്കര തന്നെയുള്ള വീട്ടിലെ വല്യമ്മച്ചി . കുറുമ്പ എന്ന് വിളിച്ചിരുന്ന ഈ അപ്പച്ചിയെ ഒരിക്കലെ ഞാൻ കണ്ടതായി ഓർക്കുന്നുള്ളൂ. തീരെ കുട്ടിയായിരിക്കുമ്പോൾ നളിനി അപ്പച്ചിയും മൂത്ത മകൾ പൊന്നമ്മ ചേച്ചിയും കൂടെ ആണ് തെക്കേ മലയിൽ പോയത് . പെരിങ്ങാട്ട മുക്കും കഴിഞ്ഞു തോട്ടിന്റെ കരയിലൂടെ നടന്നു പിന്നെ കുത്തനെ കിടക്കുന്ന ഒരു മല കയറി വേണം തെക്കേ മല എത്താൻ . അന്ന് കയറിപ്പോവാൻ ചെങ്കല്ലിൽ ചില കൊത്തുകൾ മാത്രമുള്ള ആ കയറ്റം കയറാനും ഇറങ്ങാനും അപ്പച്ചിയും ചേച്ചിയും നന്നേ പണിപ്പെട്ടു . മല കയറി ചെല്ലുമ്പോൾ കാണുന്ന ഒരു ചെറിയ ഓടിട്ട വീടാണ് തെക്കേമല . തെക്കുള്ള മലയുടെ മുകളിൽ ആയതു കൊണ്ടായിരിക്കും അതിനു തെക്കേമല എന്ന് പേര് വന്നത് . അന്ന് വലിയ നീളമുള്ള മുടിയും മറക്കാത്ത മാറും ഉള്ള ആ വല്യമ്മച്ചിയുടെ കാലിൽ പോകാൻ നേരം അപ്പച്ചിയും പൊന്നമ്മ ചേച്ചിയും തൊട്ടു തൊഴുതതു കണ്ട ഒരു ഓര്മ ഉണ്ട് . അപ്പോൾ വല്ല്യമ്മച്ചിക്കു എണ്പതു വയസ്സെങ്കിലും കാണും , എനിക്ക് എട്ടു വയസ്സും . പിന്നെ വല്ല്യമച്ചി മരിച്ചു കുറെ നാൾ കഴിഞ്ഞാണ് അച്ഛൻ പട്ടാളത്തിൽ നിന്നും അവധിക്കു വന്നപ്പോൾ പോയതും .
വല്ല്യമച്ചി താമസിച്ചിരുന്നത് , കരുണാകരൻ അച്ഛാച്ചൻ എന്ന് ഞങ്ങൾ കുട്ടികൾ വിളിക്കുന്ന മൂത്ത മകന്റെ കൂടെ ആയിരുന്നു . പഴയ കാല ചലച്ചിത്ര നടൻ ബാലൻ കെ നായരുടെ ഒരു മട്ടും ഭാവവും ഒക്കെ ആണ് . " ഡാ .." എന്ന എട്ടു ദിക്കും പൊട്ടുന്ന ആ വിളി കേട്ടാൽ കുട്ടികൾ അല്ല അവിടെ പണിയെടുക്കുന്ന കർഷക തൊഴിലാളികളും ഞെട്ടും . പുഞ്ചയും പാടവും തെങ്ങും തോപ്പും കര കൃഷിയും ഒക്കെ ഉണ്ടായിരുന്ന സമൃദ്ധമായ ആ കാലത്തെ ഒരു കര പ്രമാണി തന്നെ ആയിരുന്നു അച്ചാച്ചൻ . രാവിലെ കുളിച്ചു കുറിയിട്ട് ചെവിപ്പുറകിൽ തുളസി ഇല ചൂടി ഖാദർ ഉടുപ്പും കാവ് മുണ്ടും ഉടുത്തു ലെതെർ ചെരുപ്പും ഇട്ടു കാലൻ കുടയും പിടിച്ചു തോട്ടിന്റെ കരക്ക്‌ കൂടി വരുന്ന ആ വരവ് കണ്ടാൽ ആറാം തമ്പുരാൻ വരുന്നത് പോലെ ആണന്നെ പറയൂ . അത്ര ഗാംഭീര്യവും ഉയർന്ന ശബ്ദവും എല്ലാം കൂടി ചേർന്ന ആ വരവും പോക്കും ഞങ്ങൾ കുട്ടികൾ നോക്കി നിന്നിട്ടുണ്ട് . പെരിങ്ങാട്ട മൂപ്പീന്നിന്റെ കടയിൽ നിന്ന് സാധനം വാങ്ങാൻ വരുമ്പോൾ നാണുവിന്റെ മാടക്കടയുടെ മുൻപിൽ ഇട്ടിരിക്കുന്ന ബഞ്ചിൽ ഇരുന്നു മാതൃഭൂമി ഉറക്കെ വായിക്കുന്നത് കേൾക്കാം. അന്ന് അവിടെ തനിനിറവും വരുത്തുമെങ്കിലും അച്ചാച്ചൻ മാതൃഭൂമി മാത്രമേ വായിക്കൂ . ഇടയ്ക്കിടെ വഴിയെ പോകുന്നവരെ ശകാരിക്കുകയോ ഉപദേശിക്കുകയോ ഒക്കെ ചെയ്യും . ചിലപ്പോൾ അടുത്തുള്ള തെങ്ങിന്റെ തണലിൽ ഇരുന്നു ചീട്ടു കളിക്കുന്നതും കാണാം . ഒരിക്കൽ അങ്ങിനെ ചീട്ടു കളിച്ചു കൊണ്ടിരുന്നപ്പോൾ പോലീസ് ജീപ്പ് വരുന്നത് കണ്ടു കൂടെ കളിച്ചു കൊണ്ടിരുന്നവരെല്ലാം താഴെ പാടവരമ്പത്തേക്ക് ഓടി രക്ഷപെട്ടു , അച്ഛാച്ചൻ മാത്രം ചീട്ടും പിടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു . " നിങ്ങൾ എന്തിനാ അവരെ ഓടിച്ചു വിട്ടത് " എന്ന് ചോദിച്ചപ്പോൾ പോലീസ് കാരൻ ചിരിച്ചു കൊണ്ട് തിരിച്ചു പോയത്രേ .

അച്ചാച്ചന് പലതരം കൃഷികളും പാട്ടത്തിനു കൊടുക്കലും മാത്രമല്ല , നാട്ടു വൈദ്യവും തേനീച്ച കൃഷിയും ഒക്കെ ഉണ്ടായിരുന്നു . അച്ഛൻ പട്ടാളത്തിൽ നിന്ന് തിരിച്ചു വന്നു കൃഷി തുടങ്ങിയ കാലം പാക്ക് തേങ്ങയും വിത്ത് വിതക്കാൻ നെല്ലും പയറും മുതിരയും എള്ളും ഒക്കെ തെക്കെമലയിൽ നിന്ന് അയ്യപ്പനെ വിട്ടു വരുത്തിച്ചിട്ടുണ്ട്. അങ്ങിനെ എന്നെയും മുതിര വിത്തിനൊ തെങ്ങും തൈ വാങ്ങാനോ ഒക്കെ അയ്യപ്പൻറെ കൂടെ വിടും . പെരിങ്ങാട്ട മുക്കിനു നിന്ന് അച്ചാച്ചനെ കണ്ടു പിന്നെ എന്നെയും കൂട്ടി അച്ചാച്ചൻ തെക്കെമലയിലെക്കു പോകും . അയ്യപ്പൻ പെരിങ്ങാട്ട മുക്കിനു അടുത്ത് തന്നെ താമസിക്കുക ആയതിനാൽ അയ്യപ്പനെ വിളിക്കേണ്ടതും എന്റെ ജോലി ആണ് . ഞാൻ ഒരു കാലി ചാക്കോ കുട്ടയൊ എടുത്തു വീട്ടില് നിന്നും ഇറങ്ങിയാൽ മതി . അത്തരം യാത്രകൾ ഒക്കെ എനിക്ക് വലിയ ഇഷ്ടവും ആണ് . ചെല്ലുന്ന വീട്ടിലൊക്കെ എന്തെങ്കിലും കഴിക്കാനോ കളിക്കാനോ ഉണ്ടാവും . അവിടെ വളര്ത്തുന്ന തത്തയെയൊ മാടത്തെയോ കളിപ്പിക്കും , അതുമല്ലെങ്കിൽ ആട്ടിൻ കുഞ്ഞുമായൊ പശുക്കിടാവുമായോ കളിച്ചു രസിക്കാം . തിരികെ വീട്ടില് എത്തുമ്പോൾ ഇതിന്റെ എല്ലാം ചേർത്തു നല്ല തല്ലു വാങ്ങുകയും ആകാം .

തെക്കെമലയിൽ പോകുന്ന കാര്യം പറയുമ്പോഴേ എന്റെ വായിൽ വെള്ളമൂറും . കാരണം അച്ഛാച്ചൻ അവിടെ ചെന്നാൽ
" എടീ , തങ്കപ്പന്റെ രണ്ടാമത്തെ മോൻ വന്നിട്ടുണ്ട് , മഹാ ചട്ടമ്പിയാ .. നീ അവനു വല്ലതും കൊടുക്ക്‌ , ഞാൻ തങ്കപ്പന് കുറെ വാഴവിത്ത് പിരിച്ചു കൊടുക്കട്ടെ "

അമ്മാമ എന്റെ കൈയും പിടിച്ചു അടുക്കളയിലേക്ക് കൊണ്ട് പോവും . കിണറ്റുകരയിൽ നിന്ന് എന്റെ കൈയും കഴുകിചു അടുക്കളയിൽ ഒരു കൊരണ്ടി പലക നീക്കിയിട്ട്‌ കപ്പയോ ചക്കയോ വിളമ്പും . അന്ന് വലിയ വീടുകളിൽ പോലും രാവിലത്തെ ഭക്ഷണം കഞ്ഞിയോ പഴംകഞ്ഞിയൊ ചക്ക വേവിച്ചതോ ഒക്കെ ആയിരിക്കും . അത് കഴിഞ്ഞു അമ്മാമ്മ തന്നെ വലിയ ഭരണിയിൽ നിറച്ചു വെച്ചിരിക്കുന്ന തേൻ ഒരു ചെറിയ തുടം കൊണ്ട് കയ്യിൽ ഒഴിച്ച് കുടിക്കാൻ തരും . ആ മധുരം ഇന്നും നാവിലുണ്ട് .

" അനിയൻ മോൻ വല്ല്യ കുരുക്കൻ ആണെന്നാ തങ്കപ്പൻ പറേന്നെ .. ഉള്ളതാണോ മോനെ ?"

അമ്മയുടെ ചോദ്യത്തിനു ഉത്തരം കൊടുക്കാതെ ഞാൻ ഓടും .

അച്ഛനെയും അധികാര സ്വരത്തിൽ അച്ഛാച്ചൻ " എടാ " എന്ന് തന്നെയാണ് വിളിച്ചിരുന്നത്‌ . സ്നേഹം അധികാരം ആവുന്ന ആറാം തമ്പുരാന്റെ സ്വരം ഞാൻ എത്രയോ തവണ കേള്ക്കുകയും കാണുകയും ചെയ്തിരിക്കുന്നു . അച്ഛൻ അപ്പച്ചി മരിച്ചതിനു ശേഷം വളരെ ചുരുക്കമായേ തെക്കെമലയിൽ പോയിട്ടുള്ളൂ .
"തങ്കപ്പൻ വല്യ അഭിമാനി അല്ല്യോ... ഇവിടെങ്ങും കേറില്ല "
എന്ന് പലതവണ അച്ഛാച്ചൻ കളിയായും കാര്യമായും പറയുന്നത് കേട്ടിട്ടുണ്ട് .

അച്ഛന് ഇടക്കാലത്ത് അതി കഠിനമായ പുറം വേദന പിടിപെടുകയും പല തരം ചികിത്സകൾ നടത്തി കാര്യമായ പ്രയോജനം കിട്ടാതെ കഷ്ടപ്പെടുകയും ചെയ്തു . ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഡിസ്ക് നു തേയ്മാനം . രണ്ടു തവണ നാട് വെട്ടി കിടപ്പിൽ ആകുകയും ചെയ്തു . അങ്ങിനെ അച്ചാച്ചൻ വിവരമറിഞ്ഞ് വീട്ടിലെത്തി .
" എടാ അഭിമാനം കൊണ്ടിരുന്നാൽ നടു വേദന മാറുമോ , എന്റെ കൈയ്യിൽ അതിനു പണിയുണ്ട് , കരിംകൊഴി തൈലം ! , നീ അതൊന്നു പരീക്ഷിച്ചു നോക്ക് , രണ്ടു കറുത്ത കോഴിയെ നീ വാങ്ങണം , ബാക്കി പച്ച മരുന്ന് ഒക്കെ വീട്ടില് ഉണ്ട് .. എന്താ ? "

വേദന കൊണ്ട് പുളയുന്ന അച്ഛന് കരിംകൊഴിയല്ല കരിംകുരങ്ങിനെ വേണമെങ്കിലും പരീക്ഷിക്കാൻ തയ്യാറായിപ്പോവുമായിരുന്നു. ഏതായാലും പറഞ്ഞതുപോലെ അച്ഛാച്ചൻ പച്ചമരുന്നും ശിങ്കിടികളും ഒക്കെ ആയി വന്നു, അയ്യപ്പൻ കരിംകോഴിയെയും സംഘടിപ്പിച്ചു , ഒരു ദിവസം മുഴുവൻ ഉരുളിയും എണ്ണയും മരുന്നരക്കലും തീ കൂട്ടലും " ഡാ വിളികളും " ഒക്കെ ആയി കരിംകൊഴി തൈലം റെഡി ആയി . ദിവസം രണ്ടു പുരട്ടി ചൂട് വെക്കലാണ് ചികിത്സാ രീതി . എന്തിനു പറയുന്നു അച്ഛന് അത്ഭുതകരമായ മാറ്റം ഉണ്ടായി . പുറം വേദന ഏറക്കുറെ മാറുകയും ചെയ്തു . ആ നാളുകൾ ആണ്, പുറമേ എത്രയോ പരുക്കനും നാട്ടു പ്രമാണിയും ആറാം തമ്പുരാനും ഒക്കെ ആയി ഞാൻ വിചാരിച്ച അച്ചാച്ചൻ എത്രയോ വലിയ സ്നേഹവും വാത്സല്യവും കുടുംബ സ്നേഹവും ഉള്ള ഒരു വലിയ മനുഷ്യൻ ആണ് എന്ന് എനിക്ക് മനസ്സിലായത്‌ .

കാലം പിന്നെയും കടന്നു, അരീക്കരയിൽ കൃഷികൾ ഒക്കെ നിലച്ചു , ഞങ്ങൾ പഠിത്തവും ജോലിയും ഒക്കെ ആയി നാട് വിട്ടു . അച്ഛനും അച്ചാച്ചനും തമ്മിൽ കാണാതെ ആയി . ഞാൻ തെക്കേമല പോയിട്ട് തൊട്ടടുത്ത വീടുകൾ പോലും കാണാൻ സമയം ഉണ്ടാകാത്ത കാലം ആയി . ഗൾഫ്‌ ഇൽ ആയിരുന്ന സമയത്ത് ആണ് അച്ഛാച്ചൻ മരിച്ചു എന്നറിയുന്നത് . ഒരു വര്ഷത്തോളം തളർന്നു കിടപ്പായിപ്പോയി . അധികം താമസിയാതെ അമ്മാമയും മരിച്ചു . ഏക മകളെ ദൂരെ എവിടെയോ വിവാഹം ചെയ്തു അയച്ചിരിക്കുന്നു . വീടും പറമ്പും ഒക്കെ അനാഥമായി കിടക്കുന്നു .

" നിന്റെ അച്ഛൻ ഒരു വല്ലാത്ത മനുഷ്യനാ ,, ആ മനുഷ്യൻ ഇവിടെ വന്നു നിന്റെ അച്ഛനെ എത്ര അന്വേഷിച്ചു , എന്നിട്ട് അയാള് അവിടെ തളർന്നു കിടന്നിട്ടു ഒന്ന് നോക്കിയോ , മരിച്ചു കഴിഞ്ഞു അല്ലെ അങ്ങോട്ട്‌ ഒന്ന് പോയത് ? "

പണ്ട് തെക്കേ മലയിൽ പോയി അവിടെ നിന്നും ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞതിന് തലങ്ങും വിലങ്ങും തല്ലിയിരുന്ന എന്റെ അമ്മ തന്നെയാണല്ലോ ഇപ്പോൾ ഇങ്ങിനെ പറയുന്നത് എന്നോർത്തപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി . അച്ഛൻ മാത്രമാണോ , എനിക്ക് ഒന്ന് തിരക്കാൻ തോന്നിയോ ? ആ തേനിന്റെ മധുരം ഞാൻ മറന്നു പോയത് എങ്ങിനെയാണ് ?

" നീ ചോദിക്കാനൊന്നും നിക്കണ്ട , വല്യ അഭിമാനി അല്ല്യോ .."

കുറച്ചു നാൾ മുൻപ് ഞാൻ അരീക്കര വന്നപ്പോൾ അച്ഛനോട് ഒരു ദിവസം പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ വെറുതെ ചോദിച്ചു
" അച്ഛാ നമുക്ക് തെക്കേ മല ഒന്ന് പോയാലോ ?"
" എന്തൊയിനു പോവാനാ ... അവിടെ കൊച്ചാട്ടനും പോയി , തള്ളേം പോയി , വീടും പറമ്പും കാട് പിടിച്ചു കിടക്ക്വാ... അവിടെ പ്പോയി എന്തോ കാണാന ? "

അപ്പോൾ അച്ഛൻ അങ്ങിനെ പറഞ്ഞു എങ്കിലും കുറച്ചു കഴിഞ്ഞു അച്ഛൻ തന്നെ പറഞ്ഞു

" എന്നാ വെയില് താന്ന് കഴിഞ്ഞു പോകാം ... നിന്റെ ഒരു ആഗ്രഹമല്ല്യൊ ... ഒരു നടപ്പും ആവും "

അച്ഛനും ഞാനും ഇപ്പോൾ ടാര് ഇട്ട , നിറയെ ഇരുനില കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞ പെരിങ്ങാട്ട റോഡ്‌ വഴി തെക്കെമലയിലെക്കു നടന്നു . വഴി നീളെ അച്ഛന്റെ പരിചയക്കാർ .

" രണ്ടാമത്തെ മകനാ ഇല്ല്യോ.... ചെറുപ്പത്തിൽ കണ്ടതല്യോ.. ഇപ്പോൾ ആള് അങ്ങ് മാറി , സാറിന്റെ കൂടെ അല്ലെങ്കിൽ അറിയത്തില്ലാരുന്നു... ആട്ടെ എങ്ങോട്ടാ ? "

" ഓ ആണ്ടാ തെക്കേ മല വരെ "

" അയ്യോ അതിനു അവിടാരിരിക്കുന്നു , എല്ലാം മണ്ണടിഞ്ഞു പോയിട്ട് കാലം എത്രായി "

" ഓ ഇവന്റെയൊരൊ നിർബന്ധം"

തെക്കേ മലയിലേക്കുള്ള വഴി ഒരു കാർ കയറിപ്പോവുന്നത് അത്ര നന്നാക്കിയിരിക്കുന്നു. പണ്ട് തെന്നി വീഴാതിരിക്കാൻ ഇരുന്നു ഇറങ്ങിയ ചെങ്കൽ ചരിവുകൾ ഒക്കെ എന്നെ മറഞ്ഞു . ഇരുവശവും എത്രയോ പുതിയ വീടുകൾ . ആർക്കും ഒരു പരിചയ ഭാവം പോലും ഇല്ല . ഞാനും ഇപ്പോൾ സ്വന്തം നാട്ടിൽ വിദേശി ആയിരിക്കുന്നു .

കയറ്റം കയറി ചെന്ന് ഇടത്തോട്ടു തിരിഞ്ഞപ്പോൾ കാട് കയറി നശിച്ചു കിടക്കുന്ന പറമ്പും അടച്ചിട്ട പഴയ വീടും കാണാം . നിറയെ പശുക്കൾ നിന്നിരുന്ന തൊഴുത്ത് എന്നെ പൊളിച്ചു മാറ്റിയിരിക്കുന്നു . എത്രയോ തവണ പാളയും കയറും ഇട്ടു വെള്ളം കോരിക്കുടിച്ച കിണർ വലിയ കുറ്റിച്ചെടികൾ കൊണ്ട് മറഞ്ഞിരിക്കുന്നു .

" അച്ചാച്ചനെ അടക്കുകയാരുന്നോ ദഹിപ്പിക്കുക ആരുന്നോ "
" ദഹിപ്പിക്കുവാരുന്നു ... ദോ ആ തെങ്ങ് കണ്ടോ അവിടാരുന്നു "

ഞാൻ വെറുതെ ആ തെങ്ങിന്റെ ചുറ്റിനും ഒന്ന് നടന്നു തിരികെപ്പൊവാൻ താഴേക്കു നടന്നു .

" വളരെ കഷ്ടപ്പെട്ടാണ് അച്ഛാച്ചൻ മരിച്ചത് അല്ലെ അച്ഛാ ?"

" തളർന്നു കിടന്നാ മരിച്ചത് , ഓരോ ദിവസവും ഒന്ന് ചെന്ന് കാണണം കാണണം എന്ന് വിചാരിച്ചതാ ...നടന്നില്ല "

" ബാ പോവാം "

ചരിവുള്ള സ്ഥലം വന്നപ്പോൾ വീഴാതിരിക്കാൻ അച്ഛന്റെ കയ്യ് പിടിക്കാൻ തിരിഞ്ഞു നോക്കിയപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു !

നളിനി നായർ


Somarajan Panicker's photo.
എന്റെ ജീവിതം മാറ്റി മറിച്ച മുംബൈ യാത്രയെപ്പറ്റിയും എഞ്ചിനീയറിംഗ് പഠനത്തെപ്പറ്റിയും അതെ സഹപാഠികളെ ഇരുപത്തഞ്ചു വർഷത്തിനു ശേഷം തിരഞ്ഞു പിടിച്ചു ഒരു സമാഗമം സംഘടിപ്പിച്ചതും ഒക്കെ കഴിഞ്ഞ ദിവസം ഞാൻ എഴുതിയിരുന്നല്ലോ . ഞങ്ങൾ 108 പേരിൽ അകാലത്തിൽ വിധി തട്ടിയെടുത്ത രണ്ടു കൂട്ടുകാരെപ്പറ്റിയും ഞാൻ ഒന്ന് സൂചിപ്പിച്ചിരുന്നു . ഞങ്ങളുടെ സമാഗമം തുടങ്ങിയത് തന്നെ മരണം തട്ടിക്കൊണ്ടു പോയ ആ നല്ല കൂട്ടുകാരെ ഒന്ന് ഓർക്കാൻ ഒരു നിമിഷം എഴുനേറ്റു നിന്ന് കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടായിരുന്നു . അതിലൊരാളുടെ കഥ ഞാൻ ഇന്ന് പറയാം .
മുംബയിൽ കോളേജിൽ അപേക്ഷ അയക്കാൻ നേരത്താണ് അതുവരെ എന്റെ പേരിൽ പ്രത്യക്ഷപ്പെടാതിരുന്ന "പണിക്കർ", സർ നയിം വെച്ച് പേര് എഴുതി തുടങ്ങണം എന്ന നിബന്ധന കാരണം ഉപയോഗിച്ച് തുടങ്ങിയത് . കോളേജ് റിക്കാർഡ് കളിൽ അതുവരെ വെറും സോമരാജൻ ആയിരുന്ന ഞാൻ അങ്ങിനെ പണിക്കർ സോമരാജൻ ആയി . അതുകൊണ്ട് പലരും ആങ്ങിനെ വിളിക്കാനും അത് ചില മറാട്ടി സർ നെയിം കൾ ആയ പക്നിക്കർ, പട്നിക്കർ, പട്ക്കർ , പാൽക്കർ തുടങ്ങിയവയുമായി സാമ്യം ഉണ്ടായിരുന്നതിനാൽ മറാട്ടി ആണോ മലയാളി ആണോ എന്നൊക്കെ കേൾക്കുന്ന ചിലർ സംശയിക്കാനും തുടങ്ങി . ക്ലാസിലെ ഏക ശുദ്ധ മലയാളി ഞാൻ ആയിരുന്നു . കുമാർ മേനോൻ, ഉഷ മേനോൻ , നളിനി നായർ, ശശി പൊതുവാൾ എന്നിവരായിരുന്നു മുംബയിൽ ജനിച്ചു വളർന്നു കഷ്ടിച്ച് മലയാളി എന്ന് പറയാവുന്ന മറ്റു മുംബൈ മലയാളികൾ . ഞങ്ങൾ അഞ്ചു പേരും ആദ്യ ദിവസങ്ങളിൽ തന്നെ പരസ്പരം പരിചയപ്പെടുകയും സുഹൃത്തുക്കൾ ആവുകയും ചെയ്തു . മറ്റു നാലുപേരുമായി അവർ പറയുന്നതുപോലെ ഹിന്ദിയോ ഇംഗ്ലീഷ് ഓ സ്പുടമായോ ഭംഗിയായോ സംസാരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എങ്കിലും അതൊന്നും ഞങ്ങളുടെ സൌഹൃദത്തിനു തടസ്സം ആയിരുന്നില്ല .

ദീപാവലി ദിവസങ്ങളിലെ അവധി ദിവസങ്ങളിൽ മറ്റു സുഹൃത്തുക്കളുടെ വീട്ടിൽ സന്ദര്ശനം നടത്താൻ കിട്ടിയ ക്ഷണങ്ങൾ ഒക്കെ ഞാൻ ഉപയോഗപ്പെടുത്തി, അങ്ങിനെ കുമാറിന്റെയും ഉഷയുടെയും ശശിയുടെയും വീട്ടിൽ പോകാനും അവരുടെ മാതാപിതാക്കളെ പരിചയപ്പെടുവാനും സാധിച്ചു എന്ന് മാത്രമല്ല ആ ബന്ധവും സൌഹൃദവും ഇപ്പോഴും തുടരാൻ സാധിച്ചു എന്ന ഭാഗ്യം കൂടി എനിക്കുണ്ടായിരുന്നു . മുംബയിൽ താമസിക്കുന്ന മിക്ക സഹപാഠികളുടെ കുടുംബം അങ്ങിനെ എന്നെയും അവരുടെ വീട്ടിലെ ഒരംഗമായി അംഗീകരിച്ചു എന്നതാണ് സത്യം . മലയാളി ആണെന്ന പരിഗണന എനിക്ക് അവർ തന്നു എന്നതായിരിക്കാം അതിനു പ്രധാന കാരണം .

എന്നാൽ നളിനി നായർ അത്തരം അടുത്ത സൗഹൃദം ഒന്നും കാണിച്ചിരുന്നില്ല . ക്ലാസിൽ ഇടവേളയിലോ ലാബിലോ അതുമല്ലെങ്കിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ചില കുശാല പ്രശ്നങ്ങൾ നടത്തുകയും എന്റെ വികലമായ ചില ഹിന്ദി ഉച്ചാരണങ്ങൾ കേട്ട് ഉച്ചത്തിൽ പൊട്ടിചിരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു . കുമാറിൻറെ വീട്ടിലോ ഉഷയുടെ വീട്ടിലോ ശശിയുടെ വീട്ടിലോ ഒക്കെ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് പോയതും ഭക്ഷണം കഴിച്ചതും ഒക്കെ അടുത്ത ദിവസം കോളേജിൽ വന്നു വിവരിക്കുമ്പോൾ നളിനി മാത്രം ഒന്നും മിണ്ടാതെ കേട്ട് കൊണ്ടിരിക്കുകയോ അല്ലെങ്കിൽ മറ്റു ഏതെങ്കിലും വിഷയം പറഞ്ഞു ഉറക്കെ ചിരിക്കുകയോ ചെയ്യും .

ഒരു ദിവസം ഞങ്ങൾ നളിനി താമസിക്കുന്ന " ദൊംബിവിലി " യിൽ തന്നെ ഉള്ള മറ്റു ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു ഹോസ്റ്റൽ നിന്നും ഞായറാഴ്ച പോകാൻ തീരുമാനിച്ചു . കൂട്ടത്തിൽ നളിനിയുടെ വീടും കൂടി കാണാം എന്ന് വിചാരിച്ചു അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു .

" അയ്യോ , അന്ന് ഞങ്ങൾ എല്ലാവരും കൂടി നാസിക്ക് നു പോവുകയാണ് , ഇനി ഒരിക്കൽ ആവട്ടെ "

അത് കേട്ട് ഞങ്ങൾ ആ പ്രോഗ്രാം ഉപേക്ഷിക്കുകയും ചെയ്തു . മറ്റൊരിക്കൽ കൂടി ഇത് തന്നെ ആവര്ത്തിച്ചു . നളിനി എന്ത് കൊണ്ടോ ഞങ്ങളെ ആരും തന്നെ സ്വന്തം വീട്ടിലേക്കു ക്ഷണിക്കാൻ താല്പ്പര്യം ഇല്ല എന്ന് മനസ്സിലായി . ഒരു മലയാളി ആയിട്ടുകൂടി എനിക്ക് നളിനിയുടെ വീട്ടിലേക്കു ഒരിക്കലും ക്ഷണം ഉണ്ടാവാത്തത് എന്താണ് എന്ന് എനിക്ക് മനസ്സിലായതുമില്ല . ബാക്കിയുള്ള മുംബൈ മലയാളികൾ ആണെങ്കിൽ അപ്പോഴേക്കും വീട്ടുകാരുടെ സൗഹൃദം മൂലം മിക്ക വിശേഷ ദിവസങ്ങളിലും എന്നെ വീട്ടിൽ ക്ഷണിക്കുകയും ഇഷ്ടമുള്ള ഭക്ഷണം തരികയും ഒക്കെ ചെയ്യുക പതിവായി .

ഒരിക്കൽ ലാബിൽ എന്തോ പരീക്ഷണം ചെയ്യാൻ ഞാനും നളിനിയും ഒരു ബാച് ആയി .

" സോം , എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട് , താൻ ആരോടും പറയില്ല എങ്കിൽ മാത്രം പറയാം "

സ്പീഡിൽ ഇംഗ്ലീഷ് സംസാരിക്കുന്ന നളിനിയുമായി ഭാഷ വെച്ച് പിടിച്ചു നില്ക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല . കൂടാതെ ഒരു വാക്ക് തെറ്റിയാൽ അതിൽ പിടിച്ചു ഒരു തമാശു പൊട്ടിക്കാനും ഉറക്കെ പൊട്ടിച്ചിരിക്കാനും ഈ കുട്ടിക്ക് വലിയ വിരുതും ആയിരുന്നു . അതിനാൽ എപ്പോഴും നളിനിയോട് സംസാരിക്കാൻ എനിക്ക് അല്പ്പം ഭയവും ജാള്യതയും ഉണ്ടായിരുന്നു .

എന്നാലും ഈ മറുനാടൻമലയാളി കൊച്ചിന് എന്നോട് എന്ത് രഹസ്യമായിരിക്കും പറയാൻ ഉണ്ടാവുക !

" തന്നെയും ഹോസ്റ്റൽ ലെ കൂട്ടുകാരെയും ഒക്കെ എന്റെ വീട്ടിലേക്കു ക്ഷണിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമാടോ, പക്ഷെ എന്റെ അച്ഛനും അമ്മയും വളരെ വലിയ കർശനക്കരാടോ, ആണ്‍കുട്ടികൾ ഒന്നും വീട്ടിൽ വരുന്നതോ അവരുമായി ചങ്ങാത്തം കൂടുന്നതോ ഒന്നും ഇഷ്ടമല്ല , താൻ ഒന്നും വിചാരിക്കരുത് , അതാ ഞാൻ ഓരോ കാരണം പറഞ്ഞു നിങ്ങളെയെല്ലാം ഒഴിവാക്കുന്നത് , താൻ ഇതാരോടും പറയരുത് , പ്രോമിസ് ! "

" പ്രോമിസ് "

ഞാൻ സത്യത്തിൽ അതിശയിച്ചു പോയി . കോളേജിലെ മിക്ക പെണ്‍കുട്ടികൾക്കും ആണ്‍ സുഹൃത്തുക്കളും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ്‌ ചോദിച്ചു വരുന്ന പെണ്‍കുട്ടി കളെയും ഒക്കെ ഞാൻ ഈ മുംബൈ കോളേജിൽ എത്തിയ നാൾ മുതൽ കാണാൻ തുടങ്ങിയതാണ്‌ . വാക്കിലും നോക്കിലും തമാശുകളും ഒക്കെ ആയുള്ള മുംബയിലെ ആണ്‍ പെണ്‍ കൂട്ടുകെട്ട് ആദ്യമൊക്കെ എനിക്ക് വലിയ അത്ഭുതം തന്നെയായിരുന്നു . വസ്ത്ര ധാരണവും അടിയും പിടിയും ആലിംഗനവും ഒക്കെ ആണ്‍ പെണ്‍ ഭേദമില്ലാതെ എന്റെ കോളേജിൽ തന്നെ നിത്യ കാഴ്ചയാണ് . അത്തരക്കാരുടെ ഇടയിൽ നളിനി എന്ന മുംബയിൽ ജനിച്ചു വളര്ന്ന കുട്ടിയുടെ പെരുമാറ്റം എനിക്ക് വ്യത്യസ്തവും ആയിരുന്നില്ല . എങ്കിലും വീട്ടിൽ ഇത്ര കർശന നിയന്ത്രണങ്ങൾ ഉണ്ടല്ലോ എന്ന് ആലോചിച്ചുപോയി . സ്വന്തം മകൾ സുരക്ഷിത ആകണമെന്ന് ഏതു മാതാ പിതാക്കൾ ആണ് ആഗ്രഹിക്കാത്തത് !

കോളേജിലെ പഠനം കഴിയാറായപ്പോഴേക്കും നളിനി ഞങ്ങളുടെയെല്ലാം പ്രിയ സുഹൃത്ത് ആയി മാറിയിരുന്നു . ക്യാമ്പസ് തിരഞ്ഞെടുപ്പിലൂടെ നളിനിക്ക് നാസിക്കിലെ " സീമൻസ്" കമ്പനിയിൽ ജോലി കിട്ടിയതിനു ഞങ്ങള്ക്ക് എല്ലാവര്ക്കും ഐസ് ക്രീം വാങ്ങി തന്ന ദിവസം ആണ് ഞാൻ അവളെ അവസാനമായി കണ്ടത് .

എന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു എന്നോട് യാത്ര പറഞ്ഞത് ഞാൻ ഇന്നും മറന്നിട്ടില്ല

" സോം , എനിക്ക് ജോലി കിട്ടുമ്പോൾ തന്നെ എന്റെ വീട്ടിൽ ഞാൻ കൊണ്ടുപോയി എന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിത്തരാം കേട്ടോ, എനിക്ക് ഇത്ര നല്ല കുട്ടികൾ ചങ്ങാതിമാരായി ഉണ്ട് എന്ന് അവർ കൂടി അറിയട്ടെടോ ! "

ആ പരിചയപ്പെടുത്തൽ ഒരിക്കലും ഉണ്ടായില്ല . ഞാൻ മറൈൻ ലൈൻസു ലെ ഒരു കമ്പനിയിൽ ട്രെയിനീ ആയി തിരഞ്ഞെടുക്കപ്പെട്ടു . നളിനി നാസിക്കിലും ജോലിയിൽ കയറി . ഇന്നത്തെപ്പോലെ മൊബൈൽ ഉം ഇമെയിൽ ഉം ഒന്നും ഉണ്ടായിരുന്നില്ല . ബന്ധങ്ങൾ മുറിഞ്ഞു . ജീവിതത്തിൽ തിരക്കുകളും പുതിയ പ്രതീക്ഷകളും നിറഞ്ഞു . നളിനി നാസിക്കിൽ വെച്ച് തന്നെ വിവാഹിത ആയെന്നും ഒക്കെ പിന്നീട് കേട്ടറിഞ്ഞു .

ഞാനും ഇതിനിടെ സൗദിയും അതുകഴിഞ്ഞ് ഹൈദരാബാദ് ഉം പിന്നീടു കൊച്ചിയും ഒക്കെ ആയി അലഞ്ഞും ജോലി മാറിയും വീട് മാറിയും കാലചക്രം പിന്നെയും തിരിഞ്ഞു .
ഇമെയിൽ വ്യാപകമായതോടെ പല സുഹൃത്തുക്കളും അങ്ങിനെ വീണ്ടും ബന്ധം സ്ഥാപിച്ചു . ആ സംഘത്തിൽ ഒടുവിൽ ഏറെക്കുറെ എല്ലാവരും ചേർന്നു, നളിനി ഒഴികെ !

നളിനിയുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരു സഹപാഠിയാണ് നളിനി നാസിക്കിലെ ഭർത്തുവീട്ടിൽ വെച്ച് തണുപ്പിൽ നിന്നും രക്ഷ നേടാൻ സ്ഥാപിച്ച അടുപ്പിൽ നിന്നും പൊള്ളൽ ഏറ്റു മരണം അടഞ്ഞ സങ്കടകരമായ വാർത്ത ഇമെയിൽ മുഖാന്തിരം അറിയിച്ചത് . ഞാൻ ഈ സംഭവം നടന്നു വർഷങ്ങൾ കഴിഞ്ഞാണ് അറിയുന്നത് തന്നെ . മറ്റു യാതൊരു വിവരവും ആര്ക്കും അറിയില്ല .

ഇക്കഴിഞ്ഞ ഡിസംബർ 20 നു ഞങ്ങൾ പ്ലാൻ ചെയ്ത ഞങ്ങളുടെ സിൽവർ ജൂബിലീ സമാഗമം സംബന്ധിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ സമാഹരിക്കുന്ന ചുമതല എനിക്ക് വന്നു ചേർന്നു . 106 പേരിൽ 90 ഓളം പേരെ ലിങ്ക്ഡിന് ഉം ഗൂഗിൾ സെർച്ച്‌ ഉം ഒക്കെ ഒരു വര്ഷം നീണ്ടു നിന്ന പരിശ്രമത്താൽ കണ്ടു പിടിച്ചു . പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും നളിനിയുടെ മാതാപിതാക്കളെയോ ദൊംബിവിലി യിലെ വീടോ ഒരു ടെലിഫോണ്‍ നമ്പരോ പോലും കിട്ടിയില്ല .

പക്ഷെ നളിനിയുടെ അന്നത്തെ ചില അയൽവാസികളിൽ നിന്നും വീണു കിട്ടിയ ചില വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു . അത് കഥയാണോ ഊഹം ആണോ അത് എല്ല് മരവിപ്പിക്കുന്ന സത്യമാണോ എന്ന് എനിക്ക് അറിഞ്ഞു കൂടാ .

നളിനി പൊള്ളൽ ഏറ്റു മരിക്കുകയായിരുന്നില്ല , മറിച്ചു ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു . സംഭവം അന്വേഷിച്ച പോലീസ് അത് സ്വാഭാവിക മരണം ആയി കണക്കാക്കുകയാണ് ഉണ്ടായത് പോലും . മരിക്കുമ്പോൾ നളിനിക്ക് ഏതാനും മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞു ഉണ്ടായിരുന്നു . കുഞ്ഞു ഇന്നും നളിനിയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നു . അവർ എവിടെ ആണ് എന്ന് മാത്രം അറിയില്ല . കേരളത്തിലേക്ക് പോയി എന്ന് കരുതുന്നു .

ഈ പുതിയ വർഷം ഞങ്ങൾ ഒരു പ്രതിജ്ഞ എടുത്തു . നളിനിയുടെ കുഞ്ഞിനെ കണ്ടുപിടിക്കണം . സ്വന്തം അമ്മയും അച്ഛനും ഇല്ലാതെ വളരുന്ന, ഇപ്പോൾ ഒരുപക്ഷെ ഇരുപതു വയസ്സുള്ള ആ കുഞ്ഞിനെ ചേര്ത്ത് നിർത്തി ഞാൻ പറയും

" മോള് എന്നെ അറിയുമോ , ഞാൻ സോം , മോളുടെ അമ്മയുടെ സഹപാഠി ആയിരുന്നു ഞാൻ , കൂടെ പഠിച്ച ഒരു നല്ല കുട്ടിയെ സ്വന്തം അച്ഛനെയും അമ്മയെയും കൊണ്ട് വന്നു കാണിക്കാൻ ഒരിക്കൽ ഒരുപാട് ആഗ്രഹിച്ച ഒരമ്മയുടെ മകൾ ആണ് നീ ".

അല്പ്പം പോലും അടുപ്പം കാണിക്കാത്ത അവളോട്‌ എനിക്ക് പറയാൻ ഒന്നേ ഉണ്ടാവൂ ,

"നീ എങ്ങിനെ എനിക്ക് ഒരു മകൾ അല്ലാതെയാവും ? " 




 
* * * * *
ഇരുപത്തഞ്ചു വര്ഷങ്ങള്ക്ക് മുൻപ് ഞാൻ എടുത്ത ഞങ്ങളുടെ ക്ലാസിന്റെ ഒരു ചിത്രം ഇവിടെ ചേര്ക്കുന്നു . ഇതിൽ നളിനിയെ ഒരു ചുവന്ന വൃത്തം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു .

വിജയരാജൻ

 

അമ്മക്ക് അഞ്ചു ആണ്മക്കൾ ആയിരുന്നു , ദൌർഭാഗ്യവശാൽ രണ്ടുപേർ വളരെ ചെറുപ്പത്തിലെ മരിച്ചു പോയി . അവശേഷിച്ച മൂന്നു മക്കളാണ് അമ്മക്ക് ഞങ്ങൾ. വിജയരാജൻ, സോമരാജൻ, ജ്യോതിരാജൻ എന്ന് അമ്മ തന്നെ പേരിട്ട ഞങ്ങളെ വളർത്തിക്കൊണ്ടുവരാൻ അമ്മ നന്നായി പാടുപെട്ടു . അമ്മക്ക് ജനിച്ച ആദ്യകുട്ടിക്കു ജയരാജൻ എന്നായിരുന്നു പേരിട്ടത് . അമ്മയുടെ നിറവും മണവും ഗുണവും ഉള്ള ആ കുഞ്ഞിനെ നോക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കി അമ്മ ജോലിക്ക് പോകുകയാണ് പതിവ് . അന്ന് ചങ്ങനാശ്ശേരി അമ്മയുടെ തറവാടായ "കൊണ്ടയിൽ" ആയിരുന്നു താമസം . അരീക്കരയിൽ നിന്നും അമ്മയെയും കുഞ്ഞിനേയും നോക്കാൻ കൊണ്ടുവന്ന ഈ സ്ത്രീ അമ്മ സ്കൂളിൽ പോയ സമയം കടല വറുത്തു കുറെ സ്വയം കഴിക്കുകയും കുറച്ചു ചെറിയ കുഞ്ഞിനും കൊടുത്തു പോലും . കുഞ്ഞിനു ദഹനക്കേട് ഉണ്ടാവുകയും അമ്മ സ്കൂളിൽ നിന്നും പാഞ്ഞെത്തിയപ്പൊഴെക്കും മരണം സംഭവിച്ചു കഴിയുകയും ചെയ്തു . അമ്മയും അച്ഛനും ഈ കുഞ്ഞിനെ കഥ പറഞ്ഞു ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചേട്ടനെ ഞാൻ എത്രയോ തവണ സങ്കല്പ്പിച്ചു നോക്കിയിട്ടുണ്ട് . മരണമടഞ്ഞ മറ്റൊരു കുഞ്ഞു എനിക്ക് ഇളയതായിരുന്നു . ജനിച്ചു ഏതാനം മാസങ്ങളെ ഈ കുഞ്ഞു ജീവിച്ചിരുന്നുള്ളൂ .

എന്റെ ചേട്ടൻ വിജയരാജൻ ജനിച്ചതും ചങ്ങനാശ്ശേരിയിൽ ആണ് , എന്നാൽ അമ്മക്ക് കൊട്ടാരക്കരയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ കൈക്കുഞ്ഞായ വിജയനോടൊപ്പം അമ്മ കൊട്ടാരക്കര ഗണപതി അമ്പലത്തിനു വളരെ അടുത്ത് ഒരു വീട് വാടകയ്ക്ക് എടുത്തു താമസം മാറിയത് . ഇവിടെ വെച്ചാണ് ഞാൻ ജനിക്കുന്നത് . അമ്മയുടെ കഷ്ടപ്പാടുകളും സങ്കടങ്ങളും ഞാൻ ജനിച്ചതോടെ പാരമ്യത്തിലായി എന്ന് തന്നെ പറയാം . രണ്ടു കുരുന്നുകൾ , അവരെ നോക്കാൻ ആളില്ല , അച്ഛൻ പട്ടാളത്തിൽ , ഭരിച്ച ജോലി , പാചകമോ വീട്ടുജോലികളോ ഒന്നും വശമില്ലത്തതിനാൽ അമ്മ കണ്ണീരും കൈയ്യുമായി കുറെനാൾ കൊട്ടാരക്കര വാടക വീട്ടിൽ തള്ളിനീക്കി .

ഒടുവിൽ അച്ഛന്റെ സ്വന്തം സ്ഥലമായ അരീക്കര എത്താൻ അമ്മക്ക് അടുത്തുള്ള മുളക്കുഴ സ്കൂളിലേക്ക് മാറ്റം വാങ്ങി . ആദ്യം കൂടെനിൽക്കുന്നതിൽ എന്നൊരു വീട്ടിൽ വാടകയ്ക്ക് താമസമായിരുന്നു . ഇവിടെവെച്ചാണ് എന്റെ ഇളയ അനുജൻ മരിച്ചതും കൊച്ചനിയൻ ജ്യോതിരാജൻ ജനിച്ചതും .

വിജയരാജൻ അമ്മയെപ്പോലെ നന്നായി വെളുത്ത , സ്വര്ണ നിറമുള്ള രോമങ്ങൾ ഉള്ള ഒരു കുട്ടിയായിരുന്നു . അമ്മയെ പറിച്ച്‌ വെച്ചതുപോലെ എന്നാണ് കണ്ടവർ കണ്ടവർ പറഞ്ഞിട്ട് പോകുന്നത് . അത് കേൾക്കുമ്പോൾ അമ്മക്ക് വലിയ അഭിമാനവും . അത് മാത്രമോ കറുത്തവനും വിരൂപനും ആയ ഞാൻ അമ്മയെപ്പോലെ ആകാതെപൊയതിനു ഓരോ കാരണങ്ങൾ അമ്മ തന്നെ കണ്ടുപിടിക്കുമായിരുന്നു . അമ്മയുടെ ഈ താരതമ്യം അക്കാലത്ത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അണ്ണനെ എല്ലാവരും സ്നേഹിക്കുകയും എന്നെ എല്ലാവരും അവഗണിക്കുന്നു എന്നുമായിരുന്നു എന്റെ എപ്പോഴുമുള്ള പരാതി .

അണ്ണനും ഞാനും തമ്മിൽ നിറം കൊണ്ട് മാത്രമല്ല വ്യത്യസ്ഥത . പഠനത്തിലും പെരുമാറ്റത്തിലും വൃത്തിയിലും ശുദ്ധിയിലും എല്ലാം അണ്ണൻ എന്നെക്കാൾ വളരെ മുന്പിലായിരുന്നു . എപ്പോഴും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കും . രണ്ടോ മൂന്നോ നേരം കുളിക്കും , കുളി കഴിഞ്ഞാൽ ഉടൻ വേഷം മാറണം. ഉടുപ്പിൽ കറയോ അഴുക്കോ ഒട്ടും ഉണ്ടാവാൻ പാടില്ല . ഉടുപ്പും നിക്കറും മാറി അമ്മ തളരും . എന്നാലും അമ്മയെപ്പോലെ വലിയ വൃത്തിയുള്ള വിജയൻറെ കാര്യം ഒന്നോ രണ്ടോ തവണ എന്നോട് പറഞ്ഞു ചെവിക്കു പിടിച്ചു തിരുമി " കുളിക്കുകയും ഇല്ല , നനക്കുകയും ഇല്ല , ഇങ്ങനെ ഒരു അസത്ത് ചെറുക്കൻ ! " എന്ന് വഴക്ക് പറയാൻ അമ്മ മറക്കുകയും ഇല്ല . ഞാൻ ആണെങ്കിൽ അടി ഇരന്നു വാങ്ങുന്ന പ്രകൃതവും . അമ്മക്ക് ഇഷ്ടമുള്ള ഒരു കാര്യവും എന്റെ മനസ്സില് വരികയില്ല . ദിവസം മുഴുവൻ പറമ്പിലും കുളത്തിലും പാടത്തും ആയി അമ്മക്ക് ഇഷ്ടമില്ലാത്ത കുട്ടികളുമായി കൂട്ട് കൂടി കളിച്ചു നടക്കും . ഉടുപ്പ് ഇടുന്ന പതിവേ ഇല്ല . ഉള്ള ഉടുപ്പുകളും നിക്കറും മുഴുവൻ കറയോ ബട്ടണ്‍ ഇല്ലത്തവയൊ ആയിരിക്കും . എവിടെ കൊണ്ടുപോയാലും അമ്മ അണ്ണനെ മാത്രമേ കൊണ്ടുപോവുകയുള്ളൂ,. കറ ഇല്ലാത്തതോ വൃത്തി ഉള്ളതോ ആയ ഒരു ഉടുപ്പ് തപ്പി അമ്മ മടുക്കും .

സ്കൂൾ എത്തിയപ്പോൾ എന്നെ പേര് കൊണ്ടു അദ്ധ്യാപകർ അറിയുനത് "വിജയൻറെ അനിയൻ " എന്നായിരുന്നു . അത്രയ്ക്ക് ഒരു മാതൃകാ വിദ്യാർഥി ആയിരുന്നു , ക്ലാസ്സിൽ അണ്ണൻ ആയിരുന്നു മിക്കപ്പോഴും ഒന്നാമൻ . വളരെ ചുരുക്കമായേ അത് രണ്ടാമതായുള്ളൂ. അണ്ണന് പ്രായത്തിൽ കവിഞ്ഞ പക്വതയും മാന്യതയും അറിവും വായനയും ഒക്കെ ഉണ്ടായിരുന്നതിനാൽ അമ്മയ്ക്കും അച്ഛനും ഏതുകാര്യത്തിലും അവസാന വാക്ക് അണ്ണൻ പറയുന്നത് ആയിരിക്കും . എനിക്ക് ഉടുപ്പിനു തുണി എടുക്കുന്നതോ ഗൈഡ് വാങ്ങിക്കുന്നതൊ പെൻസിൽ വാങ്ങുന്നതൊ എല്ലാം അണ്ണന്റെ അഭിപ്രായം അനുസരിച്ച് ആയിരിക്കും . അത് കാരണം " എനിക്ക് വേണ്ട " എന്ന് പറഞ്ഞു കിട്ടുന്ന സാധനങ്ങൾ വലിച്ചെറിയാനും അതിന്റെ പേരില് എന്നും അടി കിട്ടാനും ആണ് എനിക്ക് വിധി . എനിക്ക് വേണ്ട സാധനങ്ങൾ ഞാൻ തന്നെ തിരഞ്ഞെടുക്കുന്ന അവകാശം സ്ഥാപിച്ചു കിട്ടാൻ വലിയ സായുധ സമരങ്ങൾ വരെ നടത്തേണ്ടി വന്നു . അണ്ണൻ എന്റെ ജീവിതത്തിലെ വില്ലൻ ആയി പിന്നെയും എത്രയോ നാൾ വിലസി .

അമ്മക്ക് അണ്ണൻ വെറും ഒരു മൂത്ത മകൻ മാത്രം ആയിരുന്നില്ല . അമ്മയുടെ പ്രാർഥനയും പ്രതീക്ഷയും ആയി വളര്ന്ന ഒരു മകനായിരുന്നു . അമ്മയുടെ മനസ്സു വായിക്കാൻ , അമ്മയുടെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞു ആശ്വസിപ്പിക്കാനും പ്രവര്ത്തിക്കാനും കഴിവും മനസ്സും ഉള്ള ഒരു മകൻ . അമ്മയുടെ ധനികരായ ബന്ധുക്കളുടെ മുൻപിൽ ഒക്കെ തലയുയർത്തി നില്ക്കാൻ കഴിയുന്നത്‌ വിജയൻറെ അറിവും അഴകും കഴിവും ഒക്കെ എടുത്തു പറഞ്ഞാണ് . വിവാഹങ്ങൾക്കും ഒക്കെ അണ്ണനെ നല്ല വേഷം അണിയിച്ചു കൊണ്ടുപോകുമ്പോൾ കണ്ണീരോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു.

" നീ അവനെപ്പോലെ മിടുക്കനായി പഠിച്ചു കാണിക്കൂ , അപ്പോൾ നിന്നെയും കൊണ്ടുപോകാം "

അമ്മ പറയുന്ന നല്ല കാര്യങ്ങൾ ഒന്നും ബുദ്ധി വികസിക്കാത്ത എന്റെ തലയിൽ കയറിയില്ല എന്ന് മാത്രമല്ല അഭിമാനിയായ ഈ അമ്മയെയും അണ്ണനെയും എങ്ങിനെ നാണം കെടുത്താം എന്ന് ആലോചിച്ചു കൂടുതൽ തല്ലു വാങ്ങുമായിരുന്നു . അണ്ണന്റെ വൃത്തിയുള്ള ഉടുപ്പിൽ മഷി കുടഞ്ഞും ചെളി പുരട്ടിയും ഞാൻ എന്റെ പ്രതിഷേധം രേഖപ്പെടുത്തി .


അണ്ണൻ മുതിർന്ന കുട്ടി ആയതോടെ അമ്മക്ക് വലിയൊരു ആശ്വാസവും കൈത്താങ്ങും ആയിരുന്നു . അണ്ണന് അറിയാത്തതോ ചെയ്യത്തതൊ ആയ ഒരു ജോലിയും വീട്ടിൽ ഇല്ല . പശുവിനെ കുളിപ്പിക്കുക , പാൽ കറക്കുക , ചാണകം വാരുക , അരി ഇടയുക , ആട്ടുകല്ലിൽ അരി ആട്ടുക, മീൻ വെട്ടുക , മുറ്റം തൂക്കുക , എന്ന് വേണ്ട അമ്മക്ക് സഹായം ആയി എന്ത് ചെയ്യാനും അണ്ണൻ എപ്പോഴും ഒരുക്കമായിരുന്നു . വീട്ടു ജോലികൾ ആണോ പെണ്ണോ എന്ന് വ്യത്യാസം ഇല്ലാതെ ചെയ്യാം എന്ന ആശയം മറ്റു കുട്ടികളുടെ മനസ്സില് എത്തിയത് തന്നെ അണ്ണന്റെ ജോലികൾ ചെയ്യാനുള്ള ഈ മനോഭാവം ആണ് .

പഠനത്തിൽ സമർത്ഥനായ വിജയരാജനെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും സ്വപ്നം. അതിനുള്ള കഴിവും യോഗ്യതയും ഒക്കെ അണ്ണന് വേണ്ടുവോളം ഉണ്ടായിരുന്നു താനും . പത്താം ക്ലാസ്സിൽ ഉയര്ന്ന മാര്ക്ക് കിട്ടി സെക്കന്റ്‌ ഗ്രൂപ്പ്‌ എടുത്തു ആ വഴിക്ക് നീങ്ങുകയും ചെയ്തു . അണ്ണന് ഗൈഡ് വാങ്ങാനും നല്ല ഉടുപ്പും നിക്കറും ഒക്കെ കൊടുക്കാനും അവധിക്കാലത്ത്‌ തങ്കശേരി മാമന്റെ വീട്ടിൽ അയച്ചു ഇംഗ്ലീഷ് പഠിപ്പിക്കാൻ അമ്മ ബുദ്ധി മുട്ടിയതും ഒക്കെ എങ്ങിനെയും മിടുക്കനായ മകനെ ഒരു ഡോക്ടർ ആക്കാൻ ആയിരുന്നു . അമ്മക്ക് കഷ്ടിച്ച് പരീക്ഷകൾ പാസ്സായി രക്ഷപെട്ടിരുന്ന എന്നെപ്പറ്റി അങ്ങിനെ ഒരു ദുരാഗ്രഹമെ ഉണ്ടായിരുന്നില്ല .

അമ്മയുടെ പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ട് അണ്ണന് എം ബീ ബീ എസ് നു അഡ്മിഷൻ ഒരു മാര്ക്കിനു നഷ്ടപ്പെട്ടു . അന്ന് പുതിയതായി തുടങ്ങിയ ബീ ഫാം കോഴ്സ് നു പ്രവേശനം കിട്ടുകയും ലഭിച്ചു . ഒരുപാട് മനസ്സിലാ മനസ്സോടെയാണ് അമ്മയും അണ്ണനും ഒടുവിൽ കിട്ടിയ കോഴ്സ് നു ചേരാൻ നിശ്ചയിച്ചത് . അച്ഛൻ തുടങ്ങി വെച്ച വീട് പണി കാരണം അന്നത്തെ സാമ്പത്തിക നില വളരെ പരുങ്ങലിൽ ആയിരുന്നു . അണ്ണൻ പാസായി ജോലി കിട്ടിയാൽ എങ്ങിനെയും കുറെ മാറ്റം ഉണ്ടാകും എന്ന് അവര്ക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു .

ആദ്യമായി അണ്ണൻ വീട് വിട്ടു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റൽ ലേക്ക് താമസം മാറിയത് അമ്മയെ വല്ലാതെ ഒറ്റക്കാക്കി . എല്ലാ ആഴ്ചയും അമ്മ ഒരു ഇൻലാൻഡ്‌ നിറയെ എഴുതി അയക്കും . അവിടുത്തെ വേഷം , ഭക്ഷണം , യാത്ര , പഠനം , സുഹൃത്തുക്കൾ , അദ്ധ്യാപകർ , നഗര കാഴ്ചകൾ ഒക്കെ അണ്ണൻ എഴുതിയത് അമ്മ ഉറക്കെ വായിച്ചു കേൾപ്പിക്കും. അണ്ണൻ പഠിക്കുന്ന പാഠപുസ്തകങ്ങൾ പോലും അമ്മക്ക് അറിയാമായിരുന്നു . മകന് വലിയ ജോലി കിട്ടുന്നതും മറ്റുള്ള ചില ബന്ധുക്കളുടെ മുൻപിൽ അഭിമാനത്തോടെ മകനെപ്പറ്റി വിവരിക്കാനും ആ അമ്മ വെമ്പൽ കൊണ്ടു.

വീട്ടിൽ വരുന്ന ബന്ധുക്കളോടും സഹപ്രവർത്തകരോടും ഒക്കെ അമ്മ അണ്ണനെ പ്പറ്റിയും കിട്ടാവുന്ന ജോലിയെ പറ്റിയും വരാൻ സാദ്ധ്യത ഉള്ള വിവാഹ ആലോചന കളെപ്പറ്റി യും ഒക്കെ വാ തോരാതെ സംസാരിക്കും .

" വിജയന് ഒരു ഡോക്ടർ പെണ്ണ് തന്നെ വേണം തങ്കമ്മേ, അപ്പൊ തങ്കമ്മയുടെ വിഷമം മുഴുവൻ മാറും "

" ഓ അങ്ങിനെ കൊമ്പത്തെ ആലോചന ഒന്നും വേണ്ട , നമ്മുക്ക് പറ്റിയ എന്നെ നോക്കുന്ന ഒരു പെണ്ണ് മതി "

ബി ഫാം പരീക്ഷയിൽ റാങ്കോടെ പാസായ അണ്ണൻ അമ്മയുടെ പ്രതീക്ഷകളെ വാനോളം ഉയർത്തി. കിട്ടാവുന്ന ജോലികളും മുംബൈ യാത്രയും ശമ്പളവും ഒക്കെ അമ്മയും അച്ഛനും അണ്ണനും വീട്ടിൽ വന്ന ബന്ധുക്കളും ഒക്കെ ചര്ച്ച ചെയ്യുന്നതും അവരുടെ " അനിയൻ എന്നാ ഇതുപോലെ ഒന്ന് പഠിച്ചു കാണിക്കുന്നത് ? " എന്ന പരിഹാസം നിറഞ്ഞ ചോദ്യവും അതിനു അമ്മയും അച്ഛനും നല്കുന്ന പൊട്ടിച്ചിരികളും ഒക്കെ ഇന്നും ഓര്മ വരുന്നു .

മുംബയിലെ പ്രശസ്തമായ ബൂട്ട്സ് ഫർമസ്യൂട്ടിക്കൽസ് എന്നൊരു കമ്പനിയിൽ ആയിരുന്നു അണ്ണന്റെ ആദ്യ ജോലി . അണ്ണൻ നാട് വിട്ടതോടെ വീട്ടു ജോലികളും അടുക്കളയും ഒക്കെ എന്റെ മേൽനോട്ടത്തിൽ ആയി . അണ്ണൻ അയക്കുന്ന ചെറിയ തുകകളും വലിയ എഴുത്തുകളും അമ്മയെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്‌ .

പ്രതീക്ഷകൾക്കു ചിറകു പിടിപ്പിച്ചു അണ്ണൻ മുംബൈ വിട്ടു സൗദി മിനിസ്ട്രി ഓഫ് ഹെൽത്ത്‌ ഇൽ ജോലിക്ക് സെലെക്ഷൻ കിട്ടി . അമ്മ വലിയ വഴിപാടുകൾ നേർന്നു കിട്ടിയ പ്രസാദം എൻറെ നെറ്റിയിൽ തൊടുവിച്ചു .

" വിജയന് പഠിക്കാൻ മിടുക്കൻ ആയിരുന്നു , അവനെ പറ്റി എനിക്കുള്ള പ്രതീക്ഷ ഒക്കെ നേടി , ഇനി നീയാണ് , നിനക്ക് അവനെപ്പോലെ പഠിക്കാൻ കഴിഞ്ഞില്ല , പക്ഷെ ഗുരുത്വവും ഭാഗ്യവും ഉണ്ടെങ്കിൽ നീയും രക്ഷപെടും , അങ്ങിനെ ഒരു പ്രാർത്ഥന യെ ഉള്ളൂ , അത് നീയായി നശിപ്പിക്കരുത് "

സൌദിയിൽ നിന്നും വരുന്ന കത്തുകൾ അമ്മക്ക് എത്ര വായിച്ചാലും മതി ആവില്ല . സ്കൂളിൽ നിന്നും വന്നാൽ ഉടൻ " വിജയൻറെ കത്ത് വല്ലതും വന്നോ " എന്ന ചോദ്യം ചോദിച്ചിട്ടേ അകത്തേക്ക് കടക്കൂ . ഒരമ്മക്ക് മകനും മകന് അമ്മയും എത്ര പ്രീയപ്പെട്ടതാണ്‌ എന്ന് ആ കത്തുകൾ വായിക്കുമ്പോൾ അറിയാം .
അരീക്കരെ വീട്ടിലെ എല്ലാ പുരോഗതിയും അണ്ണന്റെ പണം കൊണ്ടു ഉണ്ടായതാണ് . ടീ വീ വാങ്ങിയതും അച്ഛന് സ്കൂട്ടെർ വാങ്ങിയതും ഗ്യാസ് അടുപ്പ് വാങ്ങിയതും പിന്നീട് കാർ വാങ്ങിയതും ഒക്കെ അണ്ണൻ ആണ് . ഞാൻ മുംബയ്ക്ക് കടന്നതും എഞ്ചിനീയർ ആയതും ഒക്കെ അണ്ണന്റെ മനസ്സും പണവും കൊണ്ടാണ് .

ആദ്യ അവധിക്കു അണ്ണൻ വന്നത് മുംബൈ വഴിയാണ് . ഗൾഫ്‌ ന്റെ മണം, ജീൻസ്, ടീ ഷർട്ട്‌ , വലിയ ബാഗുകൾ ഒക്കെ ആയി എയർപോർട്ട് നു പുറത്തേക്ക് വന്ന അണ്ണനെ ഞാൻ ആരാധനയോടെ നോക്കി നിന്നു. ഈ വലിയ മനസ്സിന്റെ ഉടമയും സ്വന്തം ജ്യേഷ്ടനെയും ആണല്ലോ ഈശ്വരാ ഷർട്ട്‌ ഇൽ മഷി കുടഞ്ഞും കറ പറ്റിച്ചും പാഠം പഠിപ്പിച്ചത് എന്നോർത്തപ്പോൾ വല്ലാത്ത ജ്യാള്യത തോന്നി . അമ്മ പ്രാർത്ഥിച്ചതോന്നും വെറുതെ ആയില്ലല്ലോ .

അരീക്കര അണ്ണൻ വന്ന സമയം പല ആലോചന കളുമായി വീട്ടിൽ പലരും വരികയും ചെയ്തു . അണ്ണൻ അടുത്തതവണ ആകട്ടെ എന്ന് പറഞ്ഞു മിക്കതും ഒഴിവാക്കുകയും ചെയ്തു . അടുത്ത അവധിക്കും ഏറെക്കുറെ ഇങ്ങെനെതന്നെ അവധി കടന്നുപോയി .

മുംബൈയിൽ കോളേജു വിട്ടു ഹോസ്റ്റൽ ഇൽ വന്ന എനിക്ക് അമ്മയുടെ കത്ത് പൊട്ടിച്ചു വായിച്ചു . മിക്ക കത്തുകളിലും " അനിയനു " എന്നെഴുതുന്ന അമ്മ അത്തവണ " പ്രീയപ്പെട്ട അനിയനു " എന്ന് എഴുതിയത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു .

" പ്രീയപ്പെട്ട അനിയനു ,
കണ്ണീരോടെ ആണ് ഈ കത്തെഴുതുന്നത് . സൌദിയിൽ നിന്നും വിജയൻറെ സഹപ്രവർത്തകരായ കുറെ മലയാളി നേഴ്സ് മാർ ചേർന്ന് എനിക്ക് ഒരു കത്തെഴുതിയിരിക്കുന്നു . അവൻ കൂടെ ജോലി ചെയ്യുന്ന ഒരു കത്തോലിക്ക മതവിശ്വാസി ആയ ഫിലിപ്പീന്സ് കാരി നേഴ്സ് നെ വിവാഹം ചെയ്യ്തു എന്ന് അറിയിച്ചു ആയിരുന്നു . മൂത്തമകനായ അവനെ ഞാൻ നിലത്തു വെക്കാതെയും തലയിൽ വെക്കാതെയും വളര്ത്തി വലുതാക്കിയതാണ്. അവനു എങ്ങിനെ ഇത് ചെയ്യാൻ തോന്നി? . എൻറെ ബലമായ സംശയം ഭക്ഷണപ്രിയനായ അവനെ ഭക്ഷണത്തിൽ കൈവിഷം കൊടുത്തു വശീകരിച്ചതാണ് എന്നാണ് . നീ എത്രയും പെട്ടന്ന് അവനെ ബന്ധപ്പെട്ടു അവനെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണം. അവനും അവളും കൂടി വന്നാൽ അവനു എൻറെ ശവശരീരം കണ്ടിട്ട് മടങ്ങാം .....


ഞാൻ കത്ത് വായിച്ചു കരയണോ ചിരിക്കണോ എന്ന് അറിയാതെ കുറെ നേരം ഇരുന്നു . സത്യത്തിൽ ജാതിയും മതവും ഒന്നും നോക്കാതെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചത്‌ ഞാനായിരുന്നു . അത് അവിടെയും ഇവിടെയും ഒക്കെ എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് . കഷ്ടകാലത്തിന് ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് പ്രണയം തോന്നുന്ന ഒരു വ്യക്തിത്വം എനിക്ക് ഇല്ലാതെ പോയി .

അരീക്കര പോലെ ഒരു കുഗ്രാമത്തിൽ ആ വാര്ത്ത കാട്ടു തീ പോലെ പടര്ന്നു . അമ്മ ആളുകളെ അഭിമുഖീകരിക്കാൻ ആവാതെ കട്ടിലിൽ കമഴ്ന്നു കിടന്നു കരഞ്ഞു. പല ബന്ധുക്കള്ക്കും പരിഹാസം . കേട്ടവർ കേട്ടവർ പൊടിപ്പും തൊങ്ങലും വെച്ച് അവരവരുടെ കഥകൾ മെനഞ്ഞു .

" അനിയാ ... വിജയൻ ഒരു പാലസ്തീനിക്കാരിയെ കല്യാണം കഴിച്ചെന്നു കേട്ടു,... അതെന്താ ഈ നാട്ടിലെങ്ങും പെണ്ണിനെ കിട്ടില്ലായിരുന്നോ ? "

" അനിയൻ ഇത് ചെയ്തിരുന്നെകിൽ ഞങ്ങൾ സഹിക്കുമായിരുന്നു , വിജയൻ ഇത് ചെയ്തല്ലോ ഭഗവതീ ..."

" അനിയനാണോ ഒരു ഫോറിൻ പെണ്ണിനെ കെട്ടിയത് ? "

എന്തിനു പറയുന്നു , എനിക്ക് വഴി നടക്കാൻ പോലും പ്രയാസമായിരുന്നു . ചോദ്യങ്ങള്ക്ക് മറുപടി പറഞ്ഞു മടുത്തു .

ഞാൻ അണ്ണനെ ഇതിനിടെ പല തവണ വിളിച്ചു . സംഗതി സത്യമാണ് . അണ്ണനും ഫിലിപ്പീന്സ് കാരി ഇമെല്ടാ വിർഗോനിയയും ആയി സ്പെഷ്യൽ മാര്യേജ് ആക്ട്‌ പ്രകാരം വിവാഹം കഴിച്ചു . അണ്ണനെ നാട്ടിൽ കൊണ്ടുവരുന്നതല്ല, അമ്മയെ എങ്ങിനെ സമാധാനിപ്പിക്കും എന്നതായിരുന്നു എൻറെ വെല്ലുവിളി . പുരോഗമന ആശയക്കാരനായ അച്ഛന് " അതിനെന്താ പ്രശ്നം " എന്ന നിലപാട് അമ്മയെ കൂടുതൽ സങ്കടത്തിൽ ആക്കി . അമ്മ വീട് വിട്ടു പുറത്തേക്ക് ഇറങ്ങാതെ ആയി .

വർഷങ്ങൾ രണ്ടു കഴിഞ്ഞു . അണ്ണന് ഒരു കുഞ്ഞായി . "രാജീവ് വിർഗോനിയ പണിക്കർ" എന്ന് പാസ്പോര്ട്ട് ഇൽ പേരുള്ള അവന്റെ ഫോട്ടോ കണ്ടു അമ്മയുടെ കണ്ണുനീർ ഒഴുകിയിറങ്ങി .

" വിജയൻറെ മകനെ എന്നാ അവൻ എന്നെ കൊണ്ടു കാണിക്കുക ?, എന്നാലും വിജയൻ ഇങ്ങനെ ചെയ്തല്ലോ , അവനെ ഞാൻ മറന്നു , എന്നാലും അവന്റെ മകനെ എനിക്ക് മറക്കാൻ ആവുമോ ?

രാജീവ്‌ അമ്മയുടെ കണ്ണും കരളും കവര്ന്ന ഒരു അത്ഭുത ബാലനായി . അവനെ കാണാതിരിക്കാൻ അമ്മക്ക് വയ്യാതെ ആയി . അവന്റെ ജാതകം എഴുത്തും വഴിപാടു കഴിക്കലും ചരട് ജപിച്ചു വാങ്ങലും ആയി അമ്മ അടുത്ത അവധി വരെ കഴിച്ചു കൂട്ടി .

അരീക്കര പോലെ ഒരു കുഗ്രാമത്തിലെക്കു അണ്ണനും വിദേശിയായ ഭാര്യയും അവരുടെ ഓമന മകൻ രാജീവും വന്ന ദിവസം സിനിമാ ഷൂട്ടിംഗ് നടക്കുന്നത് പോലെ ആയിരുന്നു വീട് . കേട്ടറിഞ്ഞു കേട്ടറിഞ്ഞു ആളുകള് വന്നു . അമ്മയുടെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ അമ്മ കൂട്ടാക്കിയില്ല . കാറിൽ നിന്നും രാജീവിനെ കൈയ്യിലെടുത്തു അമ്മയുടെ മുന്നിലെത്തിയ അണ്ണനെ നോക്കി അമ്മ വിങ്ങിപ്പൊട്ടി . പക്ഷെ പുഞ്ചിരിക്കുന്ന രാജീവിനെ മുഖം കണ്ടപ്പോൾ അമ്മക്ക് കൈ നീട്ടാതിരിക്കൻ കഴിഞ്ഞില്ല . അമ്മ അവനെ തെരുതെരെ ഉമ്മ വെച്ചു . ഇമെല്ട ആണെങ്കിൽ ഒരു തനി മലയാളിയേപ്പോലെ ചോറും സാമ്പാറും അവിയലും ചീര തോരനും ഒക്കെ ഉണ്ടാക്കി അമ്മയെ അത്ഭുതപ്പെടുത്തി . മോഹൻലാലും മമ്മൂട്ടിയും അവരുടെ പ്രിയ താരങ്ങൾ .

രാജീവ്‌ അരീക്കര വീട് വീണ്ടും വീടാക്കി മാറ്റി . അവന്റെ കുസൃതികളും ചിരിയും കണ്ണീരും ആ വീട്ടിൽ പത്തിരുപതു വര്ഷം പിന്നെയും നീണ്ടു . അമ്മക്ക് ഏറ്റവും പ്രീയപ്പെട്ട , അമ്മയോടൊപ്പം മുതിർന്ന കുട്ടിയായിട്ടും ഉറങ്ങുന്ന , അവൻ ഉറങ്ങുന്നതുവരെ ഉറങ്ങാതിരിക്കുന്ന അമ്മൂമ്മയോടൊപ്പം അവൻ വളര്ന്നു വലുതായി . രാജീവ് ഇന്ന് മനിലയിൽ ഹോട്ടൽ മാനെജ്മെന്റ് പൂര്തിയാക്കാൻ ഒരുങ്ങുന്നു . അവൻ അവന്റെ അച്ഛനെപ്പോലെ പാചകത്തെയും കൂട്ടുകാരെയും ഇഷ്ടപ്പെടുന്നു .


കഴിഞ്ഞ ആഴ്ച മുഴുവൻ ഞാൻ അരീക്കരയിൽ ആയിരുന്നു . പ്രമേഹവും മറവി രോഗവും കൊണ്ടു കഷ്ടപ്പെടുന്ന അമ്മ ചിലപ്പോൾ വിജയനാണ് എന്ന് വിചാരിച്ചു അനിയനോടും അനിയനാണ് എന്ന് വിചാരിച്ചു വിജയനോടും സംസാരിക്കും . പഴയ കാര്യങ്ങൾ നല്ല ഒര്മയാണ് . എന്നാൽ അല്പ്പം മുൻപ് നടന്ന കാര്യങ്ങൾ ചിലപ്പോൾ ഓര്മിചെടുക്കാൻ കഴിയില്ല .

അമ്മയെ സ്ഥിരമായി ചികിത്സിക്കുന്ന സെഞ്ച്വറി ആശുപത്രിയിലെ ഡോ അലക്സാണ്ടർ കോശിയെ കാണിക്കാൻ ഞാൻ കൊണ്ടുപോയി .

" അമ്മ വളരെ സന്തോഷത്തിലാണല്ലോ , ഷുഗർ ഒക്കെ വളരെ കുറവാണല്ലോ "

" ഒക്കെ വിജയൻ വന്നപ്പോൾ ശരിയായി "

" പൊട്ടു തൊട്ടു നല്ല സുന്ദരി ആയി ഇരിക്കുന്നു , ആരാ ഇതൊക്കെ ഇട്ടു തന്നത് ?"

" വിജയൻ , അവനല്ലാതെ ആരാ ഇതൊക്കെ ചെയ്യാൻ ? "

" ഇത് രണ്ടാമത്തെ മകനല്ലേ ?"

" അല്ല , വിജയനാ , അവനാണ് മൂത്തത് , അവൻ ഞാൻ പറഞ്ഞിട്ട് വന്നതാണ് , അവനു മാത്രമേ എൻറെ എല്ലാ കാര്യങ്ങളും അറിയൂ "

അമ്മയുടെ കൈ പിടിച്ചു , ഡോക്ടറുടെ മുറി വിട്ടു പുറത്തിറങ്ങുമ്പോൾ എൻറെ കണ്ണു നിറഞ്ഞത്‌ അമ്മ ഞാൻ അനിയനാണ് എന്ന് മനസ്സിലാക്കത്തതിനല്ല , അമ്മയെ അറിയാവുന്ന അണ്ണന്റെ അനിയനായി ജനിക്കാൻ കഴിഞ്ഞതിനാണ് . ഓരോ അമ്മയ്ക്കും വേണ്ടത് അങ്ങിനെ ഒരു മകനാണ് , ഓരോ അനിയനും വേണ്ടത് അങ്ങിനെ ഒരു അണ്ണൻ ആണ് .