Saturday, 26 May 2012
Friday, 18 May 2012
പ്രണയപര്‍വ്വം
പുരാണത്തിലെ
നളന്‍ , ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ദേവദാസ് , ഷേക്ക്‌സ്പിയരുടെ റോമിയോ ,
ചങ്ങമ്പുഴയുടെ രമണന്‍ , " എന്തൊക്കെ സംഭവിച്ചാലും ..." എന്ന് നായികയോട്
തെങ്ങില്‍ ചാരി നിന്ന് പറയുന്ന പ്രേംനസീര്‍ , ഉള്‍ക്കടലിലെ രാഹുലന്‍,
അങ്ങിനെ ഏതെല്ലാം പ്രേമനായകന്മാരെയാണ് നമ്മള്‍ മലയാളികള്‍ക്ക് വായിച്ചും
കണ്ടും കെട്ടും പരിചയമുള്ളത് . അരീക്കരയിലെ എന്റെ ബാല്യകാലത്തെപ്പറ്റി
ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പ്രേമനായകന്‍
ഉണ്ട് . രവി ചേട്ടന്‍ എന്ന് ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്ന
രവീന്ദ്രന്‍ .
പനംതിട്ട കുളത്തിലാണ് അന്ന് ഞങ്ങളുടെ കുളി , ആ
കുളം കലക്കിയത്തിനു മുതിര്‍ന്നവരുടെ വഴക്കും വീട്ടിലെ അടിയും ശീലമായിരുന്ന
ഒരു കാലം . കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്ന വലിയ കാവും ഒക്കെ ഇന്ന്
അപ്രത്യക്ഷമായിരിക്കുന്നു കരിങ്ങാട്ടിലെ വീടിന്റെ മുന്‍പിലെ വിശാലമായ
പുല്‍പ്പരപ്പ് കഴിഞ്ഞു വേണം പനംതിട്ട കുളത്തിലേക്ക് പോവാന്‍ . ഏതു
സമയത്തുംഅവിടെ കുട്ടിയും കോലും കളിക്കുന്ന കുട്ടികളും മഴ പെയ്താല്‍
തോര്‍ത്ത് വെച്ച് പൊടിമീനെ പിടിക്കാന്‍ ഇറങ്ങുന്ന പിള്ളാര് സെറ്റും
ഒക്കെ ഇന്ന് ഭാവനയിലെ സങ്കല്‍പ്പിക്കാന്‍ ആവൂ . എനിക്ക് രണ്ടു നേരവും
പനംതിട്ട കുളത്തില്‍ കുളിക്കാന്‍ പോവാന്‍ അന്ന് വീട്ടില്‍ നിന്നും
അനുമതി ഉണ്ടായിരുന്നു . പനംതിട്ട കുളത്തില്‍ ഏതു നേരവും കുളിക്കാനും
അതിന്റെ പടികളില്‍ ഇരുന്നു തുണി അലക്കാനും തിരക്ക് തന്നെ . പനംതിട്ട
കുളവും കടന്നു വീതിയുള്ള വരമ്പ് കടന്നു വേണം വട്ടമോടി സ്കൂളിലേക്ക്
പോവാന്‍ . സ്കൂള്‍ ചുറ്റും കുറ്റിക്കാടുകള്‍ ഒരു ചെറിയ മലയുടെ മുകളില്‍
ആണ് . അന്ന് സ്കൂളിലേക്ക് കയറാന്‍ ഇന്നുള്ള സിമന്റു പടികള്‍ ഒന്നും ഇല്ല .
വെറും കാട്ടു പാതയില്‍ കുറെ ചീങ്ക വെട്ടി പടി പോലെ ആക്കി
വെച്ചിരിക്കുകയാണ് . എത്ര തവണയാണ് ഈ പടികളില്‍ മുട്ട് തല്ലി വീണു തൊലി
പോയിട്ടുള്ളത് .
മിക്കവാറും വൈകിട്ട് കുളിക്കാന്‍ പോവുമ്പോള്‍
രവി ചേട്ടന്‍ തോര്‍ത്തും തോളിലിട്ടു സോപ്പ് പെട്ടിയും പിടിച്ചു നടന്നു
വരുന്നത് കാണാം . സല്‍മാന്‍ ഖാനെപ്പോലെ നെഞ്ചും മസിലും വിരിച്ചു നടന്നു
വരുന്നത് കാണാന്‍ ഒരു ചന്തമുണ്ട് . രണ്ടു കൈയ്യിലും മുട്ടിനു മുകളില്‍
അച്ചു കുത്തിയ വലിയ പാടുകള്‍ . വന്നാലുടന്‍ " അനിയോ , സോപ്പ് പെട്ടി
ഇവിടിരിക്കട്ടെ , ഞാന്‍ ഇപ്പൊ വരാം ..." പിന്നെ സ്കൂളിന്റെ പടി കയറി
പോവുന്നത് കാണാം . പ്രസന്ന ചേച്ചിയെ കാണാന്‍ പോവുന്നതാനെന്നു കുറെ
കഴിഞ്ഞാണ് എനിക്ക് മനസ്സിലാവുന്നത് . പ്രസന്ന ചേച്ചിയും അനിയത്തിയും
വേറെ കുറെ പിള്ളേര് സെറ്റും പശുവിനു പോച്ച ( തീറ്റ ) പറിക്കാന്‍ വട്ടമോടി
സ്കൂളിന്റെ താഴെയുള്ള പറമ്പുകളില്‍ എന്നും നാല് മണി കഴിഞ്ഞു വരും . കുറെ
ദിവസങ്ങള്‍ കഴിഞ്ഞാണ് രവി ചേട്ടന്‍ പ്രസന്ന ചേച്ചിയെ ക്കാണാന്‍ ആണ്
സ്കൂളിലേക്ക് പോവുന്നതെന്ന് മനസ്സിലായത് . ഒരു ദിവസം രവി ചേട്ടനെ പറഞ്ഞ
സമയം കഴിഞ്ഞും കാണാതിരുന്നപ്പോള്‍ ഞാന്‍ സ്കൂള്‍ വരെ പോയി തിരക്കാമെന്ന്
വിചാരിച്ചു , അങ്ങിനെയാണ് സ്കൂളിന്റെ മുന്‍പിലെ ബദാം മരത്തില്‍
ചാരിയിരുന്നു പ്രസന്ന ചേച്ചിയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന രവി ചേട്ടനെ
ആദ്യമായി കാണുന്നത് . അതായിരുന്നു അവരുടെ പതിവ് . " എടീ പ്രസന്നെ ...
എടീ കൊച്ചെ .. പെണ്ണെ നേരം ഇരുട്ടി...വേഗം വാ പെണ്ണെ ." എന്ന് പ്രസന്ന
ചേച്ചിയുടെ അമ്മ നീട്ടി അക്കരെ നിന്ന് വിളിക്കുന്നത് വരെ ഇവരുടെ
പ്രേമസല്ലാപം തുടരും . അന്ന് ഇന്നത്തെ പോലെ സദാചാര പോലീസ് വന്നു അവരെ
പിടികൂടുകയോ വിചാരണ ചെയ്യാലോ ഒന്നും ഇല്ല . അവര്‍ തമ്മില്‍ സ്നേഹമാണെന്ന്
ഏറെക്കുറെ അവിടുത്തെ സ്ഥലവാസികള്‍ക്കൊക്കെ അറിവുണ്ടായിരുന്നു . ഒരു
കുട്ടിയായിരുന്ന എനിക്ക് ഇവര്‍ക്ക് ഇത്രയധികം വര്‍ത്തമാനം പറയാന്‍ എന്താ
ഉള്ളത് ? എന്ന ഒരു അത്ഭുതമേ ഉണ്ടായിരുന്നുള്ളൂ .
ഞാന്‍ ആറിലും
ഏഴിലും ഒക്കെ ആയിരുന്നപ്പോള്‍ മുതല്‍ അവരുടെ പ്രേമ കഥകളും
കണ്ടുമുട്ടലുകളും ഒക്കെ കണ്ടും കെട്ടും ഒക്കെ നിത്യപരിചയം ആയി .
സത്യത്തില്‍ പ്രസന്ന ചേച്ചിയുടെ കുടുംബത്തേക്കാള്‍ പേരും പെരുമയും
ഒക്കെയാണ് രവി ചേട്ടന്റെ കുടുംബം . രവിച്ചേട്ടനെ കാണാനും അങ്ങിനെതന്നെ .
പനംതിട്ട കാവില്‍ വിളക്കു കത്തിക്കാന്‍ വരുമ്പോഴും പരയിരുകാല
അമ്പലത്തില്‍ താലപ്പൊലി എടുക്കാന്‍ വരുമ്പോഴും ഒക്കെ ഹാഫ് സാരി ചുറ്റി
വരുന്ന പ്രസന്ന ചേച്ചി ഒരു സുന്ദരി തന്നെയാണ് . അവര്‍ തമ്മില്‍ നല്ല
ചേര്‍ച്ചയാണെന്ന് ഭവാനി ചേച്ചിയും എന്നോട് പറയുമായിരുന്നു .
മിക്കപ്പോഴും ഭവാനി ചേച്ചി രവി ചേട്ടനെ പിടിച്ചു നിര്‍ത്തി " അവിടെ
നില്ലടാ ചെറുക്കാ ... നീ ആരെ കാണാന്‍ പോവാന്നൊക്കെ എനിക്കറിയാം ... ആ
പ്രസന്നെയല്ലെടാ .... വീട്ടില്‍ പറഞ്ഞോട ? എന്നാടാ കല്യാണം .."
എന്നൊക്കെ ചോദിക്കുമായിരുന്നു . രവി ചേട്ടന്‍ ആവട്ടെ " ഓ പോ ചേച്ചി ...
അതിനു എനിക്ക് പ്രായം ആയില്ലല്ലോ .." എന്ന് പറഞ്ഞു നാണത്തോടെ സ്പീഡില്‍
നടക്കും .
പ്രസന്ന ചേച്ചിയുടെ വീട്ടില്‍ വലിയ സ്ഥിതി ഒന്നുമില്ല
. കൃഷിയും പശുവിനെ വളര്‍ത്തലും ഒക്കെ ആയി തട്ടി മുട്ടി കഴിഞ്ഞു
കൂടുന്നു . പ്രസന്ന ചേച്ചി പത്തില്‍ തോറ്റു പിന്നെ പഠിക്കാന്‍ പോയില്ല.
അവര്‍ക്കും ചേച്ചിയുടെ പ്രേമം ഒക്കെ അറിയാമെന്നു തോന്നുന്നു . അവരുടെ
വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാവുന്നത്തെ ഉള്ളൂ വട്ടമോടി സ്കൂള്‍ ഉം
ബദാം ചുവടും ഒക്കെ . " എന്തോന്നാടീ ആ രവീന്ദ്രനുമായി നിന്ന് ഇത്ര നേരം
ഒരു കിന്നാരം പറയാന്‍ ..' എന്നൊക്കെ പ്രസന്ന ചേച്ചിയുടെ അമ്മ വഴക്ക്
പറയുമെങ്കിലും സത്യത്തില്‍ ആ അമ്മക്ക് മകളെ ഒരു നല്ല പയ്യന്‍
കെട്ടിക്കൊണ്ടു പോകുമല്ലോ എന്നൊരു ആശ്വാസം ആയിരിക്കും ഉള്ളില്‍
കാലം കടന്നു പോയി , ഞാന്‍ നാട് വിട്ടു മുംബൈയിലും പിന്നെ ഗള്‍ഫ് ലുമൊക്കെ
വന്നു പെട്ട് ഈ പ്രണയ കഥകള്‍ എവിടെ വരെ എത്തി എന്ന് തിരക്കാന്‍ എങ്ങിനെയോ
മറന്നു പോയി .
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഒരു അവധിക്കാലം
, ഞാന്‍ വീട്ടിലെ സിറ്റ് ഔട്ടിലെ മാര്‍ബിള്‍ ബഞ്ചില്‍ ഇരിക്കുകയാണ് .
പടിക്കല്‍ ക്കൂടി ഒരു മനുഷ്യന്‍ , താടിയും ജട പിടിച്ച മുടിയും ഒക്കെയായി
കീറിപ്പറിഞ്ഞ കൈലിയും ഉടുത്തു നടന്നു പോവുന്നു . ഏതോ ഭ്രാന്തനായിരിക്കും ,
അമ്മയാണ് പറഞ്ഞത് " അതാ രവീന്ദ്രനാ .. വട്ടാ .... ഇങ്ങനെ അലഞ്ഞു
നടക്കുകയാ ..."
എനിക്ക് വിശ്വസിക്കാന്‍ ആകാത്ത വിധം ആ മനുഷ്യന്‍
മാറിയിരുന്നു . തോളിലെ അച്ചു കുത്തിയ പാട് ഒഴിച്ച് തിരിച്ചറിയാന്‍
ഒരടയാളവും ഇല്ല . ആ വിരിഞ്ഞ നെഞ്ചും ഉറച്ച മസിലുകളും എല്ലാം എവിടെ
... ഈശ്വരാ .. ഇതെന്തൊരു കൊലമാണ് ?'
" അമ്മെ ഇയാള്‍ കല്യാണം കഴിച്ചോ ? "
" വട്ടന് ആരെങ്കിലും പെണ്ണ് കൊടുക്കുമോ ?"
ആ അവധിക്കാലം ഞാന്‍ രവിച്ചേട്ടനെ പലതവണ കണ്ടു . വിശ്വസിക്കാന്‍ പ്രയാസം
ഉണ്ടായിരുന്നു എങ്കിലും അടുത്ത് നിന്ന് കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ,
അതെ അയാള്‍ പഴയ രവി ചേട്ടന്‍ തന്നെ . ചിലപ്പോള്‍ " അനിയോ " എന്ന്
മാത്രം ഒന്ന് വിളിക്കും , മൌനമാണ് . ആരോടും മിണ്ടാതെ ഇങ്ങനെ അലഞ്ഞു
നടക്കും . ശാപം കിട്ടിയ ജന്മം പോലെ !
ഒരു ദിവസം ഞാന്‍ ഒരാള്‍
വരുന്നത് കാത്തു മുളനില്‍ക്കുന്നതില്‍ മുക്കിനു സീ പീ എന്‍ ബസ്സ്
വരുന്നതും കാത്തു നില്‍ക്കുകയാണ് . രവിച്ചേട്ടന്‍ എതിര്‍ വശത്ത് ഒരു
സര്‍വേ കല്ലില്‍ കുത്തി ഇരിക്കുന്നു . കുളിച്ചിട്ടു നാളുകള്‍ ആയിക്കാണും .
ആ വസ്ത്രത്തിന്റെ ദുര്‍ഗന്ധം കാറ്റില്‍ ഇങ്ങു വരെ എത്തുന്നുണ്ട് .
" ബീഡിയുണ്ടോ അനിയാ "
പുക വലിക്കാത്ത എന്റെ കയ്യില്‍ എവിടെയാണ് ബീഡിയും സിഗരറ്റും , ഞാന്‍
എന്തെങ്കിലും ഒന്ന് പറയുന്നതിന് മുന്‍പ് തന്നെ ആ റോഡില്‍ ആരോ
വലിച്ചെറിഞ്ഞ ഒരു ബീഡിക്കുറ്റി അയാള്‍ പെറുക്കിയെടുത്തു . പിന്നെ
കത്തിച്ചു വലിച്ചു .
സീ പീ എന്‍ ബസ് വന്നു നിന്ന് , ബസില്‍ വന്നിറങ്ങിയ എന്റെ പഴയ ചങ്ങാതിയെ സ്വീകരിച്ചു തിരികെ നടക്കാന്‍ തുടങ്ങുകയായിരുന്നു .
" അനിയോ .. അറിയുമോ '
ആ സ്തീശബ്ദം കേട്ട് തിരിഞ്ഞു നോക്കി , പ്രസന്ന ചേച്ചി , കൂടെ രണ്ടു
പെണ്‍കുട്ടികളും , എന്തൊരു മാറ്റം , വല്ലാതെ തടിച്ചിരിക്കുന്നു . "
അനിയന്‍ ഇപ്പൊ എവിടാ .. സൌദിയിലാ ...കല്യാണം കഴിഞ്ഞു എന്നൊക്കെ ഞാന്‍
അറിഞ്ഞു , എന്റെ ഭര്‍ത്താവും സൌദിയിലാ.. ദാമാമിലാ ."
കുശലം പറഞ്ഞു പിരിയാന്‍ നേരത്ത് പ്രസന്ന ചേച്ചിയുടെ ഇളയ കുട്ടി തിരിഞ്ഞു നില്‍ക്കുകയാണ് .
" അമ്മെ ആ ഇരിക്കുന്നത് പ്രാന്തനല്ലേ ? "
" നടക്കു പിള്ളേരെ .. അവിടെയും ഇവിടെയും വായി നോക്കാതെ ..."
കുട്ടികളെ ആട്ടിതെള്ളി മുന്‍പോട്ടു നടന്ന പ്രസന്ന ചേച്ചി ഒന്ന് തിരിഞ്ഞു നോക്കിയോ ആ ഭ്രാന്തനെ ...
ഏയ് ,, എനിക്ക് വെറുതെ തോന്നിയതായിരിക്കും .
Monday, 7 May 2012
തൂവല്‍ സ്പര്‍ശം
"അമ്മേ, നാളെ പഠിത്തം ഇല്ലല്ലോ , ഞാന്‍ പൊടിയമ്മ അപ്പച്ചിയുടെ കൂടെ വട്ടയത്തില്‍ പൊയ്ക്കോട്ടെ? നാളെ കഴിഞ്ഞു ഇങ്ങു വരാം "
"പോ ചെറുക്കാ അപ്പുറത്ത് .. കണ്ടടം തോറും തെണ്ടി നടക്കാന്‍ ഒരു അസത്ത് ചെറുക്കന്‍ ..."
പൊടിയമ്മ അപ്പച്ചിയുടെ മുഖം വാടി, അമ്മക്ക് അച്ഛന്റെ സ്വന്തം സഹോദരിയായ
നളിനി അപ്പച്ചിയെയോ അര്‍ദ്ധ സഹോദരിയായ പൊടിയമ്മ അപ്പച്ചിയോ ഒന്നും അത്ര
പിടുത്തമല്ല , കാരണം അമ്മ അറിയാതെ അച്ചന്റെയടുത്തു സഹായങ്ങള്‍ ചോദിക്കാന്‍ ഈ
അപ്പച്ചിമാര് വീട്ടില്‍ വരുന്നതും അവര്‍ക്ക് അച്ഛന്‍ സഹായങ്ങള്‍ ഒക്കെ
ചെയ്യുന്നതും ഒന്നും അമ്മക്ക് പിടിക്കില്ല . പക്ഷെ ഞാന്‍ അച്ഛന്റെ ഭാഗത്താ,
അന്ന് പട്ടാളക്കാരനായ അച്ഛനോടല്ലാതെ ആരോട് എന്റെ അപ്പച്ചിമാര്‍ സഹായം
ചോദിക്കും ?.
പൊടിയമ്മ അപ്പച്ചിയെ കല്യാണം കഴിച്ചു അയച്ചിരിക്കുന്നത്
ഒരു കാലത്ത് വിഷ ചികിത്സക്ക് പേരുകേട്ട വട്ടയത്തില്‍ എന്നൊരു പ്രസിദ്ധ
തറവാട്ടിലാണ് . പക്ഷെ തറവാട് പഴയ പ്രതാപം ഒക്കെ മങ്ങി കൃഷിയും ചില്ലറ വിഷ
ചികിത്സയും ഒക്കെ ആയി തട്ടി മുട്ടി മുന്നോട്ടു പോവുന്നു . പൊടിയമ്മ
അപ്പച്ചിയുടെ ഭര്‍ത്താവ് ജനാര്‍ദന്‍ അമ്മാവന്‍ കണ്ടാല്‍ പേടിച്ചു പോവുന്ന
ഒരു കൊമ്പന്‍ മീശയും വെച്ച് ചില്ലറ കള്ളുകുടിയും ചട്ടമ്പിത്തരവും ഉത്സവം
കലക്കലും ഒക്കെ ആയി നാട്ടില്‍ വിലസും . എന്നാലും എന്നെ വലിയ കാര്യം ആണ് .
പാറപ്പാട്ടെ ഉത്സവത്തിന് തലയില്‍ കെട്ടും കെട്ടി മുണ്ടും മടക്കി കുത്തി
ചീത്തയും വിളിച്ചു നില്‍ക്കുന്ന ജനാര്‍ദന മാമന്‍ എന്നെ എപ്പോ കണ്ടാലും
കപ്പലണ്ടിയോ ഗ്യാസ് മുട്ടായിയോ ഒക്കെ വാങ്ങി തന്നിട്ട് " അനിയന്‍ മോനെ
ഞാന്‍ പിശകി നില്‍ക്കുവാന്നു അപ്പച്ചിയോടു പറയണ്ടാ , കേട്ടോ "
വട്ടയത്തില്‍ എപ്പോ ചെന്നാലും നൂറു തരം പണികളുമായി ഓടി നടക്കുന്ന പൊടിയമ്മ
അപ്പച്ചീയേ മാത്രമേ കാണാന്‍ ആവൂ , നെല്ല് പുഴുക്കും ചീനി അരിയലും പശുവിനെ
കറക്കലും മരുന്നു അരക്കലും എന്ന് വേണ്ട അപ്പച്ചിയുടെ കൈയ്യും നോട്ടവും
ചെല്ലാത്ത ഒരു പണിയും ഇല്ല . എന്നെ കൂടെ കൊണ്ട് നടക്കും , പൊടിയരി കഞ്ഞി
പാലൊഴിച്ചു പ്ലാവില കുമ്പിള്‍ കുത്തി എനിക്ക് കുടിക്കാന്‍ തരും . ആ കഞ്ഞി
കുടിക്കാന്‍ മാത്രം എത്ര തവണ ആണ് അമ്മ അറിയാതെ ഞാന്‍ വട്ടയത്തില്‍
പോയിരിക്കുന്നത് . തിരികെ വീട്ടില്‍ എത്തുമ്പോള്‍ അടി ഉറപ്പാണെന്ന് മാത്രം
.അടി കിട്ടിയാലെന്താ പാല്‍ക്കഞ്ഞി കുടിച്ചില്ലേ ?
വട്ടയത്തില്‍
അപ്പച്ചി വന്നതിനു ശേഷം മുടങ്ങിപ്പോയ വിഷ ചികിസ വീണ്ടും പൊടി തട്ടി എടുത്തു
. പാമ്പ് കടിച്ചോ എലി കടിച്ചോ തേള്‍ കടിച്ചോ ചിലന്തി കടിച്ചോ എത്തുന്ന
രോഗികള്‍ അവിടെ താമസിച്ചു മരുന്നും ഭക്ഷണവും ഒക്കെ കഴിച്ചു സുഖമായിട്ടു
പോവും . ഉഗ്ര വിഷമുള്ള പാമ്പുകള്‍ കടിച്ച രോഗികള്‍ വീട്ടു പടിക്കല്‍ വെച്ച്
തന്നെ മരിച്ചു വീണിട്ടുണ്ട് . ചിലപ്പോള്‍ അത്യാവശ്യം മരുന്ന് കൊടുത്തു
തിരുവല്ല സായിപ്പിന്റെ ആശുപത്രിയിലേക്ക് പറഞ്ഞു വിടും . വിഷ ചികിത്സക്ക്
വേണ്ട പച്ച മരുന്നുകള്‍ എല്ലാം വട്ടയത്തിലെ പറമ്പില്‍ തന്നെ വളരുന്നുണ്ട് .
ഇതെല്ലാം അപ്പച്ചി കണ്ടും കെട്ടും പഠിച്ചു എടുത്തതാണ് . അങ്ങിനെ അപ്പച്ചി
വന്നതിനു ശേഷം ആ തറവാട്ടില്‍ വീണ്ടും മുട്ടില്ലാതെ കഴിയാനുള്ള വഴി തെളിഞ്ഞു
.
നാലാം ക്ലാസ്സ് കഴിഞ്ഞ ഒരു അവധിക്കാലം , രാവിലെ എഴുനേറ്റപ്പോള്‍
എന്റെ തോളില്‍ ഒരു ചെറിയ വട്ടത്തില്‍ കുരുക്കള്‍ പൊങ്ങിയത് പോലെ , കൊച്ചു
ചെറുക്കന്‍ സ്വാമിയാണ് എട്ടു കാലി വിഷം ആണോ എന്ന് സംശയം പറഞ്ഞത് . അമ്മ
ഉടനെ തന്നെ വട്ടയത്തിലേക്ക് കൊണ്ട് പോവാന്‍ കൊച്ചു ചെറുക്കന്‍ സ്വാമിയോടെ
പറഞ്ഞതോടെ എന്റെ സന്തോഷം അടക്കാന്‍ വയ്യാതായി . എത്ര നാളത്തെ ആഗ്രഹമാണ്
വട്ടയത്തില്‍ ഒന്ന് താമസിക്കാന്‍ , വട്ടയത്തില്‍ എത്തിയ പാടെ അപ്പച്ചി "
എടാ അനിയന്‍ മോനെ ഇനി ഞാന്‍ ഒരു മാസത്തേക്ക് നിന്നെ വിടില്ല , ഇനി എന്റെ
മോനെ ഞാന്‍ ഒന്ന് വളര്‍ത്തി നോക്കട്ടെ , ഇത് എട്ടുകാലിയാ " അപ്പച്ചി എന്നേം
കൊണ്ട് പറമ്പില്‍ ആകെ ചുറ്റി നടന്നു പലതരം ഇലകള്‍ പറിച്ചു ഒരു ചെറിയ
കല്ലില്‍ കാടിവെള്ളത്തില്‍ അരച്ച് നീളമുള്ള ഒരു കോഴി തൂവല്‍ കൊണ്ട് എന്റെ
തോളിലെ കുരുക്കള്‍ നിറഞ്ഞ ആ വൃത്തം ആകെ മെല്ലെ ആ മരുന്ന് പുരട്ടി തന്നു .
അങ്ങിനെ ദിവസം മൂന്നു നേരം . ആഹാരത്തില്‍ ചില പത്യവും . അപ്പച്ചിക്ക്
അടുക്കള പണിയും ചികിത്സയും മരുന്ന് അരക്കലും എല്ലാം എന്നെ നോക്കുന്നതിനിടെ
നടത്തും . ഒരാഴ്ച കഴിഞ്ഞപ്പോഴേ കുരുക്കളും പാടുകളും ഒക്കെ മാറി , പക്ഷെ
അപ്പച്ചി എന്നെ വളര്‍ത്താന്‍ കിട്ടിയ അവസരം എങ്ങിനെ നീട്ടിയെടുക്കാം എന്ന
മട്ടില്‍ , എനിക്കാണെങ്കില്‍ ഇത്രയും സന്തോഷം നിറഞ്ഞ ഒരു കാലം
ഉണ്ടായിട്ടില്ല . അപ്പച്ചിയുടെ സ്വന്തം മക്കളെ നോക്കുന്നതില്‍ കൂടുതല്‍
ശ്രദ്ധ ആണ് എന്റെ കാര്യത്തില്‍ . ഇതിനിടെ കൊച്ചു ചെറുക്കന്‍ സ്വാമി രണ്ടു
തവണ വന്നു വെറും കൈയ്യോടെ മടങ്ങി .അങ്ങിനെ പത്തിരുപതു ദിവസത്തെ ചികിത്സയും
സുഖവാസവും കഴിഞ്ഞു മടങ്ങാന്‍ നേരത്ത് അപ്പച്ചി എനിക്ക് കഴിക്കാന്‍ ഉണ്ണി
അപ്പവും ഉപ്പേരിയും ഒക്കെ പൊതിഞ്ഞു തന്നു . ഒരിക്കലും മറക്കാന്‍ ആവാത്ത ആ
ദിവസങ്ങള്‍ , വീട്ടില്‍ എത്തിയ ഉടന്‍ അമ്മയുടെ ശകാരം കാരണം
ഉണ്ണിയപ്പത്തിന്റെ മധുരം കുറഞ്ഞോ എന്നൊരു സംശയം .
പിന്നെ എത്രയോ
തവണ വട്ടയത്തില്‍ പോയിരിക്കുന്നു , മുംബയില്‍ പഠിക്കാന്‍ പോയപ്പോഴും
ഗള്‍ഫില്‍ പോയപ്പോഴും ഒക്കെ അപ്പച്ചി എന്നെ കെട്ടിപ്പിടിച്ചു
കരഞ്ഞിട്ടുണ്ട് . അവധിക്കു നാട്ടില്‍ വരുമ്പോഴെല്ലാം വട്ടയത്തില്‍ പോകാതെ
എനിക്ക് സമാധാനം ഇല്ല , അപ്പച്ചിക്ക് എന്തെങ്കിലും ഒരു പൊതി കയ്യില്‍
വെച്ച് കൊടുത്തില്ലെങ്കില്‍ എനിക്ക് ശാന്തി കിട്ടില്ല .
അഞ്ചു
കൊല്ലം മുന്‍പാണെന്ന് തോന്നുന്നു , ഞാന്‍ അന്ന് ഹൈദരാബാദില്‍ ആണ് . നല്ല
ജോലി തിരക്ക് ഉള്ള സമയം . അച്ഛന്റെ ഫോണ്‍ വന്നു " എടാ പൊടിയമ്മക്ക്
നട്ടെല്ലിനു കണ്ണി അകന്നു പോവുന്ന അസുഖം ആണെന്ന് പറയന്നു , അമൃതയില്‍
കൊണ്ട് പോയി , ഇപ്പൊ വട്ടയത്തില്‍ തിരികെ വന്നു , കിടപ്പാ , നിന്നെ ഒന്ന്
കാണണം എന്ന് പറഞ്ഞു "
എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ,
സത്യത്തില്‍ കണ്ടിട്ട് ഇപ്പൊ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിരിക്കുന്നു ,
അരീക്കര പോയപ്പോഴൊന്നും ഓരോ തിരക്ക് കാരണം പോയില്ല, എനിക്കാണെങ്കില്‍
അലൊക്കൊഴിഞ്ഞിട്ടു പതിയാന് കല്യാണം ഇല്ല എന്ന മട്ടിലുള്ള ജോലിയും .
നാട്ടില്‍ എത്തി നേരെ വട്ടയത്തിലെക്ക് പോയി , ആരെയും കാണുന്നില്ല ,
വാതില്‍ എല്ലാം മലര്‍ക്കെ തുറന്നിട്ടിരുന്നു , അപ്പച്ചി എവിടെ ,
അടുക്കളയില്‍ ഇല്ല , അകത്തെ മുറികളില്‍ ഒന്നും ഇല്ല , വെറുതെ പുറത്തിറങ്ങി
പറമ്പിലേക്ക് നോക്കിയപ്പോള്‍ ദാ അപ്പച്ചി നിന്ന് കരിയില തൂക്കുന്നു ,
അറയില്‍ ഒരു ബെല്‍റ്റും ഉണ്ട് . " എന്റെ അനിയന്‍ മോനെ .. എത്ര നാളായാടാ
ഇങ്ങോട്ട് കേറിയിട്ടൂ.. " അപ്പച്ചി പരാതി കെട്ടുകള്‍ തുറന്നപ്പോഴും എനിക്ക്
ഉള്ളില്‍ ആധി ആയിരുന്നു , ഞാന്‍ അപ്പച്ചിയുടെ സ്കാന്‍ ഒക്കെ വാങ്ങി നോക്കി
, സത്യമാണ് , അപ്പച്ചിയുടെ നട്ടെല്ലുകള്‍ കാലപഴക്കം ബാധിച്ചപോലെ ദ്രവിച്ചു
തുടങ്ങിയിരിക്കുന്നു . എങ്ങിനെയാണ് അപ്പച്ചിക്ക് നേരെ നില്‍ക്കാന്‍
സാധിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു .
" എന്റെ
മോനെ അപ്പച്ചി ഒരു ധൈര്യത്തിന് അങ്ങ് നടക്കുവാ , കട്ടിലില്‍ നിന്ന്
എഴുന്നെല്കാന്‍ വയ്യായിരുന്നു ., ഏതായാലും നീ അപ്പച്ചിയെ കാണാന്‍ വന്നല്ലോ ,
ഇനി ചത്താലും ഒന്നുമില്ല "
" അപ്പച്ചി എന്തൊക്കെയാ ഈ പറയുന്നേ ,
അപ്പച്ചി നോക്കിക്കോ , എന്നെ വീണ്ടും ഒരു ചിലന്തി കടിക്കും , പിന്നെയും
ഞാന്‍ അപ്പച്ചിയുടെ കൂടെ വന്നു ഇവിടെ ഒരു മാസം താമസിക്കും , അപ്പച്ചി ആ
കോഴി തൂവല് വെച്ച് എനിക്ക് ആ മരുന്ന് പിന്നെയും പുരട്ടി തരും , പിന്നെ
എന്റെ കൈയീല് ഇരിക്കുന്ന ഈ കുന്ത്രാണ്ടം ഇല്ലേ , മൊബൈല്‍ അത് ഞാന്‍ ആ
പറമ്പിലോട്ടു ഒരു ഏറു കൊടുക്കും "
" നീ പോടാ , നീ എന്നാ
അപ്പച്ചിയോടു ഇങ്ങനെ കള്ളം പറയാന്‍ പഠിച്ചത് ? നിനക്ക് ഇവിടെ വന്നു
താമസിക്കാന്‍ ചിലന്തി കടിക്കണോ , ഇത് നിന്റെ വീടല്ലേ , നീ എത്രയാ ഇവിടെ
ഓടിക്കളിച്ചത് ?"
പോവാന്‍ നേരത്ത് അപ്പച്ചിയുടെ കാലില്‍ തൊട്ടു
നിറുകയില്‍ വെച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അപ്പച്ചിയുടെ നിറഞ്ഞ
കണ്ണിലേക്കു നോക്കി ,
" എന്റെ മോനെ അപ്പച്ചിക്ക് ഇപ്പൊ ഒന്നും വേണ്ട ,
എന്റെ മക്കള്‍ രണ്ടു പേരും എന്നെ നന്നായി നോക്കുന്നുണ്ട് , എന്നാലും
എനിക്ക് എന്റെ അനിയന്‍ മോനെ കാണണം എന്ന് പറയുമ്പോള്‍ നീ ഇതുവഴി ഒന്ന് വരണം ,
അപ്പച്ചിക്ക് അത് മതി "
" അപ്പച്ചി ഇനിയും ഒരു ഇരുപത്തഞ്ചു വര്ഷം ഇതുപോലെ ഇരിക്കും , ഞാന്‍ പോട്ടെ അപ്പച്ചി "
കാറില്‍ കയറി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അപ്പച്ചി എന്നെ തന്നെ നോക്കി വാതില്‍പടിയില്‍ നില്ല്കുന്നു .
പൊടിയമ്മ അപ്പച്ചിയുടെ ഈ സ്നേഹം വിവരിക്കുവാന്‍ ഈ ഭൂമി മലയാളത്തില്‍ ഒരു വാക്കേ എനിക്കറിയൂ
തൂവല്‍ സ്പര്‍ശം !
Thursday, 3 May 2012
പേരുദോഷം
"ഒരു പേരില്‍ എന്തിരിക്കുന്നു ?"
എന്ന് ഷേക്സ്പിയര്‍ മനോഹരമായി പറഞ്ഞു വെച്ചിട്ടും അതൊന്നും
കേള്‍ക്കാനോ മനസ്സിലാക്കാനോ കഴിവില്ലാത്ത ഒരു പ്രായത്തില്‍ അച്ഛനും
അമ്മയും എനിക്കിട്ട പേര് മഹാ മോശമായ ഒന്നാണെന്ന് ഞാന്‍ ധരിച്ചു
വെച്ചിരുന്നു . സ്കൂള്‍ കാലയളവില്‍ സ്വന്തം പേരിനേക്കാള്‍ ഇരട്ട
പേരുകള്‍ ആയിരുന്നു കുപ്രസിദ്ധം. മിക്ക ചങ്ങാതിമാര്‍ക്കും ഒരു
ഇരട്ടപ്പേര്‍ കണ്ടു പിടിക്കുന്നതിലും ആ പേരുകള്‍ എങ്ങിനെയും സ്കൂള്‍
മുഴുവന്‍ പ്രസിദ്ധമാക്കുന്നതിലും ആയിരുന്നു എന്റെ വിരുതു മുഴുവന്‍ . "
വൃകോദരന്‍ , ചകോരന്‍ , ഹനുമാന്‍ , ബിംബിസാരന്‍ , ഘടോല്‍കച്ചന്‍ , ചുട്ടി,
വെട്ടു പോത്ത് എന്ന് വേണ്ട വെറൈറ്റി ഉള്ള ഒരു പാട് പേരുകള്‍ സ്കൂള്‍
ജിവിതത്തില്‍ ഇപ്പോഴും ഓര്‍മിക്കുന്നുണ്ട് . എനിക്ക് വേറെ ഇരട്ട
പ്പേരുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്റെ അതെ പേരുള്ള ഒരു
തെങ്ങ് കയറ്റക്കാരന്‍ അരീക്കര ഉണ്ടായിരുന്നത് ആണ് വിന ആയതു , മുളക്കുഴ
സ്കൂള്‍ വിടാന്‍ നാല് മണിക്കുള്ള ബെല്ലടിക്കുന്നതും സ്കൂള്‍ വിട്ടു
ഓടുന്നതിന് മുന്‍പ് " ഡാ സോമരജാ , നാളെ തേങ്ങാ വെട്ടാന്‍ വരണേ .."
എന്ന് പറഞ്ഞു കുറെ എണ്ണം തലയ്ക്കു ഞോടിയിട്ട് ഒരോട്ടമാണ് . ' നീ പോടാ
വൃകോദരാ " എന്ന് നീട്ടി തിരിച്ചു വിളിക്കുന്നത് ചിലപ്പോള്‍ എശുകയും
ഇല്ല . അങ്ങിനെ " സോമരാജന്‍ ' എന്ന അറുബോറന്‍ പേര് ഉണ്ടാക്കുന്ന നാണം
മറക്കാന്‍ കുറെ പാടുപെട്ട ഒരു കാലം കടന്നു മുംബയില്‍ എത്തിയതോടെയാണ്
എന്റെ പേര് സര്‍ നെയിം വെച്ച് തുടങ്ങണം എന്ന നിബന്ധന അവിടുത്തെ
എഞ്ചിനീയറിംഗ് കോളേജ് മുതല്‍ തുടങ്ങി വെച്ചത് . അങ്ങിനെ വെറും
സോമരാജന്‍ എസ് എന്ന പേര് നീട്ടി സോമരാജന്‍ പണിക്കര്‍ എന്നായി .
അതില്‍ പുതിയ ഒരു രക്ഷ ഞാന്‍ കണ്ടു പിടിച്ചു , മുംബയിലെ മറാത്തി
പേരുകളില്‍ ഒരുപാട് " കര്‍" ഉണ്ട് , പട്കര്‍ , പട്നിക്കര്‍,
തെണ്ടുല്‍കര്‍ , കേല്‍ക്കര്‍ , അങ്ങിനെ പണിക്കര്‍ ഒരു സുഖമുള്ള
പേരാണെന്നും സുഹുത്തുക്കള്‍ സോമരാജന്‍ എന്നത് ചുരുക്കി സോം എന്ന്
മാത്രം വിളിക്കാന്‍ തുടങ്ങിയതും എന്റെ പേരിന്റെ " സുഖക്കേട്"
കുറെയൊക്കെ പരിഹരിച്ചു .
മുംബയില്‍ വര്ളി എന്ന സ്ഥലത്തെ
മനോഹരമായ ഒരു കടല്‍ത്തീരത്ത് ആയിരുന്നു ഞാന്‍ പഠിച്ച വാട്ടുമുല്‍
എഞ്ചിനീയറിംഗ് കോളേജ് , ഞങ്ങള്‍ക്ക് മെക്കാനിക്സ് പഠിപ്പിക്കാന്‍ ഒരു
ഡോ. ചാര്‍ എന്നൊരു പ്രൊഫസര്‍ ഉണ്ടായിരുന്നു . അദ്ദേഹം അമേരിക്കയില്‍
പഠിച്ചു അവിടെ വളരെക്കാലം പ്രൊഫസര്‍ ആയിരുന്നു , പിന്നീട് മുംബയില്‍
ഞങ്ങളുടെ കോളേജില്‍ എത്തിയതാണ് . ആദ്യ ദിവസം തന്നെ ഹാജര്‍
വിളിച്ചപ്പോള്‍ അദ്ദേഹം എന്റെ പേര് കേട്ടതും " ഐ കാന്‍ നെവെര്‍
ഫോര്‍ഗെറ്റ് യുവര്‍ നെയിം പണിക്കര്‍ , " എന്ന് പറഞ്ഞത് സത്യത്തില്‍
എന്നെ വല്ലാതെ സന്തോഷിപ്പിച്ചു . എന്റെ കുഗ്രാമത്തില്‍ നിന്നും പലതരം
അപഹര്‍ഷതാ ബോധവുമായി ഇവിടെയെത്തിയ എനിക്ക് ഡോ . ചാര്‍ ന്റെ
വാക്കുകള്‍ അമൃത് ചൊരിയുന്ന അനുഭവം ആയി .
എന്തിനു പറയുന്നു
നാട്ടിലെ സ്കൂളില്‍ നിന്നും " തേങ്ങാ വെട്ടുകാരന്റെ " ഓര്മ നിറയുന്ന
എന്റെ പേര് ഡോ . ചാര്‍ ഓരോ ദിവസം കഴിയും തോറും എന്തെങ്കിലും ഒരു
പ്രശംസാ വചനം കൊണ്ട് പ്രസിദ്ധമാക്കി തന്നു . " യുവര്‍ ഗ്രേറ്റ് ഫാമിലി
ഫ്രം സൌത്ത് " എന്നൊക്കെ ഡോ . ചാര്‍ ഉറക്കെ ക്ലാസ്സില്‍ പറയുമ്പോള്‍
അദ്ദേഹത്തിനു ഈ പണിക്കര്‍ ഇത്ര പ്രിയപ്പെട്ടതാവാന്‍ എന്താണ് കാരണം
എന്നുള്ള ഇന്റെ ജിജ്ഞാസ നാള്‍ക്കു നാള്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു .
ഒരു ദിവസം ഹാജര്‍ വിളിച്ചു തീര്‍ന്ന ഉടന്‍ അദ്ദേഹം പണിക്കര്‍
പ്രേമത്തിന്റെ രഹസ്യം ക്ലാസ്സില്‍ എല്ലാവരോടുമായി പങ്കു വെച്ചു.
പണിക്കര്‍ അദ്ദേഹം ഉപരി പഠനത്തിനു അമേരിക്കയില്‍ എത്തിയ കാലത്തേ
വീട്ടുടമസ്ഥന്‍ ആയിരുന്നു . ഈ പണിക്കരുടെ വീട്ടില്‍ അദ്ദേഹം അഞ്ചു
കൊല്ലത്തോളം വാടകയ്ക്ക് താമസിച്ചു . അദ്ദേഹത്തിനെ ഒരു മകനെപ്പോലെ ഈ
പണിക്കര്‍ സംരക്ഷിച്ചു , മിക്ക ദിവസവും ഭക്ഷണം പണിക്കരുടെ വീട്ടില്‍
നിന്ന് , പഴയ ഒരു കാര്‍ സൌജന്യമായി നല്‍കി , അങ്ങിനെ യുവാവായ ഡോ .ചാറിന്
മറക്കാന്‍ പണിക്കര്‍ ആവാത്ത ഒരു വ്യക്തിയായി. അദ്ദേഹം ആ നഗരം വിട്ടു
മറ്റൊരു നഗരത്തിലേക്ക് മാറിയിട്ടും ആ ബന്ധം ഇട മുറിയാതെ തുടര്‍ന്നു.
ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു നല്ല
മനുഷ്യന്‍ എന്റെ ജീവിതത്തില്‍ എങ്ങിനെയാണ് പ്രകാശം പരത്തുന്നത് എന്ന്
ഞാന്‍ സ്വയം അറിഞ്ഞു തുടങ്ങി . ഡോ . ചാര്‍ ആ പേരുള്ള എല്ലാവരും
നല്ലവരാണെന്നു വിശ്വസിക്കുന്നു , അങ്ങിനെ പ്രചരിപ്പിക്കുന്നു . എന്റെ
പേരില്‍ നിന്നും ആളുകള്‍ നല്ല കാര്യങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്നു
എന്ന തോന്നല്‍ തന്നെ എന്നെ നല്ലവന്‍ ആക്കാന്‍ ഉപകരിക്കും എന്ന് എനിക്ക്
തോന്നി .
ഞാന്‍ വാട്ടുമല്‍ വിടുന്നത് വരെ ഡോ .ചാര്‍ എനിക്ക്
ഹൃദയാലുവും വഴികാട്ടിയും ആയ ഒരു നല്ല ഗുരുനാഥന്‍ ആയി . ഓരോ തവണ
കാണുമ്പോഴും ഏതെങ്കിലും ഒരു അമേരിക്കയിലെ പണിക്കര്‍ കഥ അദ്ദേഹം
എന്നോട് പറയും . അത്ര വലിയ ആരാധന ആയിരുന്നു ഡോ. ചാറിന് ആ പണിക്കരോട് .
അതിന്റെ ഫലം അനുഭവിക്കുന്നതോ അരീക്കരയില്‍ നിന്നും വന്ന ഈ പണിക്കരും.
കോളേജില്‍ നിന്നും കോഴ്സ് തീരാറായ സമയം , ഞങ്ങളുടെ യാത്ര അയപ്പ്
ദിവസം എത്തി , ഡോ ചാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് , ഞാന്‍
ചെറിയ കുശലം പറഞ്ഞു അടുത്ത് കൂടി
" സര്‍ , സാറിന്റെ ഈ പഴയ വീട്ടുടമസ്ഥന്‍ പണിക്കരുടെ മുഴുവന്‍ പേര് എന്തായിരുന്നു ?"
" ഡിയര്‍ പണിക്കര്‍ , അദ്ദേഹം നിങ്ങളെ പ്പോലെ ഒരു ക്രിസ്ത്യന്‍ ആയിരുന്നു , തോമസ് പണിക്കര്‍ "
" സര്‍ , പക്ഷെ ഞാന്‍ ക്രിസ്ത്യന്‍ അല്ല , ഹിന്ദു ആണ് "
" ഓ , പക്ഷെ സോം പണിക്കര്‍ ഒരു ക്രിസ്ത്യന്‍ പേര് അല്ലെ ?"
" അല്ല സര്‍, എന്റെ പേര് ചുരുക്കി അങ്ങിനെ ആക്കിയതാ , സര്‍ ഹാജര്‍
വിളിക്കുമ്പോള്‍ കണ്ടു കാണുമല്ലോ സോമരാജന്‍ എന്നത് സോം ആക്കിയന്നെ
ഉള്ളൂ '
ഡോ . ചാര്‍ താന്‍ കണ്ട ഏറ്റവും മികച്ച സുഹൃത്തും
മനുഷ്യസ്നേഹിയും വീട്ടുടമസ്ഥനും ഒക്കെ ആയ തോമസ് പണിക്കരുടെ കഥകള്‍
വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു .
ഷേക്ക്‌സ്പിയര്‍ പറഞ്ഞത് എത്ര
സത്യമാണ് , നമ്മുടെ അമ്മയോ അച്ഛനോ നമ്മുക്ക് ഇട്ട പേര്
നല്ലതാക്കെണ്ടതും ആ സല്‍പ്പേര് കളയാതെ സൂക്ഷിക്കേണ്ടതും നമ്മുടെ
മാത്രം ജോലിയാണ് . നല്ല വാക്കും ചിന്തയും പ്രവൃത്തിയും കൊണ്ട് തോമസ്
പണിക്കരും ഡോ ചാറും നമ്മുടെ ജീവിതം എത്ര മനോഹരമാക്കി .
കുറെ
വര്‍ഷങ്ങള്‍ക്കു മുന്‍പ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍
ട്രെയിന്‍ കാത്തു നില്‍ക്കുകയാണ് . ദാ നില്‍ക്കുന്നു 'വൃകോദരന്‍ " ,
കൂടെ ഭാര്യയും മക്കളും ഉണ്ട് , അയാളുടെ സ്കൂളിലെ ശരിയായ പേര് എത്ര
ആലോചിച്ചിട്ടും നാക്കില്‍ വരുന്നില്ല
" താന്‍ വൃകോദരന്‍ അല്ലെ ... മുളക്കുഴ പഠിച്ച ..."
" മുളക്കുഴ പഠിച്ചത് തന്നെ . പക്ഷെ ഞാന്‍ വൃകോദരന്‍ അല്ല ... അല്ല നിങ്ങളെ മനസ്സിലായില്ല്ല ..'
" എടൊ ഞാന്‍ പഴയ തെങ്ങാവെട്ടു സോമരാജന്‍ ..."
" എടാ തേങ്ങാ വെട്ടേ ... നീ വൃകോദരന്‍ മറന്നില്ല അല്ലെ ... "
പേര് എന്തുമാകട്ടെ , നമ്മള്‍ പേരുദോഷം വരുത്താതിരിക്കട്ടെ !
Subscribe to:
Posts (Atom)